പ്രണയം – രചന: VARGHESE
രാജീവ് സർ ഇറങ്ങിയോ…?
ആരും കാണല്ലേ എന്ന് പ്രാർത്ഥിച്ചു ഇറങ്ങിയപ്പോ ചെന്ന് പെട്ടത് പ്യൂൺ രാമൻ ചേട്ടന്റെ മുൻപിൽ…ഇറങ്ങുവാ ചേട്ടാ എന്ന് പറഞ്ഞു പെട്ടന്ന് ഇറങ്ങി. കൂടുതൽ നിന്നാൽ ഒരുപാട് ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം പറയേണ്ടിവരും.
അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ…കഴിഞ്ഞ ഒന്നര വർഷം ലീവ് ഉണ്ടായിട്ടും പോകാത്ത ഞാൻ പെട്ടെന്ന് നാട്ടിൽ പോകുമ്പോൾ എല്ലാവർക്കും അതിശയം. നേരെ അവിടെ നിന്ന് ഇറങ്ങി മടിവാള ബസ് സ്റ്റാൻഡിലേക്ക്…
ഇനിയും മുക്കാൽ മണിക്കൂർ ഉണ്ട് ബസ് എടുക്കാൻ. ഒരു ദോശയും ചായയും കഴിച്ചു ബസിൽ കേറി ഇരുന്നു. ഇപ്പോൾ മനസിനുള്ളിൽ സന്തോഷമാണോ സങ്കടമാണോ എന്നറിയാത്ത ഒരു അവസ്ഥ. ബസ് എടുക്കുവാനാണ് എന്ന് തോന്നുന്നു. ഭാഗ്യം എന്റെ സീറ്റിൽ വേറെ ആരുമില്ല. സ്വസ്ഥമായി ഇരിക്കാം. അല്ലെങ്കിലും ഞാൻ ഇപ്പോൾ ഏകാന്തതയെ ഒരുപാടു സ്നേഹിക്കുന്നു.
ചാരി കിടക്കാൻ ആയി സീറ്റ് ഒന്ന് അഡ്ജസ്സ് ചെയ്തു. കഴിഞ്ഞ അഞ്ച് വർഷം മുൻപുള്ള കാര്യങ്ങൾ മനസ്സിൽ ഇങ്ങനെ തെളിഞ്ഞു വരുന്നു…
അച്ഛേന്റേം അമ്മയുടേം ഒറ്റ മകൻ. അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും എനിക്ക് ഉണ്ടാരുന്നു. അവരുടെ പട്ടാളചിട്ടയിലുള്ള എന്നോടുള്ള പെരുമാറ്റം സത്യത്തിൽ ഞാൻ വെറുത്തിരുന്നു. ഒന്നിനും ഒരു സ്വാതന്ത്ര്യം ഇല്ല. ഇണങ്ങാനോ പിണങ്ങാനോ കൂടെപിറപ്പുകൾ ഇല്ല. ഇഷ്ട്ടം ഇല്ലാതിരിന്നിട്ട് കൂടി എന്നേ കൊണ്ട് എഞ്ചിനീയറിംഗ് നു ചേർത്തു.
എഞ്ചിനീയർ പഠനം 4 വർഷം കൊണ്ട് കഴിഞ്ഞു എങ്കിലും ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രം കിട്ടിയില്ല. ഉഴപ്പും മാതാപിതാക്കളോടുള്ള വാശിയും തന്നെ കാരണം. അങ്ങനെ വീട്ടിൽ ചുമ്മാ ഇരുന്നു നാട്ടുകാർക്കും വീട്ടുകാർക്കും തലവേദന ആയപ്പോൾ അച്ചൻ ഒരു ജോലി മേടിച്ചു തന്നു. അച്ഛന്റെ സുഹൃത്തിന്റെ തന്നാണ് കമ്പനി. ശമ്പളം കുറവാണു, ഞാൻ നന്നാകുന്നെങ്കിൽ നന്നായികൊട്ട് എന്ന് വെച്ച് അച്ചൻ ചെയ്തതാണ്.
