Story written by Sabitha Aavani
എരിഞ്ഞു തീരാറായ മെഴുകുതിരിയുടെ നേരിയ വെട്ടം മാത്രം ……
ഇടുങ്ങിയ മുറിയിൽ വാരിവലിച്ചിട്ടിരിക്കുന്ന പുസ്തകങ്ങളും വസ്ത്രങ്ങളും ചായക്കൂട്ടുകളും….
ഒത്ത നടുവിലായി ചെറിയൊരു മേശ.
അതിനുമേൽ കാലുകയറ്റി വെച്ചുകൊണ്ട് അവൾ ഇരിക്കുന്നു.
മടിയിൽ അലക്ഷ്യമായി തുറന്നുവെച്ച ഡയറിയുടെ താളുകൾ കാറ്റിൽ മറിയുന്നു.
അയഞ്ഞുലഞ്ഞ മുടിയിഴകളും മഷി പടർന്ന കണ്ണുകളും നാസിക തുമ്പിൽ വിരിഞ്ഞ് നിൽക്കുന്ന ഒറ്റക്കല്‍ മൂക്കുത്തിയും…..
എന്ത് ഭംഗിയാണ് അവള്‍ക്ക്…..
രാസ …
അതവളാണ് ….
പ്രണയത്തെ ഹൃദയത്തിൽ ആവാഹിച്ച പെണ്ണ്.
ഒരേയൊരു പ്രണയം …
ജീവിതത്തിൽ ആദ്യമായും അവസാനമായും സംഭവിച്ചത്.
പിന്നീടങ്ങോട്ട് ജീവിതം തന്നെ ആ പ്രണയമായിരുന്നു.
എല്ലാവരും അസൂയയോടെ നോക്കിയ പ്രണയം.
അവൾ തന്റെ മുന്നിലുള്ള ഡയറിയിൽ എന്തോ കുറിയ്ക്കുന്നു.
റേഡിയോയിൽ നിന്നുള്ള സംഗീതം മുറിയിൽ പരക്കുന്നു.
” നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു പൂവിൻ കവിൾ തുടുത്തു …..”
അവൾ അവിടുന്നെഴുന്നേറ്റു പതിയെ നടന്നു വന്ന് മെഴുകുതിരി എടുത്ത് കത്തിച്ചു വെച്ചു.
മുറിയുടെ ഒരു ഭാഗത്ത് കിടന്ന കട്ടിലിൽ അവൾ വന്നിരുന്നു.
അവൾ അലക്ഷ്യമായി ആ ഡയറയിലേക്ക്നോ ക്കി. എന്റെ പ്രിയപ്പെട്ടവൻ.
ആദ്യ താളിൽ കുറിച്ച വരികൾക്ക് അവളോളം മനോഹാരിത.
“മനോഹർ നിന്റെ പ്രണയത്തിൽ ഞാൻ കാണുന്നത് എന്നെയാണ് ….
നിന്റെ ദുഖങ്ങളിൽ ഞാൻ അളക്കുന്നത് എന്റെ വേദനയെയാണ്…
എന്നിട്ടും നാം തമ്മിലേറെ ദൂരം …..
ഞാനോ നീന്താൻ അറിയാത്ത കുഞ്ഞിനെ പോലെ ആ കടൽ ദൂരം നീന്തിക്കടന്നു നിന്നരികെലെത്താന് വെമ്പുന്നു.
ഒരു ശ്വാസത്തിനപ്പുറം നീ എനിക്കരുകില്‍ ഉണ്ടെന്ന് വിശ്വസിക്കാന്‍ ഞാന്‍ പാടുപെടുന്നു ….
ഉയര്‍ത്തികെട്ടിയ നുണകഥകള്ക്കപ്പുറം ചതിക്കപ്പെടുന്നു എന്നറിഞ്ഞുകൊണ്ട് തന്നെ ഞാന്‍ നിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നു..
“രാസ … നീയെന്റെ പ്രണയമാണ് …. എനിക്ക് രാപകലുകള്‍ ഇല്ല … നീയില്ലായ്മയും നമ്മള് ഒത്തുചേരുന്ന നിമിഷങ്ങളും….. അതിലൂടെ മാത്രമാണ് എന്റെ ദിനങ്ങള്‍ കടന്നു പോകുന്നത്. ഞാൻ എന്റെ രാസയെ മനോഹറിന്റെ ജീവിതസഖിയായി ക്ഷണിക്കുന്നു….”
