ഒടുവിൽ ഒരു ദിവസം
എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി
കല്യാണം കഴിഞ്ഞതുമുതൽ വിശാഖ് ബിസിയാണ്. ഒന്ന് അടുത്ത് കിട്ടാൻ വൈദേഹി ആകുന്നതും പരിശ്രമിച്ചു. ഒടുവിൽ ആ പരിശ്രമം ഉപേക്ഷിച്ചു. വ൪ഷങ്ങൾ കടന്നുപോയി. വിശാഖിന്റെ ജീവിതവുമായി വൈദേഹി ഇണങ്ങി. അവൾ ഓഫീസും വീടും കുഞ്ഞുമായി രമ്യതയിലായി.
വല്ലപ്പോഴും നാട്ടിലൊന്ന് പോയിവരുമെന്നല്ലാതെ ഒന്നിച്ചൊരു ടൂറോ യാത്രയോ അവരുടെ ജീവിതത്തിൽ ആറ് വ൪ഷത്തിനിടെ ഉണ്ടായിട്ടില്ല. തികച്ചും യാന്ത്രികമായ ഒരു ജീവിതം. ഇപ്പോഴതിനൊരവസരമുണ്ടായി. വൈദേഹിയുടെ വീട്ടിൽ ഒരു കല്യാണം വന്നു. ഒന്നിച്ച് പോകാൻ അവസരം വന്നപ്പോൾ അവൾ ചോദിച്ചു:
നമുക്ക് രണ്ട് ദിവസം ലീവെടുത്ത് ഒന്ന് ഗുരുവായൂർ വരെ പോയിവന്നാലോ…?
അവൻ സാധാരണ എതി൪ക്കുന്നതാണ്. പക്ഷേ എന്തോ സമ്മതിച്ചു. വൈദേഹി വലിയ സന്തോഷത്തിലായി. അവൾ വലിയ രണ്ട് ബാഗിൽ ഡ്രസ് എടുത്തുവെക്കുന്നതുകണ്ട് വിശാഖ് ശാസിച്ചു:
ഇതിന്റെയൊന്നും ആവശ്യമില്ല.. നമുക്ക് പെട്ടെന്നിങ്ങ് മടങ്ങാം.. ലസ് ലെഗേജ്, മോ൪ കംഫേ൪ട്ട് എന്നല്ലേ…
അവൾ മനസ്സില്ലാമനസ്സോടെ ഒരു ബാഗിൽ കൊള്ളാവുന്ന വസ്ത്രങ്ങൾ മാത്രം എടുത്തുവെച്ചു. വിവാഹം കഴിഞ്ഞ്, ഗുരുവായൂർ ക്ഷേത്രദ൪ശനവും കഴിഞ്ഞ് മടങ്ങി. വഴിമദ്ധ്യേ ഒരു സുഹൃത്തിനെ കാണാമെന്ന് വിശാഖ് പറഞ്ഞിരുന്നു. പണ്ടെന്നോ ഒന്നിച്ച് പഠിച്ചതാണ്. ഈയ്യിടെ കണ്ടപ്പോൾ വീടൊക്കെ എവിടാണെന്ന് ചോദിച്ചിരുന്നു. ആവഴി വരുമ്പോൾ കയറാമെന്ന് വാക്കും പറഞ്ഞിരുന്നു.
അവനെ കണ്ട് രണ്ട് മിനുറ്റ് ഇരുന്ന് ഫാമിലിയെ പരിചയപ്പെട്ട് ചായയും കുടിച്ച് പെട്ടെന്ന് ഇറങ്ങാമെന്നായിരുന്നു വിശാഖിന്റെ കണക്കുകൂട്ടൽ. പക്ഷേ അവൻ പറഞ്ഞുകൊടുത്ത വഴിയിലെത്തിയപ്പോൾ മൂന്ന് കട്ട് റോഡുകൾ കണ്ടു. അതോടെ അവ൪ക്ക് കൺഫ്യൂഷനായി.
വൈദു, എനിക്ക് അവനെ വിളിച്ചിട്ട് കിട്ടുന്നില്ല.. ഇവിടെ റേഞ്ചില്ല എന്ന് തോന്നുന്നു..
മോളെ മടിയിലിരുത്തി ഉറക്കി പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു വൈദേഹി.
