ഒടുവിൽ അവള് തന്നെ വന്ന് മാപ്പ് പറഞ്ഞ്, ഇനി മേലിൽ അങ്ങനൊന്നും ഉണ്ടാവില്ല, എന്ന് തന്നോട്…..

Story written by Saji Thaiparambu

ഏത് നേരത്താണോ അവളുമായി പിണങ്ങാൻ തോന്നിയത് ,വിശന്നിട്ടാണേൽ കണ്ണ് കാണാൻ വയ്യ ,ഇതിന് മുമ്പും പല പ്രാവശ്യം പിണങ്ങിയിട്ടുണ്ട്, അപ്പോഴൊക്കെ ഭക്ഷണമുണ്ടാക്കി ടേബിളിന് മുകളിൽ കൊണ്ട് വച്ചിട്ട് ,അവൾ മക്കളെ വിട്ട് പറയിപ്പിക്കുമായിരുന്നു.

പക്ഷേ ,തൻ്റെ വാശി കാരണം മക്കളോട് പറയും,

“എൻ്റെ പട്ടിക്ക് വേണം അവളുടെ ചോറ് ,ഞാൻ പുറത്തുന്ന് നല്ല ഒന്നാന്തരം ബിരിയാണി കഴിച്ചെന്ന് നിങ്ങടെ അമ്മയോട് ചെന്ന് പറയ്”

കയ്യിൽ കാശും, കഴിക്കാൻ രുചികരമായ ഭക്ഷണം വിളമ്പുന്ന നിരവധി ഹോട്ടലുകളും ഉള്ളപ്പോൾ, പിന്നെ താനെന്തിനാണ് ,അവളുടെ ഔദാര്യത്തിനായി കാത്തിരിക്കുന്നത്, എന്ന ചിന്തയായിരുന്നു തനിക്കപ്പോൾ.

അപ്പോഴൊക്കെ അവളുടെ മുന്നിൽ തനിക്ക് ജയിച്ച് കാണിക്കണമായിരുന്നു.

ഒടുവിൽ അവള് തന്നെ വന്ന് മാപ്പ് പറഞ്ഞ്, ഇനി മേലിൽ അങ്ങനൊന്നും ഉണ്ടാവില്ല, എന്ന് തന്നോട് സത്യം ചെയ്യുന്നതോടെ ആ പിണക്കം തീരും.

കുറച്ച് നാളുകൾ കഴിയുമ്പോൾ വീണ്ടും ഇതേ സ്ഥിതി തന്നെയാണെങ്കിലും, അവസാനം അവള് തന്നെ തോറ്റ് തരാറുണ്ട്.

പക്ഷേ, ഇപ്രാവശ്യം അവള് കരുതിക്കൂട്ടിയാണെന്ന് തോന്നുന്നു കാരണം അവൾക്കറിയാം ലോക്ക് ഡൗൺപ്രഖ്യാപിച്ചത് കൊണ്ട് ,ഹോട്ടലുകളൊന്നും തുറക്കില്ലന്നും, തനിക്ക് പുറത്തിറങ്ങാൻ കഴിയില്ലെന്നും

വിശപ്പും ദാഹവും സഹിക്കാൻ വയ്യാതെ അയാൾ എഴുന്നേറ്റ് അടുക്കളയിൽ പോയി ,ഫ്രിഡ്ജ് തുറന്ന് നോക്കി ,

കഴിക്കാൻ ഒന്നുമില്ലെന്നറിഞ്ഞ് നിരാശയോടെ ഒരു കുപ്പിയിൽ നിന്ന് വെള്ളമെടുത്ത് മടമടാ കുടിച്ചു.

തിരിച്ച് വരാന്തയിലേക്ക് നടക്കുമ്പോൾ, ബെഡ് റൂമിലേക്ക് ഒളികണ്ണിട്ട് അയാൾ നോക്കി.

ഇല്ല, അവൾ ബെഡ്ഡിൽ കമിഴ്ന്ന് ഒരേ കിടപ്പ് കിടക്കുകയാണ്.

