എഴുത്ത്:- അപർണ
“” അജിത്തേട്ടാ എനിക്കൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു! ഇവിടെവെച്ച് വേണ്ട!!”
എന്നും പറഞ്ഞ് ആതിര വന്നപ്പോൾ അജിത്ത് ഒരു മിനിറ്റ് എന്ന് പറഞ്ഞ് വേഗം ഡ്രസ്സ് ചെയ്ത് അവളുടെ കൂടെ ഇറങ്ങി,
അവൾ പറഞ്ഞത് പ്രകാരം ഞങ്ങൾ നേരെ പോയത് ബീച്ചിലേക്കാണ് അവിടെ ഒഴിഞ്ഞ ഒരു ബെഞ്ചിൽ ഞങ്ങൾക്ക് കുറച്ചു നേരം പോയി ഇരുന്നു അതിനുശേഷമാണ് അവൾ സംസാരിക്കാൻ തുടങ്ങിയത്.
“” അജിത്തേട്ടാ എന്റെ അച്ഛനും അമ്മയും അവിടുത്തെ അച്ഛനും അമ്മയും തമ്മിൽ നമ്മളെ കല്യാണം കഴിപ്പിക്കാൻ നോക്കുന്നുണ്ട്!! എനിക്ക് കല്യാണത്തിന് താൽപര്യമില്ല അന്നും ഇന്നും ഒരു സഹോദരന്റെ സ്ഥാനത്ത് മാത്രമേ ഞാൻ ഏട്ടനെ കണ്ടിട്ടുള്ളൂ!! തിരിച്ചും അങ്ങനെ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം!! അതുമാത്രമല്ല എനിക്ക് മറ്റൊരു കാര്യം കൂടി പറയാനുണ്ട് എനിക്ക് ഒരാളെ ഇഷ്ടമാണ്!! അയാളെ അല്ലാതെ മറ്റാരെയും ഞാൻ വിവാഹം കഴിക്കില്ല!! ഇപ്പോൾ ഈ ഒരു കാര്യവും പറഞ്ഞ് അച്ഛനും അമ്മയും എന്നെ ഒരുപാട് നിർബന്ധിക്കുന്നുണ്ട്.. ഞാൻ എത്ര പറഞ്ഞിട്ടും അവർക്ക് മനസ്സിലാവുന്നില്ല അജിത്തേട്ടൻ ഒന്നു പറയണം!! അവരെക്കൊണ്ട് സമ്മതിപ്പിക്കണം!””
ആതിരയോട് എല്ലാം ചെയ്യാം എന്ന് പറഞ്ഞ് വാക്ക് കൊടുത്തു അജിത്ത് അല്ലെങ്കിലും നടന്ന കാര്യങ്ങൾ ഒന്നും തന്നെ തന്റെ സമ്മത പ്രകാരം അല്ല..
ആകെ വല്ലായ്മ തോന്നി. ആതിര തന്റെ ഭാര്യയുടെ അനിയത്തിയാണ് തന്റെ പ്രിയപ്പെട്ട അഞ്ജലിയുടെ.. അവന്റെ ഓർമ്മകൾ രണ്ടുവർഷം മുന്നിലേക്ക് പോയി.
ബാങ്കിൽ ജോലി കിട്ടിയതിനുശേഷം ആദ്യത്തെ ട്രാൻസ്ഫർ കിട്ടിയത് അഞ്ജലിയുടെ നാട്ടിലേക്ക് ആയിരുന്നു അച്ഛനും അമ്മയ്ക്കും താൻ ഒറ്റമോൻ ആയതുകൊണ്ട് താൻ അവിടേക്ക് ഒറ്റയ്ക്ക് പോകണമല്ലോ എന്നോർത്ത് അവർക്ക് വലിയ ടെൻഷനായിരുന്നു എങ്കിലും ഇത് പോകാതെ കഴിയില്ലല്ലോ എന്ന് കരുതി അങ്ങോട്ട് പോയി
അവിടെ വാടകയ്ക്ക് ഒരു വീടെടുത്ത് താമസിച്ചു അതിനു തൊട്ടരികിൽ ആയിരുന്നു അഞ്ജലിയുടെയും ആതിരയുടെയും വീട് അഞ്ജലിയും ആതിരയും പഠിക്കാൻ മിടുക്കികളാണ് എന്നാൽ അവരെ പഠിപ്പിക്കാൻ ഉള്ള ചുറ്റുപാട് അവരുടെ അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നില്ല.
