ഒറ്റമന്ദാരം ❤️ ~~ഭാഗം 15 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

കൃഷണമ്മാമക്കൊപ്പം ശ്രീക്കുട്ടിയും അനുവും മുറ്റത്ത് ഓട്ടോയിൽ വന്നിറങ്ങി.

ഉമ്മറത്ത് ഹരിയും അച്ഛനും സുഭദ്രയും നിൽപ്പുണ്ട്.

സ്റ്റീഫനും സംഘവും വന്ന് പോയതെ ഉള്ളൂ.

അതിന്റെ പിറകെയാണ് മാത്യു സാറിന്റെ ഫോൺ കോൾ വന്നതും.

ഇതിന്റെ വെപ്രാളത്തിൽ നിക്കുമ്പോഴാണ് അവര് അമ്പലത്തിൽ പോയി മടങ്ങിയെത്തിയതും.

ശ്രീക്കുട്ടിയിൽ നല്ല മാറ്റം ഉണ്ട്. പഴയ പോലെ കണ്ണെഴുതിയിട്ടുണ്ട്. നെറ്റിയിൽ ചന്ദനക്കുറിയും തലയിൽ തുളസിക്കതിരും ചൂടിയിട്ടുണ്ട്. സാരിയിൽ പഴയ ശ്രീക്കുട്ടിയായിട്ടുണ്ട്.

“ഹര്യേട്ടൻ കുളിച്ചതാണൊ..?”

ചോദിച്ച് കൊണ്ട് അനു ഹരിയുടെ അടുത്തേക്ക് വന്നു.

“ങും…”

ഒരു മൂളലിൽ ഹരി മറുപടി കൊടുത്തു.

അനു ഹരിയുടെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു.

“ഏതു വഴിയാ നിങ്ങള് വന്നത്…?”

അനുവിനോടായി ഹരി ചോദിച്ചു.

സംശയത്തോടെ ഹരിയെ ഒന്ന് നോക്കി.

“എന്താ ഹര്യേട്ടാ..?”

നേരിയ ഭയത്തോടെ ചോദിച്ചു.

“എന്താ ഹരി..?”

ഹരിയുടെ ചോദ്യവും അനുവിന്റെ ഭീതിയും കണ്ട് അമ്മാവനാണ് ചോദിച്ചത്.

“ഹേയ്… ഒന്നുംല്ലമ്മാവാ.. ഏതു വഴിയാ വന്നതെന്ന് ചോദിയ്ക്ക്യാരുന്നു..”

പരുങ്ങലോടെ ഹരി പറഞ്ഞൊപ്പിച്ചു.

“വടക്കെ പാടം വഴി.. വരുന്നവഴി കൃഷ്ണന്റമ്പലത്തിലും ഒന്നു കേറി തൊഴുതു..”

അതും പറഞ്ഞ് അമ്മാവൻ അകത്തേക്ക് കയറിപ്പോയി.

“ശ്രീയേട്ടനെന്താ വല്ലാണ്ടിരിക്കണേ..?”

അടുത്തേക്ക് വന്ന് ഹരിയുടെ കൈയ്യിൽ പിടിച്ച് ശ്രീക്കുട്ടി ചോദിച്ചു.

“ഒന്നൂല്യ… നിനക്ക് വെറുതെ തോന്ന്ണതാ..”

ആ മറുപടിയിൽ അവൾ സംതൃപ്തയായിരുന്നില്ല. ചില സംശയങ്ങളും ഭീതിയും അവളുടെ മുഖത്ത് നിന്നും ഹരിക്ക് വായിച്ചെടുക്കാമായിരുന്നു. മറിച്ചൊന്നും ചോദിക്കാതെ അവൾ അകത്തേക്ക് കയറി പോയി.

“ശ്രീക്കുട്ടി വരുന്നോ അങ്ങോട്ട്..? ഞാൻ പോയി ഊണ് കാലാകട്ടെ..”

അനു ശ്രീക്കുട്ടിയോടായി ചോദിച്ചു.

“അനുചേച്ചി നടന്നോളൂ, ഇതൊന്ന് മാറ്റിയിട്ട് ഞാൻ വരാം..”

അനുവിനെ പറഞ്ഞയച്ചു.

സംശയത്തോടെ ഹരിയെ വീണ്ടും ഒന്നു നോക്കി. ഹരി പെട്ടന്ന് അവളിൽ നിന്നും മുഖംമാറ്റി. അത് ശ്രദ്ധിച്ച്കൊണ്ട് അവൾ അകത്തേക്ക് പോയി.

