കൂടുതൽ ചോദിച്ചാൽ ഉമ്മ ഇനി കണ്ണുപൊട്ടുന്ന ചീത്ത വിളിക്കും. മുറാദ് ഒന്നും മിണ്ടാതെ അസർ നമസ്കരിക്കാൻ പുരക്കകത്തേക്കു പോയി……

_upscale

Story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഉമ്മ ആ ഐഷിത്ത ചീ ത്ത സ്ത്രീയാണോ ?

മകൻ മുറാദിന്റെ ചോദ്യം കേട്ട് സാലിഹ ദേഷ്യത്തോടെ ഒന്ന് നോക്കി.

എന്താ മുറാദ് നീ ഇങ്ങനൊക്കെ ചോദിക്കുന്നെ നിന്നോട് ആരാ ഇതൊക്കെ പറഞ്ഞു തരുന്നത്.

കലാം പറഞ്ഞതാണ് ഉമ്മച്ചി ഇങ്ങള് പറ അത് സത്യാ ?

നല്ലൊരു നോമ്പ് കാലമല്ലേ രണ്ടു ദിഖിർ പോയിരുന്നു ചൊല്ല് നീയ്യ്.

കൂടുതൽ ചോദിച്ചാൽ ഉമ്മ ഇനി കണ്ണുപൊട്ടുന്ന ചീത്ത വിളിക്കും. മുറാദ് ഒന്നും മിണ്ടാതെ അസർ നമസ്കരിക്കാൻ പുരക്കകത്തേക്കു പോയി.

അല്ല സാലിഹ, അവരെ പറ്റി നാട്ടിൽ മൊത്തം പാട്ടാണ് ഇല്ലേ കൊച്ചു പിള്ളേർ വരെ അറിഞ്ഞല്ലോ ?

അടുത്തുള്ള വാഹിദ ഇത്ത മതിലിന്റെ മണ്ടേലൂടെ തല എത്തിച്ചു ചോദിച്ചു.

എനിക്കറിയില്ല ഇത്ത.

ആ എന്ന അറിഞ്ഞോ നീയ്യും, ഓൾ ശെരിയല്ല. മ്മടെ കേട്യോൻ ഒക്കെ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. രാവിലെ ഉടുത്തൊരുങ്ങി കമ്പനി പണിക്കു എന്ന് പറഞ്ഞു പോകുന്നത് എന്തിനാണെന്ന് ആർക്കറിയാം ?നമസ്കാരവും നോമ്പും ഒന്നും കാണില്ല പി ഴച്ചോൾക്കു. ന്റെ റബ്ബേ ഇരുപത്തേഴാം രാവാണ്. കുറ്റവും കുറവും പറഞ്ഞുപോയി. പൊറുത്തു തരണേ അസ്‌തഹ്ഫിറുല്ലഹ്.

വാഹിദ താത്ത ആമ തോടിനുള്ളിലേക്കു തല വലിക്കുന്ന പോലെ മറഞ്ഞു.

ഇത്രയും വല്യ കൊട്ടാരം പോലുള്ള വീടിനകത്തിരുന്നു കോട്ട പോലുള്ള മതിലും കടന്നു ഈ കൂരയിലെ വാർത്താനമൊക്കെ ഈ ഇത്ത എങ്ങനെ കേക്കുന്നു ?

സാലിഹാക്ക് അമ്പരപ്പ് തോന്നി.

*****************

മഗ്‌രിബ് ബാങ്ക് മുഴങ്ങി.

രണ്ടു ഗ്ലാസ്സിലായി പകർത്തി വെച്ച പച്ചവെള്ളം കുടിച്ചു നോമ്പ് തുറന്നു സാലിഹയും മകനും.

(നോമ്പ് തുറക്കുമ്പോൾ ആദ്യം കഴിക്കേണ്ടത് കാരക്കയോ അതില്ലെങ്കിൽ പച്ചവെള്ളമോ ആവണം)

ന്റെ മോൻ പോയി നമസ്കരിച്ചു വാ ഉമ്മച്ചി കഞ്ഞി വിളമ്പാം.

