Story written by Saji Thaiparambu
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“അമ്മേ, ഞാൻ ഇറങ്ങുവാട്ടോ “
മുറ്റത്തേയ്ക്കിറങ്ങി നിന്ന് അഖിൽ അകത്തേയ്ക്ക് നോക്കി പറഞ്ഞു.
“പോയിട്ട് വാ മോനേ, കണ്ണനെ വിളിക്കാൻ മറക്കണ്ടാട്ടോ “
“ശരിയമ്മേ “
മെസ്സഞ്ചർ വഴി പരിചയപ്പെട്ട ഒരു പെണ്ണിനെ, കാണാൻ പോകുകയാണ് അഖിൽ.
പോകുന്ന വഴിയിൽ കൂടെ ജോലി ചെയ്യുന്ന കണ്ണേട്ടനെ കൂട്ടിയാണ് പോകുന്നതെന്ന്, അമ്മയോട് നേരത്തെ പറഞ്ഞിരുന്നു.
ഇതാദ്യമല്ല അഖിൽ പെണ്ണ് കാഴ്ചയ്ക്കായ് പോകുന്നത്.
ആദ്യവിവാഹമോചനം കഴിഞ്ഞ ,പിറ്റേ മാസം മുതൽ തുടങ്ങിയതാണ് ‘ഈ ചടങ്ങ്.
ഇപ്പോൾ രണ്ടാം പെണ്ണ് കാണൽ ചടങ്ങ് തുടങ്ങിയിട്ട് രണ്ട് മാസത്തോളമാകുന്നു.
ആദ്യ ഭാര്യയുമായി വെറും രണ്ട് മാസത്തെ ദാമ്പത്യം മാത്രമേ ഉണ്ടായിട്ടുള്ളു.
അതിൽ , കൂടുതൽ ദിവസങ്ങളിലും അവൾ പിണങ്ങി അവളുടെ വീട്ടിൽ തന്നെയായിരുന്നു. പിണക്കത്തിന് അയവ് വരുമ്പോൾ താൻ ചെന്ന് കൂട്ടി കൊണ്ട് വരും,
വരുന്ന വഴി പരസ്പരം തെറ്റുകൾ ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കും.
പിന്നെ ഏതെങ്കിലും ഐസ്ക്രീം പാർലറിന്റെ ഒഴിഞ്ഞ കോണിലിരുന്ന്, ഐസ് ക്രീം നുണഞ്ഞ് കൊണ്ട് ഹൃദയവികാരങ്ങൾ പങ്ക് വയ്ക്കും.
അപ്പോഴേയ്ക്കും കഴിഞ്ഞതെല്ലാം മറക്കും.
നവവധൂവരന്മാരെ പോലെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ നിലവിളക്കുമായി, ഉമ്മറത്ത് അമ്മ കാത്ത് നില്പുണ്ടാവും.
മൂന്നാമത്തെ പ്രാവശ്യവും നിലവിളക്ക് അവളുടെ കയ്യിൽ കൊടുക്കുമ്പോൾ അമ്മ തമാശയോടെ പറഞ്ഞു.
“മോളെ ഇനിയെങ്കിലും അമ്മയെ കൊണ്ട് ഈ നിലവിളക്ക് എടുപ്പിക്കാതെ നോക്കണെ, സ്ഥിരമായി ഒരു കയ്യിൽ തന്നെ ചെന്ന് ചേരുന്നത് കൊണ്ട്, നിലവിളക്കിനും ബോറടിച്ച് തുടങ്ങി. “
ഹ ഹ ഹ
അത് കേട്ട് അഖിൽ പൊട്ടിച്ചിരിച്ച് കൊണ്ട് അമ്പിളിയെ നോക്കി .
പക്ഷേ അവൾക്ക് അത് തമാശയായി തോന്നിയില്ലെന്ന് അവളുടെ മുഖഭാവം കണ്ടപ്പോൾ അവന് മനസ്സിലായി.
