ഒറ്റമന്ദാരം ❤️ ~~ഭാഗം 10 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

എന്തന്നറിയാത്ത ആധിയോടെ നിക്കുമ്പോഴാണ് ഫോൺ വീണ്ടും ശബ്ദിച്ചത്.

ബാംഗ്ലൂർ നമ്പർ തന്നെയാണ്.

തെല്ല് സംശയത്തോടെ ഹരി കോളെടുത്തു.

ആ വാർത്ത കേട്ടതും ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നു.

ഹരിയുടെ ഭാവമാറ്റം കണ്ട് സംശയത്തോടെ അച്ഛനെഴുന്നേറ്റ് അവനടുത്തേക്ക് വന്നു

“എന്താടാ…ആരാ വിളിച്ചത്.. ന്താ ന്നോട് മറച്ച് വെയക്കണത്..?”

വെപ്രാളത്തോടും അറിയാനുള്ള തിടുക്കത്തോടും സംശയം ജനിപ്പിച്ച് അച്ഛൻ ചോദിച്ചു.

അച്ഛനോട് എന്ത് പറയണമെന്നോർത്ത് ഹരി കുഴങ്ങി.

അവന്റെ മട്ടും ഭാവവും കണ്ട് അച്ഛന് സംശയം ഇരട്ടിച്ചു.

“മോനെ… ശ്രീഹരി..ന്താണെങ്കിലും അച്ഛനോട് പറയെടാ..”

സമാധാനമില്ലാതെ അച്ഛൻ ഹരിക്ക് മുന്നിൽ കെഞ്ചി.

“അച്ഛാ…അത്… ശ്രീക്കുട്ടീടെ..”

മുഴുമിപ്പിക്കാനാവാതെ ഹരി കിടന്ന് പരുങ്ങി.

“എന്താടാ ശ്രീക്കുട്ടിയക്ക്..?”

എന്താന്നറിയാത്ത ആധിയിൽ അല്പം ഉച്ചത്തിൽ തന്നെ ചോദിച്ചു

“ശ്രീക്കുട്ടീടെ അരവിന്ദ് മരിച്ചു…”

ഒരറ്റ ശ്വാസത്തിൽ ഹരി പറഞ്ഞു നിർത്തി. കേട്ടമാത്രയിൽ അച്ഛൻ സ്തംഭിച്ചു നിന്നു.

“എന്താടാ മോനെ നീയീ പറ്വേണത്..?”

സ്വബോധം വീണ്ടെടുത്ത് അച്ഛൻ വീണ്ടും ചോദിച്ചു.

“ബാംഗ്ലൂർന്ന്ള്ള കോളാ വന്നത്..

മരിച്ചതല്ല…കൊന്നതാ..

ശ്രീക്കുട്ടി പോലീസ് കസ്റ്റഡിയിലാണ്..”

ഇതും കൂടി കേട്ടപ്പോ അച്ഛന് തളർന്നു പോകുന്നത്പോ ലെ തോന്നി.

ഒരു കൈതാങ്ങിനെന്നോണം ഹരിയുടെ കൈയ്യിൽ മുറുകെ പിടിച്ചു.

“പടച്ചോനെ..”

കുഞ്ഞായിക്ക അറിയാതെ പടച്ചോനെയും വിളിച്ചു.

ഒന്നും പറയാതെ അച്ഛൻ കുറച്ചു നേരം ആ ബെഞ്ചിൽ തന്നെ പോയി ഇരുന്നു.

പെട്ടന്നാണ് ക്യാഷ്വാലിറ്റിയിൽ ഡോക്ടർ പുറത്തേക്കിറങ്ങി വന്നത്.

ഡോക്ടറെ കണ്ടതും ഹരിയും ചന്ദ്രനും കൂടി അടുത്തേക്ക് ചെന്നു.

“പേടിക്കാനൊന്നുംല്ല.. ചെറിയൊരു തളർച്ച.. BP ഇത്തിരി കൂടിയതാ.. വീട്ടിലേക്ക് പൊയ്ക്കോളൂ..

ഒന്ന് ശ്രദ്ധിച്ചാൽ മതി..”

അവരെ സമാധാനിപ്പിച്ച് കൊണ്ട് ഡോക്ടർ ഒപിയിലേക്ക് പോയി.

