ആത്മരാഗം..
Story written by Ajeesh Kavungal
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
ശനിയാഴ്ച ആയതുകൊണ്ട് ജോലി ഉച്ചവരെയാക്കി ഞാൻ താമസസ്ഥലത്തേക്ക് തിരിച്ചു. ജോലിസ്ഥലവും താമസസ്ഥലവും തമ്മിൽ കുറച്ചധികം ദൂരമുണ്ട്. ഉച്ച ആയതുകാരണം നല്ല വെയിലുണ്ട്. പക്ഷെ, കായലിന്റെ സൈഡിലൂടെ ബൈക്കോടിച്ചു പോകാൻ നല്ല രസമാണ്… കുറച്ചു ദൂരം പോയപ്പോഴേ കണ്ടു ഒരാൾ ലിഫ്റ്റിനു വേണ്ടി കൈ കാണിക്കുന്നത്. ഞാൻ ബൈക്ക് നിർത്തി അയാളോട് കയറിക്കോളാൻ പറഞ്ഞു. അടുത്തു വന്നപ്പോഴാണ് ആളെ ശ്രദ്ധിച്ചത് നല്ലൊരു ഒത്ത മനുഷ്യൻ. ഇടതൂർന്നു നിൽക്കുന്ന താടി, തലമുടിയിൽ അവിടവിടെ കുറച്ച് നരകൾ വീണിട്ടുണ്ട്. കഴുത്തിൽ ഒരു കുരിശുമാല, കയ്യിൽ രണ്ടു മൂന്ന് കിറ്റ് ആപ്പിളും ഓറഞ്ചും ബേക്കറി പലഹാരങ്ങളും…. കണ്ടാൽ തന്നെ അറിയാമായിരുന്നു വെയിലത്ത് ഏറെ നേരമായി നിൽപാണെന്ന്. വെള്ളഷർട്ട് വിയർപ്പിൽ കുതിർന്നിരിക്കുന്നു.
കുറച്ചു ദൂരം പോയപ്പോൾ എങ്ങോട്ടാ ചേട്ടാ എന്ന എന്റെചോദ്യത്തിന് എന്നെ ആ സിഗ്നലിൽ ഇറക്കിയാ മതി എന്റെ ബൈക്കിവിടെ ഇരിപ്പുണ്ട് എന്ന മറുപടി കിട്ടി. കുറച്ചു കഴിഞ്ഞപ്പോൾ ആ ചേട്ടൻ ചോദിച്ചു “‘നിനക്ക് പോയിട്ട് അത്യാവശ്യ മുണ്ടോ? ഇല്ലെങ്കിൽ കുറച്ചുകൂടെ പോയാൽ ഒരു ഐസ്ക്രീം കടയുണ്ട് അവിടെ യൊന്ന് നിർത്താമോ? “അത്യാവശ്യം ഒന്നുമില്ല ചേട്ടാ നിർത്താം എന്നു ഞാനും മറുപടി പറഞ്ഞു. ‘ചേട്ടന്റെ പേരെന്താണ് വണ്ടി ക്കെന്തുപറ്റി’ എന്റെ പേര് സാവിയോ .വണ്ടിക്ക് ഒന്നുംപറ്റിയില്ല പെട്രോൾ ലാഭിച്ചതാണ് ആ പൈസക്ക് തിന്നാനുള്ള സാധനങ്ങൾ വാങ്ങാന്നു കരുതി” ഞാനൊന്നു ചിരിച്ചു അപ്പോഴേക്കും ഞങ്ങൾ ഐസ്ക്രീം കടയുടെ മുന്നിൽ എത്തിയിരുന്നു. രണ്ടാളും ഇറങ്ങി. ചേട്ടൻ രണ്ട് ഐസ്ക്രീം വാങ്ങി കവറിലിട്ടു എന്നിട്ട് നിനക്ക് വേണോടാ എന്ന് എന്നോട് ചോദിച്ചു. എനിക്ക് ഐസ്ക്രീം വേണo പക്ഷെ അതിന്റെ പൈസ ഞാൻതന്നെ കൊടുത്തോളാം കാരണം ചേട്ടൻ പെട്രോൾ പൈസ ലാഭിച്ചിട്ടല്ലേ ഇത് മേടിച്ചത് ചേട്ടനും വെയിലത്തുനിന്ന് ക്ഷീണിച്ചിട്ടുണ്ട് വാ ഒരു ജ്യൂസ് കുടിക്കാം എന്നു പറഞ്ഞ് കൈപിടിച്ച് അകത്തേക്ക് വലിച്ചു. ചേട്ടൻ ഒന്നു ചിരിച്ചു. കണ്ടിട്ട് അല്പനേരമേ ആയിട്ടുള്ളുവെങ്കിലും എന്തോ ഒരടുപ്പം എനിക്ക് തോന്നിത്തുടങ്ങിയിരുന്നു.
