ഒന്ന് തിരിച്ചു കൊടുക്കേണ്ടതാണ് അവൾ.. പക്ഷേ എങ്ങനെ പ്രതികരിക്കാൻ പറ്റാത്ത വിധത്തിൽ രണ്ട് കയ്യിലും മൈലാഞ്ചി ഉള്ളത് അവളെ കുഴപ്പത്തിലാക്കി……

ചെമ്പകപ്പൂ

രചന : വിജയ് സത്യ

രാവിലെത്തന്നെ ഫാൻസി സ്റ്റോറിൽ പോയി എന്തൊക്കെയോ വാങ്ങിച്ചു വന്ന കൂട്ടത്തിൽ മെഹന്തിയും ഉണ്ടായിരുന്നു ആരതി ചേച്ചിയുടെ കയ്യിൽ..

ആരതി ചേച്ചി കയ്യിൽ മൈലാഞ്ചി ഇടാൻ ഉള്ള പുറപ്പാടിലാണ്..

വിമൽ മോൻ കരുതി ഇടട്ടെ.. നന്നായി കുറെ സമയം പിടിച്ചു കഷ്ടപ്പെട്ട് ഇടട്ടെ…കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ… ഒക്കെ കൊളമാക്കണം…അവൻ മനസിലുറപ്പിച്ചു..

ഇന്നലെ വിമൽ മോൻ സ്കൂൾ അവധിയായതിനാൽ വീട്ടിൽ നിന്നും സൈക്കിൾ എടുത്തു അമ്മയോടും ആരതിയോടോ പറയാതെ കൂട്ടുകാരുടെ കൂടെ കൂടി കുറെ ദൂരം പോയി സൈക്കിൾ ഓടിച്ചു കളിച്ചു വന്നിരുന്നു…

ഇതൊക്കെ അയൽപക്കത്ത് അവന്റെ കൂട്ടുകാരനായ വിച്ചു മോനോട് ചോദിച്ചു മനസ്സിലാക്കിയ ചേച്ചി ആരതി അമ്മയോട് അല്പം ഏഷണി കൂട്ടി പറഞ്ഞു കൊടുത്തു..

അന്ന് വൈകിട്ട് അമ്മയുടെ കയ്യിൽ നിന്നും ചൂരൽ കഷായം കണക്കിന് കിട്ടി.

അതിനു പകരം വീട്ടണം.. ആരതി ചേച്ചിക്ക് എട്ടിന്റെ പണി കൊടുക്കണം.. അവസരം കാത്തിരിക്കുകയായിരുന്നു വിമൽ മോൻ..!

അപ്പോഴാണ് നാളെ കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ ഉള്ള ഒരുക്കത്തിന്റെ ഭാഗമായി ആതിര ചേച്ചി കയ്യിൽ മെയിലാഞ്ചി ഇടാനുള്ള പുറപ്പാട് കണ്ടത്..

അവൻ ക്ഷമയോടെ കാത്തു നിന്നു. ആദ്യം ഒരു കൈയിൽ അവളുടെ കലാപരിപാടികൾ മുഴുവൻ തകർത്തു വരച്ചുവെച്ചപ്പോൾ അമ്മ വന്നു..മറ്റേ കൈയിൽ അമ്മയുടെ കലാഭാവനകൾ പീലി വിടർത്തുന്ന വരകൾ വരച്ചു ജോലി പൂർത്തിയായി.

ഇനി ഉണങ്ങാൻ വേണ്ടി റെസ്റ്റ് ചെയ്യാൻ നേരമായി..

ചേച്ചി വന്നിട്ട് ഫാൻ ഓൺ ചെയ്തു ടിവി ഓൺ ചെയ്തു ഹാളിൽ സോഫയിൽ ഇരിക്കുകയാണ്…

വിമൽ മോൻ പമ്മിപ്പമ്മി സോഫയുടെ പിറകിലൂടെ പോയി ആരതി ചേച്ചിയുടെ ചെവി പിടിച്ച് തീരുമി… പിറകിൽ നിന്നും പെട്ടെന്നുള്ള ആക്രമണത്തിൽ അവൾ പകച്ചു.. പിന്നെ മനസ്സിലായി വിമൽ മോനാണെന്ന്…

“എന്നെ അടി കൊള്ളിക്കും അല്ലെ… എടി ക ള്ളി..”

