ചോദിച്ചത് മനസിലാകാത്തത് പോലെ അവൻ അവളെ സംശയത്തോടെ നോക്കി. മറുപടി ആയി അവൾ അവന്റെ…..

കൂടെ

Story written by Arya Karunan

ടോ

മ്മ് ……………

കണ്ണാ ……..

എന്താ സൂര്യ????

വല്ലാതെ മിസ്സ് ചെയ്യുന്നടോ തന്നെ …….

അതിനിപ്പോ എന്താ ചെയ്യാ ?????

അതിനിപ്പോ ഒന്നും ചെയ്യാനില്ല ….. ടിക്കറ്റ് ഞാൻ ബുക്ക് ചെയ്യത് തരാം. താൻ എന്റെ അടുത്തേയ്ക്ക് വാടോ .

അയ്യേ ……താൻ എന്ത് കാമുകനാടോ ?

എന്താടി കണ്ണാ എനിക്ക് കുഴപ്പം ???

പിന്നെ …….ഇയാൾ റീൽസ് ഒന്നും കാണാറില്ലേ …… പെണ്ണ് ചെക്കനെ വിളിക്കുന്നു, എന്നിട്ട് അവനോട് പറയുന്നു .” എനക്ക് ഉന്നെ പാക്കണം . ഇപ്പോ ….” അത് കേട്ട ഉടനെ ചെക്കൻ ടിക്കറ്റ് എടുക്കുന്നു , വരുന്നു, കാണുന്നു , കെട്ടിപ്പിടിക്കുന്നു , വേണമെങ്കിൽ ഒന്നോ രണ്ടോ കിസ്സ് കൊടുക്കുന്നു…… താൻ തീരെ അപ്ഡേറ്റഡ് അല്ലാട്ടോ …… നമ്മുക്ക് യോഗമില്ലേ അമ്മണിയെ ………..

ഹ്ഹ്ഹ്ഹ്……….. നമ്മൾ 90സ് ബേബി ആയി പോയില്ലേ പെണ്ണേ …… ഇൻസ്റ്റാഗ്രാം നമ്മുക്ക് സെറ്റ് ആവില്ല …. പിന്നെ നമുക്ക് വെറൈറ്റി പിടിക്കാം കണ്ണാ. ഇവിടെ ഞാൻ നിന്നെ വിളിക്കുന്നു നിന്നെ കാണണം എന്ന് പറഞ്ഞിട്ട് . നീ ടിക്കറ്റ് എടുക്കുന്നു, വരുന്നു, കാണുന്നു, കെട്ടിപ്പിടിക്കുന്നു. വേണമെങ്കിൽ ഒന്നോ രണ്ടോ കിസ്സ് തരുന്നു. ഇത് വീഡിയോ ആക്കി ഇട്ടാൽ നിന്റെ ആരും തിരിഞ്ഞു നോക്കാത്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു പത്ത് ആളുകൾ കേറി വരും ചെയ്യും .

എനിക്ക് രണ്ട് ഉപകാരങ്ങൾ ഉള്ള കാരണം ഞാൻ തന്നെ കാണാൻ വന്നാല്ലോ???

രണ്ട് ഉപകാരമോ ??

ഒന്ന്, by chance എന്റെ വീഡിയോ viral ആയാല്ലോ ….അപ്പോ ഇയാൾ പറഞ്ഞ പോലെ കുറെ ഫോള്ളോവെഴ്സിനെ കിട്ടും. പിന്നെ ……….. പിന്നെ എനിക്ക് കുറെ ഉമ്മയും കിട്ടുമല്ലോ ഇയാളുടെ അടുത്ത് നിന്ന് …..

കുറെ ഉമ്മയോ ????

ഇയാൾക്ക് ഞാൻ രണ്ട് ഉമ്മ തന്നാൽ എന്തായാലും തിരിച്ചു ഒരു 20 ഉമ്മയെങ്കിലും കിട്ടുമല്ലോ……

ഹ്ഹ്ഹ്ഹ് ……അത് നേരാ …….

സൂര്യ ….. ഇയാൾക്ക് എവിടെങ്കിലും ഒന്ന് ഇരുന്ന് സംസാരിച്ചോടെ ???? എപ്പോ വീഡിയോ കാൾ വിളിച്ചാലും ഇങ്ങനെ നടന്നോണ്ടിരിക്കും …… ആ മുഖം ഒന്ന് നേരെ കാണാൻ പോലും പറ്റില്ല …..

