ഓൺലൈൻ ഡെലിവറി
എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ
പതിവുപോലെ ദിവാകരൻ ജോലി കഴിഞ്ഞു വന്നപ്പോൾ ഭാര്യ അംബിക ടീവി യിൽ വാർത്തയും കണ്ടു കൊണ്ട് ഇരിക്കുകയായിരുന്നു. അയ്യാളുടെ കയ്യിൽ ഇരുന്ന സഞ്ചി മേശപുറത്ത് വച്ചിട്ട് മുറിയിലേക്ക് കയറി..
ദിവാകരൻ മുറിയിൽ കയറി ഇടുപ്പിൽ നിന്ന് എന്തോ എടുത്ത് അലമാരിയുടെ ഇടയിൽ ഒളിപ്പിച്ചു വയ്ക്കുന്നത് അംബിക ഇടങ്കണ്ണിട്ട് കണ്ടു.. ദിവാകരൻ കുളിക്കാൻ പോയ സമയത്ത് അംബിക മുറിയിൽ കയറി അലമാരിയുടെ ഇടയിൽ നോക്കി..
പേപ്പർ കൊണ്ട് പൊതിഞ്ഞ ഒരു കുപ്പി അവിടെ കണ്ടപ്പോൾ അംബികയുടെ നെഞ്ചൊന്ന് ആളി, കുറച്ചു മുന്നേ ടീവിയിൽ കണ്ട ഭർത്താവ് ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു എന്ന വാർത്ത അവളുടെ മനസ്സിൽ കൂടി മിന്നിമാഞ്ഞു പോയി. അവിടെയും ഒരു കുപ്പിയിൽ ആണ് ഭർത്താവ് പാമ്പിനെ കൊണ്ട് വന്ന് ഒളിപ്പിച്ചു വച്ചത് എന്ന് അവൾ ഓർത്തു…
പണ്ടേ പാമ്പ് എന്ന് എഴുതി കാണിക്കുമ്പോഴേ ഓടി തള്ളുന്ന അംബിക ആ കുപ്പി കണ്ടപ്പോൾ തന്നെ പേടിച്ചു വിയർത്തു. പേടികാരണം കുപ്പി പൊതിഞ്ഞു വച്ച പേപ്പർ ഇളക്കി നോക്കാൻ പോലും നിൽക്കാതെ അവൾ അതും ആയി പുറത്തേക്ക് നടന്നു. ഭർത്താവ് കുളിമുറിയിൽ നിന്ന് ഇറങ്ങുന്നുണ്ടോ എന്ന് നോക്കിയിട്ട് അവൾ ആ കുപ്പി വലിച്ചെറിഞ്ഞു..
ഈ സമയം അടുത്ത വീട്ടിലെ ജോയി മ ദ്യം വാങ്ങാൻ വേണ്ടി പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യാൻ മൊബൈലിൽ റേ ഞ്ചും തപ്പി നടക്കുക ആയിരുന്നു. അംബിക എറിഞ്ഞ കുപ്പി വന്നു വീണത് ജോയിയുടെ മുന്നിലേക്ക് ആണ്. തന്റെ മുന്നിൽ വന്നു വീണ കുപ്പി തുറന്നപ്പോൾ ജോയ് ഞെട്ടി..
” ആഹാ ഇവിടെ ആപ്പ് ഡൗൺലോഡ് ചെയ്യും മുൻപേ കുപ്പി വീട്ടിൽ എത്തിയല്ലോ ഇതാണോ ഇനിയിപ്പോ ഈ ഓൺലൈൻ ഡെലിവറി.. “
കുപ്പി കയ്യിൽ എടുത്തു കൊണ്ട് ജോയി മനസ്സിൽ പറഞ്ഞുകൊണ്ട് ചുറ്റും നോക്കി, ഭാഗ്യം ആരും കണ്ടില്ല അയ്യാൾ അതും ഇടുപ്പിൽ തിരുകി സന്തോഷത്തോടെ പാട്ടും പാടി വീട്ടിലേക്ക് കയറി..
കുളി കഴിഞ്ഞു വന്ന ദിവാകരൻ ഒരു കപ്പിൽ വെള്ളവും ഒരു ഗ്ലാസും എടുത്തു കൊണ്ട് മുറിയിലേക്ക് പോയി. രണ്ടു മാസം ആയി മ ദ്യം തൊട്ടിട്ട് ഇന്ന് രണ്ടെണ്ണം അടിച്ചിട്ട് വേണം ചോറ് കഴിക്കാൻ അയ്യാൾ അതും മനസ്സിൽ ഓർത്തു കൊണ്ട് അംബിക കാണാതെ മുറിയിലേക്ക് നടന്നു..
