ഇവർ ഭൂമിയിലെ മാലാഖമാർ – രചന: യവനിക
ആശുപത്രിയുടെ വാഹനത്തിൽ നിന്നിറങ്ങി ബാഗ് നഴ്സിങ് റൂമിൽ വച്ച് ഡോണ്ണിങ്ങ് റൂമിലേക്ക് നടക്കുമ്പോൾ അവളുടെ കാലുകൾ ചലിക്കാനാവാത്ത വിധം തളർന്നിരുന്നു.
PPE കിറ്റ് ധരിച്ചു ഐസോലേറ്റഡ് വാർഡിൽ കയറിയാൽ നാലോ അഞ്ചോ മണിക്കൂർ കഴിയാതെ ദാഹിച്ചാൽ വെള്ളമോ മലമൂത്ര വിസർജനമോ സാധ്യമല്ല. ഗ്ലൗസ്സിനും ഗൗണിനും ഉള്ളിൽ കിടക്കുമ്പോഴുള്ള അസഹിഷ്ണമായ വിയർത്തതൊലിക്കുന്ന ആ ചൂടും സഹിക്കാം…
പക്ഷേ ദിവസങ്ങൾ അടുത്ത ഓരോ രോഗിയുടെ മുഖത്തും തെളിയുന്ന ഒരു ഭാവമുണ്ട്, തന്റെ ദിവസങ്ങൾ എണ്ണപ്പെട്ടതെന്ന് സ്വയം തിരിച്ചറിഞ്ഞ ഒരു ഭാവം…”ഒരുതരം നിർവികാരം നിറഞ്ഞത്….” ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാത്ത ശ്മശാന മൂകമായ പേടിപ്പിക്കുന്ന ഒരു അന്തരീക്ഷം. അത് ഒരിക്കലും സഹിക്കാനും നിർവ്വചിക്കാനും സാധിക്കാത്തതാണ്…
അതു പോലെതന്നെ ഒരായിരം ആരോഗ്യ പ്രവർത്തകരും അനുഭവിച്ചു വരുന്ന നരക വേദന. ഇല്ല… ! തനിക്കു ഇനി ആവില്ല.. !! മനം മടുത്ത അവൾ തിരികെ നടക്കാൻ തുടങ്ങി.
ആ…ഗുഡ്മോണിങ് മിനി സിസ്റ്റർ…വന്നേ ഉള്ളു…? ആ ഗീതു കൊച്ച് ചേച്ചിനെ തിരക്കുന്നുണ്ടായിരുന്നുട്ടോ..ഒന്ന് പെട്ടന്ന് ചെല്ല്..ആ കുട്ടീടെ സിറ്റുവേഷൻ കൊറച്ചു ക്രിട്ടിക്കലാണ്..സ്പാച്ചുറെഷൻ ലെവൽ തീരെ കുറവാണ്…ഇന്ന് പുലർച്ചെ വെന്റിലേറ്ററിലോട്ട് മാറ്റി…!എതിരെ വന്ന രാജി സിസ്റ്റർ വിഷമത്തോടെ പറഞ്ഞു.
മിനി കണ്ണിൽ നിന്നു വന്ന കണ്ണുനീർതുള്ളികൾ തുടച്ചു മാറ്റികൊണ്ട് ഡോണ്ണിങ്ങ് റൂമിലേക്ക് നടന്നു. ഇന്ന് വരേണ്ടന്നു കരുതിയതാണ്. പക്ഷേ തന്നെ അന്വേഷിക്കാൻ അവിടെ ഒരു ജീവൻ കാത്തു കിടക്കുന്നതോർത്തപ്പോൾ വരാതിരിക്കാനും കഴിഞ്ഞില്ല.
ഡോണ്ണിങ്ങ് റൂമിൽ കയറി കൈകളിൽ സാനിറ്ററൈസർ പുരട്ടി. PPE കിറ്റ് ധരിക്കാൻ തുടങ്ങി. അഞ്ചു ലയർ ഉള്ള ഗൗണും മാസ്ക്കും ഗ്ലൗസ്സും ഗോഗ്ലറും ഫേസ് ഷീൽഡും ഷൂവും ധരിച്ചു ഐസോലേറ്റഡ് വാർഡിലേക്ക് അവൾ കയറി. ഉറങ്ങുന്ന അവളെ നോക്കികൊണ്ട് മിനി അവളുടെ അരികിൽ അൽപ്പനേരം നിന്നു.