അപ്പു ……. മോളെ …..എഴുന്നേൽക്ക് ……..

ചേട്ടൻ തട്ടി വിളിച്ചപ്പോൾ ആണ് .ഇത്ര നേരം താൻ സ്വപ്നം കാണുകയാണെന്ന് മനസിലായത് . കണ്ണാ എന്ന സൂര്യന്റെ വിളി കാതിൽ ഇപ്പോഴും മുഴുങ്ങുന്നത് പോലെ തോന്നി അവൾക്ക് .

വാ മോളെ ….. ഹോസ്‌പിറ്റൽ എത്തി …….

അത് പറഞ്ഞപ്പോൾ ആണ് അവൾ ചുറ്റും നോക്കിയത് . അവൾ ഒന്നും മിണ്ടാതെ കാറിൽ നിന്നറങ്ങി. അവളുടെ ചേട്ടൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് ഹോസ്പിറ്റിലിലേയ്ക്ക് കയറി .

വരാന്തയുടെ അറ്റത്ത് പരിചിതമായ രണ്ട് മുഖങ്ങൾ കണ്ടതും ചേട്ടന്റെ പിടി വിട്ടു കൊണ്ട് അവൾ അവരുടെ അടുത്തേയ്ക്ക് ഓടി.

അപ്പാ…. ഇപ്പോഴും അപ്പയുടെ മോൻ എന്നെ കാണണ്ട എന്ന് തന്നെയാണോ പറയുന്നത്??

അത് ചോദിക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിറച്ചു. ശബ്ദം ചിലമ്പിച്ചു.

ആ മനുഷ്യൻ ഒന്നും പറയാതെ അവളെ ചേർത്ത് പിടിച്ചു. ഒന്ന് ഉറക്കെ കരയാൻ ഒരു ആശ്രയം കിട്ടിയത് പോലെ ഇത്രയും നേരം അടക്കി വെച്ച കണ്ണീർ എല്ലാം അവൾ അദേഹത്തിന്റെ നെഞ്ചിൽ ഒഴുക്കി.

മോളെ….. ഇങ്ങനെ കരയല്ലേ…. കൂടെ ഉണ്ടായിരുന്ന സ്ത്രീ അവളുടെ കരച്ചിൽ കണ്ട് സഹിക്കാതെ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.

എങ്ങനെ അമ്മ?????? എങ്ങനെയാ ഞാൻ കരയാതിരിക്കാ?????എന്നെ ഇനി വേണ്ട എന്ന് പറഞ്ഞില്ലേ……. എന്നോട് പുതിയ ജീവിതം നോക്കിക്കോളാൻ പറഞ്ഞില്ലേ???? എന്നെ ഇനി കാണണ്ട എന്ന് പറഞ്ഞില്ലേ??? അവന് എങ്ങനെ പറയാൻ തോന്നി എന്നോട് അങ്ങനെ ഒക്കെ??? സൂര്യന് അവന്റെ കണ്ണനെ ഇനി വേണ്ടേ????

ചോദിക്ക് മോളെ… അവനോട് തന്നെ ചോദിക്ക്…….. കരയരുത്…. പതറരുത്…. അവന്റെ കണ്ണിൽ നോക്കി ചോദിക്കണം ചോദിക്കാൻ ഉള്ളത്…. ആഗ്രഹാരത്തിലെ മരുമകൾ ആകാൻ പോകുന്ന പെണ്ണ് ആണ് നീ… ആ നീ ഒരിക്കലും പതറരുത്…. അതിപ്പോ അവനോട് ആണെങ്കിൽ പോലും…. കേട്ടോ അപ്പേടെ മോള്??????

അവളുടെ കണ്ണീർ തുടച്ചു കൊടുത്ത് കൊണ്ട് അദ്ദേഹം ചോദിച്ചു.

