Story written by Saji Thaiparambu
അമ്മേ.. ഇനി എനിക്ക് വയ്യ, ഞാൻ മടുത്തു, ഇതെത്ര പെണ്ണ് കാണലായി?
ഇത് നല്ല കൂത്ത്, നീ പറയുന്നത് കേട്ടാൽ തോന്നും, എനിക്കിഷ്ടപ്പെടാതിരുന്നത് കൊണ്ടാണ്, ഇത് വരെയൊന്നും നടക്കാതിരുന്നതെന്ന് ,ഇന്ന് പോയി കണ്ട പെണ്ണിനെന്താടാ ഒരു കുറവ്?
എൻ്റമ്മേ… അവൾക്ക് നല്ല നിറമുണ്ടോ? എൻ്റെയത്ര ഉയരമുണ്ടോ? അതും പോട്ടേ, അവള് ചായ തന്നിട്ട് തിരിഞ്ഞ് നടന്നപ്പോൾ, അവളുടെ തലമുടി അമ്മ ശ്രദ്ധിച്ചായിരുന്നോ, ഏതാണ്ട് എലിവാല് പോലെ,
എൻ്റെ ശിവാ.. നീ പറയുന്നത് പോലെ, എല്ലാം തികഞ്ഞൊരു പെണ്ണിനെ, നിനക്കീ ജന്മത്ത് കിട്ടുമെന്ന് വിചാരിക്കണ്ട , കുറച്ചൊക്കെ വിട്ട് വീഴ്ച്ച ചെയ്താലേ, നിൻ്റെ കല്യാണം നടക്കു, അല്ലാതെ മുടി വേണം അന്നനട വേണം , അംഗലാവണ്യം വേണമെന്നൊക്കെ വാശി പിടിച്ചാൽ, ബ്രഹ്മചാരിയായി ഇരിക്കത്തേയുള്ളു, ഞാൻ പറഞ്ഞേക്കാം
എന്നാലും വേണ്ടില്ല, ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ അവിവാഹിതനായി തന്നെ, ഞാൻ കഴിഞ്ഞോളാം, അല്ലാതെ, കെട്ടാൻ പോകുന്ന പെണ്ണിൻ്റെ സൗന്ദര്യ കാര്യത്തിൽ, യാതൊരു കോംപ്രമൈസുമില്ല,
എന്നാൽ നിൻ്റെ ഇഷ്ടം പോലെ ചെയ്യ്,
ശാരദാമ്മ, നീരസത്തോടെ അകത്തേയ്ക്ക് പോയി.
താനാഗ്രഹിച്ച പോലൊരു പെൺകുട്ടി ,എന്നെങ്കിലും തൻ്റെ മുന്നിൽ വരുമെന്ന പ്രതീക്ഷയോടെ, ശിവൻ കാത്തിരുന്നു.
ഒരു ദിവസം, മുറ്റത്ത് നിന്ന് ബൈക്ക് കഴുകിക്കൊണ്ടിരുന്നപ്പോൾ, അപ്പുറത്തെ വീട്ട് മുറ്റത്തേക്ക്, രണ്ട് പെൺകുട്ടികൾ കയറി പോകുന്നത് കണ്ട ശിവൻ, ഉദ്വോഗത്തോടെ നോക്കി നിന്നു,
അതിലൊരു പെൺകുട്ടിയെ, എവിടെയോ കണ്ട് മറന്നത് പോലെ ,അയാൾക്ക് തോന്നി.
ഏതാണാ കുട്ടി ? കണ്ടിട്ട് നല്ല പരിചയം തോന്നുന്നല്ലോ?
അയാൾ ആലോചനയോടെ നിന്നു.
കുറച്ച് കഴിഞ്ഞപ്പോൾ, കോളിങ് ബെല്ല് കേട്ട്, അപ്പുറത്തെ തുളസി ഇറങ്ങി വന്ന് ,അവരെ സ്വീകരിക്കുന്നത് ശിവൻ കണ്ടു.
അല്ല തുളസീ.. ഇന്ന് വിരുന്ന് കാരൊണ്ടല്ലോ? എന്താ സ്പെഷ്യൽ ?
വന്നവർ ആരാണെന്നറിയാനുള്ള ശിവൻ്റെ അടവായിരുന്നത് ?