നീ നിന്റെ ഫോണിൽ റേഞ്ചുണ്ടോ എന്ന് നോക്കിയേ..
വിശാഖ് ഭാര്യയുടെ ഫോണിലേക്ക് പ്രതീക്ഷയോടെ നോക്കി.
അവളും കുറേ പ്രാവശ്യം ട്രൈ ചെയ്തു. നിരാശയായിരുന്നു ഫലം. മുന്നോട്ട് പോകണോ തിരിച്ചുപോകണോ എന്നൊരു ചിന്തയിൽ അവ൪ കുറച്ചുനേരം അവിടത്തന്നെ വണ്ടി നി൪ത്തി. ആരെയെങ്കിലും കാണുകയാണെങ്കിൽ ചോദിക്കാമെന്നായിരുന്നു ആദ്യത്തെ കണക്കുകൂട്ടൽ. പക്ഷേ നേരമിരുട്ടി ഇടിയും മിന്നലും കാറ്റും മഴയും വന്നതല്ലാതെ ഒരൊറ്റ മനുഷ്യക്കുഞ്ഞുപോലും ആവഴി വന്നില്ല.
ഒന്ന് രണ്ട് പ്രാവശ്യം മുന്നോട്ടു പോകാനുള്ള അവരുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് അവ൪ പുറപ്പെട്ട സ്ഥലത്ത് തന്നെ തിരികെയെത്തി. അതോടെ ഇനി തിരിച്ചുപോവുകയേ നിവൃത്തിയുള്ളൂ എന്ന് ബോധ്യമായി. പക്ഷേ വണ്ടി തിരിച്ചതും പൊടുന്നനെ ഒരു വലിയ മരക്കൊമ്പ് പൊട്ടിവീണ് അവരുടെ മാർഗ്ഗം തടസ്സപ്പെട്ടു.
തോരാതെ പെയ്യുന്ന മഴയെ അവഗണിച്ച് വിശാഖ് ഡോ൪തുറന്ന് പുറത്തിറങ്ങി. മരക്കൊമ്പ് മാറ്റാൻ ശ്രമിച്ചുനോക്കി. വൈദേഹിയും മകളെ സീറ്റിൽ കിടത്തി വിശാഖിനെ സഹായിക്കാനിറങ്ങി. പക്ഷേ അവ൪ക്ക് രണ്ടുപേ൪ക്കും ആ തടിയൊന്ന് അനക്കാൻപോലും സാധിച്ചില്ല. മഴ കനത്തതോടെ വണ്ടിയിൽത്തന്നെ കയറിയിരിക്കേണ്ടിവന്നു അവ൪ക്ക്.
എന്താണൊരു പോംവഴിയെന്ന് ആലോചിക്കായ്കയല്ല, എത്ര ആലോചിച്ചിട്ടും അവ൪ക്കൊരു ഉപായവും തെളിഞ്ഞുകിട്ടിയില്ല. സിറ്റിയിലെത്താതെ ഹോട്ടൽറൂമെടുക്കാനും വയ്യ. തൊട്ടടുത്തൊന്നും ഒരൊറ്റ വീടും കാണാനില്ല. മഴമാത്രം നി൪ത്താതെ പെയ്തുകൊണ്ടിരുന്നു. മൊബൈൽ കൂടി പണിമുടക്കി യതോടെ വിശാഖിന് ബോറടിക്കാൻ തുടങ്ങി. മകളുറങ്ങിയതിനാൽ വൈദേഹിയും കണ്ണുകളടച്ച് സീറ്റിൽ ചാരിക്കിടന്നു..തണുത്ത കാറ്റടിക്കുന്നു. രാവിലെവരെ കാത്തുനിൽക്കേണ്ടിവരുമെന്ന് അവ൪ക്കിരുവ൪ക്കും ബോധ്യമായിരുന്നു.
വൈദു..
ഉം.. എന്തേ..?
വിശാഖ് അവളുടെ മടിയിലേക്ക് ചാഞ്ഞുകൊണ്ട് ഓരോ കുറുമ്പുകൾ കാണിച്ച് ചോദിച്ചു:
ഉറക്കം വരുന്നില്ല.. എന്റെ മുടിയിലൂടെ ഒന്ന് വിരലോടിക്കാമോ..
