എഴുത്ത്:- ഇഷ
എടാ മോനെ സുമിഷയേ കാണാനില്ല!!””
ഫോൺ ചെയ്തപ്പോൾ അമ്മയുടെ പരിഭ്രമത്തോടെയുള്ള വാക്കുകളാണ് കേട്ടത്!!
“”‘അവളെവിടെ പോകാൻ അവിടെത്തന്നെ ഉണ്ടാകും!”” എന്ന് അമ്മയുടെ സമാധാനത്തിനായി പറഞ്ഞുനോക്കി പക്ഷേ അവിടെ എവിടെയും ഇല്ല എന്നത് ഉറപ്പിച്ചതിനുശേഷം ആയിരുന്നു അമ്മ പറഞ്ഞത്..
“” അമ്മ ടെൻഷൻ ആവാതെ ഇരിക്ക് അവൾ ചിലപ്പോൾ അപ്പുറത്ത് എങ്ങോട്ടെങ്കിലും പോയി കാണും. ഞാൻ ഒന്ന് പോയി നോക്കാം ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം!””
എന്നും പറഞ്ഞ് അമ്മയെ സമാധാനിപ്പിച്ചു. കുറെ ജോലികൾ ചെയ്തുതീർക്കാൻ ഉണ്ടായിരുന്നു ഇപ്പോൾ തന്നെ രണ്ടുമൂന്നു വീടിന്റെ കുടിയിരിപ്പാണ്, അവിടേക്കുള്ള മരപ്പണികൾ ചെയ്തു കൊടുക്കണം!! കബോർഡ് വർക്കും, ഫർണിച്ചറും എല്ലാമായി ഇതുവരെ നിന്ന് തിരിയാൻ സമയമില്ലായിരുന്നു ഇപ്പോഴും അങ്ങനെതന്നെ എന്നിട്ടും അതെല്ലാം മറ്റുള്ളവരെ ഏൽപ്പിച്ച് ഉദയൻ വേഗം വീട്ടിലേക്ക് ചെന്നു…
ഇങ്ങോട്ട് പുറപ്പെടുന്നതിനു മുമ്പേതന്നെ സുമിയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു അവൾ അവിടെ എത്തിയിട്ടുണ്ടോ എന്നറിയാൻ ഇല്ല എന്ന് മറുപടിയാണ് കിട്ടിയത് അതോടെ ചെറിയ രീതിയിൽ ടെൻഷൻ തോന്നാൻ തുടങ്ങി..
ഈയിടെയായി അവൾക്ക് എന്തുപറഞ്ഞാലും ഇഷ്ടപ്പെടാറില്ല എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കും!! കല്യാണം കഴിഞ്ഞ് രണ്ടു വർഷമായിട്ടും കുഞ്ഞുങ്ങൾ ഇല്ല എന്ന് പറഞ്ഞ് എല്ലാവരും ഡോക്ടറെ കാണിക്കാൻ വേണ്ടി പറഞ്ഞിരുന്നു അവളും നിർബന്ധിച്ചത് കൊണ്ടാണ് കഴിഞ്ഞ തവണ ഡോക്ടറെ കാണാൻ ചെന്നത് അവൾക്ക് കുഴപ്പമൊന്നുമില്ല പകരം എനിക്ക് കൗണ്ട് കുറവാണ് എന്ന് ഡോക്ടർ പറഞ്ഞു…
അതിനുള്ള മരുന്ന് എഴുതിത്തന്നു അതിനു ശേഷം അവൾ പൂർണമായും മറ്റൊരാളായി മാറുകയായിരുന്നു നിങ്ങളെക്കൊണ്ട് എന്തിനാണ് കഴിയുക എന്നെല്ലാം ചോദിച്ചു വെറുതെ എന്നോട് തർക്കിക്കാൻ വരും ആദ്യമൊക്കെ അത് എന്നെ നിരാശപ്പെടുത്തിയിരുന്നു പക്ഷേ സ്ഥിരമായപ്പോൾ പിന്നെ ഞാൻ അതൊന്നും മൈൻഡ് ചെയ്യാറ് കൂടി ഇല്ല.