ഇന്നത്തെ പിണക്കം കുറച്ച് കാര്യമായിട്ട് തന്നെയാണെന്ന് അയാൾക്ക് മനസ്സിലായി.

രാവിലെ തനിക്ക് ദേഷ്യം വന്നപ്പോൾ ഒരു ദാക്ഷിണ്യവുമില്ലാതെ അവളുടെ അപ്പനും, അമ്മയ്ക്കുമൊക്കെ വിളിക്കേണ്ടി വന്നു.

അത് വേണ്ടിയിരുന്നില്ല

കുറ്റബോധത്തോടെ അയാൾ വരാന്തയിലെ ചാര് കസേരയിൽ വന്ന് കിടന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട്, അയാൾ തല ഉയർത്തി നോക്കി.

അതാ അവളുടെ അമ്മ

കയ്യിൽ ഒരു അടുക്ക് പാത്രവുമായി നടന്ന് വരുന്നു.

“സരിതയ്ക്ക് എങ്ങനുണ്ട് മോനേ.. രാവിലെ നല്ല വയറ് വേദനയെന്നും പറഞ്ഞ് വിളിച്ചിരുന്നു, ഞാൻ മരുന്ന് കൊണ്ട് വരാമെന്ന് പറഞ്ഞപ്പോൾ അവളാ പഞ്ഞത് വേണ്ടമ്മേ .. വേദനയൊക്കെ വൈകുന്നേരമാകുമ്പോൾ മാറിക്കോളും, അമ്മ വിനുവേട്ടന് ഉച്ചയ്ക്ക് കഴിക്കാനുള്ള ഊണ് തയ്യാറാക്കി കൊണ്ട് വന്നാൽ മതിയെന്ന്, ദാ,മോനും പിള്ളേരും കൂടെ ഇത്കഴിക്ക്, അമ്മ അവൾക്ക് കുറച്ച് വെള്ളം ചൂടാക്കി പിടിച്ച് കൊടുക്കട്ടെ”

അതും പറഞ്ഞ് അമ്മായിയമ്മ മുറിയിലേക്ക് കയറി പോയപ്പോൾ പശ്ചാത്താപത്തോടെ അയാളിരുന്ന് പോയി.

ഈശ്വരാ … അപ്പോൾ രാവിലെ അവൾ പറഞ്ഞത് സത്യമായിരുന്നല്ലേ , എഴുന്നേൽക്കാൻ താമസിച്ചത് സുഖമില്ലാതിരുന്നത് കൊണ്ട് തന്നെയായിരുന്നു, എന്നിട്ട് താനത് വിശ്വസിക്കാതെ ബ്രേക്ക് ഫാസ്റ്റ് കിട്ടാൻ താമസിച്ചതിന് ,വായിൽ തോന്നിയതൊക്കെ അവളെ വിളിച്ച് പറഞ്ഞു, എന്നിട്ടും തന്നോട് ഒട്ടും ശത്രുത കാണിക്കാതെ ,തൻ്റെ കാര്യങ്ങളൊക്കെ കൃത്യമായി ചെയ്ത് തന്നിരിക്കുന്നു.

കുട്ടികളോടൊപ്പം ചോറ് കഴിക്കാനിരുന്നെങ്കിലും, ഒരു ഉരുള പോലും ഇറക്കാൻ അയാൾക്ക് കഴിഞ്ഞില്ല.

അമ്മ പോയതിന് ശേഷം അവളോട് മാപ്പ് പറഞ്ഞിട്ട് ,ആദ്യം അവൾക്ക് ഒരു ഉരുളവായിൽ വച്ചിട്ട് മാത്രമേ , താനിനി കഴിക്കുകയുള്ളു എന്ന തീരുമാനത്തിൽ, വീണ്ടും അയാൾ വരാന്തയിലെ ചാര് കസേരയിൽ വന്നിരുന്നു.