— — —
“മോളേ..നീയൊന്ന് ശരിക്ക് പറ..മോക്ക് എന്തേലും കൊഴപ്പോണ്ടോ അവിടെ…? ലോക്ക്ഡോൺ തുടങ്ങന്നതിനും മുന്പ് പറഞ്ഞതാ ഇങ്ങോട്ട് കേറി പോരാൻ.. കേട്ടോ നീയ്യ്…ഒന്നാമത് നീയൊരു അസുഖക്കാരിയാണ്. ഹാർട്ടിന് അസുഖമുള്ള കുട്ടി…നീയെന്താ മോളേ അതൊന്നും മനസ്സിലാക്കാണ്ട് നടക്കണേ…?
നിനക്ക് എന്തേലും പറ്റിയാ എനിക്ക് പിന്നെ ആരാ ഉള്ളേ…!! വീടിന്റെ ആധാരം പണയം വച്ചാ നിന്നെ പഠിപ്പിക്കാൻ വിട്ടേക്കണേന്ന് നീ മറക്കരുത്ട്ടോ….മറുതലയിലെ നിശബ്ദത സഹിക്കാൻ വയ്യാതെ ആയപ്പോൾ ആ അമ്മ പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു…
എന്റെ അമ്മേ..അമ്മ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ…? പിന്നെ എന്തിനാ എന്നെ നഴ്സിങ് പഠിക്കാൻ വിട്ടത്…? നാടിനും നാട്ടുകാർക്കും അസുഖം വരുമ്പോ ചികിത്സിക്കാനല്ലേ…? ഇപ്പൊ ഈ രാജ്യവും ലോകവും എന്നെ പോലേയുള്ള കോടികണക്കിന് ആളുകളുടെ സേവനം വേണ്ട അത്യാവശ്യ സമയമാണ്…!! അപ്പോ അസുഖാന്ന് പറഞ്ഞു വീട്ടിൽ കേറി ഇരിക്കാൻ പറ്റുമോ…? ഈ നേരത്ത് അമ്മ ഇതുപോലെ ഒന്നും പറയരുത്…അമ്മ എന്നെ കുറിച്ച് ഓർത്ത് വിഷമിക്കേണ്ട…ഇതൊക്കെ തീരുമ്പോ ഞാൻ അങ്ങോട്ട് വന്നോളാം…
“മോളേ…”
അസുഖം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപ് അമ്മയുടെ സ്നേഹശകാരം കേട്ട് ഫോൺ കാൾ കട്ട് ചെയ്ത്പ്പോൾ അവസാനമായി അമ്മ വിളിച്ച ആ വിളി ഓർത്തു അവൾ മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു…
മിനിയെ കണ്ടതും അവളുടെ കണ്ണിൽ സന്തോഷത്തിന്റെ ഒരു ചെറിയ വെളിച്ചം കണ്ടു. “ചേച്ചി അമ്മയ്ക്ക് ഒന്ന് വിളിച്ചു തരോ…?” അവൾ ഒന്ന് മൂളി പുറത്തേക്ക് പോയി.
അമ്മേ ഇത് ഞാനാ മിനി…ഗീതുന് അമ്മയോട് സംസാരിക്കണോന്ന്…ഞാൻ കൊടുക്കാം. പക്ഷേ അമ്മ കരയോ വെഷമിക്കോ ഒന്നും ചെയ്യരുത്. ഇപ്പൊ നമുക്ക് ആകെ കൊടുക്കാൻ കഴിയുന്നത് ആത്മവിശ്വാസമാണ്. അമ്മ കരഞ്ഞു അവളെ വിഷമിപ്പിക്കരുത്…ഞാൻ കൊടുക്കാം.
അവൾ ഫോൺ ഗീതു വിന് നേരെ നീട്ടി. അൽപ്പം നിമിഷം നീണ്ടു നിന്ന ആ സംഭാഷണം നിലച്ചു. ഗീതു അവൾക്ക് ഫോൺ തിരികെ കൊടുത്തു.
“മിനി ചേച്ചി… എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി ഒന്നും പറയരുത്…സത്യം പറ ചേച്ചി. ഞാൻ..ഞാൻ രക്ഷപെടോ…. ? ശ്വാസതടസ്സം കാരണം ഉള്ളിലേക്ക് ശ്വാസം ആഞ്ഞു വലിച്ചു കൊണ്ടവൾ ചോദിച്ചു.
മ്മ്മം… എല്ലാം ശരിയാവും… മോള് റസ്റ്റ് എടുക്ക്.
ചേച്ചി..ന്റെ വീടിന്റെ ലോൺ…ന്റെ അമ്മ ഒറ്റയ്ക്കാവും..ആരൂല്യാ ഞങ്ങക്ക്…അണ പൊട്ടിയ വേദനയിൽ കുത്തിയൊലിച്ചു വന്ന കണ്ണുനീർ പ്രളയം പോലേ അവളുടെ നീണ്ട മിഴികോണിനെ നനയിച്ചു കാതുകളിലേക്ക് തെറിച്ചു വീണു.