ഒരു നെടുവീര്‍പ്പോടെ അവളാ വരികളില്‍ വിരലോടിച്ചു…..
അവിടെ ആ വാക്കുകളില്‍ നിന്നും മുക്തി കിട്ടാതെ
അവളുടെ ആത്മാവ് വിങ്ങുന്നു….
പഴകിയ ഡയറി താളുകളിൽ ഭ്രാന്തമായി കുറിച്ച വരികളിലൊക്കെയും അവനോടുള്ള ഭ്രാന്തമായ പ്രണയം ….
” നീ എന്റെത് മാത്രമായിരുന്നു മനോഹര്‍ ….
നീ കെട്ടിപടുത്തിയ ഒരായിരം പ്രണയസ്വപ്നങ്ങളില്‍ പാറി പറന്നു നടന്നവള്‍ …
നീ മാത്രമാണ് എന്റെ ലോകം എന്ന് കരുതി സ്വയം തടവറയില്‍ കിടന്നിരുന്നവള്‍….
നിന്റെ ചിന്തകളില്‍ ഞാന്‍ വിഹരിക്കുന്നത് നീയറിയുന്നില്ലെ …?
ഓര്‍മ്മയായി ഞാന്‍ മാറും മുന്‍പ് നമ്മള് ഒന്നിച്ചിരുന്ന നിമിഷങ്ങളെ പറ്റി നീ ഓര്‍ത്തിട്ടുണ്ടോ …?
ഉണ്ടാവാനിടയില്ല ……കാരണം ആവര്‍ത്തിക്കപ്പെടാനും ഓര്‍ത്തെടുക്കാനും നിനക്കായ് ഞാന്‍ ഒന്നും സമ്മാനിച്ചിട്ടില്ല….
നമ്മുടെ പ്രണയമെന്ന് നീ വിശേഷിപ്പിക്കുമ്പോഴും അതെന്റേത് മാത്രമായിരുന്നുവെന്ന് ഞാൻ ഇനിയും എങ്ങനെ നിന്നെ ബോധ്യപ്പെടുത്താൻ ..?
******************
പ്രണയം അത് അത്രമാത്രം സ്വാർത്ഥമാണോന്ന് നാം ചിന്തിച്ച് പോകും……
അവള് വരച്ചുവെച്ച വരികളില്‍ പ്രണയമാണോ ….?
അതോ വിരഹമോ …?
അതുമല്ലങ്കില്‍ അവളില്‍ നിഴലിക്കുന്നത് പിന്നെ എന്താണ് ..?
ഒരാളിലേക്ക് ഒതുങ്ങുക….
അയാളിൽ തന്റെ ജീവിതമർപ്പിക്കുക.
എന്ത് രസമാണ്….. അടുക്കി വെച്ച പുസ്തകകെട്ടുകൾക്ക് മീതെ അവള് കോർത്ത് വെച്ച ഒരു കടലാസ്സുമാല…
“ഇതെന്റെ പ്രണയോപഹാരമാണ് മനോഹര്‍! ഓരോ കടലാസും ഞാൻ നിനക്കായി എഴുതിയ പ്രണയലിപികള്‍ കോര്‍ത്ത് വെച്ചവെള്ളിനൂലാണ്നി നക്ക് മാത്രം വായിക്കാന്‍ വശമുള്ള ഭാഷയില്‍ ഞാന്‍ ഒരുക്കിയ ഹാരം …
ഇതെന്റെ കൈകൊണ്ട് നിന്റെ കഴുത്തിലണിയിക്കാൻ ഏറെ മോഹിച്ചതാണു ഞാൻ.”
അയാള്‍ പ്രതികരിക്കുന്നില്ല….
എന്റെ പ്രണയത്തിനു അയാള്‍ മറുപടി തരുന്നില്ല.!
അയാളുടെ അവഗണനയില്‍ ഞാന്‍ പൊള്ളുന്നു…
മനോഹര്‍ നിങ്ങളുടെ മൗനം എന്നെ വേട്ടയാടുന്നു.
ഞാന്‍ മരിക്കുന്നു.
രാസ …..നീ മരിക്കുന്നു …….
ആദ്യ താളുകള്‍ അവിടെ അവസാനിക്കുന്നു.
വായനക്കാരനെ അത്ഭുതപ്പെടുത്തുന്നു.