ഗേറ്റിനകത്തു നിന്ന ഐഷ അവനെ കണ്ടിരുന്നു. അവൾ, അവനെ നോക്കി പുഞ്ചിരിച്ചു. കുഞ്ഞൂട്ടനെ മറികടന്നൊരു കറുത്ത പട്ടി ഓടിപ്പോയി. അവനൊന്നു പേടിച്ചു. ഭയത്തോടെയാണ് പിന്നെ……

ഐഷാബി

Story written by Jayachandran NT

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

നേരം സന്ധ്യയായി. വിളക്കു കൊളുത്തി, നാമം ചൊല്ലുമ്പോഴും ഭവാനിയുടെ ശ്രദ്ധ വഴിയിലേക്കായിരുന്നു. കുഞ്ഞൂട്ടൻ വരുന്നുണ്ടോ! റേഷൻകടയിലേക്കവൻ പോയിട്ടു സമയമേറെയായി. നേരം വൈകുതോറും പരിഭ്രമവും വർദ്ധിക്കുന്നു.’

പത്തുവയസ്സാണവന്. എന്നാലും വലിയൊരാണിൻ്റെ ധൈര്യമുണ്ട്.’ അവളങ്ങനെ ആശ്വസിക്കാൻ ശ്രമിച്ചു..പുറത്തെവിടെയോ കാലൻ കോഴി കൂകി. ഇരുട്ടു പരക്കുന്നു. അശുഭമായതെന്തോ സംഭവിക്കാൻ പോകുന്ന പോലെയുള്ള പ്രകൃതിയുടെ നിശബ്ദത. ഒരിലപോലും അനങ്ങുന്നില്ല. ഭവാനി പുറത്തിറങ്ങി നിന്നു.

കണ്ണെത്തുന്ന ദൂരത്തിനപ്പുറം റോഡ് വളഞ്ഞു പോകുകയാണ്. ‘അതിനപ്പുറമാണ് ഐഷാബിയുടെ വീട്. അവൻ പോയിട്ടു വരാമെന്നു ധൈര്യായിട്ടു പറഞ്ഞു. സമ്മതിച്ചു.’.

ആ ചെറിയ ഗ്രാമത്തിൽ എല്ലാവർക്കും ഐഷാബിയെ അറിയാം. ഐഷ എന്നായിരുന്നവളുടെ പേര്..വീടിനു ചുറ്റുമുള്ള ഉയരമേറിയ മതിലിനെ ബന്ധിപ്പിക്കുന്ന മനോഹരമായ ഗേറ്റിനു പുറത്ത് ‘ഐഷ’ എന്നെഴുതി വച്ചിട്ടുണ്ട്. നാട്ടുകാരുടെ ഓർമ്മയിലവൾ ഐഷാബിയാണ്. ശരീരം വളർന്നു. മനസ്സ് വളരാത്ത പതിനഞ്ചുകാരി. സുന്ദരി.

അദ്ധ്യാപകരായ മാതാപിതാക്കളുടെ ഒറ്റമകൾ. രാവിലെ അവർ സ്ക്കൂളിലേക്കു പോയിക്കഴിഞ്ഞാൽ, പൂട്ടിയിട്ട ഗേറ്റിനുള്ളിൽ അവളുടെ ലോകമാണ്. വൈകുന്നേരങ്ങളിൽ ഗേറ്റിൽ പിടിച്ചു പുറത്തേക്കു നോക്കിനിൽക്കുന്ന ഐഷാബി. അച്ഛനും അമ്മയും എത്തുമ്പോൾ ഒരു കുഞ്ഞിനെപ്പോലെ തുള്ളിച്ചാട്ടമാണ്.

ഓടുമേഞ്ഞ പഴയൊരു തറവാട്. മുറ്റത്തെ ഉയരമേറിയ മാവിൽ ഊഞ്ഞാൽ കെട്ടിയിരുന്നു. നിലത്തു നിറയെ പൊഴിഞ്ഞുവീണ മാവിലകൾ. പകൽ, ഇരുട്ടിനു വഴിമാറിയിരുന്നു.

