ഇതാവണം അമ്മ…
Story written by Aswathy Joy Arakkal
“എന്റെ പ്രശാന്തേട്ടനെ ജയിലിലാക്കിയിട്ട് നിങ്ങൾ വീട്ടിൽ കയറി ഒളിച്ചിരിക്കുകയാണോ ത ള്ളേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ വയറ്റിലല്ലേ എന്റെ ഏട്ടൻ പിറന്നത്. അതിന്റെ ഒരു സ്നേഹമെങ്കിലും കാണിച്ചു കൂടായിരുന്നോ നിങ്ങൾക്ക്. അതോ ഇനി നിങ്ങള് തന്നെയല്ലേ അങ്ങോരെ പ്രസവിച്ചത്..” ഭർതൃവീടിന്റെ മുന്നിൽ വന്ന് എണ്ണിപ്പറക്കി കരയുകയാണ് മായ.
പുറത്ത് നിന്നും മരുമകളുടെ ചീ ത്തവിളിയും എണ്ണിപ്പറക്കലും കേട്ടാണ് സാവിത്രിയമ്മ മയക്കത്തിൽ നിന്നുമുണർന്നത്. തലവേദനയ്ക്കുള്ള മരുന്നും കഴിച്ചു കിടന്നതാണ്. മയങ്ങിപ്പോയി. പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റ് വയ്യാത്ത കാലും വലിച്ചു ചെന്നവർ വാതിൽ തുറന്നു. അപ്പോഴേക്കും മായയുടെ ബഹളം കേട്ട് അയൽവാസികളിൽ പലരും വേലിക്കൽ സ്ഥാനംപിടിച്ചു തുടങ്ങിയിരുന്നു.
“നീ മുറ്റത്ത് നിന്ന് ബഹളം വെച്ച് നാട്ടുകാരെ കൂട്ടാതെ, ഇങ്ങ് അകത്തേക്ക് കയറിയിരിക്ക് മായേ.. ” സാവിത്രിയമ്മ മരുമകളോടായി പറഞ്ഞു.
“ഓഹ്.. നാട്ടുകാര് കേൾക്കുന്നത് നിങ്ങൾക്ക് നാണക്കേട് ആയിരിക്കുമല്ലേ. കേൾക്കട്ടെ എല്ലാവരും കേൾക്കട്ടെ നിങ്ങളുടെ മഹത്വം. സ്വന്തം മോനെ ജയിലിൽ ആക്കിയിട്ടിപ്പോൾ നാട്ടുകാര് കേൾക്കുന്നതാ അവർക്ക് കുറച്ചില്. നിങ്ങളുടെ വയറ്റിലല്ലേ തള്ളേ എന്റെ പ്രശാന്തേട്ടനും ജനിച്ചത്. എന്നിട്ട് അങ്ങോരോടിങ്ങനെ ചെയ്യാൻ നിങ്ങൾക്കെങ്ങനെ തോന്നി,” മായ വാശിയോടെ ചോദിച്ചു.
“മായേ ഞാൻ കേസ് കൊടുത്തെന്നും പറഞ്ഞു ബഹളം വയ്ക്കുന്ന നീ അതിന് കാരണം എന്താണെന്ന് അന്വേഷിച്ചിരുന്നോ?” സാവിത്രിയമ്മ ശാന്തത കൈവിടാതെ മായയോട് തിരക്കി.
“ഓഹ്.. അങ്ങോർക്ക് കു ടിപ്പുറത്തൊരു അബദ്ധം പറ്റി. പിന്നെ മക്കള് വളർന്നാൽ നിധി കാക്കുന്ന ഭൂതങ്ങളെപ്പോലെ സ്വത്തും കെട്ടിപ്പിടിച്ചിരിക്കാതെ അവർക്കുള്ള വീതം അങ്ങ് കൊടുത്തേക്കണം. അല്ലെങ്കിൽ ഇങ്ങനെ പലതും സഹിക്കേണ്ടി വരും. അല്ല അച്ഛനും മകനും തമ്മിലുള്ള തർക്കത്തിന്റെ ഇടയിൽ നിങ്ങൾക്ക് ചെന്ന് കയറേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ. അതുകൊണ്ടല്ലേ അങ്ങോര് നിങ്ങളെപ്പിടിച്ചു തള്ളിയതും. നെറ്റിപൊട്ടിയതും. അതൊരു അബദ്ധമായി കണ്ട് ക്ഷമിക്കാതെ അവര് പരാതിയുമായി പോലീസ് സ്റ്റേഷനിൽ പോയിരിക്കുന്നു. അതെങ്ങനെയാ മോനോട് സ്നേഹം ഉണ്ടെങ്കിലല്ലേ. തെരുവിൽ കിടക്കുന്ന നായ്ക്കുണ്ടാകും അതിന്റെ കുഞ്ഞുങ്ങളോട് ഇതിലും സ്നേഹം..”
