ജീവൻ മാത്രമായി തന്നാലും മതിയാരുന്നു അരികിൽ ഇരുന്നു ഞാൻ അവളെ പൊന്നുപോലെ നോക്കിയേനെ…” ഒന്നുമില്ലെങ്കിലും കണ്ടു കൊണ്ടെങ്കിലും………

കാത്തിരിപ്പ്..

Story written by Rejitha Sree

വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അലഹബാദിൽ നിന്നും നാട്ടിലേയ്ക്ക് തിരിച്ചൊരു യാത്ര… ഒന്നും ഇനി വേണ്ടന്നുള്ള തീരുമാനമായിരുന്നു.. പൊള്ളയായ മനസ്സുകളുടെ ഇടയിൽ ജീവിതം തന്നെ നോക്കി കൊഞ്ഞണം കുത്താൻ തുടങ്ങിയപ്പോൾ ഉള്ളിൽ ഒരു തോന്നൽ ആർക്കും ഇനി ഒരു ഭാരമാകരുത്…

ട്രെയിനിന്റെ ചൂളം വിളികളിൽ ചിന്തകൾ ഇടയ്ക്ക് മുറിഞ്ഞു പോകുന്നു ണ്ടെങ്കിലും ഭാമയെ കുറിച്ചുള്ള ചിന്ത മനസ്സിൽ എപ്പോഴും നീറികൊണ്ടിരുന്നു..

“ഭാമ.. “” വളരെ കുറഞ്ഞ നാളത്തെ വിവാഹജീവിതം കൊണ്ട് തന്റെ ഒരു ആയുസ്സ് മുഴുവൻ സ്വന്തമാക്കിയവൾ.. അതിനുപരി അവൾ.. “അല്ല അവൾ ഞാൻ തന്നെയായിരുന്നു.”

രണ്ട് വർഷങ്ങൾക്ക്‌ മുൻപുണ്ടായ ഒരു ആക്‌സിഡന്റ്…!!

ജീവൻ മാത്രമായി തന്നാലും മതിയാരുന്നു അരികിൽ ഇരുന്നു ഞാൻ അവളെ പൊന്നുപോലെ നോക്കിയേനെ…” ഒന്നുമില്ലെങ്കിലും കണ്ടു കൊണ്ടെങ്കിലും ജീവിക്കാമായിരുന്നു…

അതിനെങ്ങനാ അപ്രതീക്ഷിതമായി മാത്രം ദൈവം നമ്മോട് കുശുമ്പ് കാണിക്കും. ദൈവത്തെക്കാൾ കൂടുതൽ നമ്മളെ ആരെങ്കിലും സ്നേഹിച്ചുപോലെയാൽ പുള്ളിയ്ക്കു പിന്നെ ഇഷ്ടപ്പെടില്ല.. അങ്ങ് തിരിച്ചു വിളിച്ചുകളയും..

എന്നിട്ട് പറയും നീ ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്കൊന്നു കാണണം.. “സത്യത്തിൽ അപ്പോൾ ചെ കുത്താനും ദൈവവും തമ്മിൽ എന്ത് അന്തരമാണുള്ളത്… “!

ചിന്തകൾ കാടുകയറി. സ്റ്റേഷൻ എത്തിയപ്പോൾ ബാഗ് എല്ലാം ഉണ്ടെന്നു ഉറപ്പുവരുത്തി കംപാർട്മെന്റിൽ ഇറങ്ങി…

സാധാരണ ഭാമ വരാറുണ്ടായിരുന്നു പണ്ട്..

“ഇപ്പോൾ…” ഒരു ദീർഘ നിശ്വാസത്തിനും അപ്പുറം അവൾ ഇനി തന്റെ ഒപ്പം ഇല്ലെന്നുള്ള തിരിച്ചറിവിനോട്‌ അഖിൽ പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു….

ഇടവഴികൾ കടന്നു പച്ചപ്പുവിരിച്ച വഴിയരികിലൂടെ ഓട്ടോയിൽ വീട്ടുപടിക്കൽ എത്തിയപ്പോൾ ഡ്രൈവർ വണ്ടി നിർത്തി.

