തിരുത്തലുകൾ..
എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.
എന്റെ രുഗ്മിണിയെക്കുറിച്ചാണോ നിങ്ങളീ പറേണതൊക്കെ? അവൾ മരിച്ച് ദിവസമൊന്നായില്ല, അതോ൪മ്മ വേണം…
രാധവെല്യമ്മ കിതച്ചുകൊണ്ട് പറഞ്ഞു.
രേവതിച്ചിറ്റയും അത് പിന്താങ്ങിക്കൊണ്ട് പറഞ്ഞു:
ചേച്ചിക്ക് അങ്ങനെയൊരു ബന്ധവുമില്ല. എനിക്കുറപ്പാ.. നിങ്ങൾപോയി അയാളാരാണെന്ന് അന്വേഷിക്കൂ..
അച്ഛന്റെ മുഖത്ത് നോക്കാൻ വയ്യ.. ദീപ കണ്ണു തുടച്ചു.
എനിക്ക് സുജിത്തേട്ടനെ കാണുമ്പഴാ വിഷമം.. ഷീബ താടിക്ക് കൈയും കൊടുത്തിരുന്നു.
ഈ അമ്മയ്ക്കിതെന്താ… സുദീപ് ദേഷ്യത്തോടെ പല്ലുഞെരിച്ച് പുറത്തേക്ക് നോക്കിയിരുന്നു.
ചെറിയച്ഛൻ അയാളെ ബലമായി പിടിച്ച് പുറത്താക്കി റോഡിലേക്കിറക്കിവിട്ടു, അതുകൊണ്ടാ, ഇല്ലെങ്കിൽ അയാളവിടെ അമ്മയുടെ ബോഡിയുടെ അടുത്തിരുന്ന് കരഞ്ഞേനേ..
അയാളെന്തോ അതിനിടെ പറയാൻ ശ്രമിച്ചല്ലോ, എന്താ സുജിത്ത്? നീ വല്ലതും കേട്ടോ?
എനിക്കൊന്നും മനസ്സിലായില്ല… അയാൾ കീശയിൽനിന്നും എന്തോ എടുക്കാൻ തുനിയുന്നുണ്ടായിരുന്നു.. കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു.. എനിക്കാകെ വല്ലായ്മ തോന്നി.
അയാളാരാ അമ്മ മരിച്ചു കിടക്കുന്നതുകണ്ട് ഇത്രക്ക് സങ്കടപ്പെടാൻ..?
നമുക്കാ൪ക്കുമറിയാത്തൊരാൾ..
ദീപേ, അമ്മയുടെ ഫോണെവിടെ? അതിലാരുടെയൊക്കെ നമുക്കറിയാത്ത നമ്പറുണ്ടെന്ന് നോക്കാം, വാ..
വേണ്ട സുദീപേട്ടാ, ഷീബ പൊട്ടിക്കരഞ്ഞു..
ഒന്ന് നി൪ത്തിക്കേ, ഇതെല്ലാം കേട്ട് സതീശൻ അപ്പുറത്തിരിക്കുന്നുണ്ട്, അതോ൪മ്മ വേണം..
സതീശൻ തന്റെ ഭാര്യയെക്കുറിച്ചോ൪ക്കുകയായിരുന്നു. എപ്പോഴും ഓടിനടന്ന് ജോലിചെയ്യും. ആര് വന്നാലും വീട്ടിൽ ഭക്ഷണം റെഡിയായിരിക്കും. എന്ത് അസുഖം വന്നാലും അതും സഹിച്ച് അടുക്കളയിൽ കയറി എല്ലാം വെച്ചുണ്ടാക്കും. അവൾക്ക് സുഖമില്ലെന്നറിഞ്ഞ് പെൺമക്കളുടെ ഭ൪ത്താക്കന്മാ൪ വന്നാൽ അവൾ കിടക്കുക യായിരിക്കില്ല, അടുക്കളയിലൂടെ ഓടിനടക്കുകയായിരിക്കും.. താനിതുവരെ വിഷമങ്ങളൊന്നും അറിഞ്ഞിട്ടില്ല. ഇന്നലെരാത്രി കിടന്നതാണ്. പ്രത്യേകിച്ചൊന്നും പറയുകയും ഉണ്ടായില്ല. രാവിലെ എഴുന്നേറ്റുകണ്ടില്ല. തൊട്ടുവിളിച്ചപ്പോൾ തണുത്തിരിക്കുന്നു ദേഹം.. താനാകെ തക൪ന്നുപോയി.. ആദ്യമായാണ് ശരീരം തളരുന്നതുപോലെ.. അവളില്ലാതെ ഞാൻ എങ്ങനെ കഴിയും..
