ഒറ്റയടിക്ക് പൊയ്ക്കോ ന്ന് പറഞ്ഞാൽ അപ്പൊ പറയും .”ഉം അല്ലേലും ഞാൻ ഒന്ന് പോവാൻ നിക്കുവല്ലേ…….

എഴുത്ത്:-സൽമാൻ സാലി

”ഇക്കാ …ഇക്കോയ് …

ഉച്ചക്ക് ചോറും തിന്ന് കെട്യോള് പാത്രം കഴുകുമ്പോൾ മോളെയും എടുത്ത് ഉമ്മറത്ത് വന്നിരുന്നു ഫോണിൽ ടോം ആൻഡ് ജെറി കാണുമ്പോൾ ആണ് കെട്യോളുടെ സ്നേഹത്തോടെ ഉള്ള ഇക്കാ വിളി കേൾക്കുന്നത് ….

””ഉം ..എന്താടി ..

”ഇങ്ങളെ ഷർട്ടൊക്കെ തേച്ചു അലമാരയില് വെച്ചിട്ടുണ്ട് ട്ടാ ..

”ഈനാണോ ഇയ്യ്‌ തൊള്ളപൊട്ടിച്ചു ന്നെ വിളിച്ചത് ….ഇയ്യ് കാര്യം പറ ..

ഓളെ പരുങ്ങൽ കണ്ടാൽ അറിയാം എന്തോ കാര്യം ഉണ്ടെന്ന് ..

””അത് ..ഇക്കാ ..ഇത്തയും കുട്യോളും പാർക്കാൻ വന്ന്കണ് ന്ന് ഉമ്മ പറഞ്ഞിരുന്നു …. ഞനൊരു രണ്ടീസം ന്റെ പൊരേൽ പോയാലോ ന്ന് അലോയ്ക്കാ ..

ന്റെ മനസ്സിൽ രണ്ട് മൂന്ന് ലഡു ഒന്നിച്ചു പൊട്ടിയെങ്കിലും അത് മുഖത്ത് വരാതെ ഞാൻ സങ്കടം വരുത്തിക്കൊണ്ട് ””ഇയ്യ് രണ്ടീസം പോയാൽ എങ്ങിനാ ഞാൻ ഇവിടെ ഒറ്റക്കാവില്ലേഒറ്റക്കാവില്ലേ …

ഒറ്റയടിക്ക് പൊയ്ക്കോ ന്ന് പറഞ്ഞാൽ അപ്പൊ പറയും .”ഉം അല്ലേലും ഞാൻ ഒന്ന് പോവാൻ നിക്കുവല്ലേ ….ന്ന് ….പൊവണ്ടാന്ന് പറഞ്ഞാൽ പറയും അതെന്താ ഞാൻ പോയാൽ എനിക്കും വേണം രണ്ടീസം റസ്റ്റ് ന്ന് …

ഓള് ഒന്ന് പാർക്കാൻ പൊയിട്ട് വേണം മെസ്സഞ്ചർ ഓൺ ആകീറ്റ് എല്ലാരോടും ഒന്ന് ചാറ്റാൻ ..

””അല്ലെ വേണ്ട രണ്ടീസം ഒന്നും പറ്റൂല ഇന്ന് പൊയിട്ട് നാളെ വൈകിട്ട് ഇങ് പോരി ..

ഓളെ നോക്കാതെ ആണ് പറഞ്ഞതെങ്കിലും മനസ്സിൽ ഓള് പോവണ്ടാ ന്ന് പറയുമോ എന്നൊരു പേടി ണ്ടയ്നു ..

പിന്നെ ചില സിൽമേല് കാണും പോലെ കണ്ണടച്ച് തുറക്കുമ്പഴേക്കും ഓളും കുട്യോളും റെഡി ..

സാധാരണ വേറെ എവിടേലും പോവാനുണ്ടെല് ഒരീസം മുന്നേ പറയണം അതും രണ്ട് മണിക്കൂർ കുറച്ചിട്ട് പറയണം എന്നാലേ നേരത്തിന് ഇറങ്ങൂ ..