അവളുടെ അമ്മയാണ് എന്റെ വീട്ടിൽ എല്ലാ ജോലിയും ചെയ്തു എനിക്ക് ഭക്ഷണം ഉണ്ടാക്കി തന്നിരുന്നത്.. വലിവിന്റെ അസുഖമുള്ളതുകൊണ്ട് അവർക്ക് എന്നും വരാൻ കഴിയില്ല അങ്ങനെ വരാൻ കഴിയാത്ത ദിവസങ്ങളിൽ അഞ്ചലി വന്ന് എല്ലാം ചെയ്തു വെക്കും അവിടെ നിന്നാണ് അവളോട് ഒരു ചെറിയ ഇഷ്ടം മനസ്സിൽ തോന്നുന്നത്..
വീട്ടിൽ വന്നു പറഞ്ഞപ്പോൾ വീട്ടുകാർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല കാരണം അവർക്ക് എന്റെ ഇഷ്ടം എന്താണോ അത് നടത്തിത്തരാൻ ആയിരുന്നു ആഗ്രഹം അഞ്ജലിയുടെ വീട്ടിൽ പോയി പെണ്ണ് കണ്ടു അവർക്ക് നൂറുവട്ടം സമ്മതമായിരുന്നു അങ്ങനെ അഞ്ജലി എന്റെ ഭാര്യയായി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു അവളെ പഠിപ്പിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു അവളെ മാത്രമല്ല ആതിരയെയും.. കാരണം രണ്ടുപേരും നന്നായി പഠിക്കുന്ന കുട്ടികളാണ് പണം ഇല്ലാത്തതിന്റെ പേരിൽ അവരുടെ പഠനം മുടങ്ങരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു..
അവർ രണ്ടുപേരും മിടുക്കികൾ ആയി തന്നെ പഠിച്ചു.. അഞ്ജലി ഡിഗ്രി ഫൈനൽ ഇയർ ആയപ്പോഴാണ് ആ വിശേഷം ഞങ്ങൾ അറിയുന്നത് എന്റെ കുഞ്ഞ് അവളുടെ വയറ്റിൽ ജന്മം എടുത്തിട്ടുണ്ട് പിന്നെ നിലത്തൊന്നും ആയിരുന്നില്ല പക്ഷേ അറിഞ്ഞില്ല വലിയൊരു ദുരന്തത്തിലേക്കുള്ള പോക്ക് ആയിരുന്നു അത് എന്ന്..
പ്രസവത്തോടെ ബ്ലീഡിങ് വന്ന് അവൾ ഞങ്ങളെ വിട്ടു പോയി ഒരു പെൺകുഞ്ഞിന് ജന്മം നൽകി എങ്കിലും ആ കുഞ്ഞിനെ ഒന്ന് കാണാനോ ഒന്ന് എടുക്കാനോ അവൾക്ക് കഴിഞ്ഞില്ല.. എല്ലാവർക്കും അതൊരു വലിയ സങ്കടമായി അതിൽ നിന്ന് കരകയറാൻ ഒരുപാട് ബുദ്ധിമുട്ടായിരുന്നു അത്രത്തോളം ഷോക്ക് ആയിരുന്നു അഞ്ജലി ഞങ്ങളെ വിട്ടു പോയത്..
എല്ലാവർക്കും ആശ്വാസമായി കുഞ്ഞിന്റെ കാര്യങ്ങളെല്ലാം ആതിര ഏറ്റെടുത്തു
എല്ലാവരും അത് കണ്ട് സമാധാനിച്ചു കാരണം എല്ലാവരുടെയും മുന്നിൽ കുഞ്ഞായിരുന്നു ഒരു വലിയ ചോദ്യചിഹ്നം.
ഒടുവിൽ എന്റെ അമ്മയും അച്ഛനും ആതിരയെ എന്നോട് വിവാഹം കഴിക്കാൻ പറഞ്ഞ് ഒരുപാട് നിർബന്ധിച്ചു പക്ഷേ ഒരു അനിയത്തിയെ പോലെ മാത്രമേ അവളെ ഞാൻ കണ്ടിരുന്നുള്ളൂ അവളുടെ അച്ഛനും അമ്മയ്ക്കും ഈ ഒരു ആഗ്രഹം ഉണ്ട് എന്ന് എനിക്ക് ഇപ്പോൾ ആതിര വന്നപ്പോഴാണ് മനസ്സിലായത് കാരണം എന്റെ അച്ഛനും അമ്മയും അവളുടെ അച്ഛനും അമ്മയും കൂടി ചേർന്ന് തീരുമാനിച്ചതാണ് അവളെ ഞാൻ വിവാഹം കഴിക്കും എന്നത്..
അതറിഞ്ഞിട്ടാണ് അവൾ വന്നതും ഇത്രയും പറഞ്ഞതും ഞാൻ വേഗം വീട്ടിലേക്ക് ചെന്നു. അച്ഛനോടും അമ്മയോടും ഉണ്ടായ കാര്യം ചോദിച്ചു.