ഇന്നും കഞ്ഞിയാണോ ഉമ്മ.

ചുമ്മാ കഞ്ഞി അല്ല നോമ്പ് കഞ്ഞിയാണ് ജീരകവും ഉലുവയും വെളുത്തുള്ളിയും ഒക്കെ ചേർത്ത് വെച്ചത്.

മടുത്തു ഉമ്മ എന്നും ഇതല്ലേ. പള്ളിയിൽ പോയി നോമ്പ് തുറന്നാൽ നല്ല പത്തിരിയും ഇറച്ചിക്കറിയും കിട്ടും. പിന്നെ തരികഞ്ഞി പലതരം പഴങ്ങൾ. നോമ്പ് തുറക്കാൻ ഈന്തപ്പഴം.

ന്റെ മോനെ ഈ പെരുമഴയത്ത് നിന്നെ എങ്ങനെ തനിച്ചു നോമ്പ് തുറക്കാൻ പള്ളിയിൽ വിടും നീ ചെറിയ കുട്ടി അല്ലെ. മുതിർന്നു കഴിഞ്ഞാൽ ന്റെ മോൻ പൊക്കോളൂ.

ഞാൻ പോവില്ല എനിക്കറിയാം ഉമ്മച്ചിക്കു ഈ മഴയത്തു ഒറ്റക്ക് ഇവിടിരിക്കാൻ പേടിയാണെന്ന്. അന്നൊരു ക ള്ളുകുടിയൻ ഹിമാർ വാതില് ചവിട്ടി പൊളിക്കാൻ നോക്കിയില്ലേ ?ന്റെ ഉപ്പ മരിച്ചു പോയില്ലാരുന്നെങ്കിൽ ആരെയും പേടിക്കണ്ടാരുന്നു ഇല്ലേ ?

മോൻ സമയം കളയാതെ നമസ്കരിക്കിൻ. നിറഞ്ഞ കണ്ണുകളെ ഒഴുകാൻ അനുവദിക്കാതെ തോരാത്ത സങ്കടങ്ങൾ കൊണ്ടു തട കെട്ടി സാലിഹ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

ഉമ്മ വിഷമിക്കണ്ട ഞാൻ വലുതാവുബോൾ നോമ്പിനു ഉമ്മച്ചിക്ക് എല്ലാം കൊണ്ടു തരും പെരുന്നാളിന് പുത്തൻ ഉടുപ്പും.

നമസ്കാരപായയിൽ ഇരുന്നു സാലിഹ പൊട്ടിക്കരഞ്ഞു ദുഃആ ചെയ്യവേ വാഹിദ ഇത്താടെ വീട്ടിൽ നിന്നും ഇറച്ചിക്കറിയുടെയും പൊരിച്ച മറ്റുപലഹാരങ്ങളുടെയും കൊതിപ്പിക്കുന്ന മണം ഉയർന്നു.

കഞ്ഞി കുടിക്കാനായി മുറാദ് നിലത്തിരുന്നപ്പോൾ കതകിൽ ആരോ തട്ടുന്നു.

നാലുകണ്ണുകളിലും പരിഭ്രമം പിടഞ്ഞു.

സാലിഹ…സാലിഹായെ..

ഒരു വിളികേൾക്കുന്നുണ്ട് പെണ്ണുങ്ങടെ ശബ്ദം മഴ പെയ്യാൻ തുടങ്ങിയ കൊണ്ടു വ്യക്തമല്ല.

സാലിഹ വാതിൽ തുറന്നപ്പോൾ നനഞ്ഞു കുതിർന്നു ഐഷിത്ത. കയ്യിൽ എടുത്താൽ പൊങ്ങാത്ത രണ്ടു കെട്ടും.