ഹരിയും ചന്ദ്രനും ക്യാഷ്വാലിറ്റിയിലേക്ക് കയറി കൃഷണമ്മാമനെ കണ്ടു.

ഡ്രിപ്പ് കൊടുത്ത് കിടത്തിയിരിക്കുവാ..

“ഇയ്യപ്പൊത്തി..?”

ഹരിയെ കണ്ടതും അമ്മാവൻ ചോദിച്ചു.

“കുറച്ചു നേരായി…അച്ഛനുംണ്ട്… പൊറത്തിരിയ്ക്ക്യാ..”

“ങും…ഒന്ന് തല കറങ്ങി..

അതിന് ഇവരെല്ലാം കൂടി ന്ന ഇവടക്കൊടന്ന് കെടത്തി.. തിന്റുള്ളില് ങ്ങനെ കെടന്നാത്തന്നെ ഇല്യാത്ത അസുഖോം വരും “

അവിടക്കിടക്കുന്നതിലുള്ള അമർഷമെന്നോണം പറഞ്ഞു.

“അതൊന്നും സാരല്യ.. അസുഖം വന്നാ വന്ന് കെടക്കേണ്ട്യന്ന വരും..

ഏതായാലും ഇപ്പോ കൊഴപ്പൊന്നുംല്യ ദ് കേറിക്കഴിഞ്ഞാ വീട്ട്പ്പോവാ..”

ഹരി അമ്മാവനെ സമാധാനിപ്പിച്ചു.

“ങ…പിന്ന ഹരീ..ബാംഗ്ലൂർന്ന് അരവിന്ദ്ന്റെ സുഹൃത്താന്നും പറഞ്ഞ് ആരോ വിളിച്ച്ര്ന്ന്.. പിന്നീട് കോള് വന്നത് ഇവടത്തെ പോലീസ് സ്റ്റേഷനിൽ നിന്നാ.. ശ്രീക്കുട്ടിയുടെ അച്ഛനല്ലേന്നും ചോദിച്ച്.. എന്തോ പറ്റിയിട്ടുണ്ട് അവർക്ക്..”

അമ്മാവൻ സംശയം പ്രകടിപ്പിച്ചു.

എന്ത് പറയണമെന്നോർത്ത് ഹരി ഒരു നിമിഷം സംശയിച്ചു നിന്നു.

“അതൊന്നുംല്ലമ്മാവാ..അരവിന്ദ്ന് ചെറിയൊരു ആക്സിഡന്റ് പറ്റീട്ട്ണ്ട്..

വണ്ടി ഓടിച്ചത് ശ്രീക്കുട്ട്യാ..അതാ പ്രശ്നം..”

അമ്മാവനെ സമാധാനിപ്പിക്കാനായി ഒരു കള്ളം പറഞ്ഞു.

“ഈശ്വരാ..ന്റെ കുട്ടിക്കെന്തെങ്കിലും പറ്റീട്ട്ണ്ടോ..?

വേവലാതിപ്പെട്ട് ചോദിച്ചു.

“ഒന്നും പറ്റിയിട്ടില്ല.. അരവിന്ദ്ന് ചെറിയ പരിക്കുണ്ട്..

അത്രയെ ഉള്ളൂ..”

വീണ്ടും മറ്റൊരു കള്ളംകൂടി പറഞ്ഞ് അമ്മാവനെ സമാധാനിപ്പിച്ചു.

“അവൾക്ക് ലൈസൻസില്ലേ..”

എന്തോ പറയാനായിത്തുടങ്ങിയ അമ്മാവന്റെ ഇടയ്ക്കു കയറി ചോദിച്ചു.

“ഇല്യ… വണ്ടി ഓടിയ്ക്കാനറിഞ്ഞാലല്ലെ അതൊക്കെ കിട്ടൂ..”

“എന്നാ അതറിയാനാവും ഇവടത്തെ പോലീസ് ളിച്ചിട്ടുണ്ടാവാ..

ഏതായാലും ഞാനൊന്ന് അന്വോഷിക്കട്ടെ..

അമ്മാവൻ സമാധാനമായിട്ട് കിടക്ക്.. അച്ഛൻ പൊറത്തുണ്ട്..”

കൂടുതൽ സംശയത്തിനും ചോദ്യത്തിനും ഇടകൊടുക്കാതെ ചന്ദ്രനെയും കൂട്ടി ഹരി പെട്ടന്ന് പുറത്തേക്കിറങ്ങി.