ഓഫീസിൽ മൊത്തം പത്തു സ്റ്റാഫ് ഓളം ഉണ്ട്. എല്ലാരേയും ഞാൻ അന്ന് പരിചയപെട്ടു. പിറ്റേ ദിവസ്സം ഓഫീസിൽ ചെന്നപ്പോൾ HR മാനേജർ തോമസ് സർ ഒരാളെ പരിചയപെടുത്തിയിട്ട് പറഞ്ഞു, ഇതാണ് ഐശ്വര്യ…ഇവിടുത്തെ ജോലികൾ ഒക്കെ ഐശ്വര്യ പഠിപ്പിക്കും.
സർ ഇത് പറയുമ്പോൾ ഞാൻ അവരെ തന്നേ ശ്രദ്ധിക്കുക ആയിരുന്നു. പേര് പോലെ തന്നേ നല്ല ഐശ്വര്യം. നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടു. അധികം ചമയങ്ങൾ ഒന്നുമില്ല. ഒരു തനിനാടൻ പെണ്ണ്. ആള് രണ്ട് വർഷം എന്നെക്കാൾ മൂത്തത് ആണ്. അത് കൊണ്ട് പഞ്ചാര അടിക്കാൻ ഒരു മടി.
ബാക്കി എല്ലാം ഐശ്വര്യ പറഞ്ഞു തരും എന്ന് തോമസ് സർ പറഞ്ഞപ്പോൾ ആണ് എനിക്ക് സ്ഥലകാലബോധം വന്നത്. അവരുടെ ക്യാബിനിൽ ഞാൻ പോയി ഇരുന്നു. അവര് ഓരോ കാര്യങ്ങൾ ആയി പറഞ്ഞു തന്നു. ഞാൻ ഇതിൽ ഒന്നും താല്പര്യം ഇല്ലാത്ത പോലെ ഇരുന്നു കേട്ടു. അത് ഐശ്വര്യക്കും മനസിലായി…എന്നാലും ഒന്നും പറഞ്ഞില്ല.
ഞാൻ വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന് ചോദിച്ചു പതുക്കെ വിഷയം മാറ്റാൻ നോക്കി…എല്ലാരും ഉണ്ട് എന്ന് ഒറ്റവാക്കിൽ പറഞ്ഞു വീണ്ടും ജോലി കാര്യങ്ങളിലേക്ക് തിരിഞ്ഞു. ഞാൻ ഒന്നും ശ്രദ്ധിച്ചില്ല എന്നു അവർക്കു മനസിലായി. എന്നാലും തോമസ് സർ ചോദിച്ചപ്പോൾ കുഴപ്പമില്ല, മിടുക്കൻ ആണ് എന്ന് പറഞ്ഞു.
എന്റെ ജോലി കൂടി ഐശ്വര്യ ചെയ്യുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ചു അവിടെ പണി ഒന്നും ഇല്ലാരുന്നു. അവർ ആരോടും അങ്ങനെ കൂട്ട് കൂടുന്നതായി ഞാൻ കണ്ടിട്ടില്ല. ബാക്കി എല്ലാരും ഒരുമിച്ചാണ് ലഞ്ച് എല്ലാം കഴിക്കുന്നത്. ഒരു ദിവസം ലഞ്ച് ടൈം ഇൽ നമുക്കു ഒരുമിച്ചു കഴിക്കാം എന്ന് പറഞ്ഞു ഐശ്വര്യയെ വിളിച്ചു. അവര് വന്നില്ല…
ദേഷ്യപ്പെട്ടു ഞാൻ അവടെ ചോറ്റുപത്രം തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോ അറിയാതെ കയ്യിൽ നിന്നും വഴുതി പാത്രം താഴേ വീണു. അതിനുള്ളിൽ ഉണ്ടായിരുന്ന ചോറും തൈരും താഴേ വീണു. എന്റെ കവിളിൽ ഐശ്വര്യയുടെ കൈ പതിച്ചത് മാത്രം ഓർമയുണ്ട്.