കഴിഞ്ഞ തവണയും രാത്രി എന്തോ ഒന്നും രണ്ടും പറഞ്ഞ് തമ്മിൽ വഴക്കുണ്ടായിരുന്നു അതിന്റെ പേരിൽ ഇറങ്ങിപ്പോകും എന്നൊന്നും കരുതിയില്ല… സ്ഥിരം ഉള്ളതല്ലേ എന്ന് കരുതി..
അവളെ ഒരുവിധം കൂട്ടുകാരികളുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും എല്ലാം അന്വേഷിച്ചു, എവിടെയും എത്തിയിട്ടില്ല എന്ന വാർത്തയാണ് കേട്ടത് ചെറിയൊരു ഭയം തോന്നി ഇനി കടുംകൈ വല്ലതും ചെയ്യുമോ എന്ന്..
നേരെ ചെന്ന് പോലീസിൽ അറിയിച്ചു അവളുടെ ആങ്ങളയും കൂടെ വന്നിട്ടുണ്ടായിരുന്നു അവരെല്ലാം എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴും അവർ പറഞ്ഞത്, അവരുടെ പെങ്ങൾക്ക് എന്റെ വീട്ടിൽ സുഖമായിരുന്നുവോ എന്ന കാര്യത്തിൽ അവർക്ക് സംശയം ഉണ്ട് എന്ന് തന്നെയായിരുന്നു പോലീസുകാർ ആ രീതിയിൽ അന്വേഷണം ആരംഭിച്ചു.. കമ്പ്ലൈന്റ് ചെയ്യാൻ പോയ എന്നെ ഒരു പ്രതിയെ പോലെ അവർ ചോദ്യം ചെയ്തു…
എനിക്കാകെ വല്ലാതെയായി ഇടയ്ക്ക് അവളുമായി വഴക്കിടും എന്നല്ലാതെ അവളെ ഒരുപാട് സ്നേഹിക്കുന്ന ഒരു മനസ്സുണ്ടായിരുന്നു എനിക്ക് പക്ഷേ എല്ലാവരും കൂടി ഒരു നിമിഷം കൊണ്ട് എനിക്ക് എതിരെ ആയപ്പോൾ വല്ലാത്തൊരു സങ്കടം..
എല്ലാവരുടെയും ആശങ്കയ്ക്ക് വിരാമം ഇട്ടുകൊണ്ട് അവളെ പോലീസുകാർ കണ്ടെത്തി.. ഏതോ ഒരു പയ്യനുമായി ഒരു അമ്പലത്തിൽ പോയി മാലയിട്ട് അവന്റെ വീട്ടിലേക്ക് അവന്റെ ഭാര്യയായി അവൾ ചെന്ന് കയറിയത്രെ..
എന്നെ കുറ്റം പറഞ്ഞവരെല്ലാം ഒരു നിമിഷം കൊണ്ട് നിശബ്ദരായി അവരോടൊന്നും ഞാൻ ഒന്നും പറയാൻ പോയില്ല…. അവൾ ചെയ്ത കുറ്റത്തിന് അവരെ പഴിചാരുന്നത് എന്തിനാണ്..
മാലയിട്ട് നിൽക്കുന്ന ഫോട്ടോ അവിടെയെല്ലാം വൈറലായി കിട്ടിയവർ കിട്ടാത്തവർക്കെല്ലാം അയച്ചുകൊടുത്തു. എന്റെ ഫോണിലേക്കും വന്നു.
ചെറുപ്പക്കാരനെ എന്റെ അമ്മയാണ് തിരിച്ചറിഞ്ഞത് അമ്മയ്ക്ക് ശ്വാസംമുട്ടൽ കൂടുതലായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു ജോലിത്തിരക്ക് കാരണം എനിക്ക് എപ്പോഴെങ്കിലും ഒന്ന് ചെന്ന് മുഖം കാണിച്ച് പോരാനെ സമയം കിട്ടിയിരുന്നുള്ളൂ. അവളായിരുന്നു അമ്മയുടെ കൂടെ ഹോസ്പിറ്റലിൽ നിന്നത് അവരുടെ തൊട്ടടുത്ത് കിടന്നിരുന്ന രോഗിയുടെ ബൈസ്റ്റാൻഡറായി നിന്നത് ആ ചെറുക്കൻ ആയിരുന്നു അപ്പോൾ കണ്ട ബന്ധമാണ് ഇത്രയിൽ എത്തിനിൽക്കുന്നത്!!!”