“നിർത്തടി നിന്റെ അധികപ്രസംഗം.. ” സാവിത്രിയമ്മയുടെ ശബ്ദം ഉയർന്നപ്പോൾ അറിയാതെ മായയുടെ വായടഞ്ഞുപോയി.
“നീയെന്താ പറഞ്ഞത് അബദ്ധം എന്നോ. സ്വത്തിന് വേണ്ടി മാതാപിതാക്കളോട് വഴക്കിടുന്നതും അവരെ ദ്രോഹിക്കുന്നതും ത ല്ലുന്നതുമൊക്കെയാണോ നീ ഈ പറഞ്ഞ അബദ്ധം. നീയും വളർത്തുന്നുണ്ടല്ലോ രണ്ടു മക്കളെ. നാളെ അവര് ഇങ്ങനൊക്കെ നിന്നോട് ചെയ്താൽ എന്തായിരിക്കും നിന്റെ മാനസികാവസ്ഥ എന്ന് ചിന്തിച്ചു നോക്ക്. അപ്പോൾ മനസ്സിലാകും നിനക്കെന്റെ വിഷമം,” സാവിത്രിയമ്മ കിതപ്പോടെ പറഞ്ഞു.
“അതിനു എനിക്കീ ഗതി വരാൻ നിങ്ങളെപ്പോലെ എണീക്കാൻ പറ്റാതായലും സ്വത്തും കെട്ടിപ്പിടിച്ചു കൊണ്ടിരിക്കില്ല ഞാൻ. പിന്നെ എന്തൊക്ക ചെയ്താലും മക്കളല്ലേ. അവരോട് ക്ഷമിക്കേണ്ടതും പൊറുക്കേണ്ടതും മാതാപിതാക്കളല്ലേ..” മായ ആരോടെന്നില്ലാതെ പറഞ്ഞു.
“ഞാനും രാഘവേട്ടനും എന്ത് സ്വത്ത് കെട്ടിപ്പിടിച്ച് ഇരിക്കണൂന്നാ നീ പറയണത് മായേ. ഓർമ്മവെച്ച കാലം മുതൽ കുടുംബത്തിനായി അധ്വാനിക്കുന്നതാ ആ മനുഷ്യൻ.. ഇപ്പോഴും അങ്ങോർക്ക് അതേ കഷ്ടപ്പാട് തന്നെ..”
“ഒറ്റമകനായത് കൊണ്ട് വേണ്ടതിലധികം സ്നേഹവും സ്വതന്ത്രവും കൊടുത്താ ഞങ്ങൾ പ്രശാന്തിനെ വളർത്തിയത്. പഠിക്കാൻ വിട്ടപ്പോഴവൻ പഠിക്കാതെ നടന്നു. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ഇനി പഠിക്കുന്നില്ല മൊബൈല് കട ഇട്ടുകൊടുക്കണം എന്നു പറഞ്ഞപ്പോൾ കുറച്ചു സ്ഥലമുള്ളത് വിറ്റ് നുള്ളിപ്പറക്കിയാ അച്ഛൻ അതിനുള്ള പൈസ ഉണ്ടാക്കിയത്. എന്നിട്ടവൻ അത് നന്നായി നോക്കി നടത്തിയോ. ഇല്ല. അവൻ അപ്പോഴേക്കും നീയുമായി സ്നേഹിച്ച് നിന്നേയും വിളിച്ചിവിടെ കൊണ്ടുവന്നു. നിന്നോട് തുടർന്നു പഠിക്കാനും ഒരു ജോലിനോക്കാനും പറഞ്ഞപ്പോൾ നിനക്ക് ഞങ്ങൾ ശത്രുക്കളായി… വൈകാതെ ശല്യവുമായി.. ഇവിടെ ഇനി നിൽക്കാൻ കഴിയില്ല എന്നു നീ വാശിപിടിച്ചപ്പോൾ വേറൊരു വീടെടുക്കാനും കഴിയാവുന്നതൊക്കെ അച്ഛൻ ചെയ്തില്ലേ. കുഞ്ഞുങ്ങൾ ഉണ്ടായപ്പോൾ അവരുടെ കാര്യത്തിനും കഴിയാവുന്ന പോലൊക്കെ ആ മനുഷ്യൻ ചെയ്തു. ഞങ്ങളെ കൊണ്ട് ആവുന്നതിലുമധികം ഞങ്ങൾ ചെയ്തു. ഇതിൽ കൂടുതൽ എന്ത് വേണമെന്നാ… “
