ഉമ്മയെ വണ്ടിയിൽ തന്നെ ഇരുത്തി ആഹാരം അകത്തു കൊണ്ടുപോയി വെച്ച് മടങ്ങുന്ന വഴിയിൽ ഒരു ജനൽ പാളിയിൽ പരിജയമുള്ള ഒരു മുഖം കണ്ടു

Writter – Syed

എടാ സെയ്ദേ….നീ എണീക്കണില്ലേ…? നിനക്കിന്നു ഓഫീസിൽ പോണ്ടേ…?പതിവ് പോലെ ഉമ്മാടെ അലാറം കേട്ടാണ് അന്നും അവൻ എഴുന്നേറ്റത്.

പടച്ചോനെ ഇന്നും ലേറ്റ്….അവൻ ചാടി തുള്ളി എഴുന്നേറ്റു പതിവുപോലെ തകൃതിയിൽ റെഡി ആയി. ഓഫീസിലോട്ടു തന്റെ ഇരുചക്ര ശകടം സ്റ്റാർട്ട്‌ ചെയ്തു.

എടാ ഇതാ ഇതുമറക്കണ്ട…ചോറ്റു പാത്രവുമായി ഉമ്മ അടുത്തെത്തി.

പിന്നിൽ നിന്ന് വിളിക്കല്ലെന്നു പറഞ്ഞിട്ടില്ലേ ഉമ്മ. അല്ലെങ്കിലേ ബോസ് ന്റെ വായിൽ ഇരിക്കുന്നത് കേൾക്കണം….പതിവ് പോലെ ക്ലീഷേ ഡയലോഗ് കൾക്ക് ശേഷം സയ്ദ് ഓഫീസിലേക്ക് തിരിച്ചു.

റോട്ടിലെ തിക്കും തിരക്കും അതിജീവിക്കാനായി തന്റെ സ്ഥിരം കുറുക്കുവഴിയിൽ അവന്റെ ബൈക്ക് പാഞ്ഞു. വഴി മദ്ധ്യേ ഒരു വൃദ്ധനെ കണ്ടു. ആരെയും റോഡിൽ അധികം ശ്രദ്ധിക്കാതെയുള്ള സയ്ദ് ന്റെ നോട്ടം ആ വൃദ്ധന്റെ മുഖത്തു പതിക്കാൻ കാരണം ആ വൃദ്ധ മുഖത്തെ സന്തോഷമായിരുന്നു. ചിരിച്ചു പ്രകാശം തൂകി നിൽക്കുന്ന ആ മുഖം…

തീരെ അവശനാണെങ്കിലും ആ മുഖം സന്തോഷമുള്ളതായിരുന്നു. സയ്ദ് അറിയാതെ ബൈക്ക് നിർത്തി വരുന്നോ മുത്തശ്ശാ എന്ന് ചോദിച്ചുപോയി. ഇല്ല മോനെ…അവളും കൂടെ ഉണ്ട്. ഒരു കല്യാണത്തിന് പോകുകയാ. തൊട്ടു പിറകിലായി നടന്നു വരുന്ന തന്റെ പ്രിയതമയെ ചൂണ്ടികാണിച്ചു കൊണ്ട് ആ മുത്തശ്ശൻ പറഞ്ഞു…

മുത്തശ്ശി അടുത്തു വന്നു മുത്തശ്ശന്റെ കയ്യിൽ പിടിച്ചു നിന്ന് ചിരിച്ചു. സയ്ദ് നു ഉള്ളിൽ എന്തോ സന്തോഷം തോന്നി. ഈ പ്രായത്തിലും അവർ സന്തുഷ്ടരാണ്. പരസ്പരം സ്നേഹിക്കുന്നു…സംരക്ഷിക്കുന്നു…സയ്ദ് മനസ്സ് നിറഞ്ഞ ചിരിയോടെ ബൈക്ക് മുന്നിലോട്ടെടുത്തു.

കുറച്ചു ദൂരം പിന്നിട്ടില്ല, എവിടെന്നെന്നില്ലാതെ ഒരു മഴ പെയ്യുവാൻ തുടങ്ങി. അവൻ വണ്ടി നിർത്തി റൈൻ കോട്ടും ധരിച്ചു വണ്ടിയിൽ കേറിയപ്പോൾ ആ മുത്തശ്ശനെയും മുത്തശ്ശിയേയും പറ്റി ഓർമ വന്നു. ഒന്ന് തിരിച്ചു ചെന്ന് നോക്കണം എന്നവന് ആശ തോന്നിയിട്ടാകാം വണ്ടി അവൻ തിരിച്ചു…