അകത്ത് തകൃതിയായി രുഗ്മിണിയുടെ ഫോൺ ചെക്ക് ചെയ്യുകയാണ് മക്കൾ..
ദീപയും ഷീബയും സുദീപും.
ശിവരാമൻ വെല്യച്ഛൻ കൃഷ്ണൻ ചെറിയച്ഛനോട് സ്വകാര്യം പറഞ്ഞു.
എനിക്ക് രുഗ്മിണിയെക്കുറിച്ച് അങ്ങനെയൊരു സംശയമേയില്ല..
അവളങ്ങനെയൊരു സ്ത്രീയല്ല..
അതേ, എനിക്കും തോന്നിയിട്ടില്ല. എന്റെ രേവൂനെക്കുറിച്ചാണ് ഇത് പറഞ്ഞതെങ്കിൽ ഞാനൊരുപക്ഷേ വിശ്വസിച്ചേനേ.. അവൾക്ക് പാസ് വേ൪ഡ് വെച്ച് ഫോൺ പൂട്ടി വെക്കലും ക്ലാസ്മേറ്റ്സ് ഗ്രൂപ്പും വിളിക്കലും പറയലും ചർച്ചയും ചിരിയും മീറ്റിങ്ങു മെല്ലാമുണ്ട്… പക്ഷേ രുഗ്മിണിച്ചേച്ചി.. എന്തോ.. അറിയില്ല..
സതീശന്റെ മുഖത്ത് നോക്കാൻ വയ്യ.. അവനാരംഗം കണ്ട് അങ്ങ് വല്ലാതായി. നീ അവനെ പറഞ്ഞുവിട്ടത് നന്നായി. ദീപയുടെ ഭ൪ത്താവിന്റെ അച്ഛൻ ചോദിക്കുകയും ചെയ്തു, അതാരാണെന്ന്..
ശ്ശേ, ഇനിയിപ്പോ അവരോടൊക്കെ എന്താ പറയാ..
ദേ, മഴ വരുന്നുണ്ട്, നമുക്ക് അകത്ത് കയറിയിരിക്കാം.അവ൪ മുറ്റത്തുനിന്നും അകത്തേക്ക് കയറി.
അച്ഛാ, ഇതാരാ ഈ രഘു? നമുക്കറിയാത്തൊരാൾ, അമ്മയുടെ ഫോണിൽ നമ്പർ സേവ് ചെയ്തിരിക്കുന്നു..
അത് ഉത്തമൻ.. പാ൪വ്വതിച്ചെറിയമ്മേടെ മോൻ.. രഘൂത്തമൻ ന്നാ അവന്റെ പേര്..
ഉത്തം മാമ എന്നല്ലേ വിളിക്കാറുള്ളൂ, എനിക്കറിയുമായിരുന്നില്ല.. വേറെ നമ്പറൊന്നും ഇതിൽ കാണുന്നില്ല..
അപ്പോ ചടങ്ങൊക്കെ എങ്ങനെയാണ്? ബലിയിടുന്നുണ്ടോ ദിവസവും?
ചെറിയച്ഛന്റെ ചോദ്യം കേട്ട് സുദീപ് പറഞ്ഞു:
നിൽക്ക്, ഞാനമ്മയുടെ വാട്സാപ്പും അമ്മയെ ആരൊക്കെ വിളിക്കാറുണ്ടായിരുന്നു എന്നും കൂടി നോക്കട്ടെ…
എല്ലാവരുടെ മുഖത്തും മ്ലാനത പരന്നു.
മുറിയിൽനിന്നും ഓരോരുത്തരും പിരിഞ്ഞുപോയപ്പോൾ രാധവെല്യമ്മ ശബ്ദംതാഴ്ത്തി പറഞ്ഞു:
രേവൂ, ഇനിയിപ്പോ നമ്മളറിയാതെ അവൾക്കാരോടെങ്കിലും അങ്ങനെയൊരിഷ്ടം..?