ഒരു ഐസ്ക്രീമും ഒരു ജ്യൂസും ഓർഡർ ചെയ്തിട്ട് ഞങ്ങൾ കസേരയിലേക്ക് ഇരുന്നു. ചേട്ടന് കുട്ടികളെത്രയാ ഒരുപാടുണ്ടല്ലോ കവറിൽ മാത്രമല്ല ഈ ഐസ്ക്രീം വീട്ടിലെത്തുമ്പോഴേക്കും വെള്ളമായി പോകില്ലേ എന്നു ഞാൻ ചോദിച്ചു. ചേട്ടൻ കുറച്ചു നേരം എന്നെത്തന്നെ നോക്കിയിരുന്നു. പിന്ന മെല്ലെ പറഞ്ഞു എനിക്ക് കുട്ടികളൊന്നുമില്ല ഇതെല്ലാം എന്റെ ഭാര്യക്കു വേണ്ടി വാങ്ങിയതാണ് അതു പറഞ്ഞപ്പോൾ ആ മനുഷ്യന്റെ കണ്ണിൽ നനവൂറിയത് ഞാൻ കണ്ടു. ഞാൻ ചോദിച്ചു ഇത്രയധികം വാങ്ങി വെക്കേണ്ട ആവശ്യമുണ്ടോ കഴിയുമ്പോൾ വാങ്ങിയാൽ പോരെ എല്ലാം ഒരുമിച്ച് കഴിക്കാൻ പറ്റില്ലല്ലോ ശരിയാണ് കഴിക്കാൻ പറ്റില്ല പക്ഷെ ഇനി ഞാൻ അടിത്ത ആഴ്ചയേ ടൗണിൽ വരുള്ളൂ അതു കഴിഞ്ഞ് എപ്പോഴുമെപ്പോഴും അവളെ തനിച്ചാക്കി പുറത്തോട്ടിറങ്ങാൻ കഴിയില്ല. അവളുടെ ശരീരത്തിന്റെ പകുതി ഭാഗം തളർന്നു പോയതാണ് ഒരാളുടെ സഹായമില്ലാതെ നടക്കാൻ കഴിയില്ല. നീ പറഞ്ഞില്ലേ ഐസ്ക്രീം വെള്ളമാവുമെന്ന് . ശരിയാണ് അതെനിക്കും അറിയാം .പക്ഷെ ഈ വെള്ളമായ ഐസ്ക്രീം ഞാനവൾക്ക് സ്പൂണിൽ കൊടുക്കുമ്പോൾ അവളുടെ കണ്ണിലെ തിളക്കം അതു കാണുവാൻ വേണ്ടി മാത്രമാണ് .
ഇന്നു വരാൻ കാരണം വീടിനടുത്ത് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുണ്ട് . അവൾക്ക് എന്റെ ഭാര്യയെ വലിയ ഇഷ്ടമാണ് .അവൾ കൂടെ നിന്നോളും. അവളുണ്ടെങ്കിൽ പിന്നെ എന്റെ സാറാമ്മക്ക് എന്നെ വേണ്ട .ആ കൊച്ച് വരുമ്പോഴാ അവൾ ശരിക്കും ഒരമ്മയാകുന്നത്. അവർ തമ്മിൽ സംസാരിക്കുന്നത് കേട്ടിരിക്കാൻ തന്നെ ഒരു സുഖമാണ്. കഴിച്ചു കൊണ്ടിരുന്ന ഐസ്ക്രീം എന്റെ തൊണ്ടക്കുഴിയെ ഒന്നു പൊള്ളിച്ച് താഴോട്ട് ഇറങ്ങിപ്പോയി .