രണ്ട് പേർക്കും ഒരു പുഞ്ചിരി നൽകി കൊണ്ട് അവൾ റൂമിലേയ്ക്ക് കയറിയപ്പോൾ അവൾ കണ്ടു കട്ടിലിൽ ചാരി കിടക്കുന്ന തന്റെ സൂര്യനെ…. കണ്ണുകൾ അടച്ചു കിടപ്പാണ്. തലയിൽ ഒരു കെട്ടുണ്ട്. അതുപോലെ ഇടതു കയ്യിലും രണ്ട് കാലിലും ഒക്കെ ഉണ്ട്…. അവന്റെ കോലം കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ പതിയെ അവന്റെ അടുത്ത് ചെന്ന് അവന്റെ നെറ്റിയിൽ പതിയെ തലോടി. അത് അറിഞ്ഞത് പോലെ മയക്കത്തിൽ നിന്ന് അവൻ പതിയെ ഉണർന്നു. കണ്മുൻപിൽ കണ്ണനെ കണ്ടതും അവൻ ഞെട്ടി. അവന്റെ കണ്ണുകൾ നിറഞ്ഞു. പക്ഷെ പെട്ടെന്ന് തന്നെ അവൻ മുഖത്തു ഗൗരവം വരുത്തി.

നീ എന്തിനാ വന്നത്???? നിന്നെ എനിക്ക് ഇനി കാണണ്ട എന്ന് പറയാൻ അപ്പോട് ഞാൻ പറഞ്ഞത് ആണല്ലോ…..

എന്നോട് അപ്പ അത് പറഞ്ഞു. പക്ഷെ എന്റെ കാമുകൻ… അതായത് സൂര്യൻ എന്ന നീ, എന്നോട് അവസാനം വിളിച്ചപ്പോ പറഞ്ഞത് എന്നെ മിസ്സ്‌ ചെയുന്നു എന്നാ… എന്നെ കാണാൻ കൊതിയാകുന്നു എന്നാ…… അന്ന് ഫോൺ വെച്ചതിനു ശേഷം ചാടി തുള്ളി വണ്ടി എടുത്ത് പോയി എവിടെയോ ചെന്ന് കേറ്റി ആക്‌സിഡന്റ് ഉണ്ടാക്കി ആശുപത്രിയിൽ കിടക്കുന്നു എന്ന് വെച്ച് എനിക്ക് എന്റെ ചെക്കന്റെ ആഗ്രഹം തീർക്കാതിരിക്കാൻ പറ്റുമോ???

അത് അന്ന്…… ഇന്ന് നിന്നെ കാണാൻ എനിക്ക് താല്പര്യം ഇല്ല……. പോ…. ഇപ്പോ തന്നെ……..

അവൻ വാതിലിലേയ്ക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു. അത് പറയുമ്പോൾ ഒരിക്കൽ പോലും അവളുടെ മുഖത്തേയ്ക്ക് നോക്കാതിരിക്കാൻ അവൻ ശ്രമിച്ചിരുന്നു.

അവളുടെ ഭാഗത്ത് നിന്ന് ഒരു ചലനവും ഇല്ല എന്ന് കണ്ടപ്പോൾ അവൻ പതിയെ തല ഉയർത്തി അവളെ നോക്കി. കൈകെട്ടി നിന്ന് കൊണ്ട് അവനെ രൂക്ഷമായി നോക്കുന്നുണ്ട്.

നീ എന്താടി ഇങ്ങനെ നോക്കുന്നത്??? നിന്നോട് പറഞ്ഞത് കേട്ടില്ലേ??? അപ്പാ……. അമ്മ………

അവൻ വാതിലിലേയ്ക്ക് നോക്കി കൊണ്ട് ഉറക്കെ വിളിച്ചു.

കിടന്നു ബഹളം വെയ്ക്കണ്ട…. ആരും വരില്ല……. ഇവിടെക്ക് വന്നത് ഞാൻ ആണെങ്കിൽ തിരിച്ചു പോകുന്നത് എപ്പോഴാണ് എന്ന് തീരുമാനിക്കുന്നത് ഞാനാണ്…… എന്റെ ഉത്തരങ്ങൾക്ക് ഉത്തരം കിട്ടാതെ ഇവിടെ നിന്ന് ഒരു അടി ഞാൻ അനങ്ങും എന്ന് നീ കരുതണ്ട……

അത് കേട്ടതും അവൻ അവളെ ദൈന്യമായി നോക്കി. എന്നാൽ ആ നോട്ടം കണ്ടതായി ഭവിക്കാതെ അവൾ അവനെ നോക്കി ചോദിച്ചു.

എന്തിനാണ് എന്നെ വേണ്ട എന്ന് പറഞ്ഞത്??? എന്നോട് എല്ലാം മറക്കാൻ പറഞ്ഞത്??? വെറും ഒരു ആക്‌സിഡന്റ് പറ്റി എന്ന് കരുതി എന്തിന് എന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞു?

