ഒറ്റമന്ദാരം ❤️ ~~ഭാഗം 13 എഴുത്ത്: മഷ്ഹൂദ് തിരൂർ

ബാംഗ്ലൂരിൽ നിന്നുള്ള അന്വോഷണ ഉദ്യോഗസ്ഥർ നാളെ രാവിലെ ഇവിടെയെത്തും. രാത്രിയിലാണ് ബാംഗ്ലൂരിൽ വിവരം കിട്ടുന്നത്. രാവിലെ അന്വോഷണ ഉദ്യോഗസ്ഥർ മുമ്പാകെ ശ്രീക്കുട്ടിയെ ഹാജറാക്കണം.

ശ്രീക്കുട്ടി തറവാട്ടിലാണ് ഉള്ളത്.., സ്വന്തം വീട്ടിൽ. അരവിന്ദ്ന്റെ വീട്ടിലുള്ളവരുടെ മുറുമുറുപ്പും കുറ്റം പറച്ചിലും അധികമായപ്പോൾ, അരവിന്ദ്ന്റെ അച്ഛൻ തന്നെ വിളിച്ചു പറഞ്ഞിട്ടാണ് ഹരിയും, അച്ഛനും അമ്മാവനും കൂടി പോയി ശ്രീക്കുട്ടിയെ ഇങ്ങോട്ട് സ്വന്തം തറവാട്ടിലേക്ക് കൂട്ടികൊണ്ടു വന്നത്.

“അരവിന്ദ്നവടെ കുറച്ച് പൈസന്റെ എടപാട്ണ്ട്ന്നൊക്ക്യാ കേക്ക്ണെ..?”

ഓപ്പോളാണ് പറഞ്ഞു തുടങ്ങിയത്.

“കൊറച്ചൊന്നുല്ലോപ്പോളെ…കാശത്തിരി ഇമ്മിണി കൂടുതലന്യാ.. വേറേം ചില ഏർപ്പാട്ണ്ടെന്നും പവിയേട്ടൻ പറഞ്ഞു “

ഓപ്പോളിനെ തിരുത്തി കൊണ്ട് വല്ല്യമ്മാമയുടെ മോള് സുമലത പറഞ്ഞു.

“അതിന്റെ പേരിലാ കേസും വക്കാണൊക്കെ ഇണ്ടായതത്രെ..”

മഹിയുടെ മൂത്ത ഏട്ടന്റെ ഭാര്യ പത്മാവതിയാ അതു പറഞ്ഞത്.

“ഇല്ലാതിരിക്കോ പത്മേച്ചി.. എന്തായിരുന്നു അവന്റേം അവളുടേം ഒരു ഗമ.. തല തെറിച്ചില്ല്യേ.. ഓരോന്ന് ചെയ്തു കൂട്ടുമ്പോ ഓർക്കണം..”

ദേവപ്രഭയാണ് അത് പറഞ്ഞത്. മഹിയുടെ നേരെ മൂത്ത ഏട്ടന്റെ ഭാര്യയാണ്.

“ശ്രീനന്ദ വെഷം കൊടുത്ത് കൊന്നതാന്നും പറയ്ന്ന്ണ്ടല്ലോ..?”

അല്പം എരിവ് കൂട്ടിപ്പറഞ്ഞത് മഹിയുടെ മൂത്ത സഹോദരി മീനാക്ഷിയാണ്.

ഇത് കേട്ട് കൊണ്ടാണ് മഹീന്ദ്രൻ അവിടേക്ക് വന്നത്.

“ന്റെ മോൻ മരിച്ച് പടിയിറങ്ങിപ്പോയിട്ടെ ഒള്ളൂ.. അപ്പഴേക്കും കുറ്റം പറച്ചില് തുടങ്ങി,

പെണ്ണല്ലേ വർഗ്ഗം..?

എങ്ങനയാ പറയാണ്ട്രിക്ക്യ.. ദണ്ണം നിയ്ക്കല്ലെ ഒള്ളൂ..”

മഹി ദേഷ്യപ്പെട്ടു.