അന്ന് എന്തായാലും അവൻ പറത്തേക്കെങ്ങും പോയില്ല,
കൂട്ടുകാരുടെ പലരുടെയും കോളുകൾ വന്നെങ്കിലും അതൊക്കെ കട്ട് ചെയ്ത് , അവൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചു.
“എന്താ ചങ്കന്മാർ വിളിച്ചിട്ട് പോകാത്തെ “
ഉടുത്തിരുന്ന സാരി, മാറ്റി സ്ലീവ് ലെസ്സ് നൈറ്റ് വെയർ ധരിക്കുന്നതിനിടയിൽ അമ്പിളി അവനോട് ചോദിച്ചു.
“ഓഹ് ഇല്ല, ചങ്കന്മാർ എപ്പോഴും അവിടെ തന്നെയുണ്ടാവും, പക്ഷേ എന്റെയീ ഭാര്യ എപ്പോഴാ പിണങ്ങി പോകുന്നതെന്നറിയില്ലല്ലോ അത് കൊണ്ട്, ഇനി മുതൽ ഞാൻ കൂടുതൽ സമയവും എന്റെ ഭാര്യയുടെ കൂടെ തന്നെയിരിക്കാൻ തീരുമാനിച്ചു.”
നയന മനോഹര കാഴ്ചയിൽ ലയിച്ചിരുന്നു കൊണ്ട് അവൻ മറുപടി പറഞ്ഞു.
ഹി ഹി ഹി
“ഓഹ് അങ്ങനെ ഞാനിനി നിങ്ങളെ വിട്ട് പോകുമെന്ന് കരുതണ്ട, എന്റെ ജീവിതമിനി, ഈ കോന്തന്റെ കൂടെ തന്നെ ഞാൻ ജീവിച്ച് തീർക്കും”
അതും പറഞ്ഞവൾ കട്ടിലിൽ ഇരുന്ന അഖിലിന്റെ മടിയിൽ കയറിയിരുന്ന് അവന്റെ തോളിലൂടെ കൈയിട്ട് കവിളിൽ ഒരുമ്മ കൊടുത്തു.
ദിവസങ്ങൾക്ക് ശേഷം ,അവളുടെ വിയർപ്പും സുഗന്ധദ്രവ്യവും ഇടകലർന്ന മത്ത് മണം അവനെ ഉന്മത്തനാക്കി.
നിമിഷങ്ങൾ കൊണ്ട് ചൂട് പിടിച്ച ശരീരത്തെ, നന്നായി തണുപ്പിക്കാൻ അവന്റെ ഉള്ളിൽ നിന്നും ആരോ നിർബന്ധിക്കുന്നത് അവന് പോലെ തോന്നി
നിയന്ത്രണാധീനമായ ചുടുനിശ്വാസങ്ങൾ ,ആ കട്ടിലിനെ പൊതിഞ്ഞ് കെട്ടിയിരുന്ന കൊതുക് വലയ്ക്കുള്ളിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് കൊണ്ടിരുന്നു.
*********************
“അഖിലേ, മോനേ നിനക്ക് ജോലിക്ക് പോകണ്ടേ “
കതകിൽ തട്ടിയുള്ള അമ്മയുടെ വിളി കേട്ടാണ് അഖിലുണരുന്നത്.
അടുത്ത് മേശപ്പുറത്ത് വച്ചിരുന്ന മൊബെലെടുത്ത് നോക്കിയപ്പോൾ മണി എട്ട് .
അവൻ തിരിഞ്ഞ് അമ്പിളിയെ നോക്കിയപ്പോൾ കാണുന്നില്ല.
ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ ‘ അവൾ കുളിക്കുകയാണെന്ന് മനസ്സിലായി.
ങ്ഹേ, അവൾ കുളിച്ചിട്ട്, അടുക്കളയിൽ കയറാനൊക്കെ തീരുമാനിച്ചോ?
അപ്പോൾ തന്നെ ഇഷ്ടങ്ങൾക്ക് അവൾ വില കല്പിക്കാൻ തുടങ്ങി.
കുറച്ച് കഴിഞ്ഞപ്പോൾ അവൾ ബാത്റൂമിന്റെ ഡോർ തുറന്ന് ഇറങ്ങി വന്നു.