സങ്കടം സഹിക്കാനാവാതെ അവളെ ഒന്ന് ചേർത്ത് കെട്ടിപിടിക്കണമെന്നാണ് അപ്പോൾ മിനിയ്ക്കു തോന്നിയത്. ഒന്നിനും സാധിക്കാനാവാതെ മിനി ദയനീയമായി അവളെ നോക്കി.
ചേച്ചി..ന്റെ യൂറിനും മോഷനും ഒത്തിരി സ്മെൽ ഉണ്ടോ ചേച്ചി…? അതൊക്കെ പോകുന്നത് ഞാൻ അറിയുന്നില്ല ചേച്ചി. തന്റെ ഡയഫർ മാറ്റാൻ തുടങ്ങുന്ന മിനിയെ നോക്കികൊണ്ട് അവൾ ചോദിച്ചു.
ഹേയ്.. അങ്ങനെ ഒന്നും ഇല്ല കൊച്ചേ…കൊച്ച് കണ്ണടച്ചു പ്രാർത്ഥിച്ചു കിടന്നോ….എല്ലാം ശരിയാവുട്ടോ…
ഗീതു ഒന്ന് മൂളി…അവൾ അൽപ്പനേരം കണ്ണുകളടച്ചു കിടന്നു. “മിനി ചേച്ചി.. ” പോകാൻ തുനിഞ്ഞ മിനിയെ നോക്കികൊണ്ട് അവൾ വിളിച്ചു.
ചേച്ചി…ന്റെ നെറുകയിൽ ഒന്ന് കൈവയ്ക്കോ…എനിക്ക് എന്റെ അമ്മയെ ഒന്ന് ഓർക്കാനാണ്…ചേച്ചി നെറുകയിൽ കൈ വയ്ക്കുമ്പോ അടുത്ത് അമ്മ ഉണ്ടെന്ന് തോന്നും. അവളുടെ വാക്കുകൾ കേട്ട് മിനിയുടെ സകല ശക്തിയും ചോർന്നു പോകുന്ന പോലേ തോന്നി. അവൾ മൂളികൊണ്ട് അവളുടെ തലയിൽ കൈകൾ വച്ചു.
ഡാഫിങ്ങ് റൂമിൽ എത്തി വഴുവഴുത്ത സോപ്പിൻ ദ്രാവകത്തിൽ കുളിച്ച് PPE കിറ്റ് റിമൂവ് ചെയ്തു കുളിക്കാൻ ബാത്റൂമിൽ കയറി വാതിൽ കൊട്ടിയടച്ച ശേഷം അവൾ ഉറക്കെ വിങ്ങി പൊട്ടികൊണ്ട് കരഞ്ഞു. ആ കുഞ്ഞു മാലാഖ നാളെ പുലരുക പോലും ചെയ്യില്ല എന്ന് എങ്ങനെ…എത്ര ക്രൂരമായി ഓർക്കാൻ സാധിക്കുമെന്നോർത്ത് അവൾ ഉറക്കെ ഉറക്കെ കരഞ്ഞു….
ചലനമറ്റ അവളുടെ വായിൽ നിന്നും വെന്റിലേറ്റർ എടുത്തു മാറ്റുമ്പോൾ ലിനിയെ പോലേയുള്ള ഒരുപാട് ആത്മാക്കളെ അവൾക്ക് ചുറ്റും നിന്നവർ ഒരു തുള്ളി കണ്ണുനീർ പൊഴിച്ചുകൊണ്ട് ഓർത്തു.
ആതുരാ ശുശ്രൂഷാ രംഗത്ത് തനിക്കു വേണ്ടിയല്ലാതെ മറ്റുള്ളവർക്കു വേണ്ടി ജീവൻ ത്യജിച്ച അനേകായിരം മാലാഖമാരുടെ കൂട്ടത്തിലേക്ക് ഒരു വെളുത്ത ചിറകും വീശി ചിരിച്ചു കൊണ്ട് അങ്ങനെ അവളും യാത്രയായിരുന്നു.
**** **** **** ****
ഒരായിരം സ്നേഹം നിറഞ്ഞ സമാധാനത്തിന്റെ വെളുത്ത പൂക്കൾ നേരുന്നു ഭൂമിയിലെ മാലാഖമാരേ നിങ്ങൾക്ക് ഞങ്ങൾ….നിങ്ങൾ അനുഭവിക്കുന്ന കഷ്ട്ട നഷ്ട്ടങ്ങൾക്ക് പകരമായി..ഭൂമിയിലെ മാലാഖമാർക്ക് വേണ്ടി….ഞങ്ങൾ സാധാരണ മനുഷ്യർ സമർപ്പിക്കുന്നു.