എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
അയാൾ ജീവിതം പങ്കിടാൻ കണ്ടെത്തിയ പെൺകുട്ടി അതീവ സുന്ദരിയായ ഒരു നർത്തകിയായിരുന്നു. പണ്ടൊരു നൃത്തവേദിയിൽ വെച്ച് അവളുടെ ചടുല ചുവടുകളിൽ കുരുങ്ങിയതാണ് അയാളുടെ കണ്ണുകൾ.
അന്ന് നൂറോളം ആരാധകരുടെ ഇടയിലേക്ക് അയാളും ഉന്തിത്തള്ളിക്കയറി. ആരുടേയോ കാലിനിടയിലൂടെ നൂണുയർന്ന് അയാൾ തന്റെ പ്രേമാഭ്യർത്ഥന അവളോട് നടത്തി. ഒരു പതിവ് ചിത്രം പോലെ അതിനോടൊന്ന് ചിരിക്കുക മാത്രമേ അവൾ ചെയ്തുള്ളൂ. സംഘാടകരോട് നർത്തകിയുടെ വിലാസവും ഇരന്ന് വാങ്ങിയാണ് അയാളന്ന് പോയത്.
പിറ്റേന്ന് കാലത്ത് തന്നെ രണ്ട് കാളിങ് ബെല്ലടി കേട്ട് അവളുടെ അച്ഛൻ കതക് തുറന്നപ്പോൾ ചിരിച്ച് കൊണ്ട് മുന്നിൽ നിന്നിരുന്നത് അയാളായിരുന്നു.
‘ഇരിക്കൂ…പല്ല് തേച്ചിട്ട് വരാം..’
വിഷയമൊരു വിവാഹ ആലോചനയാണെന്ന് അറിഞ്ഞ അവളുടെ അച്ഛൻ അയാളോട് ഇരിക്കാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി. ചുമരുകളിൽ മുഴുവൻ അവളുടെ നാട്യമാണ്. മൊട്ട് പോലെ വിടർന്ന കണ്ണുകൾ. തിളക്കുന്ന അന്തിച്ചോപ്പിൽ മുങ്ങിയ ചുണ്ടുകൾ. ആരും മോഹിച്ച് പോകുന്നയൊരു ശില്പം പോലെ അവൾ തന്നെ വശ്യമായി നോക്കുകയാണെന്ന് അയാൾക്കപ്പോൾ തോന്നി.
‘അതേയ്… ഒന്നും തോന്നല്ലേ… എനിക്ക് കെട്ടാനുള്ള ചിന്തയൊന്നുമില്ല. നേരമായി.. ചായകുടിച്ചിട്ട് പോകൂട്ടോ..’
ഇന്നലെയാ പ്രേമാഭ്യർത്ഥനയ്ക്ക് നൽകിയ അതേ ചിരി സമ്മാനിച്ചിട്ട് അവൾ കോളേജിലേക്ക് തന്റെ സ്കൂട്ടിയിൽ ചലിച്ചു. തലയിലെ സ്ക്രൂ ഇളകിയ പരവേശത്തോടെ അയാളും അവൾക്ക് പുറകേയിറങ്ങി.
ഒന്നും അവിടം കൊണ്ട് തീർന്നില്ല. അയാൾ പിന്നേയും അവളെ നിരന്തരമായി പിന്തുടർന്നു. അവൾ പോകുന്ന വഴികളിലും അവൾ പങ്കെടുക്കുന്ന നൃത്തവേദികളിലും തന്റെ നിറസാന്നിധ്യം അവളെ അയാൾ അറിയിച്ചുകൊണ്ടേയിരുന്നു. എന്നിട്ടും അവൾ അയാളോടൊന്ന് ചിരിക്കുക കൂടി ചെയ്തില്ല. എന്തിന് പറയുന്നു.. അന്ന് അവളുടെ സ്കൂട്ടിക്ക് കുറുകേ ചാടി അയാളൊരു എമ്പതുകളിലെ നായകനെപ്പോലെ അവൾക്കൊരു പനിനീർപ്പൂ കൊടുത്തു. അവളത് ചന്നം പിന്നമൊടിച്ച് അയാളുടെ മുഖത്തേക്കെറിഞ്ഞു. അയാളുടെ മുഖമപ്പോൾ നിരാശയുടെ മൂകമാനമായത് അവൾ കണ്ടതേയില്ല.