“എന്താ മോനെ..ആരാ വിളിച്ചത്..”

ഭീതിയോടെ പതിഞ്ഞ ശബ്ദത്തിലാണ് അച്ഛൻ ചോദിച്ചത്.

“ബാംഗ്ലൂർന്ന് മാത്യു സാറാണ് വിളിച്ചത്. ചില പ്രശ്നങ്ങളുണ്ടച്ഛാ..”

നിർത്തി നിർത്തിയാണ് ഹരി പറഞ്ഞൊപിച്ചത്.

ഭീതിയോടെ അച്ഛൻ ഹരിയെ നോക്കി.

“മാത്യു സാറ് ഇങ്ങോട്ട് വരുന്നുണ്ട്.. വൈകീട്ട് ഇവിടെ എത്തും..”

“എന്താ കാര്യംന്ന് വല്ലതും പറഞ്ഞോ..?”

അറിയാനുള്ള തിടുക്കത്തോടെ അച്ഛൻ വീണ്ടും ചോദിച്ചു.

“ഇല്ല.., നേരിട്ട് പറയാന്നാ പറഞ്ഞത്..”

“ഈശ്വരാ… എന്തൊക്കയാ ഇനി കാണാനും അറിയാനും കിടക്ക്ണെ…”

ഈശ്വരനെ വിളിച്ച് കൊണ്ട് അച്ഛൻ വീട്ടിലേക്ക് നടന്നു.

“അച്ഛാ..”

ഹരി പുറകിൽ നിന്നും വിളിച്ചു. വിളികേട്ട് ഹരിയെ തിരിഞ്ഞു നോക്കി.

“തത്ക്കാലം മറ്റാരും ഇതറിയണ്ട..”

അച്ഛനോട് ആവശ്യപ്പെട്ടു.

“ങും..”

ഒരു മൂളലോടെ അതെയെന്ന് തലകുലുക്കി കൊണ്ട് അച്ഛൻ നടന്നകന്നു.

എന്തു ചെയ്യണമെന്നറിയാതെ ആലോചിച്ച് കൊണ്ട് കുറച്ചു നേരം ഹരി അവിടത്തന്നെ നിന്നു.

അടുക്കയിൽ സദ്യവട്ടങ്ങളൊരുക്കുന്ന തിരക്കിലാണ് അനുവും അമ്മയും. അമ്മായിയും ശ്രീക്കുട്ടിയും അവിടെയുണ്ട്. സഹായിക്കാനാളുണ്ടെങ്കിലും ഓടിനടന്ന് എല്ലാം ചെയ്യുന്നത് അനുവാണ്.

“ന്റെ കുട്ടീ ഇങ്ങന ദൃതിവെക്കണ്ട.. അമ്മ സഹായിക്കാം..”

അനൂന്റെ വെപ്രാളം കണ്ട് അമ്മ പറഞ്ഞു.

“അമ്മായി അവടെയിരുന്നോ ഞാൻ സഹായിച്ചോളാം..”

അമ്മയെ വിലക്കികൊണ്ട് ശ്രീക്കുട്ടി അനുവിനെ സഹായിക്കാനായി ചെന്നു.

“ശ്രീക്കുട്ടി അവിടെയിരുന്നോ.. ഇതെനിയ്ക്ക് ചെയ്യാൻ മാത്രല്ലേ ഉള്ളൂ..”

അവളെ വിലക്കികൊണ്ട് അനു പറഞ്ഞു.

“ആയിക്കോട്ടെ… ഞാനും കൂടെ കൂടാം..”

ശ്രീക്കുട്ടിയും അനുവിനൊപ്പം കൂടി.

പറഞ്ഞ നേരം കൊണ്ട് രണ്ടാളും കൂടി സദ്യവട്ടങ്ങളെല്ലാം.ഒരുക്കി.

തുമ്പപ്പൂവിന്റെ നിറമുള്ള ചോറ്. സാമ്പാറ്,അവിയൽ,തോരൻ,പുളിശ്ശേരി,രസം,പപ്പടം. പിന്നെ ശ്രീഹരിയുടെ ഇഷ്ട വിഭവം ചുട്ടരച്ച മാങ്ങാ ചമ്മന്തി. ശർക്കര പായസവും.