പേഴ്സിൽ നിന്നും അൻപത് രൂപയുടെ ഒരു നോട്ട് നീട്ടിയപ്പോൾ “അൻപതല്ല ഇപ്പൊ നൂറായി.. സർ ഈയിടെയൊന്നും നാട്ടിലേയ്ക്ക് വന്നിട്ടില്ലേ ന്നുള്ള ചോദ്യവും… “

മറുപടി ഒരു ചെറു ചിരിയിൽ ഒതുക്കി വീട്ടിലേയ്ക്ക് കയറിയപ്പോൾ

“ആരാ ഇപ്പൊ ഈ നേരത്ത് ” ന്നും പറഞ്ഞ് അമ്മ ഉമ്മറത്തേക്ക് വന്നു…

വളരെ നാളുകൾക്ക് ശേഷം മകന്റെ രൂപം കണ്ടപ്പോൾ ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും പിന്നീട് ഒരു പൊട്ടിക്കരച്ചിലായിരുന്നു ..

സാരിത്തുമ്പു കൊണ്ട് കണ്ണും മുഖവും തുടച്ചുകൊണ്ട് ബാഗുകളിൽ അമ്മ കയറിപ്പിടിച്ചു..

വേണ്ട അമ്മേ ഞാൻ എടുത്തോളാം ന്നു പറഞ്ഞ് ബാഗുകൾ അകത്തേയ്‌ക്കെടുത്തു വച്ചു..
.
അമ്മ എവിടുന്നോ റൂമിന്റെ താക്കോൽ കൊണ്ട് തന്നു.. ഭാമ പോയപ്പോൾ പൂട്ടിയതാണ്.. പിന്നെ ഇപ്പോഴാണ്.. ക്ലീൻ ചെയ്യാനും മറ്റും അമ്മ ഇടയ്ക്കിടെ കയറിയിട്ടുണ്ടെന്നു തോന്നുന്നു..

ന്നാലും അവൾ ഉണ്ടാരുന്നപ്പോൾ വിരിച്ച ബെഡ്ഷീറ് തന്നെയാണ് ഇപ്പോഴും..

അവൾക്കു ഏറെ ഇഷ്ടമുള്ള ചെറുപയർ പച്ച… അവളുടെ ഭിത്തിയിൽ തൂങ്ങിയ ഫോട്ടോ ഒന്ന് നോക്കി..

കണ്ണിൽ നിന്നാണോ അതോ കരളിൽ നിന്നാണോ ഒരു തുള്ളി രക്തം പൊടിഞ്ഞപോലെ…

“മോനെ….. “കയ്യിൽ ഒരു ഗ്ലാസ്‌ കാപ്പിയുമായി അമ്മ അകത്തേയ്ക്കു വന്നു..

കുളിച്ചു മാറാൻ ഉള്ളത് ദാ അവിടെ അമ്മ ഇട്ടിട്ടുണ്ട്…

തിരികെ ഒന്നും പറയാതെ ബാത്‌റൂമിൽ കയറി.. കുളികഴിഞ്ഞിറങ്ങി..

താൻ വന്നിട്ടുണ്ടെന്നുള്ള അറിവ് അയലത്തുകാരിൽ അത്ഭുതം ഉണ്ടാക്കി..ഇനി ഒരു തിരിച്ചുവരവ് ആരും തന്നിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ലേ.. സ്വയം മനസ്സിൽ ഓർത്തുപോയി.

രാത്രി ആയപ്പോൾ അതുവരെ ഉണ്ടായിരുന്ന മനസിന്റെ ഭാരം കൂടി കൂടി വരുന്നപോലെ… അവളുടെ മണമാകെ മുറിയിൽ പരക്കുന്നപോലെ..

നല്ല താമരപ്പൂവിന്റെ ഗന്ധമായിരുന്നു അവൾക്ക്.. ഒരിക്കൽ എങ്ങുനിന്നാണ് അവൾക്ക് ഇത്ര ഗന്ധമെന്നറിയാൻ അവൾ ഉപയോഗിക്കുന്ന സാധനങ്ങൾ എല്ലാം ഞാനും ഉപയോഗിച്ച് നോക്കി..

