Wake up call
രചന: Mizba Zareen
പാതിരാത്രി പതിവില്ലാതെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്.
ഉറക്കത്തിന്റെ ആലസ്യത്തിൽ ഫോൺ കയ്യിൽ എടുത്തു നോക്കിയപ്പോൾ കണ്ട പേര് എന്നെ കൂടുതൽ ഭയപ്പെടുത്തി.
കാരണം ആരുടെയെങ്കിലും മരണ വാർത്ത അറിയിക്കാനല്ലാതെ ആ സമയം ആരും വിളിക്കാറില്ലല്ലോ. പൊട്ടി കരഞ്ഞു കൊണ്ട് നന്ദു മോന്റെ ശബ്ദം ഒരു ഇടുത്തീ പോലെ എന്റെ കാതുകളിൽ ചെന്ന് പതിച്ചു.
“മാമ അമ്മ പോയി “, അത് കേട്ടതും ഫോൺ തനിയെ കയ്യിൽ നിന്നും താഴെ വീണു പോയി. നിന്നെ പോലെ തന്നെ പിന്നെ അത് ശബ്ദിച്ചതെ ഇല്ല.
പിന്നീട് ആ നിന്ന നിൽപ്പിൽ വണ്ടി എടുത്ത് ഒറ്റ പോക്കായിരുന്നു. ഏതോ ഒരു അദൃശ്യ ശക്തി എന്നെ നിയന്ത്രിക്കുന്നത് പോലെ.
അന്ന് നിന്റെ വീട്ടിൽ നിന്ന് വഴക്കിട്ടു ഞാൻ ഇറങ്ങി പോയപ്പോൾ ലോകം മുഴുവൻ വെട്ടിപ്പിടിച്ച പോലെ ആയിരുന്നു എനിക്ക് തോന്നിയത്.
പക്ഷെ അത് മുഴുവൻ എന്റെ തെറ്റായിരുന്നു എന്ന് ഞാൻ മനഃപൂർവം മറന്നുകളയുകയായിരുന്നു.
പിന്നീട് ഒരിക്കലും നിന്നെ വിളിക്കാനോ ഒന്നും നിൽക്കാതിരുന്നത് എന്റെ ഈഗോ കൊണ്ടായിരുന്നു.
എന്നാൽ നീ പലപ്പോഴും എന്നെ വിളിക്കുമ്പോഴും നിന്നോട് ഞാൻ പരുക്കനായി സംസാരിച്ചതും കാൾ കട്ട് ചെയ്തും ഞാൻ ആണ് ശരി എന്ന് സ്വയം അഹങ്കരിച്ചായിരുന്നു.
എന്റെ പെരുമാറ്റം കൊണ്ട് തന്നെ ആവാം പതിയെ പതിയെ നീയും എന്നിൽ നിന്നും അകന്ന് പോയത്.
2 വർഷത്തിനിപ്പുറം ഈ യാത്ര അത് നമ്മുടെ അവസാനത്തെ കൂടിക്കാഴ്ച ആകണമെന്നത് ദൈവ നിശ്ചയമോ അതോ സ്വയം വരുത്തി വെച്ച വിനയോ. നീ ഒരു നിമിഷം കണ്ണ് തുറന്നെങ്കിൽ,
നിന്നോട് സ്നേഹത്തോടെ ഒന്ന് സംസാരിച്ചു വേദനിപ്പിച്ചതിനൊക്കെ ക്ഷമ ചോദിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു.
നിനക്ക് എന്നോട് ക്ഷമിക്കാൻ പറ്റുമോടി. ക്ഷമിക്കും അല്ലെ. പറ്റാതെ എവിടെ പോകാനാ. നിന്നെ വേദനിപ്പിച്ചവരോട് പോലും നീ എന്നും സ്നേഹം കാണിച്ചിട്ടല്ലേ ഉള്ളു.
പിന്നെയല്ലേ ഒരേ വയറ്റിൽ നിന്ന് വന്ന നമ്മൾ അല്ലെ. ഇല്ലെങ്കിലും പണ്ടും എന്റെ തെറ്റുകൾക്ക് പോലും ശിക്ഷ അനുഭവിച്ചത് നീ അല്ലെ.
പക്ഷെ ഇത് ഈ ശിക്ഷ എനിക്ക് ദൈവം തന്നതാ. എല്ലായിപ്പോഴും നീ തോറ്റു തന്നു ഇപ്പൊ തോറ്റു പോയത് ഞാനാ മോളെ. അത് ഒരു വലിയ തോൽവി ആയിപോയി.
