എഴുത്ത്:- കൽഹാര
“” ദിവ്യ അവരോട് എന്താണ് പറയേണ്ടത്?? നിനക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം!!!! നിന്റെ തീരുമാനത്തിന് ഞങ്ങൾ കൂട്ടുനിൽക്കും!””
സോന അത് പറയുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി എന്ത് ചെയ്യണം എന്ന് എനിക്ക് ഇപ്പോഴും ഒരു രൂപവും ഇല്ലായിരുന്നു..
ചെയ്യുന്നത് തെറ്റായി പോകുമോ എന്നുള്ള ഭയം ഉള്ളിൽ ആവോളം ഉണ്ട്… എങ്കിലും എന്റെ മനസ്സാക്ഷിക്ക് ശരി എന്താണോ അത് ചെയ്യാൻ തന്നെ തീരുമാനിച്ചു.
“” എനിക്ക് അവരോട് ഈ ജന്മം ക്ഷമിക്കാൻ പറ്റില്ല സോന!! അതുകൊണ്ട് ദയവുചെയ്ത് എന്റെ കൺമുന്നിൽ വരരുത് എന്ന് നീ അവരോട് പറയണം!””
അത് കേട്ടപ്പോൾ സോന കവിളിൽ ഒരു ഉമ്മ തന്നു.
“” നിന്റെ അനിയത്തിയാണ് തീരുമാനം നീ ആയിരുന്നു എടുക്കേണ്ടത്!! ഒരുവേള നീ അവളെ വിളിച്ച് ഇവിടെ കേറ്റുമോ എന്ന് ഞാൻ ഭയന്നു!! ഇതാണ് ഞാനും മനസ്സുകൊണ്ട് ആഗ്രഹിച്ചത്!”‘
എന്നുപറഞ്ഞ് സന്തോഷത്തോടെ അവൾ പുറത്തേക്ക് പോയി… ഒരു വാതിലിനപ്പുറം നിൽക്കുന്നത് തന്റെ അനിയത്തിയും കുഞ്ഞുമാണ്… ആരോരും ഇല്ലാതായപ്പോൾ തേടി വന്നതാണ് തന്നെ
ഞാൻ കൂടി ഇറക്കി വിട്ടാൽ പിന്നെ തെരുവിൽ അലയുകയെ നിവൃത്തിയുള്ളൂ എന്നറിയാം.. എങ്കിലും കൂടെ താമസിപ്പിക്കാൻ വയ്യ!!”അത്രത്തോളം ഞാൻ അനുഭവിച്ചിട്ടുണ്ട്.
അവളുടെ ഓർമ്മകൾ ഒരു മൂന്നുവർഷം പുറകിലേക്ക് പോയി… വളരെ പാവപ്പെട്ട വീട്ടിലായിരുന്നു ജനിച്ചത് തന്റെ അച്ഛനും അമ്മയ്ക്കും താനും അനിയത്തിയും രണ്ട് പെൺമക്കൾ ആയിരുന്നു… പെയിന്റിങ് തൊഴിലാളിയായ അച്ഛന് രണ്ടുപേരെയും ഒരുമിച്ച് പഠിപ്പിക്കാൻ ഉള്ള ത്രാണി ഉണ്ടായിരുന്നില്ല..!! ആസ്ത്മ രോഗിയായ അച്ഛൻ മാസത്തിൽ പകുതിദിവസം ജോലിക്ക് പോകുമ്പോഴേക്കും ബാക്കി പകുതി ദിവസം ആശുപത്രിയിൽ കൊണ്ട് കിടത്തേണ്ട അവസ്ഥയായിരുന്നു അതുകൊണ്ടുതന്നെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ നല്ല മാർക്ക് ഉണ്ടായിട്ടും ഇനിയങ്ങോട്ട് പഠിക്കണോ എന്ന് തീരുമാനിക്കാൻ കഴിഞ്ഞില്ല..
അപ്പോഴാണ് ഒരു രക്ഷകനെ പോലെ അച്ഛന്റെ പെങ്ങളുടെ മകൻ അവതരിക്കുന്നത് അവർ ചെന്നൈയിലാണ് താമസിക്കുന്നത്.
അപ്പച്ചിയും അപ്പച്ചിയുടെ മകൻ വിഷ്ണുവും അച്ഛനെ കാണാൻ വേണ്ടി നാട്ടിലേക്ക് വന്നതായിരുന്നു അപ്പോഴാണ് ഞാൻ പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുന്ന വിവരം അച്ഛൻ പറഞ്ഞത് പഠിപ്പിക്കാൻ താല്പര്യമുണ്ട് പക്ഷേ പണമില്ലാത്തതുകൊണ്ട് അവളുടെ പഠിപ്പ് നിർത്തുകയാണ് എന്ന് പറഞ്ഞപ്പോൾ അപ്പച്ചിയാണ് വിഷ്ണുവിനോട് എന്റെ പഠിത്ത കാര്യങ്ങൾ ഏറ്റെടുക്കാൻ പറഞ്ഞത്..