അവസാനം അതിലൊന്നുമല്ല ന്ന് മനസിലായപ്പോൾ അവളുടെ തലമുടിക്കുള്ളിൽ മുഖമമർത്തി ആവോളം ആ ഗന്ധം തന്നിലേക്ക് ആവാഹിച്ചതും.. അവളുടെ ശ്വാസം പോലും തന്റെ പേര് ചൊല്ലി വിളിക്കുന്നതും.. എല്ലാം…

ഒടുവിൽ തന്റെ മാറിൽ വീണ അഴിഞ്ഞുലഞ്ഞ അവളുടെ മുടിയെ തഴുകി നെറുകയിലെ സിന്ദൂരരേഖയിൽ ഉമ്മവെച്ച്‌ കഥകൾ പറഞ്ഞ് നേരം വെളുപ്പിക്കാറുള്ളതും… “

പിറ്റേന്ന് രാവിലെ താൻ എണീക്കും മുൻപ് എണീറ്റവൾ അമ്മയ്‌ ക്കൊപ്പം തനിക്കിഷ്ടപെട്ട ആഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാകും… പകൽ അവളെ കാണാൻ പോലും കിട്ടാറില്ല.

എങ്കിലും അവൾ ആരും കാണാതെഅടുക്കളയിൽ നിന്നും ഇടയ്ക്ക് വന്ന് കെട്ടിപിടിച്ചു നെറുകയിൽ ഉമ്മവച്ചവൾ അതിവേഗം അടുക്കള യിലേയ്ക്ക് തന്നെ ഓടി പോകുമായിരുന്നു…

തന്റെ ആഹാരകാര്യങ്ങളിൽ അവൾക്കുള്ള ശ്രദ്ധ ആരും തന്നോട് നേരത്തെ കാട്ടിയിരുന്നില്ല.

അവളുണ്ടാക്കുന്ന വിഭവങ്ങളെല്ലാം ഒരു പ്രത്യേക രുചിക്കൂട്ടി ലായിരുന്നു..

ജോലിയുടെ ഭാഗമായി ഒറ്റയ്ക്കുള്ള ജീവിതത്തിൽ അവളുടെ രുചിക്കൂട്ടുകൾ പലതവണ പരീക്ഷിച്ചെങ്കിലും ഒന്നും ആ പരിസരത്തുപോലും വന്നിട്ടില്ലായിരുന്നു…

അവൾ അരികിൽ നിന്ന് വിളമ്പിത്തരുമ്പോൾ മുളകിനുപോലും വല്ലാത്ത സ്വാദായിരുന്നു..

ഓരോന്നോർത്തുകിടന്ന് തലയിണയിൽ കുതിർന്ന കണ്ണുനീർ തുള്ളികൾക്കുമാത്രം അറിയാവുന്ന നോവുകൾ… എപ്പോൾ ഉറങ്ങിയെന്നറിഞ്ഞില്ല…. രാവിലെ അമ്മയുടെ തട്ടിവിളിയിലാണ് കണ്ണ് തുറന്നത്..

“ദാ മോനെ നിന്റെ ഫോൺ കുറെ നേരമായി ബെല്ലടിയ്ക്കുന്നു… ആരാന്നു നോക്ക് നീ.. എന്തോ ആവിശ്യക്കാരാണെന്നു തോന്നുന്നു.. “”

കണ്ണുകൾ കൈകൊണ്ട് തുടച്ചു കണ്ണട എടുത്തുവച്ചു..

“അഞ്ജന കാളിങ്… “

ഡിസ്‌പ്ലേയിൽ നോക്കിയപ്പോൾആണ് ഓർത്തത് നാട്ടിൽ എത്തുമ്പോൾ അവളെ കാണാൻ ചെല്ലാമെന്നു വാക്ക് കൊടുത്തിരുന്നത്..

അഖിൽ കാൾ അറ്റന്റ് ചെയ്തു..

“ആഹാ നല്ല ആളാണ്.. നാട്ടിൽ ചെന്നിട് വിളിക്കപോലും ചെയ്തില്ലല്ലോ… “”?

“അതുപിന്നെ…”

അഖിലിന്റെ വാക്കുകൾ പകുതിവഴിയിൽ മുറിഞ്ഞപോലെ എവിടെയോ തങ്ങി നിന്നു..

“എനിക്കറിയാം നിന്നെ… ഭാമയുടെ കൂടെ ഇന്നലെ കരഞ്ഞു നേരം വെളുപ്പിച്ചു കാണും.. ന്നിട്ട് വെളുപ്പിനെ ആകും ഉറങ്ങിയത്..
അല്ലെ.. “”?

അഖിൽ ചെറുതായൊന്നു ചിരിച്ചു..