“ഇതെന്താ നീ ഇനി മുതൽ വീട്ടിൽ ചുരിദാറിട്ടോണ്ട് ആണോ നില്ക്കുന്നത് “
പുതിയ ചുരിദാറിട്ട് ,ഇറങ്ങി വന്ന അമ്പിളിയോട് ‘ അവൻ ചോദിച്ചു.
ഞാനിന്നലെ പറഞ്ഞില്ലാരുന്നോ, എനിക്ക് എന്റെ വീടിനടുത്തുള്ള മാനേജ്മെന്റ് സ്കൂളിൽ, പ്രസവാവധിക്ക് പോയ ടീച്ചറുടെ ഒഴിവിലേക്ക്, ഒരു താല്കാലിക ജോലി കിട്ടിയെന്ന് . ഇത്ര വേഗംമറന്നോ”
അതും പറഞ്ഞവൾ, അരുമയായ് അവന്റെ മൂക്കിന്റെ തുമ്പിൽ പിടിച്ച് തിരിച്ചു.
“അതിന് പോകാൻ ഞാൻ പറഞ്ഞില്ലല്ലോ “
അവന്റെ ശബ്ദം കനത്തു.
എന്താ അഖിയേട്ടാ ഇത് എനിക്ക് കൂടി ജോലിയുണ്ടെങ്കിൽ അതിന്റെ ഗുണം നമുക്ക് രണ്ട് പേർക്ക് മല്ലേ? നാളെ നമുക്ക് കുട്ടികളൊക്കെയാകുമ്പോൾ അഖിയേട്ടന്റെ ഒരാളുടെ ശബ്ബളം കൊണ്ട് എങ്ങനെ ചിലവ് കഴിയുമെന്നാ, ഇപ്പോൾ തന്നെ ഒരു കുട്ടിയെ സ്കൂളിൽ ചേർക്കണമെങ്കിൽ തന്നെ വേണം പതിനായിരങ്ങൾ ,പിന്നെ ഓരോ മാസവും ട്യൂഷൻഫീസും, ബസ് ഫീസുമൊക്കെയായ് ചിലവ് വേറെ “
“അപ്പോൾ എന്റെ അനുവാദമില്ലാതെ നീ പോകാൻ തന്നെ തീരുമാനിച്ചോ? “
ഒരിക്കലുമല്ല, ഞാൻ അഖിയേട്ടനോട് ഇന്നലെ പറഞ്ഞു. അപ്പോൾ അഖിയേട്ടൻ മറുപടി ഒന്നും പറയാതിരുന്നത് കൊണ്ട് മൗനം സമ്മതമായി ഞാൻ കരുതി,
അത് കൊണ്ട് രാവിലെ അവിടുത്തെ പ്രിൻസി മാഡം വിളിച്ചപ്പോൾ ഞാൻ ചെല്ലുമെന്ന് അവർക്ക് വാക്കും കൊടുത്തു.
അത് കൊണ്ട് എന്റെ പൊന്ന് മോൻ ഇനി തടസ്സമൊന്നും പറയല്ലേ നല്ല കുട്ടിയായിട്ട് വേഗം കുളിച്ചൊരുങ്ങി പോകാൻ നോക്ക്, നമുക്കിനി വൈകിട്ട് കാണാം, ബൈ “
അത്രയും പറഞ്ഞ് അവന്റെ കവിളിൽ ,ഒരുമ്മയും കൊടുത്തിട്ട് അവൾ വേഗം മുറി വിട്ടിറങ്ങിപ്പോയി.
അഖിൽ അസ്വസ്ഥതയോടെ കട്ടിലിൽ നിന്ന് എഴുന്നേറ്റു.
അപ്പോഴേക്കുo ,അമ്മ കാപ്പിയുമായി അങ്ങോട്ട് കടന്ന് വന്നു.
