കാമുകൻ
Story written by Shaan Kabeer
“എന്തുപറ്റി ന്റെ മുത്തിന്റെ ശബ്ദമൊക്കെ വല്ലാണ്ടിരിക്കുന്നു”
ഷാൻ കബീർ ആകെ അസ്വസ്ഥനായി
“ഹേയ്, ഒന്നുല്ല കുട്ടാ”
“ദേ, ന്റെ മുത്ത് ന്നോട് കള്ളം പറയേണ്ട ട്ടോ. ന്റെ മുത്തിന് ന്തോ പറ്റിയിട്ടുണ്ട്. പറ മോളൂസേ”
ഷാഹിന പെട്ടന്ന് ഫോൺ കട്ട് ചെയ്തു. ഷാൻ അവളെ തുരുതുരാ വിളിച്ചോണ്ടിരുന്നു. പക്ഷേ അവൾ ഫോണെടുത്തില്ല. ഷാൻ ആകെ പരിഭ്രാന്തനായി. പെട്ടന്ന് വാട്സാപ്പിലേക്ക് അവളുടെ മെസ്സേജ് വന്നു
“ന്നോട് ന്റെ മുത്ത് കാരണം ചോദിക്കല്ലേ, നിക്ക് ന്താ പറ്റിയേന്ന് അറിഞ്ഞാൽ ന്റെ മുത്ത് ചങ്ക് പൊട്ടി മരിക്കും. അതെനിക്ക് സഹിക്കാൻ പറ്റില്ല. ബികോസ് യൂആർ മൈൻ”
ഷാൻ വീണ്ടും അവളെ നിരന്തരം വിളിച്ചു. നൂറ്റി മുപ്പത്തിയാറാമത്തെ കോൾ അവൾ എടുത്തു
“പ്ലീസ് ന്നോട് ചോദിക്കല്ലേ മുത്തൂസേ”
ഷാൻ അവളോട് കെഞ്ചി
“പറ മോളൂ, നിനക്ക് ന്താ പറ്റിയേ. അതറിഞ്ഞില്ലേൽ ഞാൻ ഹൃദയം പൊട്ടി ചാവും… പ്ലീസ്, ന്റെ മുത്തല്ലേ പറ”
“നിക്ക്… നിക്ക്…”
“ഉം ന്റെ മോളൂ… പറ”
“ഇത് കേട്ടാൽ ന്നെ വഴക്ക് പറയില്ല സത്യം ചെയ്യ്”
ഷാൻ അവളോട് സത്യം ചെയ്തു
“ഇല്ല, ന്റെ മുത്തിനെ ഞാൻ വഴക്ക് പറയില്ല”
“ഉം, ഞാൻ ചുരിദാർ തുന്നുമ്പോൾ ആ സൂചി…. ന്റെ…”
ഷാനിന്റെ ഹൃദയമിടിപ്പ് കൂടി, രക്തം തിളച്ചു, ഞരമ്പുകൾ മുറുകി
“സൂചി…?”