“ആരോടൊക്കെ കള്ളം പറയാൻ കഴിഞ്ഞാലും അവളോട് മാത്രം ഒന്നും പറഞ്ഞ് നില്കാൻ കഴിയില്ല. ഒരു വാക്കിൽ പോലും തന്റെ മനസ്സിന്റെ ചൂട് വളരെ ദൂരെ ഇരുന്നാൽ അവൾക്ക് അറിയാം .. “!

കൂടെ പഠിച്ചിരുന്ന സമയം മുതൽ തനിക്ക് അവളെ അറിയാം.. നടന്നാൽ കാലിലെ കൊലുസ്സുപോലും അങ്ങില്ലായിരുന്നു അന്ന്…

കാലത്തിന്റെ കുത്തൊഴുക്കിൽ എവിടെയോ ഇടയ്ക്കവളെ നഷ്ടപെട്ടു പോയെങ്കിലും പിന്നീട് അറിയാൻ കഴിഞ്ഞു അവളുടെ അച്ഛന്റെ ജോലി സംബന്ധമായി അവർ ഇടുക്കിയിലാണ് താമസം ന്ന്. പിന്നീട് എങ്ങനൊക്കെയോ അവൾ നമ്പർ കണ്ടുപിടിച്ചു. ഇപ്പോൾ കുറച്ചുനാളായി അവളുടെ കാളുകൾ സ്ഥിരമായി തന്നെ തേടി വരാറുണ്ട് . അതിൽ പിന്നെയാണ് ഞാൻ ജീവിക്കുന്നേണ്ടുള്ള തിരിച്ചറിവുണ്ടായി തുടങ്ങിയതുപോലും..

“വിവാഹം കഴിഞ്ഞു.. ഭർത്താവ് പുറത്താണെന്നാണ് പറഞ്ഞത്.. അയാൾക്കും ഇപ്പോൾ തന്നെപ്പറ്റി നന്നായി അറിയാമെന്നു അവൾ ഇടയ്ക്കിടെ പറയുമ്പോൾ മനസിൽ ഒരു ആശ്വാസമാണ്. “

“ആട്ടെ.. എപ്പോഴാ ഇനി ഇങ്ങോട്ട്.. “

“ദേ ഇറങ്ങി..”

അഖിൽ ഫോൺ കട്ട്‌ ചെയ്ത് ടേബിളിൽ വച്ചു.

അമ്മയുണ്ടാക്കിയ ഇഡലിയും സാമ്പാറും കഴിച്ചെന്നു വരുത്തി കൈ കഴുകി ഇറങ്ങി..

എങ്ങോട്ടാ മോനെ ഇത്ര ധൃതിയിൽ ന്നുള്ള ചോദ്യം ദൂരെ എവിടെ നിന്നോ ഉള്ള ശബ്ദമായി മാത്രം കാതിൽ കേട്ടു..

ചെറിയ കയറ്റവും ഇറക്കവും ഒക്കെയുള്ള മലനിരകളെന്നു തോന്നിയ്ക്കുന്ന അടിവാരത്തിലൂടെ ബുള്ളറ്റിൽ അഞ്ജനയുടെ വീട് തേടിയുള്ള യാത്ര..

ഇടുക്കിയിൽ എവിടെയോ ആണെന്നറിയാം. ലൊക്കേഷൻ അയച്ചിട്ടുണ്ട്. ഒരു നാല് മണിക്കൂർ യാത്ര.

വെയിൽ അധികം ഇല്ലാഞ്ഞതുകൊണ്ടും മഞ്ഞിന്റെ പുകമറ അവിടവിടൊക്കെയായി വഴിനീളെ മറപിടിച്ചു നിന്നു..

അവളുടെ വീടെത്തും മുൻപ് വഴിയിലെ ഒരു ചായക്കടയുടെ മുൻപിൽ നിർത്തി..

“ചേട്ടാ.. ഒരു കട്ടൻ.. “

മഴയുടെ മൂടിക്കെട്ടിയ അന്തരീക്ഷം.. ഇടയ്ക്കെപ്പോഴോ ഒരു തുള്ളി മുഖത്തേയ്ക്കു വീണപോലെ.. അഖിൽ ചൂട് കട്ടൻ ഊതികുടിച്ചിട്ടു വണ്ടി വേഗം സ്റ്റാർട്ട്‌ ചെയ്തു.