“നീ കല്യാണം കഴിച്ചതാണോ ” ഞാൻ പറഞ്ഞു അല്ല നോക്കുന്നുണ്ട് കഴിക്കണം. ഒന്നു മൂളിയ ശേഷം ചേട്ടൻ പറഞ്ഞു “കല്യാണം കഴിക്കണമെടാ എന്നാലേ ജീവിതത്തിന് ഒരർത്ഥമുണ്ടാവൂ .ഒരാണും പെണ്ണും പരസ്പരം തണലേകി കഴിയുന്നത് ഒരു സുഖമാണ് .നമ്മുടെ ജീവിതത്തിലെ സന്തോഷത്തിനും സമാധാനത്തിനും അതിന്റെ പൂർണതയിലെത്തിക്കാൻ ഒരു പെണ്ണിനു മാത്രമേ കഴിയൂ .എനിക്ക് നല്ല ക്ഷീണമുണ്ട് നിനക്ക് തിരക്കില്ലെങ്കിൽ നമുക്ക് കുറച്ചുകൂടി കഴിഞ്ഞു പോകാം ഈ വെയിലൊന്ന് തണുക്കട്ടെ. നീ വിഷമിക്കണ്ട ഞാൻ നിനക്കൊരു കഥ പറഞ്ഞു തരാം സമയം പോകാൻ.. കല്യാണം കഴിയാത്തതു കൊണ്ട് നീയിത് കേൾക്കണം. സാവിയോയുടെയും സാറാമ്മയുടെയും കഥ .
” മനസ്സറിഞ്ഞ് സ്നേഹിച്ചാൽ പെണ്ണൊരു ദേവതയാകും ഇത് സാവിയോക്ക് അനുഭവമാണ് “.
ജ്യൂസിന്റെ ഗ്ലാസ് കാലിയാക്കി ചേട്ടൻ പുറകിലേക്കൊന്ന് ചാഞ്ഞിരുന്നു. എന്നിട്ട് മെല്ലെ പറയാൻ തുടങ്ങി അച്ഛനെ ഓർമവെച്ച കാലം മുതൽ കാണുന്നത് ക ള്ളു കുടിച്ച് ബോധമില്ലാതെ നടക്കുന്നതാണ്. മ ദ്യപാനിയായ ഒരു അച്ഛന്റെയും ദുർനടപ്പുകാരിയായ ഒരു അമ്മയുടെയും മക്കൾ എന്താകുമോ അതു തന്നെ ഞങ്ങളും ആയി .20 വയസ്സായപ്പോഴേക്കും സാവിയോ ഈ നഗരത്തിലെ അറിയപ്പെടുന്ന ഒരു ഗുണ്ടയായി തീർന്നിരുന്നു. എനിക്ക് ഒരു പെങ്ങളും ഉണ്ടായിരുന്നു. 15 വയസ്സായപ്പോഴേക്കും ഒരു തമിഴന്റെ കൂടെ ഓടിപ്പോയി… ഇതു വരെ ഒരു വിവരവും ഇല്ല. സാവിയോയുടെ പകലുകൾ മ ദ്യവും മ യക്കുമ രുന്നും അ ടിപിടിയും കൊണ്ട് നിറഞ്ഞു. പോലീസുകാരു പോലും എന്നെ കണ്ടാൽ പേടിക്കുന്ന തരത്തിലായി കാര്യങ്ങളുടെ പോക്ക്… അമ്മയുടെ സ്വഭാവം കാരണം സ്ത്രീകളോട് മുഴുവൻ എന്നും പുച്ഛ മായിരുന്നു. ഒരു അടിപിടി കേസിൽ പെട്ട് കുറച്ചു കാലം ഒളിവിൽ താമസിക്കേണ്ടിവന്നു ഒരു പരിചയക്കാരന്റെ വീട്ടിലായിരുന്നു താമസിച്ചത്. അതിനടുത്ത വീട്ടിലെ കുട്ടിയായിരുന്നു സാറ . കൂടെ ഒരു തള്ള മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരിക്കൽ സാറ ആ വീട്ടിൽ വന്നപ്പോൾ ആരും ഉണ്ടായിരുന്നില്ല.. എന്നിലെ മൃഗം ഉണർന്നു. എന്റെ കരുത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ സാറക്കു കഴിഞ്ഞില്ല എല്ലാം കഴിഞ്ഞ് ഏങ്ങിക്കരയുന്ന അവളുടെ മുഖത്തേക്ക് കുറച്ച് നോട്ടു കെട്ടുകൾ നീട്ടുമ്പോൾ ഒരു പെണ്ണിന്റെ മാ നത്തിന് മനസ്സിൽ അന്ന് അതിന്റെ വിലയേ ഉണ്ടായിരുന്നുള്ളു. പെണ്ണിന്റെ മനസ്സറിഞ്ഞു തുടങ്ങിയപ്പോഴാണ് അവൾ അതിനു കൊടുക്കുന്ന വില മനസ്സിലായത് .അതിനു ശേഷം കുറച്ചു ദിവസം അവളെ കണ്ടില്ല. പ്രശ്നങ്ങൾ ഒതുങ്ങിയപ്പോൾ ഞാൻ തിരിച്ചുപോന്നു .