നിങ്ങള് പറയുന്നതത്രയും കണ്ടും കേട്ടും ഒരു ജീവന് ഇതിനകത്തുണ്ട്.. ന്റെ മോന്റെ ഭാര്യ…ന്റെ മോള്.. അതിനെ സങ്കടപ്പെടുത്തിയാൽ ഈശ്വരൻ പോലും പൊറുക്കില്ലോപ്പോളെ..”

സങ്കടത്തോടെ പറഞ്ഞ് കൊണ്ട് മഹി ഇറങ്ങിപ്പോയി.

അരവിന്ദ്ന്റെ അച്ഛൻ ശ്രീഹരിയെയും ശ്രീക്കുട്ടിയുടെ അച്ഛനെയും വന്ന് കണ്ട് കാര്യങ്ങള് പറഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൗരവം അവരറിയുന്നത്.

“ഇനിയും ശ്രീക്കുട്ടിയെ അവടെ നിർത്ത്യാ ന്റെ കുട്ടി ചിലപ്പോ ഇല്ല്യാണ്ടാവും.. വല്ല കടുംങ്കയ്യും ചെയ്യോന്നാ ന്റെ പേടി..”

ശ്രീക്കുട്ടിയുടെ അച്ഛന്റെ കൈപിടിച്ച് ആധിയോടെയാണ് അരവിന്ദ്ന്റെ അച്ഛൻ പറഞ്ഞത്.

“പറയാൻ പാടില്ല്യാത്തതായിട്ടും ഞാനിത് ഇവടെ വന്ന് പറയുന്നത് ന്റെ നിവർത്തികേട് കൊണ്ടാ.. ഇവടെയാവുമ്പോ നിങ്ങളൊക്കെയില്ലെ.. അതവൾക്ക് വല്യ ആശ്വാസാവും.. കുറച്ചെങ്കിലും നല്ല വായു ന്റെ കുട്ടി ശ്വസിക്കട്ടെ..”

അച്ഛൻ സങ്കടപ്പെട്ടു.

“അരവിന്ദ്ന്റെ അച്ഛൻ വെഷമിക്കണ്ട.. ന്റെ മോളെ ഞങ്ങള് ഇങ്ങട്ട് കൊണ്ടന്നോളാം.. അതന്യാ നല്ലതും.. അവൾക്കൊരു സമാധാനാവട്ടെ..”

കൃഷണമ്മാമ അരവിന്ദ്ന്റെ അച്ഛനെ സമാധാനിപ്പിച്ചു.

“മൊടക്ക് പറയാനും വിലക്കാനും ഒക്കെ കാർണോമാര് കാണും.. അതൊന്നും ഗൗനിക്കണ്ട.. ഞങ്ങക്ക് വലുത് ഞങ്ങട കുട്ടീടെ ജീവനാ.. നാളത്തന്നെ ഞങ്ങളിങ്ങ് കൊണ്ടോരും അല്ലേ കൃഷ്ണാ..”

പറഞ്ഞ് കൊണ്ട് അച്ഛൻ കൃഷ്ണമ്മാമയോടായി ചോദിച്ചു.

അതെയെന്ന മട്ടിൽ കൃഷ്ണമ്മാമ തലയാട്ടി.

പിറ്റേ ദിവസം രാവിലെത്തന്നെ ഹരിയും കൃഷ്ണമ്മാമയും ഹരിയുടെ അച്ഛനും കൂടി പോയി ശ്രീക്കുട്ടിയെ ഇങ്ങോട്ട് സ്വന്തം തറവാട്ടിലേക്ക് കൊണ്ടുവന്നു.

ആരോടും ഒരു മിണ്ടാട്ടമില്ല.

ചിരി മാഞ്ഞിട്ടും ദിവസങ്ങളായി.

കരഞ്ഞ് കരഞ്ഞ് മുഖവും കൺതടവുമെല്ലാം കരുവാളിച്ചിട്ടുണ്ട്. ഭക്ഷണം പോലും ശരിക്ക് കഴിച്ചിട്ട് ദിവസങ്ങളായി. സരസ്വതിച്ചിറ്റയാണ് കുളിപ്പിക്കുന്നത്.