അവളുടെ വീട്ടുകാർ എന്റെ കാലു പിടിക്കാൻ വന്നിരുന്നു അവൾക്കൊരു അബദ്ധം പറ്റിയതാണ് അവളെ ഞങ്ങൾ ഇങ്ങോട്ട് തന്നെ കൊണ്ടുവരാം നിങ്ങൾ എല്ലാം മറന്ന് അവളെ സ്വീകരിക്കണം എന്ന് പറഞ്ഞ്..
എനിക്ക് പറ്റില്ല എന്ന് ഒറ്റവാക്കിൽ തന്നെ ഞാൻ മറുപടി നൽകി. ഇപ്പോ അവളെ പിടിച്ചുകൊണ്ടുവന്ന് ഇവിടെയാക്കിയാൽ മറ്റൊരുത്തനെ കണ്ടിട്ടുണ്ടെങ്കിൽ അവന്റെ പുറകെ അവൾ പോവില്ല എന്ന് നിങ്ങൾക്ക് ഉറപ്പ് തരാൻ പറ്റുമോ എന്ന എന്റെ ഒറ്റ ചോദ്യത്തിൽ അവരെല്ലാം മിണ്ടാതെ ആയി.
എന്തായാലും എന്റെ ഭാര്യ എന്ന നിലയിൽ തന്നെയാണ് അവൾ ഇപ്പോഴും ഉള്ളത് അതുകൊണ്ടുതന്നെ ഞാൻ പോലീസിൽ കേസ് കൊടുത്തു..
അവർ വന്ന് അന്വേഷിച്ചു പോലീസ് സ്റ്റേഷനിൽ വച്ച് അവളുടെ ഒരു വലിയ പ്രസംഗം തന്നെ ഉണ്ടായിരുന്നു അയാൾക്ക് ജോലി ജോലി എന്ന ഒരു വിചാരം മാത്രമേയുള്ളൂ അവളുടെ കാര്യങ്ങൾ നോക്കാറില്ല അവളെ കെയർ ചെയ്യാറില്ല.
ഇതൊക്കെയായിരുന്നു പരാതി അവളെ കെയർ ചെയ്യുന്ന അവളെ നോക്കുന്ന അവൾക്ക് വേണ്ടി സമയം ചെലവഴിക്കുന്ന ഒരു ചെറുപ്പക്കാരനെ വെറും രണ്ടുദിവസം കൊണ്ട് അവൾ കണ്ടെത്തിയല്ലോ എന്ന സമാധാനമായിരുന്നു എനിക്ക്.
പോലീസുകാർ അവളോട് സ്വന്തം വീട്ടിലേക്ക് പോകാൻ നിർദ്ദേശിച്ചു ഡിവോഴ്സ് മ്യൂച്ചൽ ആയി കൊടുക്കാൻ അത് കഴിഞ്ഞതിനുശേഷം അവന്റെ കൂടെ പോകാം അല്ലെങ്കിൽ അവളുടെ ഇഷ്ടപ്രകാരം ചെയ്യാം എന്ന് പറഞ്ഞു..
അന്ന് തന്നെ ഡിവോഴ്സ് പെറ്റീഷൻ രണ്ടുപേരുംകൂടി കൊടുത്തിരുന്നു അവൾ അവിടെ നിന്ന് ഇറങ്ങിയതും അവന്റെ കൂടെ തന്നെ പോയി…
എനിക്കും വാശി തന്നെയായിരുന്നു ഡിവോഴ്സ് അനുവദിക്കാൻ കുറച്ചു മാസങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ. അതുകഴിഞ്ഞതും വാശിപിടിച്ച് ഞാൻ എന്റെ വിവാഹം മറ്റൊരു പാവപ്പെട്ട പെൺകുട്ടിയുമായി നടത്തി..