ആദ്യം ദേഷ്യം വന്നെങ്കിലും പിന്നീട് ആലോചിച്ചപ്പോ സങ്കടം വന്നു. ദിവസവും ചോറും തൈരും മാത്രം ആണ് കൂട്ടാൻ. ഇതു ആരും കാണാതിരിക്കാൻ വേണ്ടി ആണ് പാവം ഒറ്റയ്ക്ക് കഴിക്കുന്നത്. നേരിൽ കണ്ടു ക്ഷമ പറയാൻ ചെന്നപ്പോഴേക്കും അവൾ അവിടുന്നു എഴുന്നേറ്റു പോയി. ഒരു സോറി മെസ്സേജ് മൊബൈലിൽ അയച്ചിട്ടും മറുപടി ഒന്നും വന്നില്ല. ഒരാഴ്ച അങ്ങനെ കടന്നു പോയി.
ഒരു ദിവസം മൊബൈലിൽ ഒരു മെസ്സേജ്. ഐശ്വര്യയുടെ ആണ്. ഒരു സഹായം ചെയ്യുമോ എന്ന് ചോദിച്ചു…അവൾക്കു ഒരു 2500 രൂപ വേണമത്രെ…പോക്കറ്റ് മണിയിൽ നിന്നും ഒരു 2500 എടുത്തു ആരും കാണാതെ ഓഫീസിൽ വെച്ച് കൊടുത്തു. അവൾ ആ ക്യാഷ് മേടിച്ചിട്ട് ശമ്പളം കിട്ടുമ്പോൾ തരാം എന്ന് മാത്രം പറഞ്ഞു. ഒരു നന്ദി പ്രതീക്ഷിച്ച ഞാൻ നിരാശനായി.
എന്നിരുന്നാലും ഒരു സമാധാനം ഉണ്ട്. ചെയ്ത തെറ്റിന് ഒരു ചെറിയ പ്രായശ്ചിത്തം ചെയ്യാൻ പറ്റിയല്ലോ…അന്ന് അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ മൊബൈൽ അടിക്കുന്നു. എടുക്കുമ്പോ ഐശ്വര്യ ആണ്. ഈ നേരത്തു ഇനി എന്താണോ എന്ന് സംശയിച്ചു ഫോൺ എടുത്തപ്പോ നന്ദി പറയാൻ വിളിച്ചതാണ്.
ഐശ്വര്യക്കു സ്വന്തമായി ആരുമില്ല. കൂടെ ഉള്ളത് രണ്ടാനമ്മ ആണ്. ആദ്യമൊക്കെ കാര്യം ആയിരുന്നെങ്കിലും ഒരു മകൻ ഉണ്ടായപ്പോ മുതൽ വഴക്കു തുടങ്ങി. സ്വത്തു മൊത്തം അവർക്കു വേണം. ഇന്ന് അവർക്കു വേണ്ടിയാരുന്നു കാശു കടം ചോദിച്ചത്. ക്യാഷ് ഇല്ലാതെ അങ്ങൊട് ചെന്നാൽ പിന്നെ ദേഹോപദ്രവം ആയിരിക്കും. അത് കൊണ്ടാണ് മറ്റു വഴി ഇല്ലാതെ കടം ചോദിച്ചത്. അങ്ങനെ പതിയെ മെസ്സേജ് വഴിയും കാൾ വഴിയും ഞങ്ങൾ ഒരു പാട് അടുത്തു.
അത് ഒരു സൗഹൃദമാണോ പ്രണയമാണോ എന്നൊന്നും അറിയില്ല. എന്റെ ജീവിതത്തിലും ഒരു പാട് മാറ്റങ്ങൾ കൊണ്ടുവരാൻ അവൾക്കായി. ഒരു ഉത്തരവാദിത്തം ഇല്ലാതെ ഇരുന്ന എന്നെ ഉപദേശിച്ചു ഒരു വിധം നന്നാക്കി. എഞ്ചിനീയറിംഗ് പാസ് ആയി.
