രചന: സനൽ SBT
“വിവാഹം കഴിഞ്ഞ ആദ്യരാത്രിയിൽ തന്നെ കൂട്ടമാനഭംഗത്തിന് ഇരയാവേണ്ടി വന്ന മറ്റൊരു പെണ്ണ് ഒരു പക്ഷേ ഞാനല്ലാതെ മറ്റാരും ഈ ഭൂമിയിൽ ഉണ്ടാവില്ല അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ടെടാ ഞാനൊക്കെ…”
മീരയുടെ കണ്ണിൽ നിന്നും പാറിയ തീപ്പൊരി അരുണിനെ അല്പം ഒന്ന് ഭയപ്പെടുത്തി.
“അതല്ല മീര ഞാൻ…”
“ഏതല്ല. നിനക്ക് എന്നെക്കുറിച്ച് എന്തറിയാം”
എ സി മുറിയുടെ ബെഡിൻ്റെ ഒരറ്റത്തിരുന്ന് അവൻ നന്നായി വിയർത്തൊഴുകി. കഴുത്തിൻ്റെ പിന്നിലൂടെ ഊർന്നിറങ്ങിയ വിയർപ്പുതുള്ളികൾ അവൻ കൈവെള്ള കൊണ്ട് തുടച്ച് നീക്കി. ഒരല്പനേരം മൗനം ആ മുറിയിൽ തളം കെട്ടി നിന്നു. വീണ്ടും മീര തുടർന്നു….
“ഡാ വെറും 6 മാസക്കാലത്തെ പരിചയം മാത്രമേ നമ്മൾ തമ്മില് ഉള്ളൂ. അതിനപ്പുറത്തേക്ക് എനിക്ക് ഞാൻ പോലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു ഭൂതകാലമുണ്ട്. അതും കൂടി കേട്ടിട്ട് പറ നിനക്ക് ഇനിയും എന്നെ കെട്ടണോ എന്ന്.”
“ഉണ്ടിരുന്ന നേരത്ത് ഒരു വിളി തോന്നിയപ്പോൾ ഇറങ്ങിത്തിരിച്ചതല്ല ഈ ഞാൻ. എൻ്റെ തീരുമാനത്ത് ഒരു മാറ്റവും ഇല്ല. കാരണം എൻ്റെ ജീവിതം എൻ്റെ തീരുമാനമാണ്. അതാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല.”
“നീ അപ്പോ രണ്ടും കൽപ്പിച്ച് ഇറങ്ങിത്തിരിച്ചതാണ് അല്ലേ…”
“ഉം..ഞാൻ ജീവിതത്തിൽ ആദ്യമായിട്ടും അവസാനമായിട്ടും മീര നിൻ്റെ ശരീരത്തിൽ മാത്രമേ കൈ വെച്ചിട്ടൊള്ളൂ. ആ അടിവയറ്റിലെ ചൂട് ഇപ്പോഴും എന്നിൽ നിന്നും വിട്ടുമാറിയിട്ടില്ല. പിന്നീട് ഈ ഒരാവശ്യം പറഞ്ഞ് ഞാൻ കുറെക്കാലം പുറകെ നടന്നു പക്ഷേ അന്നൊന്നും മറ്റൊന്നിനു വേണ്ടിയും ഞാൻ നിന്നെ നിർബന്ധിച്ചിട്ടില്ല ഇനി ഒരിക്കൽ കൂടി നീ എനിക്ക് വേണ്ടി പായ വിരിക്കുന്നുണ്ടെങ്കിൽ അത് നിൻ്റെ കഴുത്തിൽ ഞാനൊരു താലി കെട്ടിയതിന് ശേഷമായിരിക്കും”
“എന്നാൽ പിന്നെ ഇതു കൂടി കേട്ടിട്ട് നിനക്ക് തീരുമാനിക്കാം ഇനി എന്ത് വേണം എന്ന്” മീര റൂമിൻ്റെ ജനലിനരികിലേക്ക് നീങ്ങി.
ഇരു കരങ്ങൾ കൊണ്ട് അവൾ ആ ജനലഴികളിൽ പിടിച്ചു കൊണ്ട് വിജനതയിലേക്ക് നോക്കി. വീശയടിക്കുന്ന ഇളം തെന്നൽ അവളുടെ ചുരുണ്ടകാർകൂന്തൽ തഴുകി തലോടിക്കൊണ്ട് കടന്നു പോയി. ഒരു ദീർഘനിശ്വാസത്തിന് ശേഷം അവൾ തുടർന്നു.