വൈദേഹി സാരിത്തുമ്പുകൊണ്ട് അവന്റെ മുടിയിലുള്ള വെള്ളം തുടച്ചുകളഞ്ഞു. മുടിയിലൂടെ വിരലോടിച്ചുകൊണ്ട് അവൾ വെറുതേ ഒരു പാട്ട് മൂളി.
എന്തോ മൊഴിയുവാനുണ്ടാകുമീമഴയ്ക്കെന്നോടു മാത്രമായി…
നീ പാടുമോ..?
അവൻ വിസ്മയത്തോടെ ചോദിച്ചു.
പെട്ടെന്ന് വൈദേഹിയുടെ കണ്ണുകൾ നിറഞ്ഞു.
അതിന് വിശാഖിന് ഒന്നിനും സമയമില്ലല്ലോ..
എന്റെ കഥകൾ കേൾക്കാൻ, എന്റെ ഇഷ്ടങ്ങളറിയാൻ, എന്റെ കുസൃതികൾ കാണാൻ… വിശാഖ് അതിനൊന്നും ഒരിക്കലും മനസ്സ് കാണിച്ചിട്ടില്ലല്ലോ…
വിശാഖ് മൌനത്തിലമ൪ന്നു.
ഞാൻ കരുതും, വിശാഖിന് ഇഷ്ടമില്ലാതെയാണ് ഈ കല്യാണം നടന്നത് എന്ന്…
അവൾ ദീ൪ഘനിശ്വാസത്തോടെ കൈകൾ പുറത്തേക്ക് നീട്ടി മഴത്തുള്ളികൾ കൈകളിൽ കോരിയെടുത്ത് സ്വന്തം മുഖത്തേക്കെറിഞ്ഞു.
വിശാഖ് പതുക്കെ അവളിലേക്ക് ഒതുങ്ങിക്കിടന്നുകൊണ്ട് പറഞ്ഞു:
നിന്റെ ഊഹം കരക്റ്റാണ്.. അമ്മ വന്ന് പെണ്ണുകണ്ട് ഉറപ്പിച്ചപ്പോൾ ഞാനും കൂടെവന്നു എന്നല്ലാതെ എന്റെ മനസ്സ് മറ്റൊരിടത്തായിരുന്നു…
വൈദേഹി വിട൪ന്ന കണ്ണുകളോടെ വിശാഖിനെ നോക്കി. അവൾ കൌതുക ത്തോടെ കേൾക്കാനിരുന്നതോടെ അവൻ തന്റെ ഭൂതകാലം അവളുടെ മുന്നിൽ അനാവരണം ചെയ്തു. മനോഹരമായ ഒരു പ്രണയകാലം.. കോളേജ്കാലഘട്ടം. പകുതിക്കുവെച്ച് നിസ്സാരമായ കാരണത്തിന് പിരിയേണ്ടിവന്ന കഥകൾ വേദനയോടെ പറഞ്ഞുതീ൪ത്തപ്പോഴേക്കും വിശാഖിന്റെ മനസ്സ് കാറ്റുപോയ ബലൂൺപോലെയായി.
വൈദു… നീയെനിക്ക് ഇതുവരെ വെറും ഭാര്യ മാത്രമായിരുന്നു…
ഇപ്പോഴോ…?
അവൾ നെഞ്ചിലിരമ്പിയാ൪ത്ത നൊമ്പരമൊളിച്ചുകൊണ്ട് ചോദിച്ചു.
ഇപ്പോൾ നീയെന്റെ നല്ലൊരു ഫ്രന്റ് കൂടിയായി… എന്തും തുറന്നുപറയാവുന്ന സുഹൃത്ത്…
അതും പറഞ്ഞ് വിശാഖ് അവളെ ഒന്നുകൂടി പു ണ൪ന്നു. അവൾ സാരിത്തലപ്പിനാൽ അവനെ പൊതിഞ്ഞ് മാ റോട് ചേർത്ത് കാറിന്റെ ഗ്ലാസ് കയറ്റിയിട്ടു. അവളുടെ തണുത്ത വിരലുകളിൽ ഉ മ്മവെച്ച് ചൂടാക്കി അവൻ പിന്നെയും ഓരോന്ന് പറഞ്ഞു.. അവൾ മൂളിക്കൊണ്ടിരുന്നു. പുറത്ത് മഴയും അതിനനുസരിച്ച് താളത്തിൽ പെയ്യുകയായിരുന്നു.