അവന്റെ കുഞ്ഞു കൈകൊണ്ട് അവൻ തിരിക്കുമ്പോൾ അവൾക്ക് ഇക്കിളിയാണ് ഉണ്ടായത്..

പാവത്തിന് ചെവി പിടിച്ച് തിരിക്കുന്നത് എങ്ങനെ എന്ന് അറിയില്ല.

അവൾക്ക് വേദനിച്ചില്ലെങ്കിലും അതുപോലെ അഭിനയിച്ചു ഒച്ച എടുത്തപ്പോൾ അമ്മ ഓടി വന്നു..

“നോക്കൂ അമ്മേ ഈ വിമൂ എന്റെ മൈലാഞ്ചി മുഴുവൻ മോശമാകും.. എനിക്ക് അവനെ ത ല്ലാൻ പറ്റാത്ത കാരണം അവൻ കേറി കളിക്കുകയാണ് എന്ത് ചെവിയിൽ..”

“വീട് മോനേ ചേച്ചി പാവമല്ലേ..?”

“ഇത് പാവം ആണോ ഭയങ്കര സാധനം ആണ്..ഇതിന്റെ വാക്ക് കേട്ടിട്ട് അമ്മയെന്നെ ഇന്നലെ അടിച്ചത്.. അത് ഞാൻ ഇപ്പൊ തിരിച്ചു കൊടുക്കുകയാ..”

അതും പറഞ്ഞുഅവൻ തന്റെ കുഞ്ഞ് കൈ ചുരുട്ടി അവൾകിട്ടു നടുപ്പുറത്ത് ഒരു വീക്ക് കൂടി വച്ചു കൊടുത്തു..

“അമ്മേ”

ഇപ്രാവശ്യം അവൾക്ക് വേദനിച്ചു.

ഒന്ന് തിരിച്ചു കൊടുക്കേണ്ടതാണ് അവൾ.. പക്ഷേ എങ്ങനെ പ്രതികരിക്കാൻ പറ്റാത്ത വിധത്തിൽ രണ്ട് കയ്യിലും മൈലാഞ്ചി ഉള്ളത് അവളെ കുഴപ്പത്തിലാക്കി

അമ്മ കണ്ടു ചിരിച്ചു..

കള്ളൻ നല്ല അവസരം നോക്കിയിരിക്കുകയായിരുന്നു

“നീ ഇങ്ങനെ ഉള്ള നേരം നോക്കി ഇരിക്കുകയായിരുന്നെടാ..”

അവന്റെ കുസൃതികൾകണ്ടു അമ്മ പൊട്ടിചിരിച്ചു കൊണ്ട് ചോദിച്ചു..

അമ്മയുടെ ചിരി കണ്ടപ്പോൾ അവന്റെ കുരുത്തക്കേട് കൂടി..

“ദേ അമ്മേ നിങ്ങൾ അവനെ വഴക്കു പറയാതെ കിടന്ന് ഇളിക്കല്ലേ… ആ ചൂരൽ ഇങ്ങടുത്തെ..”

ചൂരൽ എന്ന് കേട്ടപ്പോൾ പെട്ടെന്ന് വിമൽ ആരതിയുടെ രണ്ടു കയ്യിൽ കയറി പിടിച്ചു മൈലാഞ്ചി ചിത്രങ്ങൾ കൊളമാക്കി..

“അമ്മേ… എല്ലാം പോയി… ആകെ നാശമാക്കി…”

ആരതി ഉച്ചത്തിൽ നിലവിളിച്ചു കരഞ്ഞു..

ഒച്ചകേട്ട് അമ്മ എണീറ്റ് ലൈറ്റിട്ട് നോക്കുമ്പോൾ ആരതി മോൾ ബെഡിൽ ഇരുന്ന് കരയുകയാണ്…

“എന്താ മോളെ എന്തുപറ്റി?”

അമ്മ കിടക്കുന്നതിന് സമീപം വേറൊരു ബെഡ്ഡിൽ ആയിരുന്നു ആരതി കിടന്നിരുന്നത്.

അമ്മ ബെഡിൽ നിന്ന് ഓടി അവളുടെ ബെഡിൽ അടുത്തു പോയി ചോദിച്ചു.

“അമ്മേ നമ്മുടെ വിമൽ മോൻ ഇപ്പോ ഇവിടെ ഉണ്ടായിരുന്നു..”