“നീ പെണ്ണ് കെട്ടിയാലെങ്കിലും എനിക്ക് ഒന്ന് വിശ്രമിക്കാമെന്ന് കരുതിയതാ, ഇപ്പോൾ നിന്റെ ഭാര്യയ്ക്ക് കൂടി ഞാൻ വെച്ച് വിളമ്പി കൊടുക്കേണ്ട അവസ്ഥയായി. “
അസഹിഷ്ണുതയോടെ അവർ പറഞ്ഞപ്പോൾ അമ്പിളിയോടുള്ളഅഖിലിന്റെ രോഷം ഇരട്ടിയായി.
ഇല്ലമ്മേ അവൾക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ല, തെറ്റ് പറ്റിയത് എനിക്കാണ്, അമ്മ നിർബന്ധിച്ചപ്പോൾ ഞാൻ അവളെ കൂട്ടിക്കൊണ്ട് വരരുതായിരുന്നു.
ഇന്ന് തന്നെ ഞാൻ ഇതിനൊരു പരിഹാരം ഉണ്ടാക്കിയിരിക്കും.”
അത്രയും പറഞ്ഞയാൾ, ടർക്കിയുമെടുത്ത് കുളിമുറിയിലേക്ക് കയറി.
*******************
വൈകുന്നേരം, അഖിൽ നേരത്തെ ഓഫീസിൽ നിന്നിറങ്ങി വീടിനടുത്തുള്ള ബസ്സ് സ്റ്റോപ്പിൽ അമ്പിളിയെയും കാത്ത് നിന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ഒരു ട്രാൻസ്പോർട്ട് ബസ്സ് വന്ന് നിന്നു. അതിൽ നിന്നും അമ്പിളി ഇറങ്ങി വന്നു.
“ആഹാ എന്നെ കൂട്ടാൻ വന്നതാണോ, ഞാൻ നടന്ന് വന്നേനയല്ലോ ”
അതും പറഞ്ഞ് അവൾ അഖിലിന്റെ ബൈക്കിന്റെ പിന്നിലേക്ക് കയറാൻ തുടങ്ങി.
“നില്ക്ക്, കയറാൻ വരട്ടെ, ആദ്യം ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് കയറിയാൽ മതി.”
അത് കേട്ട് അവന്റെ മുഖത്തേയ്ക്ക് അവൾ ചോദ്യഭാവത്തിൽ നോക്കി.
നീ ഇനിയും ജോലിക്ക് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, നിനക്ക് നിന്റെ വീട്ടിലേക്ക് തന്നെ തിരിച്ച് പോകാം..അല്ല എന്റെ ഭാര്യയായ് ‘എന്റെയും എന്റെ അമ്മയുടെയും കാര്യങ്ങൾ നോക്കി ഒരു കുടുംബിനിയായി കഴിയാമെന്നു ണ്ടെങ്കിൽ കയറിക്കോ, കാരണം , എന്നെ അനുസരിച്ച് എന്റെ ചിലവിൽ കഴിയുന്ന ഒരു ഭാര്യയെ ആണ് എനിക്കാവശ്യം, അല്ലാതെ നിന്റെ ‘ശബ്ബളം കൊണ്ട് വന്നിട്ട്, ജീവിക്കേണ്ട ഗതികേട് എനിക്കില്ല, മാത്രമല്ല, നിന്റെ വിദ്യാഭ്യാസ യോഗ്യത വച്ച് നാളെയൊരു ദിവസം നീ ഇതിലും വലിയ ജോലിക്കാരിയാകും അപ്പോൾ നീ എന്നെ ഭരിക്കാൻ തുടങ്ങും പിന്നെ ഞാൻ നിന്റെ ആട്ടും തുപ്പും കേട്ട് ഒരു പെൺകോന്തനായി മാറേണ്ടി വരും”
അവൻ പറഞ്ഞ് നിർത്തിയപ്പോൾ അമ്പിളി ചോദിച്ചു.
അപ്പോൾ നിങ്ങളുടെ മനസ്സിൽ ഇത്രയൊക്കെ കോംപ്ളക്സുകൾ ഉണ്ടായിരുന്നില്ലേ? നിങ്ങൾക്കാവശ്യം ഒരു ഭാര്യയെ അല്ല മറിച്ച് ഒരു അടിമയെ ‘ ആണെന്ന് ഇപ്പോൾ മനസ്സിലായി.