“പിന്നെ, ഇവിടെ നിന്നും ഇറങ്ങിയതില്പിന്നെ ഇങ്ങോട്ടൊന്നു തിരിഞ്ഞു നോക്കിയിട്ടുണ്ടോ നീ. ഞങ്ങളെങ്ങനെയാ ജീവിക്കുന്നത് എന്ന് ഒന്ന് അന്വേഷിച്ചിട്ടുണ്ടോ. ഇനി ഞങ്ങൾക്ക് ആകെയുള്ളത് ഈ വീടാ. ഈ പ്രായത്തിലും അങ്ങോര് സെക്യൂരിറ്റി പണിക്ക് പോയി കിട്ടണ പൈസ കൊണ്ടാ ഞങ്ങൾ ജീവിക്കുന്നത്. ഇതും കൂടി അവൻ വിറ്റാ ഞങ്ങൾ എന്ത് ചെയ്യും. ഞങ്ങൾക്ക് ജീവിക്കണ്ടേ.. പിന്നെ കല്യാണം കഴിഞ്ഞു മക്കളുമായി ജീവിക്കുന്ന മകന്റെ കുടുംബകാര്യം കൂടി വയസ്സായ അച്ഛനും അമ്മയും നോക്കണമെന്നുള്ളത് എവിടുത്തെ ന്യായമാ മായേ. ഞങ്ങൾക്ക് ആരുടെയെങ്കിലുമൊക്കെ സഹായം വേണ്ട സമയമല്ലേ ഇത്. അതിന്റെ ഇടയ്ക്ക് ഈ വീട് വിറ്റ് അവന് ഇനിയും വീതം കൊടുക്കാനൊക്കെ പറഞ്ഞാൽ…”
ഇനി കേസ് കൊടുത്തത്, മക്കൾ ആണെന്നും പറഞ്ഞു സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ. ഞങ്ങൾക്കും ജീbവനിൽ കൊതിയില്ലേ. അവന്റെ പല കൊള്ളരുതായ്മയും ഞങ്ങൾ സഹിച്ചു. അതാ ഞങ്ങൾ ചെയ്ത തെറ്റ്. മbദ്യപിച്ചു വന്ന് അച്ഛനേയും അമ്മയേയും തbല്ലുന്ന മകനോട് ക്ഷമിച്ചിട്ട് ത്യാഗത്തിന്റെ മൂർത്തീഭാവമായ അമ്മ, അച്ഛൻ എന്നൊക്കെയുള്ള മറ്റുള്ളവരുടെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട ഞങ്ങൾക്ക്. അവന് ജന്മം കൊടുത്തത് കൊണ്ടവൻ എന്ത് ചെയ്താലും പൊറുക്കാനുള്ള മനസ്സുമില്ല. പലപ്രവിശ്യം ക്ഷമിച്ചു. ഇനി അവൻ ജയിലിൽ കിടന്ന് കുറച്ചു മര്യാദ പഠിക്കട്ടെ…”
“പിന്നെ, നീ കുഞ്ഞുങ്ങളുമായി ഇവിടെ വന്ന് നിൽക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു എതിർപ്പും ഇല്ല. പക്ഷെ ഞങ്ങളെ നോക്കേണ്ട സമയത്ത് സർവ്വ ആരോഗ്യവുമുള്ള ചെറുപ്പക്കാരനായ മകന് ചിലവിനു കൊടുക്കാനും അവന്റെ ചവിട്ടും തൊഴിയും കൊള്ളാനും ഞങ്ങൾക്കിനി വയ്യ.. “
അതും പറഞ്ഞു സാവിത്രിയമ്മ ഉമ്മറത്തെ കസേരയിലേക്കിരുന്നു. അപ്പോഴേക്കും ജോലികഴിഞ്ഞു രാഘവേട്ടനും എത്തിയിരുന്നു.