“അച്ഛാ…ഇവടത്തെ സ്റ്റേഷനിന്ന് വിളിച്ചിട്ടുണ്ട്..

ഞാനും ചന്ദ്രനും അവിടംവരെ ഒന്ന് പോവാ..

അമ്മാവന്നൊന്നും അറിഞ്ഞിട്ടില്ല..

തത്ക്കാലം ആരും ഒന്നും അറിയണ്ട..”

അച്ഛനോട് കാര്യങ്ങൾ പറഞ്ഞു.

“കുഞ്ഞായിയ്ക്ക ങ്ങള് അച്ഛനേം അമ്മാവനേം കൂട്ടി വീട്ടിലേക്ക് പൊയ്ക്കോണം…”

കുഞ്ഞായ്ക്കയെ കാര്യങ്ങള് പറഞ്ഞേല്പ്പിച്ചു.

“ഇയ്യ് ബേജാറാവണ്ട ഹരീ.. ഇബ്ടത്തെ കാര്യങ്ങള് നോക്കാൻ ഞമ്മള്ണ്ട്..”

കുഞ്ഞായിയ്ക്ക ഹരിയെ സമാധാനിപ്പിച്ചു.

“ജോണ്യേട്ടന്റെ മരുമോള്ടെ അച്ഛനല്ലേ ബാംഗ്ലൂര്ണ്ടന്ന് പറഞ്ഞത്…”

ജോണേട്ടനോട് ചോദിച്ചു.

“അതേടാ…അത്യാവശ്യം പിടിപാടുള്ള പുളളിയാ..”

“ജോണ്യേട്ടൻ അവരെ വിളിച്ച് അവടത്തെ കാര്യങ്ങളൊക്കെ ഒന്നന്വോഷിക്കാൻ പറേണം..”

“അക്കാര്യം ഞാനേറ്റു ഹരീ.. അവടത്തെ കാര്യങ്ങള് വള്ളി പുള്ളി തെറ്റാതെ ഇവടരിന്ന് നിനക്ക് ഞാൻ പറഞ്ഞു തരാം ന്താ പോരെ..? അതിന് പറ്റ്യ ആളാടൊ ലിസിമോള്ടെ അപ്പച്ചൻ.. നീ ചെല്ല്…”

ഹരിയെ സമാധാനിപ്പിച്ച് ചന്ദ്രന്റെ കൂടെ സ്റ്റേഷനിലേക്ക് പറഞ്ഞയച്ചു.

വിഷം അകത്ത് ചെന്നാ അരവിന്ദ് കൊല്ലപ്പെട്ടിട്ടുള്ളത്.

ഒന്നുകിൽ ആത്മ ഹത്യ അല്ലെങ്കിൽ കൊലപാതകം..

രണ്ടിനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.

ഫ്ലാറ്റിൽ വെച്ചാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

കൂടെയുള്ളത് ഭാര്യയായ ശ്രീക്കുട്ടി മാത്രമാണ്.

അന്വോഷണത്തിന്റെ ഭാഗമായിട്ടാണ് ശ്രീക്കുട്ടിയെ

പോലീസ് സംരക്ഷണത്തിൽ വെച്ചിട്ടുള്ളത്.

ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ നിന്നാണ്

ഇത്തരം കാര്യങ്ങളൊക്കെ ഹരി ചോദിച്ചറിഞ്ഞത്.

കുറച്ച് കാലായിട്ട് അരവിന്ദ്ന്റെ അച്ഛനും അമ്മയും ചെന്നൈയിലുമാണ്. ഈ വിവരം അറിഞ്ഞ് അവരും ബാംഗ്ലൂർക്ക് പുറപ്പെട്ടിട്ടുണ്ട്.

അരവിന്ദ്നെക്കുറിച്ച് മറ്റുപല കാര്യങ്ങളും ഹരിക്ക്സ്റ്റേ ഷനിൽ നിന്നും അറിയാൻ സാധിച്ചു. ഒരിക്കലും കേട്ടതൊന്നും സത്യമാവരുതെ എന്ന് മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു.

ഹരി ബാംഗ്ലൂർ എത്തിയപ്പോഴേക്കും അരവിന്ദ്ന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞിരുന്നു.