എന്നാൽ ഓളെ പുരയിൽ പോവാനാണെങ്കിൽ അഞ്ച് മിനിറ്റ് കൊണ്ട് ഓള്ബി രിയാണി വരെ ണ്ടാക്കി കളയും …

ഓളെ പുരയിലെത്തി അമ്മായിമ്മ കൊണ്ട് തന്ന ജ്യൂസും കുടിച്ചു മുഖത്ത് ആവോളം സങ്കടം വരുത്തി ഓളോട് നാളെ വൈകിട്ട് വരാമെന്നും പറഞ്ഞു അവിടുന്നിറങ്ങി …

”കെട്യോളും പോയി ,,ഫോണും കിട്ടി ഹൈലസ ഹൈലസ പട്ടും പാടി വരുമ്പോൾ ഓൾടെ ഒരു മെസ്സേജ് ”ഇക്കാ ഇങ്ങള് എവിടെ എത്തീ..ന്ന് ..

പടച്ചോനെ പണി പാളിയോ എന്ന് ആലോചിച്ചു കൊണ്ട് ഓൾടെ വീടിനടുത്തുണ്ടെന്ന് പറഞ്ഞപ്പോ ഓള് പറയുവാ ”ഇങ്ങള് പോയപ്പോ ന്തോ ഒരു മൂഡ് ഇല്ല ഇങ്ങള് തിരിച്ചു വരുമോ ന്ന് ഒരു ചോദ്യം ..

സാധാരണ ഓൾടെ വീട്ടിലെത്തിയാൽ ഓള് തിരിച്ചു പോരാൻ നേരം പോത്തിനെ വെള്ളത്തിലിറക്കിയ പോലെയാണ് എത്ര വിളിച്ചാലും ഇറങ്ങിക്കിട്ടാൻ വലിയ പാടാ ….ഇതിപ്പൊ തിരിച്ചു വീട്ടിലെത്തിയില്ല അതിന് മുന്നേ ഓളെ കൂട്ടാൻ ചെല്ലാൻ പറയുന്നു ..

ഇറങ്ങാൻ നേരത്തെ എന്റെ അഭിനയം കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല ..

”അല്ലെടി നീയല്ലേ പറഞ്ഞത് ഇത്താന്റെ കൂടെ നിക്കണം ന്നൊക്കെ ….ന്നിട്ട് പിന്നെ ..

””അത് പിന്നെ ഇക്ക പോകുമ്പോ മുഖത്ത് വിഷമം കണ്ടപ്പോ ഞാൻ ഉമ്മാനോട് പറഞ്ഞു എല്ലാര്ക്കും നമ്മുടെ വീട്ടിലേക്ക് പോവാലോ ന്ന് …

ഓരെല്ലാം റെഡി ആവുന്നുണ്ട് ഇങ്ങള് കുറച് കോഴിയും മല്ലി ചപ്പും ബിരിയാണി അരിയും വാങ്ങി വരുമ്പോളേക്കും ഞങ്ങൾ ഇറങ്ങി നിക്കാം ..

ഓള് എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയതും നേരത്തെ മനസ്സിൽ പൊട്ടിയ ലഡ്ഡു മൊത്തത്തിൽ തൊള്ളയിൽ വന്നു കുരുങ്ങിയ അവസ്ഥ ആയി …

വണ്ടി നേരെ ടൗണിലേക്ക് വിട്ട് സാധനവും വാങ്ങി ഓളെ വീട്ടിലേക്ക് പോകുമ്പോൾ റേഡിയോയിൽ ഒരു പാട്ട് പാടുന്നുണ്ടായിരുന്നു ”അവനവൻ കുരുക്കുന്ന
കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ ..ഓ ഗുലുമാൽ …

അല്ലേലും എനിക്കെന്തിന്റെ കേടായിരുന്നു ഇങ്ങനെ അഭിനയിക്കാൻ ..

തള്ള് തീർന്നത് കൊണ്ട് കുറച്ചു ദിവസത്തേക്ക് ഇനി സംപ്രേഷണം ഉണ്ടായിരി ക്കുന്നതാണ് ..