അങ്ങനെ ഇരിക്കെ ഐശ്വര്യയുടെ പിറന്നാൾ ദിനം വന്നു. നല്ല ഒരു സാരി മേടിച്ചു. പിറന്നാളിന്റെ അന്ന് ഉടുക്കാൻ വേണ്ടി തലേദിവസം ഞാൻ കൊടുത്തു. സമയദോഷത്തിനു ആ സമയം കൂടെ ജോലി ചെയ്യുന്ന ജമീല ചേച്ചി ഇത് കണ്ടു. അവര് അത് ഓഫീസിൽ മുഴുവൻ പാട്ടാക്കി. അങ്ങനെ പാവത്തിന്റെ പിറന്നാൾദിനം കണ്ണുനീരിന്റെ ദിനമായി.
എന്നെ തോമസ് സർ വിളിപ്പിച്ചു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്ന് പറഞ്ഞിട്ടും അദ്ദേഹം ഒന്നും തന്നെ കേട്ടില്ല. അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. നിങ്ങൾ രണ്ടുപേർക്കും കൂടി ഇവിടെ ജോലി ചെയ്യാൻ പറ്റില്ല. ആ പാവത്തിന് ഒരു ജോലി ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ്. അത് കൊണ്ട്…
ഇല്ല, സർ ഞാൻ പൊയ്ക്കോളാം…എന്ന് പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. പോകാൻ നേരം അവളെ ഒന്ന് കാണണം എന്നുണ്ടെങ്കിലും ശ്രമിച്ചില്ല. വീട്ടിൽ എത്തി കുറേ പ്രാവശ്യം ഫോണിൽ ഞാൻ ശ്രമിച്ചു. കാൾ എടുത്തില്ല. കുറച്ചു കഴിഞ്ഞു ഒരു മെസ്സേജ് മാത്രം വന്നു. ഇനി ഒരിക്കലും കാണാനോ വിളിക്കാനോ ശ്രമിക്കരുത് എന്ന്…അന്ന് മരവിച്ച മനസുമായി ഞാൻ വണ്ടി കേറിയത് ബാംഗ്ലൂർക്ക്…
കൂട്ടുകാർ വഴി ഒരു ജോലി ശരിയായി. പാർട്ട്ടൈം ആയി MBA ചെയ്തു. അങ്ങനെ പഴയതെല്ലാം മറന്നിരിക്കുന്ന സമയത്താണ് ഫേസ്ബുക്കിൽ കൂട്ടുകാരൻ ജോയിയുടെ പ്രൊഫൈലിൽ ഒരു പടം കാണുന്നത്. അവന്റെ വിവാഹവാർഷികം ഒരു അഗതി മന്ദിരത്തിൽ ആഘോഷിച്ച പടങ്ങൾ. അതിൽ ഒന്നിൽ ഐശ്വര്യ…
അവിടെ അന്വേഷിച്ചപ്പോഴാണ് ഐശ്വര്യ അവിടുത്തെ അന്തേവാസിയാണ്. വയ്യാത്തവരെ ശുശ്രുഷീക്കുകയാണ് ജോലി. എവിടോ മനസിനുള്ളിൽ മനഃപൂർവം മറന്നു വെച്ച ആ ഓർമ്മകൾ മനസിലേക്ക് ഓടി എത്തി. അങ്ങനെ ഐശ്വര്യയെ കാണാൻ വേണ്ടി തീരുമാനിച്ച ഇറങ്ങിയതാണ്.