ആക്‌സിഡന്റ്…. വെറും ആക്‌സിഡന്റ്????? ആ ആക്‌സിഡന്റിൽ എന്റെ നട്ടലിന് പരിക്കെറ്റു. അതുകൊണ്ട് എനിക്ക് നഷ്ടപെട്ടത് എന്റെ കാലുകളുടെ ചലനശേഷി ആണ്……. ചിലപ്പോൾ വർഷങ്ങൾ അല്ലെങ്കിൽ ജീവിതക്കാലം മുഴുവൻ ഒരു വീൽ ചെയറിൽ ഒതുങ്ങി കൂടേണ്ടി വരും ഞാൻ…… ആ…. ആ എന്റെ ജീവിതത്തിലേയ്ക്ക് ഞാൻ നിന്നെ വിളിക്കണോ???? പറ…… എന്ത് ഉറപ്പിലാണ് ഞാൻ നിന്റെ കൈ പിടിക്കേണ്ടത് കണ്ണാ????? മറന്നേക്ക്…… എല്ലാം മറന്നേക്ക്……. നല്ലൊരു ജീവിതം തിരഞ്ഞെടുക്ക്……..

നെഞ്ച് നീറി കൊണ്ട് അവൻ പറഞ്ഞു നിർത്തിയതും അവൻ പൊട്ടി കരഞ്ഞു പോയിരുന്നു. അവന്റെ കരച്ചിൽ കണ്ടതും നെഞ്ചിൽ രക്തം പൊടിയുന്നത് പോലെ തോന്നിയെങ്കിലും അപ്പേടെ വാക്കുകൾ മനസ്സിൽ വന്നതും അവൾ ഒരു ഭാവഭേദവും ഇല്ലാതെ നിന്നു.

കഴിഞ്ഞോ?????

ചോദിച്ചത് മനസിലാകാത്തത് പോലെ അവൻ അവളെ സംശയത്തോടെ നോക്കി. മറുപടി ആയി അവൾ അവന്റെ കവിളിൽ അധികം വേദനിക്കാത്ത രീതിയിൽ ഒന്ന് അടിച്ചു.

ഇനി മേലാൽ എന്നെ ഒഴിവാക്കാൻ നോക്കിയാൽ കൊന്ന് കളയും… മനസ്സിൽ വെച്ചേക്ക്……. ഞാൻ സ്നേഹിച്ചത് നിന്നെയാ…. അത് ഏത് അവസ്ഥയിൽ ആണെങ്കിലും എനിക്ക് ഒരേ പോലെയാ……. എന്തൊക്കെ ഉണ്ടായാലും നിന്നെ മറന്നു സൂര്യന്റെ കണ്ണന് വേറെ ഒരു ജീവിതം ഉണ്ടാകില്ല…. മനസിലായോ????

അതും പറഞ്ഞു കൊണ്ട് അവൾ അവനെ കെട്ടിപിടിച്ചു. അറിയാതെ തന്നെ അവന്റെ കൈകളും അവളെ ചുറ്റിപിടിച്ചു. അത് അറിഞ്ഞതും അവളുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു. അവൾ അവന്റെ നെറ്റിയിലെ മുറിപ്പാടിൽ ചെറുതായി ചുണ്ടുകൾ ചേർത്തു കൊണ്ട് അവനിൽ നിന്ന് വേർപ്പെട്ടു.

സോറി ടോ……. ഇനി എഴുന്നേറ്റ് നടക്കാൻ ചാൻസ് കുറവാ എന്നൊക്കെ കേട്ടപ്പോൾ തന്നെ കൂടി ഈ ജീവിതത്തിലേയ്ക്ക് വലിച്ചു ഇടണ്ട എന്ന് കരുതി. തന്നെ ഒരുപാട് വേദനപ്പിച്ചല്ലേ…… മാപ്പാക്കടോ…..

അവളുടെ കൈകൾ മുറുക്കെ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.

ഓഹ്…… മനുഷ്യൻ ഇപ്പോൾ ഉമ്മ കിട്ടും ഉമ്മ കിട്ടും എന്ന് കരുതി ഇരിക്കുമ്പോ ആണ് അവന്റെ ഒരു മാപ്പ് പറച്ചിൽ….