നോമ്പായിട്ട് നേരത്തെ ഇവിടം വരെ ഒന്നിറങ്ങാൻ പറ്റിയില്ല. ഇന്നാണ് ശമ്പളം കിട്ടിയത്. ഇത്തിരി താമസിച്ചു നമസ്കാരം കഴിഞ്ഞിറങ്ങാൻ നിന്നതാ. കമ്പനിയിൽ നിന്നും വന്നപ്പോൾ മഗ്‌രിബ് ബാങ്ക് വിളിച്ചു.

മുറാദ് ഇവിടെ വാ ഇതൊക്കെ നിനക്കാണ് കയ്യിലെ കെട്ടു നീട്ടി ഐഷിത്ത പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ മുറാദ് സാലിഹായെ നോക്കി.

മടിക്കേണ്ട സാലിഹ നിന്നെ പോലെ ഞാനും കഷ്ടപ്പെട്ട് തന്നെയാ പൈസ ഉണ്ടാക്കുന്നത്. നീ പോകുന്ന പോലെ വീടുപണിക്ക് പോയാൽ കുറച്ചു പൈസ കിട്ടു. അതാണ് ഞാൻ ടൗണിലെ തുണി കമ്പിനിയിൽ പണിക്കു പോകുന്നത്. പിന്നെ പടച്ചവനറിയാം എല്ലാം. വേണ്ടാത്തത് പറഞ്ഞു നടക്കുന്നവരൊക്കെ ഐഷുവിനോട് വെറുപ്പ് ഉള്ളവരാണ്. വഴിപ്പെടുത്താൻ നോക്കിയിട്ട് നടക്കില്ല എന്നറിഞ്ഞപ്പോൾ ഐഷു തേ വിടിശ്ശി ആയി.

അത്രയും പറഞ്ഞപ്പോൾ ഐഷിത്തായുടെയും സാലിഹാടെയും കണ്ണുകൾ നിറഞ്ഞു.

ഐഷിത്ത യാത്ര പറഞ്ഞുപോയപ്പോൾ കൊണ്ടു വന്ന കെട്ടുകൾ മുറാദ് തുറന്നു നോക്കി.

ഒന്നിൽ നല്ല പൂനിലാവ് പോലുള്ള പത്തിരിയും ചൂട് കോഴിക്കറിയും. അടുത്ത കിറ്റിൽ ബിരിയാണി അരി, മുട്ട., പഞ്ചസാര, അരിപ്പൊടി തുടങ്ങി കുറെ സാധനങ്ങൾ. പിന്നെ ഒരു കൊച്ചു കവറിൽ ഒരു നിക്കറും ഷർട്ടും ഉമ്മാക്ക് ഒരു കോട്ടൺ സാരിയും.

ആരാ ഉമ്മാ ഐഷിത്ത ചീത്തയാണെന്നു പറഞ്ഞത്. ഉമ്മാ ഐഷിത്ത പടച്ചോൻ ആണ്. പടച്ചോൻ.

സാലിഹായെ കെട്ടിപിടിച്ചു മുറാദ് ഉറക്കെ കരഞ്ഞു ആ നെറുകിൽ നുകർന്നു സാലിഹായും.

*************

റമളാൻ വിടപറയുന്ന അവസാന രാവുകളിൽ ഒന്നോർക്കുക റബ്ബിന്റ കിത്താബിൽ ആരാണ് ശ്രേഷ്ഠൻ എന്ന് ആർക്കുമറിയില്ല. വിശപ്പില്ലാത്തവന് ഒരു നേരം വയർ നിറച്ചുണ്ണാൻ വസ്ത്രം ഇല്ലാത്തവന് ഒരു പുതു വസ്ത്രം അണിയാൻ അറിവ് നേടാൻ കഴിയാത്തവന് അറിവ് പകർന്നുകൊടുക്കാൻ നമ്മളെ കൊണ്ടു ആവും വിധം എന്തെങ്കിലു മൊക്കെ ചെയ്യാൻ സർവശക്തൻ തൗഫീഖ് നൽകട്ടെ…. ആമീൻ.