കപ്പും ഗ്ലാസും മേശപ്പുറത് വച്ചിട്ട് അലമാരിയുടെ ഇടയിൽ കുപ്പിക്ക് ആയി കൈ ഇട്ടു. കുപ്പി കിട്ടാതെ വന്നപ്പോൾ അയ്യാൾ ഒന്ന് പേടിച്ചു ദൈവമേ ആറ്റു നോറ്റു ഇരുന്ന് വാങ്ങിയ കുപ്പി ആണ് ഇത് ആരെടുത്തു..
” അംബികേ… “
അയ്യാൾ നീട്ടി വിളിച്ചു, അയ്യാളുടെ വിളി കേട്ട് അംബിക മുറിയിലേക്ക് ചെന്നു..
” അലമാരയുടെ ഇടയിൽ വച്ചിരുന്ന കുപ്പി നീ എടുത്തോ.. “
” എന്തിന ആ കുപ്പി അന്വേക്ഷിക്കുന്നത്, പാമ്പിന് പാല് കൊടുക്കാൻ ആണോ.. “
അംബിക ദേഷ്യത്തോടെ പറഞ്ഞപ്പോൾ ദിവാകരൻ ഒന്നും മനസ്സിലാകാതെ വായും പൊളിച്ചു നിന്നു..
” പാമ്പോ ഏതു പാമ്പ്.. നീ എന്തൊക്കെയാ ഈ പറയുന്നത്… “
” നിങ്ങൾ എന്നെ പറ്റിക്കാൻ നോക്കണ്ട.. ഞാനും വർത്തയൊക്കെ കാണാറുണ്ട്… “
” എടി അത് പാമ്പും കീമ്പുമൊന്നുമല്ല , ഞാൻ വാങ്ങിയ കുപ്പി ആണ്, നീ അത് എന്ത് ചെയ്തു… “
” ഓ അത് ആയിരുന്നോ, നിങ്ങൾ ഒളിച്ചു കൊണ്ട് വച്ചപ്പോൾ ഞാൻ കരുതി എന്നെ കൊല്ലാൻ പാമ്പിനെ കൊണ്ട് വന്നതാകും എന്ന്, അത് കൊണ്ട് ഞാൻ അതെടുത്ത് എറിഞ്ഞു.. “
അംബിക പറഞ്ഞപ്പോൾ ദിവാകരന് ദേഷ്യം കയറി. ദിവാകരൻ വേഗം ഒരു ടോർച്ചും എടുത്തു കുപ്പിയും തപ്പി പറമ്പിൽ ഇറങ്ങി..
” എന്താ ദിവാകരാ രാത്രി പറമ്പിൽ ആരെ തിരയുകയാണ്.. “
വീട്ടിലേക്കു വരുമ്പോൾ തൊണ്ട നനയ്ക്കാൻ ഒരു സാധനവും കിട്ടിയില്ല എന്ന് പറഞ്ഞയാളുടെ നാക്ക് കുഴഞ്ഞുള്ള ശബ്ദവും ആട്ടവും കണ്ടപ്പോൾ കുപ്പി പോയ വഴി ദിവാകരന് മനസ്സിലായി..
” ഓ ഒന്നുമില്ല ഇത് വഴി ഒരു പാമ്പ് ഇഴഞ്ഞ് പോകുന്നത് കണ്ടു അത് എങ്ങോട്ട് പോയെന്ന് നോക്കിയതാ.. “
അത് പറഞ്ഞ് ദിവാകരൻ ദേഷ്യത്തോടെ വീട്ടിലേക്ക് കയറിയപ്പോൾ അംബിക ഉമ്മറ പടിയിൽ തന്നെ നിൽപ്പുണ്ട്..
” നിനക്ക് സമാധാനം ആയല്ലോ ആറ്റു നോറ്റു ഒന്ന് വാങ്ങി നാട്ടുകാർക്ക് കൊടുത്തപ്പോൾ… “
” അത് പിന്നെ ഞാൻ അറിയുന്നോ ഇത് ആണെന്ന്…”
” ഇനി വീണ്ടും നാലു ദിവസം കഴിയണം ഒന്ന് കിട്ടാൻ… ഇതൊക്ക ആരോട് പറയാൻ… “
ദേഷ്യപ്പെട്ടു കൊണ്ട് അകത്തേക്ക് കയറിപോയ ദിവാകരനെ നോക്കി ചിരിയോടെ അംബിക നിന്നു…..