ചമ്മന്തി അമ്മയുണ്ടാക്കണം. അത് നിർബന്ധാ ഹരിക്ക്. മറ്റാരുണ്ടാക്കിയാലും അമ്മയുണ്ടാക്കുന്ന രുചി കിട്ടില്ലെന്നാണ് പറയാറ്.

അകത്തളത്തെ നീളൻ വരാന്തയിൽ വാഴയിലയിട്ട് എല്ലാവരും കൂടി ഒരുമിച്ചിരുന്നാ കഴിച്ചത്.അച്ഛനും അമ്മയും ഹരിയും അനുവും, അമ്മാവനും അമ്മായിയും ശ്രീക്കുട്ടിയും. വിളമ്പിയത് ഹരിയും അനുവും ചേർന്നാണ്.

“മോളെ അനൂ…സദ്യവട്ടങ്ങളെല്ലാം കെങ്കേമായിട്ട്ണ്ട്..

അനുവിനെ വിളിച്ച്കൊണ്ട് അമ്മാവൻ പറഞ്ഞു.

“പക്ഷെ മാങ്ങാച്ചമന്തി…അതിന് അന്നും ഇന്നും ഒരേ രുചിതന്ന്യാ…അല്ലേ വത്സലേ..?”

അമ്മയോടായി ചോദിച്ചു കൊണ്ടും അമ്മാവൻ പറഞ്ഞു ചിരിച്ചു.

“അമ്മ ന്ത് ഇണ്ടാക്ക്യാലും അതിന്റെ രുചി ഒന്ന് വേറെത്തന്യാ അമ്മാവാ..”

ഹരിയും പറഞ്ഞു.

“അതാണമ്മ..! ആ കൈയ്യ് പെഴക്കൂല..”

അമ്മാവൻ തറപ്പിച്ചു പറഞ്ഞു.

“മോനെ..ഹരീ.. അച്ഛനും താടാ എന്തൊങ്കിലൊക്കെ.. ഞാനും കുറെ കഷ്ടപ്പെട്ടതല്ലേ…?”

അച്ഛന്റെ ചോദ്യം കേട്ട് എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു.

“അച്ഛൻ…എന്റച്ഛനായില്ലെ അച്ഛാ.. അതിലും വല്ത് വേറെന്താ അച്ഛനു വേണ്ടത്..”

ഹരിയുടെ മറുപടി കേട്ടും എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു. ശ്രീക്കുട്ടി മനസ്സറിഞ്ഞു കഴിച്ചതും ചിരിച്ചതും അന്നാണ്.

ഇറങ്ങാൻ നേരം അമ്മാവൻ അനൂന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.

“ന്റെ കുട്ടിയ്ക്ക് നല്ലതെ വരൂ.. അമ്മാവന്റെ മനസ്സ് നിറഞ്ഞു.. ഞാല്ല്യാണ്ടായാലും ന്റെ മോളെ നോക്കാൻ ന്റെ കുട്ടിണ്ടാവും..”

കണ്ണ് നിറഞ്ഞാ അമ്മാവനത് പറഞ്ഞത്. അനൂന്റെയും കണ്ണ് നിറഞ്ഞു.

“ശ്രീയേട്ടാ…”

ശ്രീക്കുട്ടി ഹരിയെ വിളിച്ചു.

“നിയ്ക്കൊന്ന് നടക്കണം..ഈ തൊടിയിലൊക്കെ പണ്ട് ശ്രീയേട്ടന്റെ കൈയ്യും പിടിച്ച് നടന്നിരുന്നില്ലെ, അതുപോലെ.. അനുചേച്ചിയും വാ.. പെട്ടന്ന് ഞാനില്ല്യാണ്ടാവോന്ന് ഒരു തോന്നലെനിയ്ക്ക്..”

പറഞ്ഞ് മുഴുമിപ്പിക്കാനാവാതെ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

ഒരുത്തരവുമില്ലാതെ അവൾക്ക് മുന്നിൽ ഹരി നിന്നു. ശ്രീക്കുട്ടിയുടെ കൈപിടിച്ച് അനു തൊടിയിലേക്കിറങ്ങി. ശ്രീക്കുട്ടി ഹരിയുടെ കൈയ്യിലും പിടിച്ചു. പണ്ട് പിടിച്ചിരുന്ന പോലെ മുറുക്കെത്തന്നെ.