പക്ഷെ ഒരു ദിവസം എന്നെ ഞെട്ടിച്ചു കൊണ്ട് സാറ എന്റെ വീട്ടിലെത്തി കൂടെ രണ്ട് പോലീസുകാരുമുണ്ടായിരുന്നു. അവളുടെ കൂടെ ഉണ്ടായിരുന്ന തള്ള മരിച്ചു വേറെ ആരുമില്ല ഞാനവളെ വീട്ടിൽ കയറ്റിയില്ലെങ്കിൽ പീ ഢനത്തിന് കേസ് കൊടുക്കും എന്ന് പറയാൻ വന്നതാണ്. ഒരു പെണ്ണുകേസിൽ പെട്ടാൽ ഊരിപ്പോരാൻ വഴിയില്ലാത്തതു കൊണ്ട് എനിക്ക് സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല. പിന്നീടങ്ങോട്ട് അവളോട് അടങ്ങാത്ത പക ആയിരുന്നു. ചെറിയ കാര്യങ്ങൾക്കു പോലും അവളെ മർദ്ധിക്കാൻ തുടങ്ങി .അവളതെല്ലാം നിശബ്ദമായി സഹിക്കുബോഴും ഉള്ളിൽ ദേഷ്യം വീണ്ടും കൂടുകയായിരുന്നു. പിന്നീട് എപ്പോഴോ പതുക്കെ പതുക്കെ അവളുടെ സ്നേഹത്തിലും കരുതലിലും മനസ്സ് അറിയാതെ വീണു പോയി ഒരു ദിവസം ഒരു സാരി വാങ്ങി സാറമ്മോ ഇത് നിനക്കാണ് എന്ന് പറഞ്ഞപ്പോൾ അവൾ സാവിച്ചാ എന്നുവിളിച്ച് കെട്ടിപ്പിടിച്ച് കരഞ്ഞു. ആ നിമിഷം മുതൽ ഞാൻ ഒരു ഭർത്താവാകുകയായിരുന്നു. ഓരോ ദിവസം കഴിയുo തോറും സാറമ്മക്ക് സൗന്ദര്യം കൂടി വരുംപോലെ തോന്നി ഒരു ദിവസം അവളുടെ വയറ്റിൽ എന്റെ കൈ പിടിച്ചമർത്തി ഞാനൊരു അച്ഛനാവാൻ പോകുവാണെന്ന് അറിഞ്ഞപ്പോൾ ആശ്ചര്യമാണ് മനസ്സിൽ തോന്നിയത്. കാരണം അങ്ങനെയൊരു ജീവിതം അന്നുവരെ എന്റെ മനസ്സിൽ പോലും ഇല്ലായിരുന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ഞാനും എന്റെ സാറാമ്മയും കൂടി ഞങ്ങളുടെ വീട് ഒരുകൊച്ചു സ്വർഗമാക്കി മാറ്റുകയായിരുന്നു.