ബോഡി നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

അരവിന്ദ്ന്റെ അച്ഛനെയും അമ്മയും ഹരി ചെന്ന് കണ്ടു. ആകെ ത്തളർന്നിരിക്കുന്ന അവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ഹരി കുഴങ്ങി.

“അച്ഛൻ ശ്രീക്കുട്ടിയെ കണ്ടോ..?”

ഒരു വിധത്തിലാണ് ഹരി അരവിന്ദ്ന്റെ അച്ഛനോട് ചോദിച്ചത്.

“കണ്ടു…ന്റെ മോള് ആകെ പേടിച്ചിരിക്കുവാ.. എന്ത് ചോദിച്ചിട്ടും ഒന്നും പറയുന്നില്ല..

എന്തിനാ അവളെ പിടിച്ചുവെച്ചേക്ക്ണതെന്ന് നിയ്ക്കറിയില്ല മോനെ..”

അദ്ദേഹം സങ്കടപ്പെട്ടു.

“ഹരീ…”

മാത്യു സാറ്, ലിസിയുടെ അപ്പച്ചൻ അവനെ വിളിച്ച് കൊണ്ട് അങ്ങോട്ടു വന്നു.

നാട്ടിൽ നിന്നും ജോണിച്ചൻ ഈ സംഭവം വിളിച്ചു പറഞ്ഞതുമുതൽ മാത്യു സാറ് ഇവിടത്തന്നെയുണ്ട്. അത്യാവശ്യം പിടിപാടുള്ളത് കൊണ്ട് കാര്യങ്ങളൊക്കത്തന്നെ വേഗത്തിൽ നടക്കുന്നുണ്ട്.

“നിനക്ക് ശ്രീനന്ദയെ കാണണ്ടേ..?”

ഹരിയെ മാറ്റിനിറുത്തി കൊണ്ട് മാത്യു സാറ് ചോദിച്ചു.

“കാണണം…”

ഒറ്റയടിക്ക് തിടുക്കത്തിൽ മറുപടി കൊടുത്തു.

“എന്നാ വാ..”

അവനെയും കൊണ്ട് മാത്യു സാറ് ശ്രീക്കുട്ടിയെ കാണാനായിപ്പോയി.

അരവിന്ദ്നെ ക്കുറിച്ച് മാത്യു സാറിൽ നിന്നും അറിഞ്ഞ കാര്യങ്ങളും അത്ര നല്ലതായിരുന്നില്ല. എന്തൊക്കയൊ ചില ദുരൂഹതകൾ അരവിന്ദ്നെ ചുറ്റിപ്പറ്റിയുണ്ടെന്ന് ഹരിയക്ക് തോന്നി.

അല്പം ദൂരെ നിന്ന് തന്നെ ശ്രീഹരി കണ്ടു വലിയ ഹാളിലെ ഒഴിഞ്ഞ കസേരയിലിരിക്കുന്ന ശ്രീക്കുട്ടിയെ..

ഒരു നിമിഷം അവന്റെ കണ്ണുകൾക്കത് വിശ്വസിക്കാനായില്ല.

ഇത് തന്റെ ശ്രീക്കുട്ടിയല്ലെന്ന് അവന് തോന്നിപ്പോയി. മെലിഞ്ഞുണങ്ങി വെറുമൊരു രൂപമായിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്കു ശേഷമുള്ള ആദ്യ കാഴ്ച്ച.. പക്ഷെ അതിങ്ങനെയായിപ്പോയി.

ഹരിയുടെ മിഴികൾ നിറഞ്ഞു.

“ശ്രീക്കുട്ടി…”

കണ്ണ് തുടച്ച് ഹരി ശബ്ദം താഴ്ത്തി വിളിച്ചു.

ആ വിളികേട്ട് അവൾ പതിയെ തല ഉയർത്തി നോക്കി.

ശ്രീഹരിയെ കണ്ടതും എന്തൊക്കയൊ പറയാനെന്നോണം

അവളുടെ ചുണ്ടുകൾ വിറച്ചു. കണ്ണുകൾ നിറഞ്ഞു തുളുമ്പി വാക്കുകൾ കിട്ടാതെ ഹരിയുടെ മാ റിലേക്ക് വീണു.

“ശ്രീയേട്ടാ..”

ഉള്ളറിഞ്ഞുള്ള ഒരു വിളിയോടെ ഹരിയെ കെട്ടിപ്പിടിച്ച പൊട്ടിക്കരഞ്ഞു.

തുടരും..