അവളുടെ നിറഞ്ഞ കണ്ണുകളിൽ കൈവിടരുതെന്ന അപേക്ഷയുള്ളത് പോലെ ഹരിക്ക് തോന്നി.

ഹരിയുടെയും അനുവിന്റെയും കൈ പിടിച്ച് ശ്രീക്കുട്ടി തൊടിമുഴുവൻ നടന്നു കണ്ടു.

തന്റെ പഴയ ശ്രീക്കുട്ടിയെ തനിക്ക് തിരിച്ചു കിട്ടിയെന്ന് ഹരിക്ക് തോന്നി.

ഓർമ്മകളുടെ പെരുമഴക്കാലം തന്നെ ശ്രീക്കുട്ടിയുടെ മനസ്സിൽ പെയ്തൊഴിഞ്ഞിട്ടുണ്ടാവും.

അറ്റമില്ലാത്ത കടലിന്റെ പരപ്പിലേക്ക് നോക്കി കരിങ്കൽ ഭിത്തിയിൽ നിൽക്കുകയാണ് ഹരി. കടലിനേക്കാൾ പ്രക്ഷുപ്തമാണ് അവന്റെ മനസ്സ്.

“ഹരീ…”

മാത്യു സാറ് നീട്ടി വിളിച്ചു.

വിളികേട്ട് മാത്യു സാറിനെ തിരിഞ്ഞു നോക്കി.

അറിയാനുള്ള ആക്ഷാംക്ഷയും തിടുക്കവും അവന്റെ കണ്ണുകളിൽ മാത്യു സാറ് കണ്ടു.

“ഹരീ…നമ്മള് കരുതുന്നത് പോലെയല്ല കാര്യങ്ങളുടെ കിടപ്പ്..

99%വും ആത്മഹത്യയെന്ന് പോലീസ് ഇപ്പഴും വിശ്വസിക്കുന്ന ഒരു കേസാണിത്.

വെറും ഒരു ശതമാനം മാത്രമാണ് കൊലപാതക സാധ്യതയായി അവർ സംശയിക്കുന്നത്. പക്ഷെ ഇപ്പോ ആ ശതമാനത്തിന്റെ അളവ് കൂടി വരുന്നുണ്ട്..”

ഞെട്ടലോടെ ഹരി മാത്യു സാറിനെ നോക്കി.

“ഏത് നിമിഷവും ശ്രീനന്ദ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.. അല്ലെങ്കിൽ..”

പറഞ്ഞ് കൊണ്ട് മാത്യു സാറൊന്ന് നിറുത്തി. സംശയത്തോടെ ഹരി മാത്യു സാറിനെ നോക്കി.

“ഏത് നിമിഷവും അവൾ കൊല്ലപ്പെട്ടേക്കാം…”

കേട്ടതും ഹരി ഞെട്ടിത്തരിച്ചു നിന്നു. ശക്തമായ തിരമാല കരിങ്കൽ ഭിത്തിയിൽ വന്നു
ആഞ്ഞടിച്ചു.

“ഹരീ…സൂക്ഷിക്കണം… സ്റ്റീഫന്റെ ഇങ്ങോട്ടുള്ള വരവ്… അതത്ര നല്ലതിനല്ല.. നമ്മൾ കരുതിയിരുന്ന പോലെ അരവിന്ദ്ന്റെ വെറുമൊരു ബിസ്നസ്സ് പാർട്ട്ണർ മാത്രമല്ല സ്റ്റീഫൻ.. അതിനപ്പുറത്തേക്ക് എന്തൊക്കയൊ ഒളിഞ്ഞു കിടക്കുന്നുണ്ട്.. ഇല്ലെങ്കിൽ ശ്രീനന്ദയെ തേടി അവനിവിടെ വരില്ല..”

മാത്യു സാറിന്റെ വാക്കുകൾ ഇപ്പോഴും ഹരിയുടെ കാതിൽ കിടന്ന് മുഴങ്ങുകയാണ്.

ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങളും മനസ്സിൽ ആർത്തിരമ്പുന്നുണ്ട്. ചെറിയ ചാറ്റൽ മഴയിൽ വീട്ടിലേക്ക് തിരിച്ചു പോവുകയാണ്.

പെട്ടന്ന് പുറകിലൂടെ വന്ന ഒരു കാർ ഹരിയുടെ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ശക്തിയിൽ ഹരി ദൂരേക്ക് തെറിച്ചു വീണു.

തുടരും..