ങ്ഹാ ശിവേട്ടാ… ഇത് വെറും വിരുന്നുകാരല്ല, എൻ്റെ ഇൻ്റിമേറ്റ് ഫ്രണ്ട്സാണ് ,ഞങ്ങൾ ക്ളാസ് മേറ്റ്സുമാണ്,
ഓഹ് അത് ശരി ,എന്താ കൂട്ടുകാരികളുടെ പേര്?
ശിവൻ അവരുടെയരികിലേക്ക് നടന്ന് ചെന്നു.
തനിക്ക് പരിചയം തോന്നിയ പെൺകുട്ടി, തന്നെയും സൂക്ഷിച്ച് നോക്കുന്നുണ്ടെന്ന് അയാൾക്ക് മനസ്സിലായി.
എൻ്റെ പേര് പാർവ്വതിയെന്നാണ് ,ചേട്ടന് എന്നെ മനസ്സിലായില്ലേ?
അവൾക്ക് തന്നെ മനസ്സിലായി, എന്നിട്ടും അവളേതാണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ ഈശ്വരാ ..?
ശിവൻ അമ്പരപ്പോടെ നിന്നു.
ചേട്ടാ … കുറച്ച് നാള് മുമ്പ് ,ചേട്ടൻ എന്നെ പെണ്ണ് കാണാൻ വന്നിരുന്നു ,മള്ളിയൂരാണ് എൻ്റെ വീട്,
ഓഹ് ഇപ്പോൾ മനസ്സിലായി ,താനാദ്യമായി പെണ്ണ് കാണാൻ പോയത് ഈ കുട്ടിയെ ആയിരുന്നു ,അന്ന് താനൊഴിച്ച് മറ്റുള്ളവർക്കെല്ലാം അവളെ ഇഷ്ടമായിരുന്നു, പക്ഷെ, അവൾക്ക് ഒട്ടും സ്മാർട്ട്നെസ്സ് ഇല്ലെന്നും, തൻ്റെ ചോദ്യങ്ങൾക്കൊക്കെ പേടിച്ച് പേടിച്ച് മറുപടി പറഞ്ഞത് കൊണ്ട്, സഭാ കമ്പമുള്ള പെണ്ണാണെന്നും, ഭാവിയിൽ അത് ദോഷം ചെയ്യുമെന്നുമൊക്കെയുള്ള കാരണം പറഞ്ഞാണ്, അന്ന് താൻ ഈ കുട്ടിയുടെ ആലോചന നിരസിച്ചത് , ഇതിലും നല്ല പെൺകുട്ടികൾ വേറെ ഒരു പാട് കാണുമെന്നും, നമുക്കിത് വേണ്ടെന്നും പറഞ്ഞ് അന്നവിടെ നിന്നിറങ്ങുമ്പോൾ, ഒരു പാട് പ്രതീക്ഷകളായിരുന്നു തനിക്ക് ,എല്ലാം തികഞ്ഞൊരു പെണ്ണ് , അതിന് വേണ്ടിയായിരുന്നു ഇത് വരെ അലഞ്ഞത് ,പക്ഷേ ഈ കുട്ടിയെ വീണ്ടും കണ്ടപ്പോൾ, ഇവള് തന്നെയാണ്, കണ്ടതിൽ വച്ച് ഏറ്റവും നല്ലതെന്ന് മനസ്സ് പറയുന്നു.
ഇപ്പോൾ എത്ര ഊർജസ്വലതയോടെയാണ് ആ കുട്ടി സംസാരിക്കുന്നത് ?ചിരിച്ചപ്പോൾ രണ്ട് കവിളിലെയും നുണക്കുഴികൾ അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു,
ശിവന് അത് വരെ തോന്നാതിരുന്നൊരു ഇഷ്ടവും ആവേശവും അവളോട് തോന്നി.
എന്താ ശിവേട്ടാ … പാറു പറഞ്ഞത് നേരാണോ?
തുളസി ആശ്ചര്യത്തോടെ ചോദിച്ചു
ങ് ഹേ, ങ്ഹാ…. അതേ,
നീയവരെ അകത്തേയ്ക്ക് കൊണ്ട് പോയി ചായകൊടുക്ക്,
തുളസിക്ക് അടുത്ത ചോദ്യത്തിന് അവസരം കൊടുക്കാതെ, ശിവൻ പതിയെ അവിടുന്ന് എസ്കേപ്പായി.