സോറി, ഒരു പാട് കഷ്ടപ്പെട്ടിട്ടാണ് എന്റെ അച്ഛൻ എന്നെ ഇത്രയേറെ പഠിപ്പിച്ചത്.
പെൺകുട്ടികൾ, സ്വയം പ്രാപ്തരായില്ലെങ്കിൽ ചെന്ന് കയറുന്ന വീട്ടിൽ അവർക്കൊരു വിലയുമുണ്ടാവില്ലന്ന് എന്റെ അമ്മയും എപ്പോഴും പറയുമായിരുന്നു.
എന്റെ അച്ഛനും, അമ്മയ്ക്കും ജോലി ഉണ്ടായിരുന്നത് കൊണ്ടാണ് ഞാൻ ഉൾപ്പെടെ ഉള്ള നാല് പെൺമക്കളെ അവർക്ക് നല്ല രീതിയിൽ വിവാഹം കഴിച്ച യക്കാൻ സാധിച്ചതെന്ന് അവർ എപ്പോഴും പറയുമായിരുന്നു.
പക്ഷേ നിങ്ങളെ പോലെ നെഗറ്റീവ് ആയി ചിന്തിക്കുന്ന ഒരാളോടൊപ്പം ജീവിക്കുന്നതിനെക്കാൾ നല്ലത് ഒറ്റക്ക് ജീവിക്കുന്നത് തന്നാ ‘
എനിക്ക് വേണ്ടി നിങ്ങൾ വെയ്റ്റ് ചെയ്യണമെന്നില്ല പോയ്ക്കോളു. എന്റെ വീട്ടിലേക്കുള്ള അടുത്ത വണ്ടി വരുമ്പോൾ ഞാൻ അങ്ങോട്ട് തന്നെ പൊയ്ക്കൊള്ളാം.”
അത് കേട്ട് കോപാന്ധനായ, അഖിൽ, ബൈക്ക് സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ മൂപ്പിച്ച് കൊണ്ട് പാഞ്ഞ് പോയി.
നിറകണ്ണുകളോടെ അമ്പിളി അത് നോക്കി നിന്നു.
*******************
“ഇവിടെങ്ങാണ്ടല്ലേടാ ,പെണ്ണിന്റെ വീട് “
ബൈക്കോടിച്ചിരുന്ന കണ്ണേട്ടന്റെ ചോദ്യം കേട്ട് ,അഖിൽ പഴയ കാല ഓർമ്മയിൽ നിന്ന് ഞെട്ടിയുണർന്നു.
“അതെ കണ്ണേട്ടാ ,നമുക്കാ രോടെങ്കിലും ഈ അഡ്രസ്സ് ചോദിക്കാം “
അവൻപോക്കറ്റിൽ നിന്ന് മടക്കിയപേപ്പർ എടുത്ത് നിവർത്തി ,വഴിയിൽ നിന്ന ഒരു കാർന്നോരോട് അന്വേഷിച്ചു.
അയാൾ പറഞ്ഞ വഴിയിലൂടെ ചെന്നപ്പോൾ കൃത്യമായി ആ പേരു് വച്ച ഗേറ്റ് കണ്ടു.
ബൈക്ക് റോഡിനരികിൽ നിർത്തിയിട്ട് ഗേറ്റ് തുറന്ന് അകത്ത് ചെന്ന് കോളിംഗ് ബെല്ലടിച്ചു.
പ്രായമുള്ളൊരു സ്ത്രീ വന്ന് വാതിൽ തുറന്നു.
“വരു അകത്തേയ്ക്ക് കയറി ഇരിക്കു.”
അവർ വിനയാന്വിതയായ് പറഞ്ഞു.
“ഇത് പെണ്ണിന്റെ അമ്മയായിരിക്കും “
കണ്ണേട്ടൻ അഖിലിന്റെ ചെവിയിൽ പറഞ്ഞു.