ലൊക്കേഷൻ പ്രകാരം വീടെത്താറായപ്പോൾ റോഡ് സൈഡിൽ വണ്ടി ഒതുക്കി. ഫോൺ എടുത്തു അഞ്ജനയെ കാൾ ചെയ്തു.

“ഞാൻ നിങ്ങളുടെ ജംഗ്ഷൻ വരെ ആയിട്ടുണ്ട്. ഇനി എങ്ങോട്ടാണ്.. “?

“നേരെ പോരെ..റോഡ് സൈഡിലാണ് വീട്. വാതിലിൽ ഞാൻ കാണും.. “

പോകുന്ന വഴികളിൽ അവളുടെ മുഖം ഓരോരുത്തരിലും തിരഞ്ഞു.

ഒടുവിൽ ഒരു നീല നൈറ്റിയിൽ അവൾ… ചിരിച്ച മുഖവുമായി ഗേറ്റിന്റെ അരികിൽ നിന്നു കൈകാട്ടി.

ആ വീട്ടുമുറ്റത്തെ ഓരം ചേർന്നു വണ്ടി ഒതുക്കി. ഹെൽമെറ്റ്‌ മാറ്റിയപ്പോൾ അവളുടെ വക കമന്റ്‌..

“പണ്ട് വർഷങ്ങൾക്കു മുൻപ് മുഖത്ത് നോക്കാൻ എന്തായിരുന്നു ജാഡ.. “

“ഇപ്പോൾ.. “”

“ഇപ്പോൾ തേടി വരേണ്ടി വന്നു.. വാ അകത്തേയ്ക്ക്.. ” അമ്മയും അച്ഛനും നോക്കിയിരിക്കുവാ.. നിന്നെ കാണാൻ.. “

അഖിൽ അകത്തേയ്ക്ക് കയറി അമ്മയും അച്ഛനുമായി കുറച്ചു സമയം സംസാരിച്ചു..

“മോൻ ഒന്നും കഴിച്ചു കാണില്ല അല്ലെ…??

“ദേ.. ഇവൾ ഇന്ന് മുഴുവൻ അടുക്കളയിൽ ആയിരുന്നു. എന്തൊക്കെയോ ഉണ്ടാക്കി..വന്നിട്ട് കഴിക്കൂ ന്നും പറഞ്ഞ് വാശിയാണ്..”

അഖിൽ അഞ്ജനയെ നോക്കി അവൾ തന്നെയല്ലന്നുള്ള ഭാവത്തിൽ മുഖം മറ്റെവിടേയ്ക്കോ മാറ്റി…

“ന്നാൽ മോൻ കൈ കഴുക്.. മോളെ അവന് കഴിക്കാൻ കൊടുക്ക്‌.. നല്ല മഴ വരുന്നു. ഞാൻ തുണി ഉണക്കാൻ ഇട്ടതൊക്കെ എടുക്കട്ടെ… “

കഴിക്കാൻ ഇരുന്നപ്പോൾ അവൾ തന്റെ അരികിൽ തന്നെ നിന്നു.

“തനിക്ക് ഇഷ്ടമുള്ളതെല്ലാം അവൾ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു… “

ഭാമയുടെ സ്പെഷ്യൽ മത്തങ്ങാ എരിശ്ശേരിയും.

ഒരു വാ നാവിൽ വെച്ചതും മനസ്സിൽ ഭാമയുടെ മുഖം ഓർമ്മ വന്നു…

അതിശയത്തോടെ അഖിൽ അഞ്ജനയോട് ചോദിച്ചു..

“ഇത്.. ഇത് നീതന്നെ ഉണ്ടാക്കിയതാണോ..??

“അതേ.. വിശ്വസിക്കാൻ പറ്റുന്നില്ലേ.. “

അവളുടെ മുഖത്തേയ്ക്കു ആശ്ചര്യത്തോടെ ഒന്നുകൂടി നോക്കി.. എല്ലാ കറികളും ഒന്നൊന്നായി രുചിച്ചു നോക്കി.

” ഭാമയുടെ കൈകൾ തിരികെ വന്നപോലെ…വർഷങ്ങൾക്കു ശേഷം… ഒന്നും ഒരു വ്യത്യാസവുമില്ല.. “”!

മനസ്സിൽ പലവട്ടം ഭാമയുടെ കയ്യാണോ നിനക്ക് ന്ന് ചോദിക്കാൻ വന്നെങ്കിലും വേണ്ടന്നു കരുതി മാറ്റി വച്ചു..