എവിടെയെങ്കിലും ഇരുത്തിയാൽ അവിടെയിരിക്കും. ചിലപ്പോ കണ്ണ് നിറഞ്ഞൊഴുകുന്നതും കാണാം. അത് കാണുമ്പോ പിടക്കുന്നത് അച്ഛന്റെ നെഞ്ചാണ്.

“സുഭദ്രേ..നിയ്ക്കിത് കാണാൻ വയ്യാട്ടൊ.. ഞാനെവടെക്കെങ്കിലും പോവ്വാ ഈശ്വരാ..ന്റെ കുട്ടിയ്ക്ക് ഈ ഗതി വന്നല്ലോ.. “

സങ്കടം സഹിക്കാൻ വയ്യാതെ അച്ഛൻ പറയും.

അമ്മ സങ്കടം മുഴുവൻ കരഞ്ഞു തീർക്കും. ബിശരിക്കും ഒരു മരണവീട് പോലെയായിട്ടുണ്ട് തറവാട്.

കൂടുതൽ സമയവും ഹരിയും തറവാട്ടിൽ തന്നെയാണ്. അമ്മാവന്റെയും അമ്മായിയുടെയും ഏക ആശ്വാസവും ഹരി അവിടെയുള്ളതാണ്.

“ശ്രീക്കുട്ടി.. പോയോര് പോയി.. അതൊരു വിധിയാണ്.. സഹിച്ചേ പറ്റൂ.. നിന്റെയീ അവസ്ഥ കണ്ടിട്ട് അച്ഛനും അമ്മയ്ക്കും എന്തോരം വെഷമണ്ടന്നറിയൊ..?”

ശ്രീഹരി പറഞ്ഞു.

കണ്ണെടുക്കാതെ കുറച്ചു നേരം ശ്രീഹരിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

പതിയെ രണ്ടു കണ്ണും നിറഞ്ഞു.

”ഈ കണ്ണീര് ഇനിയും തോർന്നില്ലെ..”

കണ്ണീര് തുടച്ചു കൊണ്ട് ശ്രീഹരി ചോദിച്ചു.

“ഹര്യേട്ടാ… ഹര്യേട്ടാ…”

ഹരിയെ വിളിച്ചു തിരക്കി കൊണ്ട് അനു അവിടേക്ക് വന്നു. “ഹര്യേട്ടാ..അച്ഛൻ തിരക്കുന്നു..”

വന്ന് കൊണ്ട് അനു പറഞ്ഞു.

“കുറച്ചു നേരയില്ലെ അവിടന്നിറങ്ങീട്ട് അതാവും.. അമ്മായി ഞാ ദാ വര്ണു..”

ഹരി പോകാനിറങ്ങി. കൂടെ അനുവും. പെട്ടന്ന് ശ്രീക്കുട്ടി അനൂന്റെ കൈയ്യിൽ കയറിപ്പിടിച്ചു.

അനു ആശ്ചര്യത്തോടെ ശ്രീക്കുട്ടിയെ നോക്കി.

“ന്റെ കൂടെ ഇരിക്ക്വോ.. കൊറച്ച് നേരം..”

കുറച്ചു ദിവസങ്ങൾക്ക് ശേഷം ശ്രീക്കുട്ടി ആദ്യമായി സംസാരിച്ചത് അന്നാ.

“എത്ര നേരം വേണേലും ഇരിയ്ക്കാം..”

അനൂന്റെ കണ്ണ് നിറഞ്ഞു.

“ഹര്യേട്ടൻ പൊയ്ക്കോ..”

അനു ഹരിയെ പറഞ്ഞയച്ച് ശ്രീക്കുട്ടിക്കൊപ്പം അവിടെയിരുന്നു.

“ഹരീ.. ലീവിന്റെ കാര്യം നീ വിളിച്ച് പറഞ്ഞോ..? “

വന്ന പാടെ അച്ഛൻ ചോദിച്ചു.

“ഉവ്വച്ഛാ.. ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട്.. പത്തു ദിവസം കൂടി നീട്ടി കിട്ടിയിട്ടുണ്ട്..”

“അനുവ്ടെ ഹര്യേ..?”

അമ്മയാ ചോദിച്ച് കൊണ്ട് വന്നത്.

“ഇറങ്ങാൻ നേരം ശ്രീക്കുട്ടി അവടെ പിടിച്ചു നിർത്തി..”