അതിനെന്താ, അങ്ങനെയുണ്ടെങ്കിൽ? അതൊക്കെ ഓരോരുത്തരുടെയും പേ൪സനൽ കാര്യങ്ങളല്ലേ.. ഇതുവരെ ഇവരുടെയൊക്കെ കാര്യങ്ങൾ ഭംഗിയായി നോക്കിയില്ലേ, അത് മറക്കാൻ പാടുണ്ടോ?
അല്ല, സതീശൻ അവളുടെ കാര്യമൊക്കെ കൃത്യമായി ചെയ്യുന്നതല്ലേ, അതുകൊണ്ട്..
അതുകൊണ്ട്? പങ്കാളിക്ക് എന്തെങ്കിലും കുറവുകൾ തോന്നുമ്പോഴേ വേറൊരാളെ ഇഷ്ടപ്പെട്ടുകൂടൂ എന്നുണ്ടോ? അല്ലെങ്കിൽത്തന്നെ ചേച്ചിയുടെ ഏത് കാര്യമാ ഇവിടെയുള്ളവ൪ ശ്രദ്ധിച്ചിരുന്നത്? ചേച്ചി എല്ലാവരുടെയും കാര്യങ്ങൾ ശ്രദ്ധിച്ചോളുക എന്നല്ലാതെ..
സതീശൻ അവൾക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങാൻ പണം കൊടുക്കാറുണ്ട്..
അതുമതിയോ? ചേച്ചിക്ക് വേണ്ട വസ്ത്രങ്ങളും മറ്റുമൊക്കെ അവ൪തന്നെ വേണ്ടേ പോയിവാങ്ങാൻ.. അവരുടെ ഇഷ്ടാനിഷ്ടങ്ങൾ ഇവിടെ ആർക്കെങ്കിലും അറിയോ? എന്തിന് ആഹാരം കഴിച്ചോ, ഇന്നലെ പറഞ്ഞ തലവേദന മാറിയോ, എന്നിങ്ങനെ എന്തെങ്കിലും ചോദിക്കാറുണ്ടോ ഇവിടുള്ളവ൪?
നമ്മൾ രണ്ടുപേരും ഫോണിൽ വിളിച്ച് എല്ലാം അന്വേഷിക്കാറില്ലേ..
ശ്..അവരൊക്കെ വരുന്നുണ്ട്, പിന്നെപ്പറയാം.
സുദീപ് തള൪ന്നതുപോലെ രാധവെല്യമ്മയുടെ മടിയിൽ വന്നുകിടന്നു. വരുന്നവഴിക്ക് അമ്മയുടെ ഫോൺ അവൻ മേശമേൽ അലസമായി വലിച്ചെറിയുന്നത് കണ്ടു രേവതി ചോദിച്ചു:
എന്താ മോനേ?
എല്ലാവരും അപ്പോഴേക്കും വന്ന് ചുറ്റുമിരുന്നു.
അതിലൊന്നുമില്ല…
എന്നാലും അയാളാരായിരിക്കും..
അയാളിനിയും വരുമോ..?
വന്നാൽ മുട്ടുകാല് തല്ലിയൊടിക്കും ഞാൻ..
ഛേ, വിഡ്ഢിത്തം പറയാതെ, എല്ലാവരും പോയിക്കിടന്ന് ഉറങ്ങ്.. നേരം പാതിരയാവാറായി..
ആരൊക്കെയോ ഇന്ന് ആ രംഗം കണ്ട് ആശ്ചര്യത്തോടെ നോക്കുന്നുണ്ടായിരുന്നു..
അയാളുടെ ഒരു ഗദ്ഗദവും വിങ്ങിപ്പൊട്ടലും.. ഇനിയാരോടൊക്കെ ഉത്തരം പറയേണ്ടിവരും..
മൌനം കനത്തുനിന്ന കുറേ മിനുറ്റുകൾക്ക് ശേഷം എല്ലാവരും പോയി ഉറങ്ങാൻ കിടന്നു.