പിന്നെ മാസ മാസം കൃത്യമായി എന്റെ പേരിലേക്ക് വിഷ്ണുവേട്ടൻ പണം അയച്ചു കൊണ്ടിരുന്നു..!! ആവശ്യത്തിനുള്ളത് മാത്രം എടുത്ത് ചെലവാക്കി ബാക്കിയുള്ളതുകൊണ്ട് അനിയത്തിയുടെ കാര്യങ്ങളും കൂടി നടത്തി.
പ്ലസ് ടു പാസായതിനുശേഷം ബിഎ ചെയ്തു പിന്നെ ഒരു ബിയെടും സ്വന്തമാക്കി!
എല്ലാത്തിനും സഹായമായി കൂടെ നിന്നത് വിഷ്ണുവേട്ടൻ ആയിരുന്നു..
അതുകഴിഞ്ഞ് ഏതെങ്കിലും ഒരു സ്കൂളിൽ കേറണം എന്നായിരുന്നു മോഹം അങ്ങനെ അന്വേഷിച്ചു നിൽക്കുമ്പോഴാണ് അപ്പച്ചിയും വിഷ്ണുവേട്ടനും ഒരിക്കൽക്കൂടി വീട്ടിലേക്ക് വന്നത് എന്നെ വിഷ്ണുവേട്ടന് തരാമോ എന്ന് അപ്പച്ചി ചോദിച്ചു അച്ഛന് അത് പൂർണ്ണസമതം ആയിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ദൈവത്തിനു സമാനമായിരുന്നു വിഷ്ണുവേട്ടൻ.
എത്രയും പെട്ടെന്ന് ആ വിവാഹം നടന്നു എന്നെ അവർ ചെന്നൈയിലേക്ക് കൊണ്ടുപോയി അവിടെ തന്നെയുള്ള ഒരു സ്കൂളിൽ വിഷ്ണുവേട്ടൻ ജോലി വാങ്ങിത്തന്നു…
ജീവിതം സന്തോഷകരമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു പക്ഷേ വർഷം രണ്ട് കഴിഞ്ഞിട്ടും ഒരു കുഞ്ഞും ഇല്ലല്ലോ എന്ന് സങ്കടം ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നു… ആദ്യം അപ്പച്ചി ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് അതിന്റെ പേരിൽ എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി എന്റെ പ്രശ്നം കൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാവാത്തത് എന്ന് പറഞ്ഞ് വെറുതെ ബഹളം വയ്ക്കാൻ തുടങ്ങി.
എന്നാൽ വിഷ്ണുവേട്ടൻ സപ്പോർട്ട് ചെയ്ത കൂടെ നിന്നു. അതുകൊണ്ടുതന്നെ ആ ഒരു ബലത്തിൽ ഞാനും മുന്നോട്ട് പോയി.
അനിയത്തി പ്ലസ് ടു കഴിഞ്ഞപ്പോൾ അവൾക്ക് നഴ്സിങ്ങിന് പോകാനാണ് താല്പര്യം എന്ന് പറഞ്ഞു ചെന്നൈയിലെ തന്നെ ഒരു നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവളെ വിഷ്ണുവേട്ടൻ ചേർത്തു.
ഞങ്ങളുടെ വീട്ടിൽനിന്ന് അധിക ദൂരം ഇല്ലാത്തതുകൊണ്ട് വെറുതെ ഹോസ്റ്റൽ ഫീസ് കൊടുക്കണ്ടല്ലോ എന്ന് പറഞ്ഞ് അവളോട് അവിടെ വന്ന് നിൽക്കാൻ പറഞ്ഞു..
അതായിരുന്നു എന്റെ ജീവിതത്തിൽ സംഭവിച്ച വലിയ ഒരു പിഴവ്..
ഓരോ ദിവസം ചെല്ലുംതോറും വിഷ്ണുവേട്ടനും തന്നെയും കൂടുതൽ അടുത്ത് ഇടപഴകുന്നത് പോലെ.. എന്റെ മനസ്സിന്റെ പ്രശ്നമാകും അവർ ഏട്ടനും അനിയത്തിയും ആണ് എന്ന് ഞാൻ സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
എന്നാൽ ഒരു ദിവസം സ്കൂളിൽ നിന്ന് നേരത്തെ വന്നപ്പോൾ ഞാൻ കാണുന്നത്, ഞങ്ങളുടെ ബെഡ്റൂമിൽ നiഗ്നരായി പരസ്പരം കെട്ടിപുണർന്നു കിടക്കുന്ന എന്റെ സ്വന്തം ഭർത്താവിനെയും അനിയത്തിയേയും ആണ്!!”