സിറ്റൗട്ടിൽ നിന്ന് ഹാളിനകത്തേയ്ക്ക് കയറിയപ്പോൾ ആ അമ്മ സെറ്റി ചൂണ്ടിക്കാണിച്ച് അവരോട് പറഞ്ഞു.
“അങ്ങോട്ടിരുന്നോളൂ”
അവർ സെറ്റിയിൽ ഇരുന്ന് ടീപ്പോയിൽ കിടന്ന ദിനപത്രമെടുത്ത് മറിച്ച് നോക്കുന്ന സമയത്ത് പെണ്ണിന്റെ ‘അമ്മ അടുക്കളയിലേക്ക് പോയി.
കുറച്ച് കഴിഞ്ഞ് രണ്ട് ഗ്ളാസ്സിൽ തണുത്ത പതഞ്ഞ് പൊങ്ങിയ എന്തോ പാനീയം അവർക്ക് കൊണ്ട് കൊടുത്തു.
“വെയില് കൊണ്ട് വന്നതല്ലേ ‘ആദ്യം ശരീരമൊന്ന് തണുക്കട്ടെ”
ആ സ്ത്രീ ചിരിച്ച് കൊണ്ട് പറഞ്ഞു.
“പെണ്ണ് എവിടെ “
കണ്ണേട്ടൻ അക്ഷമയോടെ ചോദിച്ചു.
‘ഉം ,നിങ്ങൾ കുടിക്ക് ,ഞാനിപ്പോൾ കൂട്ടീട്ട് വരാം “
ആ സ്ത്രീ അകത്തെ മുറിയിലേക്ക് കയറി പോയി
പെണ്ണ് ഭയങ്കര നാണക്കാരിയാണെന്ന് തോന്നുന്നു നിന്റെ ആഗ്രഹം പോലെ വീട്ടിൽ തന്നെ അടങ്ങി, ഒതുങ്ങി നിന്നോളും കേട്ടാ”
കണ്ണേട്ടൻ അവനോട് അടക്കം പറഞ്ഞു
അവർ രണ്ട് പേരും ആ മുറിയുടെ വാതിലിന് നേരെ ശ്വാസമടക്കി, കണ്ണിമ വെട്ടാതെ നോക്കിയിരുന്നു.
പെട്ടെന്ന് വാതിൽ വിരി വകഞ്ഞ് മാറ്റി ഒരു വീൽചെയർ ഉരുണ്ട് വരുന്നത് കണ്ടു
അതിൽ സുന്ദരിയായ ഒരു യുവതി ഇരിക്കുന്നു.
തൊട്ട് പുറകെ അവളുടെ അമ്മയും ഇറങ്ങി വന്നു.
“അഖിൽ ..എന്താ മിഴിച്ച് നോക്കുന്നത്, ഇത് ഞാൻ തന്നാ, കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഇന്ന് രാവിലെ വരെ നിങ്ങളോട് സംസാരിച്ച അതെ അഞ്ജലി തന്നാ ,
അഖിലും ,കണ്ണനും ഒരു പോലെ ഞെട്ടി.
“അല്ല ഇത് “
അവൻ അവളുടെ വീൽചെയർ ചൂണ്ടി ചോദിച്ചു ‘
ഒ ഹ് ഇതോ ,ഇത് ഞാൻ എന്റെ ഓർമ്മ വെച്ച കാലം മുതൽ ഉപയോഗിക്കുന്നതാ’ ചെറുപ്പത്തിലെ പോളിയോ ബാധിച്ച് അരക്ക് കീഴ്പോട്ട് തളർന്ന് പോയി . അത് കൊണ്ട് ജീവിതകാലം മുഴുവൻ ഞാനീ വീൽചെയറിൽ തന്നെയായിരിക്കും
ഈയൊരു അവസ്ഥയിൽ എന്നെ ചികിത്സിക്കാനായി നടന്നത് കൊണ്ട് , ആശുപത്രികൾ കയറിയിറങ്ങി എന്റെ പഠിത്തമൊക്കെ ഇടയ്ക്ക് വച്ച് മുടങ്ങിപ്പോയി.