ഒരിക്കലൊരു നൃത്തവേദിയിൽ നിന്ന് ഇറങ്ങുമ്പോൾ അവൾ അയാളെ തിരഞ്ഞു. എന്നും താൻ കാൺകെ കാണികൾക്ക് മുന്നിലുണ്ടാകുന്ന അയാളുടെ അന്നത്തെ അസാന്നിധ്യം അവളെ ചെറുതായൊന്ന് നിരാശപ്പെടുത്തി. കോളേജ് പരിസരത്തും പതിവായി അയാൾ കാത്തിരിക്കുന്ന വഴികളിലും നാളുകളോളം അവൾ തിരഞ്ഞു. അയാൾ പാടെ അപ്രെത്യക്ഷ മായിരിക്കുന്നു.
അയാൾ മുന്നിലേക്ക് വരാതിരുന്നപ്പോൾ മാത്രം അവളുടെ ഹൃദയം മുറിഞ്ഞു. പിന്നീടതിൽ നിന്ന് അവളുടെ തലയിലേക്ക് ഒഴുകിയതെല്ലാം പ്രണയത്തിന്റെ ചുടുചുകപ്പൻ രക്തമായിരുന്നു. വർഷമൊന്ന് കഴിഞ്ഞു. കുമിഞ്ഞ് കൂടിയ അയാളുടെ ഓർമ്മകളിൽ അവൾ ചിരിക്കുകയും കരയുകയും ചെയ്തു. അവിടെയൊരു പരവതാനി വിരിച്ച് അതിൽ ഉറങ്ങുകയും ഉണരുകയും ചെയ്തു. രൗദ്രഭാവം ആടേണ്ട എത്രയോ വേദികളിൽ അവൾ അയാളെയോർത്ത് മതിമറന്നാടി. അവളുടെ നഷ്ട്ടലാസ്യങ്ങളിൽ അയാളെ അവഗണിച്ചതോർത്ത് ചമയത്തോടെ കരഞ്ഞു. കാണികളത് കണ്ട് കയ്യടിച്ചു..!
വർഷങ്ങൾ പിന്നേയും കടന്നുപോയി. അവൾ ലോകമറിയുന്ന നർത്തകിയായി പരിണമിച്ചു. അങ്ങനെയൊരു നാളൊരു കലാക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ വെച്ച് അവൾ അയാളെ വീണ്ടും കണ്ടുമുട്ടി. അന്ന് അയാളുടെ കൈയ്യിലൊരു കുഞ്ഞും തൊട്ടുരുമ്മിയൊരു പെണ്ണുമുണ്ടായിരുന്നു. അത് അവളെയൊരു തലതിരിഞ്ഞ ചോദ്യചിഹ്നമായി കുത്തനെ നിർത്തി.
ചടങ്ങ് കഴിഞ്ഞ് പോകാൻ നേരം അയാൾ അവളുടെ മുന്നിലേക്ക് വന്നു. തന്റെയുള്ളിൽ പ്രണയം കോരിയിട്ട് അപ്രത്യക്ഷമായ പുരുഷൻ മുന്നിൽ തെളിഞ്ഞപ്പോൾ അവൾക്ക് അയാളെ പുണരാനും ചുംബിക്കാനും തോന്നി. അയാളെയൊട്ടി നിൽക്കുന്ന ആ പെണ്ണും, അവളുടെ കൈയ്യിലിരിക്കുന്നയാ കുഞ്ഞും അവളെയപ്പോൾ അദൃശ്യമായി തടഞ്ഞു.
‘മാഡം ഓർമ്മയുണ്ടോ…?’
ഉണ്ടെന്നോ ഇല്ലെന്നോ അവൾ പറഞ്ഞില്ല. കണ്ണെടുക്കാതെ കുറച്ച് നേരം അയാളെ തന്നെ നോക്കി നിന്നിട്ട്, ഒരിക്കലും പിടികിട്ടാത്തയൊരു പുഞ്ചിരിയും സമ്മാനിച്ച് അവൾ ധൃതിയിൽ ആ കലാക്ഷേത്രം വിട്ടു.
തനിക്ക് ആദ്യമായി പ്രണയം തോന്നിയ നർത്തകിയുടെ അർത്ഥമറിയാത്ത പുഞ്ചിരിയിലായിരുന്നു അയാളപ്പോൾ. അതുകൊണ്ട് തന്നെ ആ സ്ത്രീയും നിങ്ങളെ പ്രേമിച്ചിരുന്നു മനുഷ്യായെന്ന് തന്റെ കുഞ്ഞുമായി ഒരുവൾ അത്രയും അടുത്ത് നിന്ന് പറഞ്ഞിട്ടും അയാളത് കേട്ടതേയില്ല. പിന്നീട് അവൾ പറഞ്ഞതുമില്ല…!!!