ഐഷാബി! ഊഞ്ഞാലിൽ നിന്നു ചാടിയിറങ്ങി. കൊലുസ്സുകൾ അപ്പോൾ ചിലങ്ക പോലെ കിലുങ്ങി. കാൽപ്പാദങ്ങളെ മറയ്ക്കുന്ന വെള്ളനിറമുള്ള പാവാടയാണവൾ അണിഞ്ഞിരുന്നത്. മാവിലകൾ കാലുകൊണ്ട് തട്ടിത്തെറിപ്പിക്കാൻ വൃഥാശ്രമിച്ചു. കൊലുസ്സിന്റെ കിലുക്കം കേട്ടൊരു കൂമൻ ശബ്ദമുണ്ടാക്കി പറന്നകന്നു. മുകളിലേക്കു നോക്കിയ ഐഷാബി മാവിലകൾക്കിടയിലൂടെ പൂർണ്ണചന്ദ്രനെ കണ്ടു. പുഞ്ചിരിച്ചു. ഇന്ന് പൗർണ്ണമിയാണ്. വിടർന്ന തലമുടി ഇടതുകൈ പുറകിൽവച്ച് വലതുകൈക്കൊണ്ട് ചുറ്റിക്കെട്ടി. ഗേറ്റിനരികിലേക്കു നടന്നു. അച്ഛനും അമ്മയും വരാൻ നേരമാകുന്നു. ഇരുമ്പഴികളിൽ പിടിച്ചവൾ പുറത്തേയ്ക്കു നോക്കി നിന്നു.

നിലാവെട്ടം കുഞ്ഞൂട്ടന് വഴികാട്ടുന്നുണ്ടായിരുന്നു. പോസ്റ്റിലൊരു മഞ്ഞച്ച വെളിച്ചം മുനിഞ്ഞുകത്തി. കുഞ്ഞൂട്ടൻ നടന്നതിനരികിലെത്തി. അമ്മ ഭയപ്പെടുന്നുണ്ടാകും. അവനതറിയാം. വേഗതയിലാണവൻ്റെ നടത്തം. ഒരു കൈയ്യിൽ തുണിസഞ്ചിയും, ഒരു കൈയ്യിൽ മണ്ണെണ്ണപ്പാട്ടയുമുണ്ട്. ഐഷാബിയുടെ ഗേറ്റിനു കുറച്ചകലെയെത്തിയപ്പോൾ അവൻ നിന്നു.

ഗേറ്റിനിടയിലൂടെ ആ തറവാട് വീട് കാണാം. മാവിലകൾക്കിടയിലൂടെ നിലാവരിച്ചിറങ്ങുന്നു. ഊഞ്ഞാലവിടെയുണ്ടോ എന്നായിരുന്നു കൗതുകത്തോടെ അവൻ നോക്കിയത്. ഗേറ്റിനകത്തു നിന്ന ഐഷ അവനെ കണ്ടിരുന്നു. അവൾ, അവനെ നോക്കി പുഞ്ചിരിച്ചു. കുഞ്ഞൂട്ടനെ മറികടന്നൊരു കറുത്ത പട്ടി ഓടിപ്പോയി. അവനൊന്നു പേടിച്ചു. ഭയത്തോടെ യാണ് പിന്നെ മുന്നോട്ടോരോ ചുവടുകൾ വച്ചത്. ഐഷാബി കൗതുകത്തോടെ അവൻ്റെ ചലനങ്ങൾ നോക്കിനിന്നു. ഗേറ്റിനരികിലെത്തിയപ്പോൾ തലകുമ്പിട്ട് നിലത്തേക്കാ യിരുന്നവൻ്റെ കണ്ണുകൾ.

കാറ്റിൽ മണ്ണെണ്ണയുടെ ഗന്ധം പടരുന്നു. മണ്ണെണ്ണപ്പാട്ട അവനുയർത്തി നോക്കി. ‘ചോരുന്നുണ്ടോ! ഇല്ലല്ലോ തുളുമ്പിയതാകാം.’ അവനാശ്വസിച്ചു. ഐഷാബി, ഗേറ്റിൽ പിടിച്ചുലച്ചു ഒച്ചയുണ്ടാക്കി. കുഞ്ഞൂട്ടൻ ഒരുനിമിഷം തല ഉയർത്തി നോക്കി. നായ പോയിട്ടുണ്ടാകുമോ! ഇരുട്ടിൽ നിന്നതിൻ്റെ കുര കേട്ടതും അവനോടി. വീട്ടിലെത്തിയപ്പോൾ കിതയ്ക്കുന്നുണ്ടായിരുന്നു.

“എന്താ മോനെ ഓടിയോ? ” ഭവാനി, അവന്റെ കൈയ്യിൽ നിന്നു സഞ്ചിയും, കന്നാസും വാങ്ങി. “അവിടെ, ഐഷാബിയുടെ വീടിനടുത്തൊരു പട്ടി.” കിതച്ചുകൊണ്ടവൻ പറഞ്ഞു.

“മോൻ പേടിച്ചു പോയോ?” അവളവന്റെ നിറുകയിൽ തലോടി. “ഞാനോടിക്കളഞ്ഞു.” ചിരിയോടെയവൻ പറഞ്ഞു..