കണ്ടക്ടർ വന്നു വിളിച്ചപ്പോൾ ആണ് എഴുന്നേൽക്കുന്നത്. കാഞ്ഞിരപ്പള്ളി ആയി. നേരെ വീട്ടിലേക്കു…വീട്ടിൽ കാര്യങ്ങൾ പറഞ്ഞിരുന്നു. എതിർക്കും എന്നാണ് വിചാരിച്ചത്. എന്നാൽ ഒരു എതിർപ്പും പറഞ്ഞില്ല എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി.
പതിനൊന്ന് മണിയോടെ ഞാനും അപ്പനും അമ്മയും കൂടി കാറിൽ അവിടേക്കു പുറപ്പെട്ടു. റിസപ്ഷനിൽ ചെന്ന് കാര്യം പറഞ്ഞു. വിസിറ്റേർസ് റൂമിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞു ഐശ്വര്യ വന്നു. എന്നെ കണ്ടതും ഒന്ന് ഞെട്ടി എങ്കിലും അത് പുറമേ കാണിച്ചില്ല. ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു.
ഓഫീസിൽ ഉണ്ടായ സംഭവങ്ങൾ എങ്ങനെയോ വീട്ടിൽ അറിഞ്ഞു. അന്ന് വീട്ടിൽ നിന്ന് ഇറക്കി വിട്ടപ്പോൾ ഇവിടെ വന്നതാണ്. എവിടോ ഒരു വിങ്ങൽ. പാവം, ഞാൻ കാരണമല്ലേ ഇതെല്ലാം സംഭവിച്ചത്.
എന്റെ മനസ് വായിച്ചിട്ട് എന്നോണം, അമ്മ അവളോട് ചോദിച്ചു…ഇവനെ നേരായ വഴിയിൽ നടത്താൻ ഞങ്ങൾ വർഷങ്ങൾ കുറേ നോക്കിയിട്ട് നടന്നില്ല. എന്നാൽ മോൾ കുറച്ചു മാസങ്ങൾ കൊണ്ട് അത് സാധിച്ചു എടുത്തു. ജീവിതകാലം മുഴുവൻ അവനു താങ്ങും തണലുമായി മോൾക്ക് അവന്റെ ജീവിതത്തിൽ വന്നു കൂടെ…
എനിക്ക് അതിനുള്ള യോഗ്യത ഇല്ല അമ്മേ…രാജീവിന് എന്നെക്കാൾ നല്ല ഒരു പെണ്ണിനെ കിട്ടും അമ്മേ എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറി. എന്നാൽ നമുക്ക് ഇറങ്ങാം എന്ന് പറഞ്ഞു അപ്പനും അമ്മയും അവിടെ നിന്ന് ഇറങ്ങി.
ഞാൻ തിരിച്ചു അവളുടെ അടുത്ത് ചെന്ന് ബലമായി കെട്ടിപിടിച്ചു നെറുകെയിൽ ഒരു ഉമ്മ കൊടുത്തിട്ടു പറഞ്ഞു…നീ അല്ലാതെ എനിക്കൊരു പെണ്ണില്ല ഈ ജീവിതത്തിൽ…എന്റെ കൈ വിടുവിക്കാൻ ഒരു പാഴ്ശ്രമം നടത്തിയെങ്കിലും അതുവരെ അടക്കി വെച്ചിരുന്ന സങ്കടവും പ്രണയവും ഒരു കരച്ചിലായി പെയ്തിറങ്ങി.
അതേ, ഇതു പൊതുസ്ഥലം ആണ്. ബാക്കി ഒക്കെ കല്യാണം കഴിഞ്ഞു…എന്നുള്ള അമ്മയുടെ സംസാരം കേട്ടപ്പോളാണ് ഞങ്ങൾ ആലിംഗനബദ്ധർ ആണന്നു ഓർത്തത്. നിറഞ്ഞ മനസ്സോടു അവിടുള്ളവർ ഞങ്ങളെ അനുഗഹിച്ചു യാത്രയാക്കി, ഒരു ഐശ്വര്യ പൂർണമായ ജീവിതത്തിലേക്ക്…