നിന്നെ നഷ്ടപ്പെട്ടു എന്ന് കേൾക്കാൻ കാത്തിരിക്കണമായിരുന്നോ ഞാൻ, നിന്നെ കാണാൻ വന്നു എന്റെ തെറ്റുകൾക്ക് ക്ഷമ ചോദിക്കാൻ.
അല്ലേലും അതിനു മാത്രം പ്രായം ഒന്നും നിനക്ക ആയില്ലല്ലോ. ഇത്ര പെട്ടന്ന് നീ പോകും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല.
നിന്റെ വീട്ടിലേക്കുള്ള വഴിയിൽ തിരിഞ്ഞ് വണ്ടി നിർത്തി നടക്കാൻ തുടങ്ങിയതും നിന്നെ തണുത്തുറഞ്ഞ ശരീരമായി കാണാൻ ഉള്ള പേടികൊണ്ടായിരുന്നു.
ഓരോ കാലടിക്കും ഒരുപാട് ദൂരമുള്ളത് പോലെ തോന്നി. വേച്ചു,വേച്ചു നിന്റെ വീട്ടിലെത്തിയപ്പോൾ കണ്ട ആൾകൂട്ടവും പൊതിഞ്ഞു കെട്ടിയ നിന്റെ ശരീരവും കണ്ട് മരവിച്ചു കൊണ്ടാണ് ഞാൻ അകത്തേക്ക് കയറിയത്.
പെട്ടന്ന് എന്റെ കാൽ എന്തിലോ ഉടക്കിയാണ് ഞാൻ താഴെ തല ഇടിച്ചു വീണത്. കണ്ണ് തുറന്ന് നോക്കുമ്പോൾ ഞാൻ എന്റെ വീട്ടിലാണ്. എന്റെ കട്ടിലിൽ.
തൊണ്ട വറ്റി വരളുന്നത് പോലെ. നെഞ്ചിനകത്തു ഒരു ഭാരം. വെള്ളമെടുത് കുടിച്ചു, ആദ്യം ഫോൺ എടുത്തു നോക്കി. ഹോ, അതൊരു സ്വനമായിരുന്നെന്ന് ഞാൻ ആശ്വാസത്തോടെ തിരിച്ചറിഞ്ഞു.
പക്ഷെ അന്നത്തെ ദിവസം മുഴുവൻ കാര്യങ്ങളും മാറ്റി വെച്ച്, അവളുടെ അടുത്തെത്താൻ ഞാൻ തീരുമാനിച്ചു.
ഉടനെ തന്നെ അവളെ വിളിച്ചു പറഞ്ഞു. ഞാൻ വരുവാ അവിടേക്ക്. അവളുടെ ആ സന്തോഷം ഒരു ഇടർച്ചയിലൂടെ ഞാൻ അറിഞ്ഞു.
അങ്ങനെ രണ്ടു വർഷത്തിനു ശേഷം വീണ്ടും ഞാൻ ആ വീട്ടിലേക്ക് പോവുകയാണ്. എന്റെ കൂടപ്പിറപ്പിന്റെ വീട്ടിലേക്ക്, ഒത്തിരി പലഹാരങ്ങളും ഒപ്പം അവൾക് ഏറ്റവും ഇഷ്ടപെട്ട തേൻ മിട്ടായിയും കൊണ്ട്.
അവൾ ഒത്തിരി സ്നേഹത്തോടെ വിളമ്പി തന്ന മാമ്പഴ പുളിശ്ശേരിയും കൂട്ടി വയറും മനസ്സും നിറഞ്ഞ ഒരു ഊണും കഴിച്ച് കൊണ്ട് വീട്ടിലേക് ഞാൻ മടങ്ങി പോന്നു,
NB: ചില ദുഃസ്വപ്നങ്ങൾ ചിലപ്പോൾ തെറ്റ് തിരുത്താനുള്ള അവസരമാകാറുണ്ട്. ദൈവത്തിന്റെ ഒരു wake up call.
മരണം ഏതു നിമിഷവും ആരെ വേണമെങ്കിലും തേടി വരാം. നമ്മുടെ ബന്ധങ്ങൾ, പ്രവർത്തികൾ ഇവ എന്നും നല്ലതായിരിക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ ചിലപ്പോൾ ആത്മാവിന് പോലും മോക്ഷം കിട്ടി എന്ന് വരില്ല.