ആ കാഴ്ച കണ്ട് ഞാൻ ആകെ തകർന്നു പോയി .. എനിക്കത് ക്ഷമിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല ഞാൻ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി എന്നാൽ അപ്പച്ചിയുടെ മറുപടിയാണ് എന്നെ ആകെ തകർത്തു കളഞ്ഞത്..
“” നീ ഉണ്ടായിട്ട് ഇപ്പോൾ അവന് എന്താ ഒരു പ്രയോജനം?? ഒരു കുഞ്ഞിനെ കൊടുക്കാൻ നിന്നെ കൊണ്ട് സാധിച്ചില്ലല്ലോ അപ്പോൾ ആണുങ്ങൾ അങ്ങനെയൊക്കെ തന്നെയാണ്!! അവർക്ക് പറ്റുന്ന ബന്ധം കണ്ടുപിടിക്കും!”
വിഷ്ണുവേട്ടൻ എന്റെ മുന്നിൽ തലകുനിച്ചു നിൽക്കുന്നുണ്ടായിരുന്നു… ദൈവത്തിനു തുല്യമായിട്ടാണ് ആ മനുഷ്യനെ ഞാൻ ആരാധിച്ചത് എന്നിട്ട് എന്നോട് ചെയ്തത് എനിക്ക് ഒരിക്കലും മറക്കാൻ കഴിഞ്ഞില്ല.
അന്ന് തന്നെ ഞാൻ അവിടെ നിന്ന് പടിയിറങ്ങി വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് പോയി.
അച്ഛനോടും അമ്മയോടും ഞാൻ ഉണ്ടായതെല്ലാം വിളിച്ചുപറഞ്ഞു…
“” മോളെ അവൾ നിന്റെ താഴെയല്ലേ ഇനി നീ ആയിട്ട് അവളുടെ ജീവിതം നiശിപ്പിക്കരുത് ഏതായാലും അവരു തമ്മിൽ ഒരുമിച്ച് കഴിയാൻ തുടങ്ങി ഇനിയിപ്പോ അത് അങ്ങനെ ആവട്ടെ!!””
അതായിരുന്നു എന്റെ പെറ്റമ്മയുടെ പ്രതികരണം… അപ്പോ എന്റെ ജീവിതമോ?? എന്റെ സങ്കടങ്ങളോ?? “”
അതൊന്നും കാണാൻ ആരും ഉണ്ടായിരുന്നില്ല.. ഡിവോഴ്സിന് ഞാൻ തന്നെയാണ് മുൻകൈ എടുത്തത് ഒട്ടും മടികൂടാതെ വിഷ്ണുവേട്ടൻ എനിക്ക് അത് അനുവദിച്ചു തന്നു.. അപ്പോഴേക്കും ഞാനറിഞ്ഞിരുന്നു എന്റെ അനിയത്തി ഗർഭിണിയാണ് എന്ന്.. അവസാനമായി ഞാൻ വിഷ്ണുവേട്ടനെ കാണുമ്പോൾ എന്റെ അപ്പച്ചിയുടെ മുഖത്ത് വല്ലാത്തൊരു ഭാവം ഉണ്ടായിരുന്നു..
“” ഇത് നേരത്തെ ചെയ്താൽ മതിയായിരുന്നു!!”‘
എന്ന് വിഷ്ണുവേട്ടനോട് പറഞ്ഞു ധന്യയെയും കൂട്ടി അപ്പച്ചി എന്നെ തനിച്ചാക്കി മുന്നോട്ട് നടക്കുന്നതാണ്
ഞാൻ അവസാനമായി കണ്ട കാഴ്ച..
എല്ലാം മാറിമറിഞ്ഞത് വളരെ പെട്ടെന്ന് ആയിരുന്നു.. നഴ്സിംഗ് സെക്കൻഡ് ഇയർ ആയപ്പോഴാണ് അവൾ ഗർഭിണിയായത്. അവൾക്ക് തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല!!
അവൾക്ക് ഏഴുമാസം കഴിഞ്ഞപ്പോൾ അവളെ നാട്ടിലേക്ക് കൊണ്ട് ചെന്ന് ആക്കാൻ വേണ്ടി പോയതായിരുന്നു അപ്പച്ചിയും വിഷ്ണുവേട്ടനും.. അവർ അച്ഛനെയും അമ്മയെയും കൂട്ടി ഏതൊക്കെയോ അമ്പലങ്ങളിൽ അവളെ തോഴീയിക്കാൻ വേണ്ടി പോയി!!