അത് കൊണ്ട് ജോലിയൊന്നും കിട്ടിയതുമില്ല.
പിന്നെ അമ്മ എന്നെ വീട്ടുജോലികളൊക്കെ നന്നായി പഠിപ്പിച്ച് കെട്ടോ ഇനിയിപ്പോൾ ആരെങ്കിലും അലിവു തോന്നി എന്നെ എങ്ങാനും കെട്ടിക്കൊണ്ട് പോയാൽ ഒരു നല്ല കുടുംബിനിയാകാൻ എനിക്ക് കഴിയുഎം
ഈ വീൽചെയറിൽ ഇരുന്ന് കൊണ്ട് ഭർത്താവിനെയും മക്കളെയും ,നല്ലത് പോലെ നോക്കാനും, മറ്റ് സ്ത്രീകളെ പോലെ ,വീട്ട് ജോലി ചെയ്യാനും എനിക്ക് കഴിയും.
അല്ല അഖിലിന്റെ മനസ്സിലും അങ്ങനെയൊരു ഭാര്യയാണെന്നല്ലേ കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ സംസാരിച്ചപ്പോൾ എന്നോട് പറഞ്ഞത്ഭ ർത്താവിനെ ധിക്കരിച്ച് ജോലിക്ക് പോയത് കൊണ്ടാണ് ആദ്യ ഭാര്യയെ ഉപേക്ഷിച്ചതെന്നും എന്നോട് പറഞ്ഞു ‘ അപ്പോൾ അഖിലിന്റെ സങ്കല്പത്തിലെ ഭാര്യയാകാനുള്ള യോഗ്യത എനിക്ക് ഉണ്ടെന്ന് തോന്നിഅത് കൊണ്ടണ് ഇതൊരു സർപ്രൈസായിക്കോട്ടെ എന്ന് ഞാൻ കരുതിയത്.
എല്ലാം കേട്ട് തരിച്ചിരിക്കയായിരുന്നു അഖിൽ
താൻ മെസഞ്ചർ വഴി പരിചയപ്പെട്ടതാണ് രജിതയെ ചാറ്റിങ്ങിലൂടെ മനസ്സുകൾ തമ്മിൽ കൂടുതൽ അടുത്തപ്പോൾ തന്റെ ചരിത്രം മുഴുവൻ അവളോട് പറഞ്ഞിരുന്നു.
അവൾക്കും അവളുടെതല്ലാത്ത കാരണങ്ങൾ കൊണ്ട് വിവാഹം ഇത് വരെ നടന്നിട്ടില്ല എന്നാണ് പറഞ്ഞത്.
ഫോൺ ചാറ്റിങ്ങിൽ നിന്നും ,തന്റെ സങ്കല്പവുമായി ചേർന്ന് നില്ക്കുന്ന ഒരു പെണ്ണ് ആണെന്ന് തോന്നി
അങ്ങനെയാണ് അവളുടെ സമ്മതത്തോടെ ഈ പെണ്ണ് കാണലിന് വന്നത്.
എന്താ അഖിൽ എന്നെ പോലെ ഒരാളെ അക്സപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടല്ലേ?
ഭാര്യയാകുന്നവൾ, പൂർണ്ണ ആരോഗ്യവതിയും, വിദ്യാസമ്പന്നയുമായിരിക്കണം’ എന്നാൽ അവൾ പുരുഷനെ പോലെ ജോലിക്ക് പോകാനോ സമ്പാദിക്കാനോ പാടില്ല.എന്നും പുരുഷന്റെ അടിമയായി അവന്റെ കാ മ ദാഹം തീർത്ത്, അവന്റെ കുട്ടികളെ പ്രസവിച്ച്, അവന്റെ മാറി മാറി വരുന്ന സ്വഭാവ വ്യതിയാനങ്ങളെയെല്ലാം സഹിച്ച് ഒരു മിണ്ടാപ്രാണിയെ പോലെ ഹൗസ് വൈഫ് എന്ന ഓമന പേരിൽ ഒതുങ്ങി കഴിഞ്ഞോളണം അല്ലേ?