പുച്ഛത്തോടെ അവൾ പറഞ്ഞതും ഒന്ന് ചിരിച്ചു കൊണ്ട് അവൻ അവളുടെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി.

ടോ…. തനിക്ക് ഉറപ്പല്ലേ…. ഒന്നും കൂടി ഞാൻ പറയാ… പണ്ടത്തെ പോലെ നടക്കാൻ ഒന്നും പറ്റില്ല കണ്ണാ എനിക്ക്.

ഒരു കണക്കിന് അതാ നല്ലത്…. ഒന്നുമില്ലെങ്കിൽ വീഡിയോ കാൾ വിളിക്കുമ്പോ ഒരു ഭാഗത്തത് അടങ്ങി ഒതുങ്ങി ഇരിക്കുമല്ലോ….. അപ്പോൾ ആ മുഖം ശരിക്കും കണ്ട് കൊണ്ട് സംസാരിക്കാമല്ലോ……….

ഹ്ഹ്ഹ്ഹ്ഹ്…….. അത് ശരിയാ… തന്റെ വലിയ ഒരു പരാതി തീർന്നു കിട്ടില്ലോ…….

അവന്റെ ആ ചിരിയിൽ അവളും കൂടെ ചേർന്നു.

ടോ……..

മ്മ്മ്………

കണ്ണാ…….

എന്താ സൂര്യ????

എന്താ ഒന്നും മിണ്ടാത്തത് താൻ???

അല്ല സൂര്യ… അന്ന് സൂര്യൻ പറഞ്ഞത് കേട്ട് തന്നെ വിട്ടു ഞാൻ പോയിരുന്നെങ്കിൽ താൻ എന്ത് ചെയ്യുമായിരുന്നു?

ഇന്ന് എന്റെ ജീവിതത്തിൽ ഏറ്റവും വല്യ സന്തോഷം ഉള്ള ദിവസമാണ്. വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും നടന്നു തുടങ്ങിയിരിക്കുന്നു. പക്ഷെ അന്ന് താൻ എന്നെ വിട്ടു പോയിരുന്നെങ്കിൽ ഇന്ന് ഞാൻ അനുഭവിക്കുന്ന സന്തോഷത്തിന്റെ ഒരു തരി പോലും കാണില്ലായിരുന്നു.

അതും പറഞ്ഞു കൊണ്ട് അവളുടെ നെറ്റിയിലും രണ്ട് കവിളുകളിലും ചുംബിച്ചു. അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ തോളിലേയ്ക്ക് ചാഞ്ഞു നിന്നു.

ഹും…. പണ്ടൊക്കെ എന്റെ കയ്യിൽ നിന്ന് ഉമ്മ കിട്ടാൻ വേണ്ടി എനിക്ക് ഞാൻ ചോദിക്കാതെ തന്നെ ഉമ്മ തന്നിരുന്ന പെണ്ണാ…. ഇപ്പോ അതൊന്നും കാണുന്നില്ല….

അവളെ ഒളിക്കണ്ണിട്ട് നോക്കി കൊണ്ട് അവൻ പറഞ്ഞു. അവന്റെ പരിഭവം കേട്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയുയർത്തി അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു.

സൂര്യ…… എനിക്ക് ഒരു പേടി….. ഇനി നടക്കാൻ തുടങ്ങിയത് കൊണ്ട് പണ്ടത്തെ പോലെ ഓട്ടം തുടങ്ങുമോ?? ഈ മുഖം കണ്ണ് നിറയാൻ കാണാൻ പറ്റാത്ത അവസ്ഥ വരുമോ????

ഹ്ഹഹ്ഹ……. ഓട്ടം ഒക്കെ ഉണ്ട്….. പക്ഷെ എവിടേയ്ക്ക് ഓടിയാലും താനും കാണും എന്റെ കൂടെ …….അതുകൊണ്ട് ഇപ്പോഴ്ത്തെ പോലെ എപ്പോഴും എന്റെ മുഖം കാണാട്ടോ എന്റെ പെണ്ണിന്.

അതും പറഞ്ഞു കൊണ്ട് അവളുടെ കൈയും പിടിച്ചു കൊണ്ട് അവൻ തീരത്തേയ്ക്ക് പാഞ്ഞു വരുന്ന തിരകൾ ലക്ഷ്യം ആക്കി ഓടി.

(അവസാനിച്ചു )