അമ്മേ.. നമ്മള് മള്ളിയൂര് പോയി കണ്ട ആ പെൺകുട്ടി അപ്പുറത്തെ തുളസിയുടെ കൂട്ടുകാരിയായിരുന്നമ്മേ.. അവളവിടെ വന്നിട്ടുണ്ട്
ഏത്? നമ്മളാദ്യം പോയി കണ്ടിട്ട് നിനക്ക് വേണ്ടെന്ന് പറഞ്ഞ പെൺകൊച്ചോ?
അതേ അമ്മേ.. പക്ഷേ അവളെ ഇപ്പോൾ കണ്ടപ്പോൾ എനിക്കിഷ്ടമായി,
ങ്ഹേ, സത്യമാണോ നീ പറയുന്നത്?
ശാരദാമ്മയ്ക്ക് വിശ്വാസമായില്ല.
അതേ അമ്മേ സത്യം ,
ഇപ്പോൾ എത്ര ബോൾഡായിട്ടാണ് അവൾ സംസാരിക്കുന്നത്,
ആങ്ങ്ഹാ, ഇപ്പോഴെങ്കിലും നിനക്കിഷ്ടപ്പെട്ടല്ലോ? അല്ല മോനേ.. അവളുടെ കല്യാണം കഴിഞ്ഞ് കാണുമോ?
ഇല്ലമ്മേ… നെറ്റിയിൽ സിന്ദൂരമില്ല ,ഞാൻ ശ്രദ്ധിച്ചു
ഭാഗ്യം, എങ്കിൽ നീയിവിടെ നില്ക്ക്, അമ്മ പോയി അവളോട് സംസാരിച്ചിട്ട് വരാം,
കഴിയുമെങ്കിൽ ഈ ചിങ്ങത്തിൽ തന്നെ കല്യാണം നടത്തുകയും ചെയ്യാം,
ശാരദാമ്മ അപ്പുറത്തേയ്ക്ക് പോയപ്പോൾ, ശിവൻ ഇരിപ്പുറയ്ക്കാതെ തെക്ക് വടക്ക് നടന്നു.
ഇടയ്ക്കിടെ ,അമ്മ വരുന്നുണ്ടോയെന്ന്അ യാൾ അപ്പുറത്തേയ്ക്ക് അക്ഷമയോടെ എത്തി നോക്കി കൊണ്ടിരുന്നു.
ഒടുവിൽ ശാരദാമ്മ തിരിച്ച് വരുന്നത് കണ്ടപ്പോൾ, അയാൾക്ക് ആശ്വാസമായി.
സംസാരിച്ചോ അമ്മേ .?
ജിജ്ഞാസയോടെ അയാൾ ചോദിച്ചു
ഉം സംസാരിച്ചു ,കല്യാണം ചിങ്ങത്തിൽ തന്നെ നടക്കും, പക്ഷേ താലി കെട്ടുന്നത് വേറെ ആമ്പിള്ളേരാണെന്ന് മാത്രം
ശാരദാമ്മ അമർഷത്തോടെ പറഞ്ഞു.
ങ്ഹേ, അതെന്താമ്മേ?
മോനേ ശിവാ … പണ്ട് മോഹൻലാലും ശ്രീനിവാസനും പറഞ്ഞത് നിനക്കോർമ്മയില്ലേ? എല്ലാത്തിനും ഒരു സമയമുണ്ട് ദാസാന്ന്, നിനക്ക് കിട്ടിയ സമയം നീ വിനിയോഗിച്ചില്ല
അത് കൊണ്ട് ,കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി അത്ര തന്നെ, അല്ല പിന്നെ,
ഒന്ന് തെളിച്ച് പറയമ്മേ?
എടാ ചെറുക്കാ.. തുളസിയുടെ ഗൾഫിലുള്ള ആങ്ങളയില്ലേ? വിനീഷ് ,അവനുമായി ആ കൊച്ചിൻ്റെ കല്യാണം ഉറപ്പിച്ചു വച്ചിരിക്കുവാന്ന്,
ഈശ്വരാ … ഇതിലും വലിയ തിരിച്ചടി സ്വപ്നങ്ങളിൽ മാത്രം, ഇനി മരണം വരെ അവളുടെ പരിഹാസച്ചിരിയും കണ്ട് കൊണ്ട് ,നഷ്ടസ്വപ്നങ്ങളേ പാടി നടക്കാനാണല്ലോ എൻ്റെ വിധി , അക്കരപച്ചതേടി പോയ തനിക്ക് ഇത് തന്നെ കിട്ടണം
അയാൾ തലയ്ക്ക് കൈ കൊടുത്തിരുന്ന് പോയി .