“എന്റെ മോള് ഉറങ്ങുകയല്ലേ.. സ്വപ്നം കണ്ടതാണ് “

ആരതിക്ക് ക്ക് മനസ്സിലായി താൻ സ്വപ്നം കണ്ടത് ആണെന്ന്..

കഴിഞ്ഞ ഒരു വർഷമായി ആരതിയും അമ്മയും കൊച്ചനുജന്റെ അകാല വിയോഗത്തിൽ മനംനൊന്തു കഴിയുകയായിരുന്നു…

ഇടയ്ക്കിടെ സ്വപ്നത്തിൽ മകനുമായി വഴക്കിടുകയും നിലവിളിക്കുകയും പതിവായതിനെത്തുടർന്ന് അച്ഛനും അമ്മയും കിടക്കുന്ന റൂമിൽ തന്നെ അവളെ കിടത്തിയിരിക്കുകയാണ്..

വിമൽ മോനും അവളും വേറെ ഒരു റൂമിൽ ഒന്നിച്ചു ആയിരുന്നു മുമ്പ് വരെ….

അകാലത്തിൽ പിരിഞ്ഞു പോയ മകന്റെ ചിന്തകൾ അവരെ ഊണിലും ഉറക്കത്തിലും വേട്ടയാടി കൊണ്ടിരിക്കുകയായിരുന്നു ഈ കാലമത്രയും..

പിറ്റേന്ന് രാവിലെ മുറ്റത്തെ പൂന്തോട്ടത്തിൽ ഇറങ്ങിയ അവൾ ആ കാഴ്ച കണ്ടു സന്തോഷം കൊണ്ടു..

പൂന്തോട്ടത്തിൽ ആദ്യമായി വിമുമോൻ നട്ട ചെമ്പകം മൊട്ടിട്ടിരിക്കുന്നു.

ആരതിക്ക് സന്തോഷമായി. ഒരു കൊച്ചു കുഞ്ഞിനെ പോലെ ആ പതിനെട്ടുകാരി തുള്ളിച്ചാടി അമ്മയോട് പോയി വിവരം പറഞ്ഞു.

അമ്മയും വന്നു നോക്കി അമ്മയ്ക്ക് അത് കണ്ട് സന്തോഷമായി.

“മറ്റന്നാൾ അത് പൂവായി വിരിയും “

അമ്മ മൊട്ടു നോക്കി പറഞ്ഞു.

“മറ്റന്നാൾ ആണല്ലോ നമ്മുടെ വിമൽ മോന്റെ ചരമവാർഷികദിനം അന്നാ പൂവിറുത്തു ഒരു പൂമാലയിൽ കോർത്ത് അവന്റെ ഫോട്ടോയിൽ ഇടാം”.

അമ്മ പറഞ്ഞു

“ശരി അമ്മേ ഞാനും കരുതിയതാ അത്”

“പിന്നെ മോളെ അപ്പുറത്തെ വീട്ടിലെ വിച്ചുമോനെ ഒന്ന് ശ്രദ്ധിക്കണേ
അവൻ ഇവിടെ വന്നു പൂവുകൾ പറിച്ചു നുള്ളി പൊട്ടിച്ചു കളയുന്ന പതിവുണ്ട്.”

“ഏയ്യ് അവൻ ഒന്നും ചെയ്യില്ല”

പിറ്റേന്നും തൊടിയിൽ പോയി അവൾ ആ പൂമൊട്ടിന് ശ്രദ്ധിച്ചു അതു കുറച്ചുകൂടി വളർന്നിട്ടുണ്ട്.

നാളെ വിരിയും.

പിറ്റേന്ന് അതിരാവിലെ അമ്മയും മകളും എഴുന്നേറ്റ് ചെമ്പകപൂ വിരിഞ്ഞത് നോക്കാൻ പോയി.

പൂവിടർന്നു പുഞ്ചിരിച്ചു നിൽക്കുന്നു.

മുറ്റത്തും തൊടിയിലും ആകെ സൗരഭ്യംപടർന്നു.

“മോളെ ആരതി കുളിച്ചിട്ട് വന്നിട്ട് ശുദ്ധിയോടെ വേണം ഇത് പറിക്കാൻ..
ഇതൊക്കെ ദൈവീക പുഷ്പങ്ങളാണ്..”

“ഞാൻ കുളിക്കട്ടെ”

അവൾ കുളിക്കാൻ ഓടി.