“ഇത്തവണത്തേയ്ക്ക് ഏട്ടനോടൊന്ന് ക്ഷമിക്ക് അച്ഛാ.. ” മായ രാഘവേട്ടനോടായി പറഞ്ഞു.
“ഇല്ല മായേ.. ഒരുപാട് സഹിച്ചതും ക്ഷമിച്ചതുമാ ഞങ്ങൾ. പക്ഷെ അവൻ ഞങ്ങളുടെ മേൽ കൈവെച്ചത് ഒരിക്കലും ക്ഷമിക്കാനാകില്ല ഞങ്ങൾക്ക്. ഒരു ക്ഷമ പറച്ചിൽ കൊണ്ട് എല്ലാ തെറ്റിനും പരിഹാരം ആകുന്നില്ല. ചിലതിനു ശിക്ഷ വേണം. ഇതിൽ നിന്നും അവനൊരു പാഠം പഠിച്ചില്ലെങ്കിൽ അവനെ കണ്ടുവളരുന്ന നിങ്ങളുടെ മക്കളും നാളെ അവനെ മാതൃകയാക്കി നിങ്ങളോടിത് ചെയ്തെന്നു വരം. അതുകൊണ്ട് ഈ ശിക്ഷ അവൻ അർഹിക്കുന്നു.. നീ കയറിയാൽ ചായ കുടിച്ചിട്ട് പോകാം.. “
അതും പറഞ്ഞു രാഘവേട്ടൻ ഭാര്യയേയും കൂട്ടി അകത്തേക്ക് കയറി.. വേലിക്കലെ അയൽക്കൂട്ടവും പലവിധ അഭിപ്രായപ്രകടങ്ങളുമായി പിരിഞ്ഞുപോയി. പതുക്കെ മായയും അവിടെ നിന്നുമിറങ്ങി.
“നമ്മള് ചെയ്തത് തെറ്റായിപ്പോയോടോ?” ചായയ്ക്ക് വെള്ളം വെയ്ക്കുന്നതിനിടയിൽ രാഘവേട്ടൻ ഭാര്യയോടായി ചോദിച്ചു..
നിങ്ങള് വിഷമിക്കാതിരിക്ക് രാഘവേട്ടാ.. “ത ല്ലിയാലും കൊ ന്നാലും എന്റെ മകനല്ലേ.. അവനെതിരെ ഞാനെങ്ങനെ പരാതിപ്പെടും. എനിക്ക് കേസില്ല.. ” എന്നൊക്കെ മകൻ തല്ലിച തച്ചിട്ടും മകനെ ന്യായീകരിച്ചുകൊണ്ടു പറഞ്ഞ ആ വാർത്തയിൽ കണ്ട സ്ത്രീയെ പോലെ ചിന്തിക്കാനും പറയാനും നിന്നാൽ അവനിനിയും വഷളാകും.
“മക്കളോട് സ്നേഹം വേണം. പക്ഷെ സ്നേഹിച്ചവരെ വഷളാക്കരുത്. അതുകൊണ്ട് അവൻ കുറച്ചുദിവസം അവിടെ കിടക്കട്ടെ. പോലീസിന്റെ രണ്ടുതല്ലു കൊണ്ടാലേ മര്യാദ പഠിക്കൂ എങ്കിൽ അങ്ങനെ ആകട്ടെ.. നിങ്ങള് വിഷമിക്കാതിരിക്ക്.. ജന്മം കൊടുത്തു എന്നത് കൊണ്ടു മക്കളുടെ സകല കൊള്ളരുതായ്മയും സഹിക്കേണ്ട കടമായൊന്നും മാതാപിതാക്കൾക്കില്ല..” സാവിത്രിയമ്മ ന്യായം പറഞ്ഞപ്പോൾ രാഘവേട്ടനുമത് ശെരിവെച്ചു.
അതെ.. അവരല്ലേ… ആ അമ്മ തന്നെയല്ലേ ശെരി…