“” നീ എന്ത് വേണമെങ്കിലും പറഞ്ഞോ പക്ഷേ ഞങ്ങളുടെ തീരുമാനം തെറ്റല്ല എന്ന് ഞങ്ങൾക്ക് പൂർണ ബോധ്യം ഉണ്ട് കാരണം മറ്റൊരു പെൺകുട്ടിക്ക് നിന്റെ കുഞ്ഞിനെ സ്വന്തം പോലെ കാണാൻ ആയില്ലെങ്കിലോ മോനെ അത് പിന്നീട് വലിയൊരു സങ്കടത്തിലേക്ക് വഴി വെക്കും!”‘
അവരുടെ ന്യായം എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല എന്നുവച്ച് എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലാത്ത ഞാൻ ഒരു പെങ്ങളെ പോലെ കാണുന്ന ഒരു ആളെ ജീവിതത്തിലേക്ക് കൂട്ടണം എന്നാണോ..
ഞാൻ എതിർത്തതുകൊണ്ട് ആ വിവാഹം നടന്നില്ല ആതിര അവളുടെ പ്രണയത്തെ പറ്റി വീട്ടിൽ പറഞ്ഞു ഒരു പാവപ്പെട്ട വീട്ടിലെ ചെറുക്കൻ ആയതുകൊണ്ടാണ് അവളുടെ അച്ഛനും അമ്മയും അതിനു സമ്മതിക്കാ തിരുന്നത് ഞാൻ കൂടി നിർബന്ധിച്ചപ്പോൾ പിന്നെ അവർ എതിർത്തില്ല.
മോൾക്ക് ഒന്നര വയസ്സ് കഴിഞ്ഞപ്പോൾ തന്നെ ഞാൻ അവളെ എന്റെ വീട്ടിലേക്ക് കൊണ്ടുപോന്നിരുന്നു എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ അവൾ ഇവിടെ കഴിയുന്നുണ്ട്.. ചെറിയൊരു കുറുമ്പുണ്ട്.. എങ്കിലും അവർ രണ്ടുപേരും കുഞ്ഞിനെ താഴെ വയ്ക്കാതെ കൊണ്ട് നടക്കും…
അങ്ങനെയിരിക്കുമ്പോൾ ആണ് ഞാൻ രജിതയെ പരിചയപ്പെടുന്നത് എന്റെ ബാങ്കിൽ താൽക്കാലികമായി ജോലിക്ക് കയറിയതായിരുന്നു അവൾ.
ഒരു വിവാഹം കഴിച്ച് ഒഴിവാക്കിയതാണ് എന്ന് ആരൊക്കെയോ പറഞ്ഞറിഞ്ഞു കൂടുതൽ അതിനെപ്പറ്റി ഞാൻ അന്വേഷിച്ചില്ല..
എന്തോ ഒരു പ്രോഗ്രാമിന് മോളെയും കൊണ്ട് ചെന്നപ്പോൾ പിന്നെ അവൾ കയ്യിൽ നിന്ന് വയ്ക്കാതെ അവളെ കൊണ്ട് നടക്കുന്നുണ്ടായിരുന്നു..?എന്തോ അവളെപറ്റി കൂടുതൽ അറിയണമെന്ന് അപ്പോഴാണ് തോന്നിയത് അവൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല യൂട്രസിൽ എന്തോ പ്രോബ്ലം… അതുകൊണ്ടാണ് അവളെ ഭർത്താവ് ഉപേക്ഷിച്ചത്.. കുറച്ചു സ്വാർത്ഥമായി ഞാൻ ചിന്തിച്ചു അവൾക്ക് ഏതായാലും കുഞ്ഞുങ്ങൾ ഉണ്ടാകില്ല എന്റെ കുഞ്ഞിന് ഒരു അമ്മയെയും വേണം അവളോട് ഞാൻ അതിനെപ്പറ്റി സംസാരിച്ചു അവൾക്ക് പൂർണ്ണ സമ്മതമായിരുന്നു കാരണം അവൾക്ക് എന്റെ മകളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു എന്റെ മകളെ എന്നല്ല കുഞ്ഞുങ്ങളെ…
അവൾ വലതുകാൽ വെച്ച് എന്റെ വീട്ടിലേക്ക് കയറി എന്റെ തീരുമാനം തെറ്റായില്ല എന്ന് ബോധ്യപ്പെടുന്ന പോലെയായിരുന്നു പിന്നീടങ്ങോട്ടുള്ള ഞങ്ങളുടെ ജീവിതം കുഞ്ഞിനെ അവൾ പൊന്നുപോലെ നോക്കി..
അവൾക്ക് ഒരു കുഞ്ഞിനെയും എന്റെ കുഞ്ഞിന് ഒരു അമ്മയെയും കിട്ടി ഞങ്ങളുടെ വീട്ടിലേക്ക് ഒരു നല്ല മരുമകളെയും .