“ആണൊ..?”

ആശ്ചര്യത്തോടെ അമ്മ ചോദിച്ചു.

“ങും..”

ഒരു മൂളലിൽ ഹരി മറുപടിയൊതുക്കി.

“ന്റെ കുട്ടിന്റെ ഇരിപ്പും കോലോം കാണാൻ വയ്യാത്തോണ്ടാ ഞാനങ്ങ് പോവാത്തെ..”

അമ്മ സങ്കടം പറഞ്ഞ് സാരിത്തലപ്പ് കൊണ്ട് കണ്ണീര് തുടച്ചു.

“വിധി…അല്ലാതെന്താ പറയാൻ.. അങ്ങിനെ സമാധാനിയ്ക്യ..”

അച്ഛൻ അമ്മയെ സമാധാനിപ്പിച്ചു.

“ശ്രീഹരിയുടെ പാതിയാക്കാൻ കൊതിച്ചു, എന്നും കൂടെയുണ്ടാകുമെന്ന വിശ്വാസത്തിൽ ചേർത്തു പിടിക്കാനും മറന്നു.. കൈവിട്ട് പോയത് എത്ര വേഗത്തിലാ.. അവളുടെ ഈ അവസ്ഥക്ക് ഞാനും ഒരു കാരണക്കാരനല്ലെ

അവളും ശ്രീയേട്ടന്റെതാവാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നെങ്കിലോ..?”

ഓരോന്ന് ആലോചിച്ച് കിടന്നിട്ട് ഹരിക്ക് ഉറക്കം വന്നിട്ടില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കാണ്.

“എന്താ ഹര്യേട്ടാ ഒറക്കം വരണില്ല്യേ..?”

തന്നിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട് അനു ചോദിച്ചു.

“ഓരോന്ന് ആലോചിച്ചിട്ട് ഒരു സമാധാനോം ഇല്യ.. ലീവും കഴിയാറായി.. ഇവിട്ത്തെ കാര്യങ്ങള് ആലോചിക്കുമ്പോ തിരിച്ച് പോവാനും തോന്ന്ണില്യ..”

അനുവിലേക്ക് ചേർന്ന് കിടന്നു ഹരി.

“ഹര്യേട്ടൻ സമാധാനിയ്ക്ക്.. ഞാനിവിടെ ശ്രീക്കുട്ടിടെ അടുത്ത് നിന്നോളാം.. അച്ഛനും അമ്മയ്ക്കും, അമ്മാവനും അമ്മായിക്കും എല്ലാർക്കും അതൊരു ആശ്വാസാവും.. ന്റെ ഹര്യേട്ടന് അതിലേറെ സമാധാനോം ആവും..”

ഹരിയുടെ നീളൻ മുടിയിൽ തലോടികൊണ്ട് അനു ഹരിയെ സമാധാനിപ്പിച്ചു.

“ഈ നെഞ്ചിനകത്തെ പെടയ്ക്കല് നിയ്ക്കല്ലേ ഹര്യേട്ടാ അറിയാൻ പറ്റൂ..”

തേങ്ങലോടെ അനു ഹരിയുടെ മാറിലേക്ക് തലവെച്ച് പൊട്ടിക്കരഞ്ഞു.

അവളെ ഹരി തന്നിലേക്ക് ചേർത്തു പിടിച്ചു.

ഗസ്റ്റ് ഹൗസിലാണ് ശ്രീക്കുട്ടിയെ ചോദ്യം ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നുള്ള നാലംഗ അന്വോഷണ സംഘമാണ് വന്നിട്ടുള്ളത്.

ഹരിയും അച്ഛനും കൃഷ്ണമ്മാമയും അക്ഷമയോടെഗസ്റ്റ് ഹൗസിന് പുറത്ത് തന്നെയുണ്ട്.

“ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടി.. ഏച്ചു കെട്ടലുകളോ മറച്ചു വെക്കലോ ഒന്നും വേണ്ട.. ശക്തമായ തെളിവുകൾ ഞങ്ങളുടെ കൈവശം ഉണ്ട്. അത്കൊണ്ടാണ് ശ്രീനന്ദ ഇപ്പോ ഇവടെ ഇരിക്കുന്നത്.. പറഞ്ഞതു മനസ്സിലായല്ലൊ ശ്രീനന്ദക്ക്..”