കുളി കഴിഞ്ഞു വസ്ത്രം ഒക്കെ ധരിച്ച് പൂക്കുടയുമായി തൊടിയിൽ എത്തി.

ആ പൂ , മരത്തിൽ കാണാനില്ല. അവൾ ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ വിച്ചു മോൻ ആ പറിച്ചെടുത്ത പൂവും കൊണ്ട് തങ്ങളുടെ ഗേറ്റ്കടന്നു ഓടുന്നത് കണ്ടു.

” അമ്മേ നമ്മുടെ പൂവ് പോയി”

അവൾ അമ്മയുടെ അടുത്തുപോയി സങ്കടപ്പെട്ടു.

” ശരിയാക്കി കൊടുക്കുന്നുണ്ടു ഞാൻ അവന്റെ വീട്ടിൽ പോയി”

അമ്മ നന്നായി ദേഷ്യപ്പെട്ടു.

” അമ്മ വഴക്കു കൂട്ടണ്ട.ഇന്ന് നമ്മുടെ മോന്റെ ഓർമ്മദിനം അല്ലേ? “

ആരതി അമ്മയെ സമാധാനിച്ചു.

അവൾ വേറൊരു പൂമാല ഉണ്ടാക്കി വിമൽ മോനെ ഫോട്ടോയിട്ട് പ്രാർത്ഥിച്ചു.

പിറ്റേന്ന് വിച്ചുമോന്റെ അമ്മയെ കണ്ടപ്പോൾ ആരതി പരിഭവം പറഞ്ഞു.

വിച്ചു മോന്റെ അമ്മ അതിനു മറുപടിയായി ഒന്നും മിണ്ടിയില്ല.

” മോള് വാ..”

ആരതിയെ അവർ വീട്ടിലേക്ക് കൊണ്ടുപോയി അവിടുത്തെ കാഴ്ച അവളുടെ കണ്ണ് നനയിച്ചു.

വിച്ചുമോന്റെ റൂമിലെ മേശപ്പുറത്ത് വിമൽ മോനെ പടംവെച്ച് ഒരുപാട് പൂക്കളും മധ്യത്തിൽ ആ ചെമ്പകപൂവും വച്ചിരിക്കുന്നു.

അവർ പറഞ്ഞു..

“ഇന്നലെ അതിരാവിലെ തന്നെ ഇവിടുന്നും നിങ്ങളുടെ തൊടിയിൽ നിന്നും ഒരുപാട് പൂക്കൾ പറിച്ചു എന്നിട്ട് എന്നോട് പറയുകയാ

‘മമ്മി നമുക്ക് വിമലിന്റെ കുഴിമാടത്തിൽ പോയി പൂക്കൾ കൊണ്ട് വെക്കാം ‘എന്നു..!

അപ്പോൾ ഞാൻ പറഞ്ഞു

‘മോനെ നമ്മൾ ഓർമ്മ ദിനത്തിൽ കുഴിമാടത്തിൽ കൊണ്ടുപോയി പൂക്കൾ അർപ്പിക്കുക സാധാരണമാണ് പക്ഷേ നമ്മുടെ ആചാരമല്ല മകനെ അവർക്ക്. അവർക്ക് അതൊന്നും ചെയ്തുകൂടാ.. ‘

എന്ന് ഞാൻ അവനു മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു..

അതുകേട്ടപ്പോൾ ഒത്തിരി സങ്കടപ്പെട്ടു എങ്കിലും ഈ സെറ്റപ്പ് വിച്ചുന്റെ റൂമിൽ അവന്റ അപ്പച്ചൻ ഉണ്ടാക്കിക്കൊടുത്താണ് അവന്റെ വിഷമം തീർത്തത്.. എന്തു പറയാനാ നമ്മുടെ വിമൽ മോന്റെ വേർപാട് വിച്ചു മോനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. കാരണം അവന്റെ കൺമുന്നിൽ വെച്ചാണല്ലോ ആ സ്കൂൾ ബസ്സ് കൂട്ടുകാരനും ക്ലാസ്മേറ്റ് മായ വിമലിന്റെ… “

അവർ പകുതിക്ക് നിർത്തി തേങ്ങി.

ആരതിക്കും കരച്ചിൽ നിയന്ത്രിക്കാനായില്ല. അവളും കരഞ്ഞ് ആ പൂക്കൾകൊപ്പം തന്റെ കണ്ണീർപൂക്കൾ കൂടി അർപ്പിച്ചു