“ചുമ്മാ ഇങ്ങനെ കഴിക്കാതെ എനിക്കൊരു ഉരുള തന്നൂടെ നിനക്ക്.. ഒന്നൂല്ലേല്ലും ഞാൻ നിനക്കായി ഇത്രയും ഉണ്ടാക്കിയതല്ലെ… “”!

അഖിലിന്റെ കണ്ണുകൾ നിറഞ്ഞു..

“ഭാമയ്ക്ക്‌ കഴിക്കാൻ ഇരുന്നാൽ നിർബന്ധമായിരുന്നു …”ഏട്ടന്റെ കയ്യിൽ നിന്നും ഉള്ള ഒരു ഉരുള ചോറ്.. അതിൽ നിറയുന്ന സ്വാദ് മറ്റൊന്നാ ണെന്നു അവൾ എപ്പഴും പറയുമായിരുന്നു ..””

അഖിൽ ചോറ് ഉരുട്ടി അഞ്ജനയുടെ പ്ലേറ്റിൽ വച്ചു ..

അവൾ അത് ആസ്വദിച്ചു കഴിച്ചു.. മഴ പുറത്ത് ആർത്തലച്ചു പെയ്യാൻ തുടങ്ങി..

അമ്മ ഓടി വന്നു.. എന്തേലും വേണോ മോനെ.

“വേണ്ട അമ്മേ.. “

“നിന്റെ ചേട്ടൻ ഭാഗ്യവാനാണല്ലോ ഇത്ര നന്നായി നീ പാചകം ചെയ്യുന്നത് മുഴുവൻ കഴിക്കാല്ലോ.. “

അമ്മ “എന്താ മോൻ പറഞ്ഞെ..? ന്ന് എടുത്തു ചോദിച്ചു.

“അല്ല ഇവളുടെ കെട്ടിയോൻ ഭാഗ്യവാനാണെന്നു പറഞ്ഞതാ.. “”

“ആഹാ അതിന് ഇവൾ കെട്ടാൻ ഇതുവരെ സമ്മതിച്ചിട്ടില്ലല്ലോ. “”

കേട്ടത് സത്യമാണോ ന്നറിയാതെ അഖിൽ രണ്ടുപേരെയും മാറി മാറി നോക്കി.

“അതേ മോനെ.. പഠിപ്പിന്റെയും ജോലിയുടെയും ഒക്കെ കാര്യം പറഞ്ഞ് അവൾ ഇതുവരെ എല്ലാം വേണ്ടന്നു വച്ചു.. “”

“ഇനി..””

അഖിൽ അഞ്ജനയുടെ മുഖത്തേയ്ക്കു നോക്കിയപ്പോൾ അവളുടെ കള്ളച്ചിരി അവനെ നന്നായി ദേഷ്യം പിടിപ്പിച്ചു..

എങ്കിലും കൈകഴുകിയപ്പോൾ മനസ്സിൽ പ്രതീക്ഷയുടെ ഒരു നനവ്…

യാത്ര പറഞ്ഞിറങ്ങുമ്പോൾ അഞ്ജനയുടെ മുഖത്തെ പ്രത്യേക സ്നേഹം അഖിലിന്റെ മനസ്സിന് പുതുമഴ വീണ കുളിരുനല്കി…

പകുതി വഴിയിൽ എത്തിയപ്പോൾ ഫോൺ എടുത്തു അവളെ ഒന്ന് വിളിക്കണമെന്ന് തോന്നി…

അഞ്ജനയുടെ മെസ്സേജ് വന്ന് ഫോണിൽ കിടക്കുന്നകണ്ടപ്പോൾ പെട്ടന്ന് അത് ഓപ്പൺ ചെയ്തു..

“ഇനിയൊരു ജന്മം ഉണ്ടോന്നറിയില്ല. ബാക്കി ഉള്ള ഈ ജന്മം എനിക്ക് തന്നൂടെ… “

അപ്പോൾ അഞ്ജനയുടെ മുഖം പതിയെ മാറി ഭാമയാകുന്നത് തണുപ്പോടെ അഖിൽ തിരിച്ചറിഞ്ഞു.. വായിക്കുന്നവരുടെ അഭിപ്രായം കമന്റ്‌ ആയി പ്രതീക്ഷിക്കുന്നു ☺️