എന്നാൽ തിരിച്ചുവരുമ്പോൾ ഉണ്ടായ ആക്സിഡന്റിൽ വിഷ്ണുവേട്ടനും അച്ഛനും തൽക്ഷണം മരിച്ചു അമ്മ കുറച്ചുദിവസം കൂടി കിടന്നു.. അവളും അപ്പച്ചിയും അത്ഭുതകരമായി രക്ഷപ്പെട്ടു.. എന്നാൽ മകന്റെ മരണം അപ്പച്ചിയെ മാനസികമായി തളർത്തിയിരുന്നു അവർ ഒരു മാനസിക രോഗിയായി മാറി..
ഗർഭിണിയായ അവൾക്ക് അപ്പച്ചിയെ നോക്കേണ്ടി വന്നു. ആരും സഹായത്തിന് എത്തിയില്ല.. മുഴു പട്ടിണിയും പിന്നെ പോരാത്തതിന് ഗർഭിണിയും എങ്ങനെയൊക്കെയോ അവൾ ആ സമയം തള്ളി നീക്കി ഒടുവിൽ മാസം തികയാതെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
എന്റെ സ്കൂളിനരികിൽ ഒരു കുഞ്ഞു വീടും നാല് സെന്റ് സ്ഥലവും കൊടുക്കാനുണ്ട് എന്ന് പറഞ്ഞിരുന്നു.. വലിയ വിലയൊന്നും ഉള്ളേരിയ ആയതുകൊണ്ട് ഉണ്ടായിരുന്നില്ല.
അതുകൊണ്ട് ലോണെടുത്തു കയ്യിലുള്ള പണം ഉപയോഗിച്ചു ഞാൻ ആ വീട് വാങ്ങി.. എന്റെ കൂട്ടിന് ആരോരുമില്ലാത്ത സോന എന്ന മറ്റൊരു ടീച്ചറും ഉണ്ടായിരുന്നു.
ആ കൊച്ചു വീട് ഒരു സ്വർഗം തന്നെയായിരുന്നു എനിക്ക്!! നാട്ടിലെ കാര്യങ്ങൾ എല്ലാം അറിയുന്നുണ്ടായിരുന്നു എങ്കിലും ഒന്നും അന്വേഷിക്കാൻ പോയില്ല!!
എന്നെക്കുറിച്ച് ഒന്ന് ചിന്തിക്കുക പോലും ചെയ്യാത്തവർക്ക് എന്തിനാണ് സഹായങ്ങൾ വച്ച് നീട്ടുന്നത്.
അപ്പച്ചിയെ ഏതോ ഒരു മെന്റൽ ഹോസ്പിറ്റലിൽ കൊണ്ട് ചെന്നാക്കി അവൾ ഇങ്ങോട്ട് വന്നു… അവളെ രക്ഷിക്കണം എന്ന് യാചിച്ചുകൊണ്ട് അവളെ ഒന്ന് കാണാൻ പോലും ഞാൻ തയ്യാറായില്ല..
ഒടുവിൽ അവൾ എന്റെ വീടിന്റെ പടിയിറങ്ങി!! പൊയ്ക്കോട്ടെ എന്ന് ഞാനും കരുതി പക്ഷേ പൂമുഖത്ത് നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടിട്ടാണ് ഞാനും സോനയും പോയി നോക്കിയത്!!
അവിടെ അവൾ ആ കുഞ്ഞിനെ കിടത്തിയിരുന്നു ഒപ്പം ഒരു കത്തും,
“” നാട്ടിലുള്ള ഒരാൾ എനിക്ക് ജീവിതം തരാമെന്ന് പറഞ്ഞു പക്ഷേ ഞങ്ങൾക്കിടയിൽ തടസ്സം ഈ കുഞ്ഞാണ് ഇതിനെ ഞാൻ ഉപേക്ഷിക്കുന്നു ചേച്ചിക്ക് എന്തുവേണമെങ്കിലും ചെയ്യാം!””
കുഞ്ഞിനെ ഞാൻ വാരിയെടുത്തു.. ആ കുഞ്ഞു മുഖത്ത് ചുംബനങ്ങൾ കൊണ്ടു മൂടി..
ഇന്നുമുതൽ ഇവൾ എന്റെ കുഞ്ഞാണ് ഇനി ഒരിക്കലും ആർക്കും ഞാൻ വിട്ടു നൽകില്ല.. അവൾ ഇനി തിരികെ വരില്ല എന്ന് എനിക്കറിയാം.. കാരണം സ്വന്തം സുഖം മാത്രമാണ് അവൾക്ക് വലുത്.. അതിന് ഈ കുഞ്ഞ് ഒരു തടസ്സമാണ്.
എന്നാൽ ഇന്ന് എന്റെ ജീവനും ജീവിതവും ഇവളാണ്.. ഇപ്പോൾ ജീവിതത്തിന് ഒരു അർത്ഥം വന്നതുപോലെ ഇനി ജീവിക്കണം എന്റെ പൊന്നുമോൾക്ക് വേണ്ടി