“നാലകത്തെ നായർ തറവാട്ടിലെ പ്രശസ്തനായ അഡ്വക്കേറ്റ് ശങ്കരൻ നായരുടെയും മാനവേദൻ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രധാന അധ്യാപിക ശാരദയുടെയും ഒരൊറ്റ മകൾ ഞാൻ. പേര് മീരയല്ല ആവണി. പഠിക്കാൻ മിടുക്കി. നാട്ടുകാരുടേയും വീട്ടുകാരുടെയും കണ്ണിലുണ്ണി. അന്നത്തെക്കാലത്ത് ഒരു പത്ത് ലൗ ലെറ്റർ എങ്കിലും എന്നെ തേടി വരുമായിരുന്നു. പക്ഷേ ഞാൻ അതിലൊന്നും വീണില്ല…”
“അങ്ങിനെയിരിക്കെ പ്ലസ് വൺ പകുതിയായപ്പോൾ ഞങ്ങളുടെ സ്ക്കൂളിൽ പുതിയൊരു ഗസ്റ്റ് അധ്യാപകൻ വന്നു ചാർജെടുത്തു. പിന്നീട് എപ്പോഴോ ഒരു അധ്യാപക വിദ്യാർത്ഥി ബന്ധത്തിൽ നിന്ന് ഞങ്ങൾ വഴി മാറി സഞ്ചരിച്ചു. ഒരു ദിവസം പാർക്കിൽ വെച്ച് എൻ്റെ കുഞ്ഞമ്മാവൻ എന്നെ കയ്യോടെ പൊക്കി. വീട്ടിലേക്ക് തിരിച്ച് പോകാനുള്ള പേടി കൊണ്ടോ അയാളെ പിരിയാനുള്ള വിഷമം കൊണ്ടോ ഞാൻ അയാളുടെ കൂടെ പോകാൻ തന്നെ തീരുമാനിച്ചു…”
“അയാളുടെ വീട്ടിലേക്ക് ചെന്നു കയറിയ എന്നെ വീട്ടുകാർ ഇരു കൈ നീട്ടി സ്വീകരിച്ചു. അങ്ങിനെ ആ ദിവസം തന്നെ അയാൾ എൻ്റെ കഴുത്തിൽ വരണമാല്യം ചാർത്തി. പിന്നീട് നടന്നതെല്ലാം ഇന്നും രാത്രിയുടെ യാമങ്ങളിൽ എൻ്റെ ഉറക്കം കളയുന്ന ഭീകരമായ ഓർമ്മകളാണ്”
“ഹോ ഇതാണോ മീര ഇത്ര വലിയ കഥ. ഇത് പലരുടേയും ജീവിതത്തിൽ നടന്ന കഥയല്ലേ…? ഈ ഞാൻ തന്നെ എത്രയോ തവണ കേട്ടിരിക്കുന്നു”
“ഇതൊരു ഇൻ്റർവെൽ മാത്രമല്ലേ ആയിട്ടൊള്ളൂ നീ ബാക്കി കൂടി കേൾക്ക്…”മീര തുടർന്നു…
“ആ രാത്രി തന്നെ മദ്യപിച്ചെത്തിയ അയാളും അയാളുടെ ഫ്രണ്ട്സും ഒരു പതിനാറുകാരിയെ ലോകത്ത് ഇന്നേവരെ ചെയ്തിട്ടില്ലാത്ത രീതിയിൽ ഇരുത്തിയും കിടത്തിയും നിർത്തിയും നേരം പുലരുവോളം പീഢിപ്പിച്ചു. മൂന്നാം ദിവസം എനിക്ക് ബോധം വീണപ്പോൾ ഞാനൊരു ഗവൺമെൻ്റ് ഹോസ്പറ്റലിൽ ആയിരുന്നു. റോഡിനരികിൽ കിടന്ന എന്നെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചതാണെന്ന് പിന്നീട് ഞാൻ അറിഞ്ഞു”
“ബാത്റൂമിൽ പോകാൻ പോലും കഴിയാതെ ആ കിടപ്പിൽ ഞാൻ കിടന്നു ഒരേ കിടപ്പ്…ബെഡിൽ രണ്ടാഴ്ച ആശുപത്രി വിട്ട് ഞാൻ പുറത്തിറങ്ങിയപ്പോഴാണ് ഒരു മഞ്ഞപത്രത്തിൽ എൻ്റെ വാർത്ത ഞാൻ കണ്ടത്…മറുപുറത്ത് മകളുടെ പീഢന വാർത്ത സഹിക്കാനാവാതെ ദമ്പതികൾ ആത്മഹത്യ ചെയ്തു എന്ന വാർത്ത വെറെയും…”
“പിന്നീട് അങ്ങോട്ട് വാശിയായിരുന്നു, എൻ്റെ ജീവിതം നശിപ്പിച്ചവരോട് പകരം ചോദിക്കുക എന്ന്. പക്ഷേ സിനിമയിൽ കാണുന്ന പോലെ അതത്ര എളുപ്പമല്ല എന്ന് എനിക്ക് മനസ്സിലായി. വർഷങ്ങൾ അവരെ തിരഞ്ഞ് ഞാൻ നടന്നു പല നാടുകളിലും…അതിനിടയിൽ പലർക്കു വേണ്ടിയും ഞാൻ എൻ്റെ ശരീരം വിറ്റു പണമാക്കി. കാരണം എൻ്റെ പക എൻ്റെ മാത്രം സ്വകാര്യ അഹങ്കാരമായിരുന്നു”
“ഇനി പറ നിനക്ക് എന്നെ ഇനിയും വിവാഹം ചെയ്യണോ…?”