മുതിർന്ന ഉദ്യോഗസ്ഥൻ കാര്യങ്ങൾ വ്യക്തമാക്കി ചോദിച്ചു.

അതെയെന്ന മട്ടിൽ അവൾ തലയാട്ടി.

“Good..”

“അരവിന്ദുമായുള്ള ശ്രീനന്ദയുടെ വിവാഹം കഴിഞ്ഞിട്ട് എത്ര വർഷമായി..?

“നാലു വർഷം കഴിഞ്ഞു..”

ഒന്നാലോചിച്ച് കൊണ്ട് അവള് മറുപടി പറഞ്ഞു.

“ഈ നാലു വർഷത്തെ ദാമ്പത്യ ജീവിതം സന്തോഷകരമായിരുന്നോ ശ്രീനന്ദക്ക്..?

ഭാര്യയോട് സ്നേഹമുള്ള ഭർത്താവായിരുന്നൊ അരവിന്ദ്..?

അന്വോഷ ഉദ്യോഗസ്ഥന്റെ ചോദ്യത്തിനു മുന്നിൽ അതെയെന്ന മട്ടിൽ പതിയെ അവൾ തലയാട്ടി.

“തലയാട്ടിയാൽ പോരാ.. തുറന്നു പറയണം…”

ഉദ്യോഗസ്ഥൻ ഓർമ്മിപ്പിച്ചു.

“ആയിരുന്നു..”

അവൾ തുറന്നു പറഞ്ഞു.

“പിന്നെന്തിനാണ് സ്വന്തം ഭർത്താവിനെ വിഷം കൊടുത്ത് കൊന്നത്..?”

ചോദ്യം കേട്ട് അവളൊന്നു ഞെട്ടി. പക്ഷെ അത് പുറത്ത് കാണിക്കാതെ അവൾ ഉദ്യോഗസ്ഥരെ മാറിമാറി നോക്കി.

“ചോദിച്ചത് മനസ്സിലായില്ലെ ശ്രീനന്ദക്ക്..?

എന്തിനാണ് അരവിന്ദ്നെ കൊന്നതെന്ന്..?”

ഉദ്യോഗസ്ഥൻ ശബ്ദം കനപ്പിച്ച് ഉച്ചത്തിൽ തന്നെ ചോദിച്ചു.

“എനിക്കറിയില്ല..

ഞാനെന്റെ അരവിന്ദേട്ടനെ കൊന്നിട്ടില്ല..

ഞാൻ കൊന്നിട്ടില്ല..”

ശ്രീനന്ദപ്പൊട്ടിക്കരഞ്ഞു.

“എന്തിനാണ് ശ്രീനന്ദ കള്ളം പറയുന്നത്..?

വീട്ടിൽ നിന്നും കിട്ടിയ വിഷക്കുപ്പിയിൽ അടങ്ങിയിരിക്കുന്ന

വിരലടയാളത്തിൽ ഒന്ന് അരവിന്ദന്റെതാണ്, മറ്റൊന്ന് ശ്രീനന്ദയുടേതാണ്..”

റിപ്പോർട്ടിന്റെ ഫയലെടുത്ത് അവൾക്ക് മുന്നിലെ മേശക്ക്മു കളിലേക്കിട്ട് കൊണ്ട് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒരു നിമിഷത്തേക്ക് അവൾ സ്തംഭിച്ചു.

ഉമിനീര് അറിയാതെ തൊണ്ടക്കുഴിലേക്കിറങ്ങി.

“സ്റ്റീഫനും അരവിന്ദും സുഹൃത്തുക്കളായിരുന്നു.. But..സ്റ്റീഫനും ശ്രീനന്ദയും തമ്മിൽ എന്തായിരുന്നു ബന്ധം..?”

ഞെട്ടലോടെയാണ് ആ ചോദ്യം കേട്ടത്.

കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ അവൾക്ക് തോന്നി.

ബോധം മറഞ്ഞ് പിന്നിലേക്ക് മലർന്നടിച്ചു വീണു..!!!

തുടരും..