കല്യാണം കഴിഞ്ഞ് രണ്ടുമാസം മാത്രം ഭർത്താവിന്റെ കൂടെ ജീവിച്ച് ഒരു ആക്സിഡന്റ് അയാളെ നഷ്ടപ്പെട്ട ഒരു പാവം വിധവ!!! ഇനിയൊരു വിവാഹം വേണ്ട അയാളുടെ ഓർമ്മകൾ മാത്രം മതി എന്നും പറഞ്ഞ് ജീവിക്കുന്നവളെ ആങ്ങളയുടെ ഭാര്യ ഇവിടെ വന്നു നിന്നാൽ നോക്കാൻ ആരുമില്ല എന്നും പറഞ്ഞ് തളർത്തി ഒരു വിവാഹത്തിലേക്ക് തള്ളിവിടുകയായിരുന്നു മനസ്സുകൊണ്ട് ഒരിക്കലും പ്രിപ്പയർ ആയിരുന്നില്ല അവളും കല്യാണത്തിന് എനിക്ക് അവളെ മനസ്സിലാകുമായിരുന്നു..
ഒരിടത്ത് അവൾക്ക് വേണ്ടി മരിച്ചു ജോലിചെയ്ത് പണം സമ്പാദിച്ച എന്നെ മറന്ന് മറ്റൊരുവന്റെ സുഖിപ്പിക്കലിൽ വീണ് അവന്റെ കൂടെ പോയ ഭാര്യ മറുവശത്ത് വെറും ഒരു മാസം കൂടെ കഴിഞ്ഞതിന്റെ പേരിൽ ജീവിതകാലം മുഴുവൻ ആ ഓർമകളെ കൂട്ടുപിടിച്ച് ജീവിക്കാൻ തീരുമാനിച്ച ഒരുത്തി..
എങ്ങനെ നോക്കിയാലും അവൾക്കായിരുന്നു എന്റെ മുന്നിൽ മുൻതൂക്കം അവൾ എന്നോട് കല്യാണത്തിനു മുമ്പ് തന്നെ സംസാരിച്ചിരുന്നു എന്നെ ഉൾക്കൊള്ളാൻ കഴിയുമോ എന്നറിയില്ല എന്ന്…. വിവാഹം കഴിഞ്ഞാലും സമയം കൊടുക്കണം എന്ന് എനിക്കറിയാമായിരുന്നു ഇന്നല്ലെങ്കിൽ നാളെ അവൾക്ക് എന്നെ മനസ്സിലാക്കും എന്ന് കാരണം അവൾക്ക് അറിയാവുന്നത് സ്നേഹത്തിന്റെ ഭാഷ മാത്രമാണ്..
കുറച്ചുകാലം അവൾക്കെന്നെ മാറ്റിനിർത്താൻ കഴിഞ്ഞു പക്ഷേ പതിയെ ഞങ്ങൾ ഒരുമിച്ച് ഒരു ജീവിതം തുടങ്ങി… മത്സരിച്ച് പ്രണയിച്ചു എന്റെ തിരക്കുകൾ അവൾക്ക് മനസ്സിലായി ഉള്ള സമയത്ത് ഞാൻ കൊടുക്കുന്ന സ്നേഹം അത് മതിയായിരുന്നു അവൾക്ക്.
ഒടുവിൽ എന്റെ കുഞ്ഞിനെ ഉദരത്തിൽ പേറി അവളെന്റെ ജീവിതത്തെ അത്രമേൽ മനോഹരമാക്കി തീർത്തു… സുമിഷയുടെ കാര്യം പിന്നീട് അറിഞ്ഞു കൊണ്ടുപോയവന് മടുത്തു… അവൻ അവിടെ നിന്ന് അവളെ ആട്ടിയിറക്കി വിട്ടിട്ടും പോകാതെ അവിടെത്തന്നെ പിടിച്ചു നിൽക്കുകയാണ്… ഒടുവിൽ അവൻ മറ്റൊരു പെണ്ണിനെ അതുപോലെ വിളിച്ചു കൊണ്ടു വന്നു..
ഇപ്പോ അവൾ അവളുടെ വീട്ടിലേക്ക് തിരിച്ചുപോയി അവിടെ അവരുടെ ആട്ടുംതുപ്പും കേട്ട് ഒരു പട്ടിയെപ്പോലെ കിടക്കുന്നു..
അത് കേട്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല ചിലർക്ക് ചിലതെല്ലാം അർഹതപ്പെട്ടത് തന്നെയാണ്…