അത്താഴത്തിനിരുന്നപ്പോഴാണ് പിന്നെ അവൻ സംശയത്തിൻ്റെ കൂടുതുറന്നത്. “അമ്മേ, ഐഷാബി ഇപ്പൊഴും വെളുത്തവാവിന്റെന്ന്വെ ള്ള ഉടുപ്പൊക്കെയിട്ട് ഗേറ്റിൽ പിടിച്ച് നിൽക്കാറുണ്ടല്ലേ?” “മോനോടാരാ പറഞ്ഞത്?”

“തന്നമ്മേ ഐഷാബി ഊഞ്ഞാലാടും. കൊലുസ്സിന്റെ കിലുക്കമുണ്ടാക്കി നടക്കും. ഗേറ്റിനരികിൽ രാത്രി കാത്തുനിൽക്കാറുണ്ട്. സ്ക്കൂളിൽ വച്ചു തുമ്പിപ്പെണ്ണ് പറഞ്ഞതാ” മൗനവും, പാത്രത്തിൽ സ്പൂൺ ഇളകുന്ന ശബ്ദവും അൽപ്പനേരം നീണ്ടു.

“അമ്മേ ഐഷാബി എങ്ങനെയാ മരിച്ചു പോയേ? ആരേലും കൊ ന്നതാണോ?” ഭവാനിയിൽ നിന്നൊരു നെടുവീർപ്പുണ്ടായി. “അറിയില്ല മോനെ നമ്മൾ കാണുമ്പോഴേ ആ വീടങ്ങനെ കാടുകയറിതാണ്. ഐഷാബിയുടെ അച്ഛനും അമ്മയും ഒരു ദിവസം രാത്രി വൈകിയിട്ടും തിരികെ വന്നില്ല. അവളവരെ കാത്തു ഗേറ്റിനരികിൽ തന്നെനിന്നു. അന്നുരാത്രി ആ തറവാട് തീ ക ത്തിയെന്നും, മണ്ണെണ്ണയിൽ കുളിച്ച് ക ത്തിയെരിയുന്ന ശ രീരവുമായി ഐഷാബി ഗേറ്റിനരികിലേക്ക് ഓടി വന്നെന്നും, അതിന്റെ അഴികളിൽ പിടിച്ച് മരിച്ചിരിക്കുന്നതുമാണ് അടുത്തദിവസം നാട്ടുകാർ കണ്ടത് എന്നൊക്കെയാണ് കഥ.

ക ത്തിയമർന്ന വീടിനുള്ളിൽ തലയോട്ടി തകർന്ന നിലയിൽ കത്തിക്കരിഞ്ഞ മറ്റൊരു അസ്ഥികൂടവും ഉണ്ടായിരുന്നു. അതാരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ആളുകൾ പറയുന്ന കഥകളാണിതൊക്കെ. അന്നുമുതൽ ആ വീടങ്ങനെ കാടുകയറി കിടക്കുവാണ്. ” ഇത്രയും പറഞ്ഞു നിർത്തിയെങ്കിലും! രാത്രിയായാൽ അതുവഴി ആരും നടക്കാറില്ലെന്നും, ഐഷാബിയെ കണ്ടു ചിലർ ഭയന്നോടി യിട്ടുണ്ടെന്നും അവിടെ എത്തുമ്പോൾ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടാകാറുണ്ട്. എന്നൊക്കെയുള്ള കഥകൾ അവനോട് പറയാതൊളിപ്പിച്ചു.

കുഞ്ഞൂട്ടൻ വീണ്ടും സംശയങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. ഇരുട്ടുമൂടിയ തറവാടിൻ്റെ ചിത്രം ഓർമ്മയിലേക്കെത്തിയപ്പോൾ അവനിലൊരു ഭയവും, സംശയവുമുണ്ടായി. ക ത്തിയമർന്ന മേൽക്കൂര. മഴയേറ്റിടിഞ്ഞുവീണ കൽഭിത്തികൾ. ബാക്കിനിൽക്കുന്ന കരിപിടിച്ച അരച്ചുവരുകൾ. അതിനും മുകളിലേക്ക് വളർന്ന കാട്.

‘തുരുമ്പിച്ച ഗേറ്റിനരികിൽ ഐഷാബി ഇപ്പൊഴും കാത്തുനിൽക്കുന്നുണ്ടാകുമോ! അങ്ങനെയെങ്കിൽ അവൾ എന്നെയും ഇന്നു കണ്ടിട്ടുണ്ടാകില്ലേ!’