“മീര തനിക്ക് സംഭവിച്ചത് ലോകത്തോരാൾക്കും സംഭവിക്കാൻ പാടില്ലാത്തതാണ്. അതിൽ ഞാൻ ഖേദിക്കുന്നു. പക്ഷേ ഞാൻ തന്നോട് പറഞ്ഞത് ഒരു പശ്ചാത്താപമോ പ്രായഛിത്തമോ ആയല്ല, ശരിക്കും തന്നെ എനിക്ക് അത്രം ഇഷ്ട്ടം ഉള്ളതുകൊണ്ടാണ്”
“ഹും അറിയാം അരുൺ. പക്ഷേ വിധി എന്നിട്ടും എന്നോട് ഒരു ദയയും കാണിച്ചില്ല. ആ സംഭവം കഴിഞ്ഞതിൻ്റെ നാലാം മാസമാണ് ഞാനാ നഗ്നസത്യം തിരിച്ചറിഞ്ഞത്, ഞാൻ ഗർഭിണിയാണെന്ന്…ഒരു പക്ഷേ സ്വന്തം കുഞ്ഞിൻ്റെ അച്ഛൻ ആരാണെന്ന് തിരിച്ചറിയാനാവാത്ത ലോകത്തിലെ ഒരേ ഒരമ്മ ഞാനായിരിക്കും…”
ഇത്രയും കൂടി കേട്ടപ്പോൾ അരുൺ ഒന്ന് ഞെട്ടി.
“മീരാ…”
“അതെ ഞാൻ പറയുന്നത് സത്യമാണ്. നാലാം ക്ലാസിൽ പഠിക്കുന്ന ഒരു മോളുണ്ടെനിക്ക്. അവളെയും തനിച്ചാക്കിയിട്ട് നീ ക്ഷണിക്കുന്ന ഒരു ജീവിതത്തിലേക്ക് ഞാൻ ഒരിക്കലും കടന്നു വരില്ല”
അരുണിൻ്റെ കണ്ണിൽ ഇരുട്ടു കയറുന്ന പോലെ അവന് തോന്നി. ഒരൽപനേരത്തെ ചിന്തക്കൊടുവിൽ അവൻ ബെഡിൽ നിന്നും എണീറ്റു. നേരെ മീരയുടെ മുന്നിൽ വന്നു നിന്നു ആ നിറഞ്ഞൊഴുകിയ കണ്ണുകളിലേക്ക് നോക്കി നിന്നു.
“ഇനി നീ തനിച്ചല്ല…മിഴിനീർ തുടക്കെൻ്റെ തുമ്പപ്പൂവേ”
മീരയുടെ കൺകോണിലൂടെ ഊർന്നിറങ്ങിയ മിഴിനീർ തുള്ളികൾ അവൻ തുടച്ചു മാറ്റി. ഇനി എന്ത് സംഭവിച്ചാലും ഈ ലോകം തന്നെ എന്നെ ഒറ്റപ്പെടുത്തിയാലും നീ എനിക്കുള്ളതാണ് എൻ്റെ മാത്രം മീര…ഇനി നിൻ്റെ മകൾ അച്ഛൻ ഇല്ലാതെ ഒരു പിഴച്ചു പെറ്റ ഒരു കുഞ്ഞല്ല. ഇന്ന് മുതൽ ഇതാ ഇപ്പോൾ മുതൽ അവൾക്കൊരു അച്ഛൻ ഉണ്ട്, അയാളുടെ പേരാണ് അരുൺ…
മീര തിരിച്ച് മറുപടി പറയും മുൻപേ അരുൺ അവളുടെ അധരങ്ങൾ കൈകൊണ്ട് പൊത്തിപ്പിടിച്ചു…അവളെ ചേർത്ത് നിർത്തി മാറോടണച്ചു കൊണ്ട് ആ തിരുനെറ്റിയിൽ ഒരു ചുംബനം നൽകി. മീരയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അവൻ്റെ മാറിലേക്ക് അടർന്നുവീണു…