ചെന്ന് നോക്കിയപ്പോൾ രണ്ടു പേരും ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു. ബസ് സ്റ്റോപ്പിന് മുകളിൽ നിന്ന് ഇറ്റു വീഴുന്ന മഴവെള്ളം കൈ കുമ്പിളിലാക്കിയും മുഖത്തു തടകിയും രസിക്കുകയായിരുന്നു മുത്തശ്ശൻ. മുത്തശ്ശന്റെ കുസൃതിയെ ശകാരിച്ചു തന്റെ മേൽ മുണ്ടുകൊണ്ട് മുത്തശ്ശന്റെ മുഖവും തലയും തുടച്ചു കൊടുക്കുന്ന മുത്തശ്ശി. അനുസരണയുള്ള കുട്ടിയെപ്പോലെ നിന്നുകൊടുക്കുന്ന മുത്തശ്ശൻ…

അന്ന് ആ ബസ്റ്റോപ്പിൽ വെച്ച് സയ്ദ് കണ്ടു…പ്രണയത്തിന്റെ നിശാഗന്ധികൾ പൂക്കുന്നത്…ആ പൂക്കളെ പ്രായം തളർത്തിയിരുന്നില്ല…

മാസങ്ങൾ കടന്നു പോയി…സയ്ദ് ന്റെ ഇരുപത്തിയഞ്ചാം പിറന്നാളിന് വൃദ്ധ സധനത്തിൽ ഒരു നേരത്തെ ഭക്ഷണം കൊടുക്കുക എന്ന സയ്ദ് ന്റ ഉമ്മയുടെ ആഗ്രഹം സഫലമാക്കാൻ അവൻ ഒരു വൃദ്ധ സധനത്തിൽ എത്തി. ഉമ്മയെ വണ്ടിയിൽ തന്നെ ഇരുത്തി ആഹാരം അകത്തു കൊണ്ടുപോയി വെച്ച് മടങ്ങുന്ന വഴിയിൽ ഒരു ജനൽ പാളിയിൽ പരിജയമുള്ള ഒരു മുഖം കണ്ടു.

സൂക്ഷിച്ചു നോക്കിയ സയ്ദിന്റെ ഉള്ളിൽ ഒരു ഇടിമിന്നൽ പാഞ്ഞു. അന്ന് താൻ കണ്ട മുത്തശ്ശൻ…മുഖത്തെ സന്തോഷം എങ്ങോ മാഞ്ഞു പോയിരിക്കുന്നു. ദേഷ്യഭാവം മാത്രം…സയ്ദ് അടുത്ത് ചെന്ന്, മുത്തശ്ശാ…മുത്തശ്ശി എവിടെ….? ആ ചോദ്യത്തിന് തുറിച്ചൊരു നോട്ടം ആയിരുന്നു മുത്തച്ഛനിൽ നിന്നും ലഭിച്ചത്. ആ നോട്ടത്തിൽ സയ്ദ് ദഹിച്ചു പോയി.

ഏത് മുത്തശ്ശി…അവൾ എന്റെ ആരുമല്ല. ആയിരുന്നെങ്കിൽ എന്നെ ഇങ്ങനെ തനിച്ചാക്കി പോകുമായിരുന്നില്ലല്ലോ…മുത്തശ്ശന്റെ തൊണ്ട ഇടറിയപ്പോൾ സയ്ദ് ന്റെ മനസ്സാണ് ഇടറിയത്.

മുത്തച്ഛൻ തുടർന്നു, അവൾ പോയപ്പോൾ ഞാൻ തനിച്ചായി. തിരക്കുള്ള മക്കൾക്ക്‌ ഞാൻ ബാധ്യത ആയി. അതുകൊണ്ട് അവർ കണ്ട വഴി, വൃദ്ധസദനം…അവളില്ലാതെ ഞാൻ ന്തിനാ ഒറ്റക്കു…ഞാനും ഇങ്ങു പോന്നു. അവൾ ഒറ്റ ഒരുത്തിയല്ലേ എന്റെ ഈ അവസ്ഥക്ക് കാരണം, പറയ്…സയ്ദ് മാനസികമായി തളർന്നിരുന്നു.

അവൻ അവിടെ നിന്ന് ഇറങ്ങി വേഗത്തിൽ കാറിനടുത്തേക്ക് പോയി. ഉമ്മായെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു.

ഉമ്മ ഒറ്റക്കാണോ…?

സയ്ദ് ന്റ കണ്ണ് തുടച്ചു കൊണ്ട് ആ ഉമ്മ പറഞ്ഞു. നിന്റ വാപ്പ മരിച്ചപ്പോൾ ഞാൻ ഒറ്റക്കായിരുന്നു. പക്ഷെ അപ്പോഴും എനിക്ക് നീ ഉണ്ടായിരുന്നു. പിന്നെ നീ ആയി എന്റെ ലോകം. സയ്ദ് ഉമ്മയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു….

അപ്പോൾ എവിടെനിന്നോ ഒരു മഴ വീണ്ടും വന്നു തകർത്തു പെയ്യുന്നുണ്ടാർന്നു….ആ മുത്തശ്ശൻ നനഞ്ഞാൽ മേൽ മുണ്ട് കൊണ്ട് തല തുടച്ചു കൊടുക്കാൻ ആ മുത്തശ്ശി ഇല്ലെന്നറിയാതെ….