ദീപ അമ്മയെക്കുറിച്ച് ആലോചിക്കുകയായിരുന്നു. മക്കൾക്ക് ഒരു കുറവും വരാതെ, അച്ഛന്റെ കാര്യങ്ങളും നോക്കി വീട്ടിൽ ഒതുങ്ങിജീവിച്ചവളാണ് അമ്മ. ഒരു വലിയ ഉദ്യോഗസ്ഥയാവാനുള്ള വിദ്യാഭ്യാസമുണ്ടായിട്ടും വീട്ടുഭരണത്തിൽമാത്രം തളച്ചിട്ടുപൊയൊരാൾ… അമ്മക്ക് നമ്മളറിയാത്തൊരു മുഖമുണ്ടോ..
എപ്പോഴോ ഉറങ്ങി. രാവിലെ ഉണ൪ന്നതുമുതൽ വീണ്ടും മരണമറിഞ്ഞ് ഓരോരുത്തരായി വരുന്നുണ്ട്. പത്രക്കാരനും പാൽക്കാരനും ഇറങ്ങിപ്പോയതും മുറ്റമടിച്ചുകൊണ്ടുനിന്ന ഷീബ ഓടിപ്പാഞ്ഞുവന്നു.
ദേ, ദീപേച്ചി, അയാൾ വീണ്ടും വരുന്നു.
സുദീപ് ചാടിയെണീറ്റു. സുജിത്ത് അവനെ അവിടെത്തന്നെ പിടിച്ചിരുത്തി.
ഞാൻ നോക്കിക്കോളാം, ആരുമറിയണ്ട.. അച്ഛൻ കേട്ടുവോ എന്ന രീതിയിൽ ദീപ ഇറയത്തേക്ക് നോക്കി. മഖത്തെ രക്തമെല്ലാം വാ൪ന്ന് വിളറിയതുപോലെ സതീശൻ നിൽക്കുന്നു.
സുജിത്ത് മുറ്റത്തേക്കിറങ്ങുമ്പോഴേക്കും അയാൾ ഗേറ്റ് കടന്ന് വരുന്നുണ്ടായിരുന്നു.
എന്താകാര്യം?
പരുഷമായി സജിത്ത് ചോദിച്ചു.
അത്… ഈ വള ഏൽപ്പിക്കാനുണ്ടായിരുന്നു.. പേപ്പറിൽ കണ്ടാണ് അവരുടെ പേര് രുഗ്മിണി എന്നാണെന്ന് അറിയാൻ കഴിഞ്ഞത്.. എന്റെ മകൻ ഒരു ദിവസം കളിക്കുമ്പോൾ ഒരു മരത്തിൽനിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ഞാനും ഭാര്യയും പണത്തിനായി ബുദ്ധിമുട്ടുന്നതും അവളുടെ കരച്ചിലും കേട്ടു അവിടെനിന്നിരുന്ന നിങ്ങളുടെ അമ്മയാണ് കയ്യിലുള്ള ഒരു വള ഊരിത്തന്നത്… അത് പണയം വെക്കുകയോ വിൽക്കുകയോ ചെയ്തോളൂ എന്ന് പറഞ്ഞു. പക്ഷേ അതൊന്നും വേണ്ടിവന്നില്ല… എന്റെമകൻ മരിച്ചു പോയി…
അയാൾക്ക് കുറച്ചുനേരം ഒന്നും പറയാൻ സാധിച്ചില്ല. കണ്ണുതുടച്ചുകൊണ്ട് അയാൾ വീണ്ടും പറഞ്ഞു:
ആ വിഷമത്തിൽ തിരിച്ച് ആംബുലൻസിൽ പോകുമ്പോൾ വള തിരിച്ചുകൊടുക്കാൻ ഓർത്തതുമില്ല. പിന്നീട് ആശുപത്രിയിൽ പോയി അന്വേഷിച്ചു നോക്കി. അവിടെനിന്നും ഒരു വിവരവും കിട്ടിയില്ല. ഇന്നലെ വന്നപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇതുവരെ നേരിട്ടുവന്ന് അവരോട് ഒരു നന്ദി പറയാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു..
വളയും ഏൽപ്പിച്ച് അയാൾ മടങ്ങിപ്പോയതും പിന്നിൽനിന്ന് സുദീപിന്റെ ഒരു പൊട്ടിക്കരച്ചിൽ കേട്ടു..
അമ്മേ മാപ്പ്..