അതെല്ലാം കേട്ട് ഒരു കുറ്റവാളിയെ പോലെ അഖിൽ തല കുനിച്ചിരുന്നു.
ഇരുന്ന് വിയർക്കണ്ട, അഖിൽ പോയ്ക്കോളു ഞാൻ ഒരിക്കലും അഖിലിന് ചേർന്നവളല്ല പക്ഷേ തന്നെ യാഥാർത്ഥ്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്താനും, താൻ നിസ്സാര കാര്യത്തിനായി വഴിയിലുപേക്ഷിച്ച തന്റെ അമ്പിളിയാണ് തനിക്ക് യോജിച്ചവൾ എന്ന് ബോധ്യപ്പെടുത്താനുമാണ് ഇന്ന് ഇങ്ങോട്ട് വരാൻ ക്ഷണിച്ചത്.
എന്റെ വാക്കുകൾ തന്നെ വേദനിപ്പിച്ചെങ്കിൽ സോറി ഇനിയും നമ്മൾ FB യിലെ നല്ല കൂട്ടുകാർ തന്നെയായിരിക്കും.
മറുപടി പറയാൻ വാക്കുകളില്ലാതെ അഖിൽ എഴുന്നേറ്റു ഒപ്പം കണ്ണേട്ടനും’
ബൈക്കിന്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്യുമ്പോഴും അഖിലിന്റെ ചെവിയിൽ വന്ന് പതിച്ച് കൊണ്ടിരുന്നത് അഞ്ജലിയുടെ വാക്കുകളായിരുന്നു’
അവന്റെ മനസ്സിൽ കുറ്റബോധം തലപൊക്കാൻ തുടങ്ങി.
വണ്ടി മെയിൻ റോഡിൽ നിന്നും, അഖിലിന്റെ വീട്ടിലേക്കുള്ള വളവിലേക്ക് തിരിയാൻ തുടങ്ങുമ്പോൾ അവൻ കണ്ണേട്ടനോട് പറഞ്ഞു.
“കണ്ണേട്ടാ വണ്ടി കിഴക്കമ്പലത്തേക്ക് പോകട്ടെ “
കണ്ണൻ പെട്ടെന്ന് വണ്ടി നിർത്തി
“ങ് ഹേ അവിടെ നിന്റെ ആദ്യ ഭാര്യയുടെ വീടല്ലേ “
അതേ കണ്ണേട്ടാ എനിക്ക് അവളെ കാണണം, കഴിഞ്ഞ് പോയതിനൊക്കെ മാപ്പ് പറഞ്ഞ് അവളെ, കൂട്ടിക്കൊണ്ട് വരണം കണ്ണേട്ട, എനിക്ക് എന്റെ തെറ്റ് തിരുത്തണം.
കണ്ണൻ ബൈക്ക് നേരെ കിഴക്കമ്പലത്തേക്ക് തിരിച്ചു.
അമ്പിളിയുടെ വീട് അടുക്കും തോറും ജനതിരക്കും വാഹനങ്ങളുടെ നീണ്ട നിരയും കണ്ടു.
ഒരു വശത്തായി പുതിയ മെറൂൺ നിറമുള്ള ഒരു ഹോണ്ട സിറ്റി കാർ അലങ്കരിച്ചിട്ടിരിക്കുന്നു.
അതിന്റെ പിൻഗ്ളാസ്സിൽ ഒട്ടിച്ചിരിക്കുന്ന വധു വരന്മാരുടെ ഫോട്ടോ കണ്ടപ്പോൾ കണ്ണേട്ടനോട് വണ്ടി നിർത്താൻ അഖിൽ ആവശ്യപ്പെട്ടു.
ബൈക്ക് നില്കുന്നതിന് മുൻപ് തന്നെ അഖിൽ ചാടിയിറങ്ങി കാറിന്റെ പുറകിലൊട്ടിച്ച ഫോട്ടോയിൽ സൂക്ഷിച്ച് നോക്കി.
കണ്ണിലിരുട്ട് കയറുന്നത് പോലെ അവന് തോന്നി.