ഞാനും കൂലിത്തല്ലൊക്കെ നിർത്തി കയ്യിലുണ്ടായിരുന്ന കുറച്ച് പൈസക്ക് ഒരു ജീപ്പ് മേടിച്ചു. പണിയെടുത്ത് ജീവിക്കാൻ തുടങ്ങി ഒരു ദിവസം ഞങ്ങൾ ഹോസ്പിറ്റലിൽ പോയി തിരിച്ചു വരുന്നതിനിടയ്ക്ക ഒരു ലോറിയുമായി ഒന്നു മുട്ടി. തൊട്ടടുത്തുള്ള കലുങ്കിലേക്ക് മറിഞ്ഞപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞിനെയും എന്റെ സാറാമ്മയുടെ പകുതി ശരീരത്തെയുമായിരുന്നു. ദൈവം എന്നേയും വെറുതെ വിട്ടില്ല. ഇടതു കൈ അതിന്റെ പ്രവർത്തനശേഷി അല്പ മൊന്നു കുറച്ചു.. ആശുപത്രിയിൽ കിടക്കുമ്പോൾ ദൈവത്തോട് ഞാൻ ആദ്യമായി പ്രാർത്ഥിച്ചത് എന്റെ ജീവനെടുത്തിട്ട് എന്റെ സാറാമ്മയെ രക്ഷിക്കാനായിരുന്നു. അതു കഴിഞ്ഞിട്ടിപ്പോൾ 12 വർഷമായി. തോൽക്കാൻ ഞങ്ങൾക്കു രണ്ടാൾക്കും മനസ്സില്ലായിരുന്നു. അല്ലെങ്കിലും തോൽക്കാൻ കഴിയുമായിരുന്നില്ല. കാരണം ഞങ്ങൾക്ക് സ്നേഹിച്ച് മതിയായിട്ടുണ്ടായിരുന്നില്ലെടാ .. പിന്നീടങ്ങോട്ടുള്ള സംസാരത്തിൽ മുഴുവൻ സാവിയോ ചേട്ടന്റെ ശബ്ദം വലിയ ആവേശത്തോടെ യായിരുന്നു. ഇപ്പോ എനിക്കൊരു ചെറിയ ചായക്കടയുണ്ട്. വെറും ചായ മാത്രം വിൽക്കുന്ന കട. ഞങ്ങൾക്കു ജീവിക്കാൻ അതു മതി. ഞങ്ങളൊരു തീരുമാന മെടുത്തിട്ടുണ്ട് ആദ്യം ആര് ഈ ഭൂമിയിൽ നിന്നും പോയാലും അടുത്ത നിമിഷം തന്നെ മറ്റേ ആളും കൂടെ വന്നിട്ടുണ്ടാവും എന്ന്. അവളുടെ സ്നേഹത്തിനും സമാധാനത്തിനും വേണ്ടിയാണ് ഞാൻ ജീവിക്കുന്നതു തന്നെ; ഈ ശിക്ഷ എനിക്ക് ദൈവം തന്നതാണെന്ന് നന്നായി അറിയാം. സാവിയോ ഈ ജന്മത്തിൽ ചെയ്ത തെറ്റിനുള്ള ശിക്ഷ ഇവിടെ തന്നെ അനുഭവിച്ചു തീർത്തെ ടോ.. ഇനി അടുത്ത ജൻമത്തിലും ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കണം.ഈ ജൻമത്തിലെ ആശകളൊക്കെ അന്നു തീർക്കണം.അതാണ് ഇപ്പോൾ ദൈവത്തോട് പ്രാർത്ഥിക്കുന്ന ഏക കാര്യവും”.
ഇത്രയും പറഞ്ഞപ്പോഴേക്കും ചേട്ടന്റെ കണ്ണുകൾ രണ്ടിലും ചെറിയ രണ്ട് നീർചാലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഞാൻ ഒന്നും പറയാതെ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ചേട്ടൻ പുറകിൽ കയറി. സിഗ്നൽ എത്തുന്നവരെ ആരും ഒന്നും മിണ്ടിയില്ല. സിഗ്നൽ എത്തിയപ്പോൾ ചേട്ടൻ എന്നെ നോക്കി ഒന്നു ചിരിച്ച് നടന്നകന്നു. ഞാൻ ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ പോയ ചേട്ടന്റെ തോളിൽ മെല്ലെ കൈ വെച്ചു പറഞ്ഞു.
“കല്യാണം കഴിച്ച് ജീവിക്കണം എന്നുണ്ടായിരുന്നു.അത് എങ്ങനെ എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ ഇപ്പോ എനിക്ക് മനസ്സിലായി.. ചേട്ടാ.. ഞാൻ ഒരിക്കൽ വരും ചേട്ടന്റെ വീട്ടിൽ. ചേട്ടൻ പറഞ്ഞില്ലേ മനസ്സറിഞ്ഞ് സ്നേഹിച്ചാൽ പെണ്ണ് ഒരു ദേവതയാകും എന്ന്. അതുപോലെയുള്ള ഒരു പെണ്ണിനെയും കൊണ്ട്. ചേട്ടൻ മറക്കാതെ പറയണം സാറാമ്മ ചേച്ചിയോട് ഇന്ന് റോഡിൽ വെച്ച് നിങ്ങൾക്ക് ഒരു അനിയനെ കിട്ടി എന്ന് “.
തിരിച്ച് റൂമിലേക്ക് പോവാൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ എന്റെ കണ്ണുകൾ അറബിക്കടലായ് മാറിയിരുന്നു …