“എന്നെ വഴക്ക് പറയോ ന്റെ മുത്ത്. ന്തിനാ ഇങ്ങനത്തെ ഭാരം പിടിച്ച പണിയൊക്കെ ചെയ്യുന്നേ എന്ന് പറഞ്ഞ്”
“ഇല്ല മുത്തൂ, പറ”
“സൂചി ന്റെ വിരലിന്റെ അറ്റത്ത് കൊണ്ടു, ചെറിയൊരു നീറ്റൽ ഉണ്ട്”
ഈ ഹൃദയം തകർക്കുന്ന വാർത്ത കേട്ടതും ഷാനിന് ബോധം പോവുന്നത് പോലെ തോന്നി. അവന്റെ കൈകൾ വിറച്ചു, കാലുകൾക്ക് ശക്തി കുറയുന്നത് പോലെ തോന്നി. കുറച്ച് സമയത്തെ മൗനത്തിന് ശേഷം ഷാൻ പൊട്ടിക്കരഞ്ഞു
“ന്തിനാ മോളൂസേ സൂചിയൊക്കെ കൈകൊണ്ട് തൊടാൻ പോയേ. അതുവല്ല ടൈലർ ഷോപ്പിലും കൊടുത്താൽ പോരായിരുന്നോ…? അല്ലങ്കിൽ എന്നോട് പറഞ്ഞാൽ ഞാൻ തുന്നി തരുമായിരുന്നില്ലേ. ന്റെ മുത്തിന്റെ കൈ”
ഷാനിന് കരച്ചിൽ നിർത്താൻ സാധിച്ചില്ല. ഷാഹിന അവനെ സമാധാനിപ്പിച്ചു
“സാരല്ല മുത്തുസെ, ചെറിയൊരു മുറിവല്ലേ”
“ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയാണ്. നിന്റെ ദേഹത്ത് ഒരു തൂവൽ വീണാൽ പോലും എനിക്ക് സഹിക്കാൻ കഴിയില്ല”
ഒന്ന് നിറുത്തിയിട്ട് ഷാൻ തുടർന്നു
“ഞാൻ ഇന്ന് മുതൽ നോൽമ്പ് എടുക്കാണ്. പിന്നെ എല്ലാ മതത്തിലും പെട്ട പുണ്യ സ്ഥലങ്ങൾ സന്ദർശിച്ച് ന്റെ മുത്തിന്റെ കയ്യിലെ മുറിവ് വേഗം മാറാൻ പ്രാർത്ഥിക്കണം. പിന്നെയൊരു ശത്രു സംഹാരപൂജ കഴിപ്പിക്കണം, കൂടാതെ രക്ത പുഷ്പാഞ്ജലിയും”
ഷാനിന്റെ സ്നേഹം കണ്ട് ഷാഹിനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
“ന്റെ ഭാഗ്യാണ് ഈ മുത്തുമണി”
ഷാൻ കബീർ ഫോൺ കട്ട് ചെയ്ത് തന്റെ പോക്കറ്റിൽ നിന്നും കുറച്ച് ഹാൻസ് എടുത്ത് ഉള്ളം കയ്യിലിട്ട് നന്നായി തിരുമ്മി പതുക്കെ അത് ചുണ്ടിനുള്ളിൽ നിക്ഷേപിച്ച് പുറത്തേക്കിറങ്ങാൻ നേരം തൊട്ടപ്പുറത്തെ മുറിയിൽ നിന്നും ഭാര്യ കട്ടിലിൽ കിടന്ന് അവശയായി അവനെ നോക്കി
“എന്റെ ഇക്കാ, ഇന്നെങ്കിലും എന്റെ കാലിലെ മുറിവ് കെട്ടാനുള്ള മരുന്ന് ഒന്ന് കൊണ്ടുവാ. എനിക്ക് വേദന സഹിക്കാൻ വയ്യാഞ്ഞിട്ടാ”
ഷാൻ ഭാര്യയെ പുച്ഛത്തോടെ ഒന്ന് നോക്കി
“ഓ പിന്നേ, മഴുകൊണ്ട് കാൽ മുറിഞ്ഞതിനാണ് ഈ കിടത്തം. നീയൊക്കെ എന്റെ പോക്കറ്റ് കാലിയാക്കിയിട്ടേ അടങ്ങൂ അല്ലേ…? കുറച്ച് മഞ്ഞൾ അരച്ച് പുരട്ടിയാൽ തീരാവുന്ന പ്രശ്നമേ ഒള്ളൂ അതിനാ അവളുടെ ഒരു… ഒന്ന് പോയേ ശവമേ”
ഭാര്യ രണ്ടു മക്കളേയും ചേർത്തു പിടിച്ച് ഷാൻ പോകുന്നതും നോക്കി കിടന്നു…
അല്ലേലും കട്ട് തിന്നുന്ന ഭക്ഷണത്തിന് ഭയങ്കര രുചിയാണ് അല്ലേ, നോട്ട് ദി പോയിന്റ്…. കട്ട് തിന്നുമ്പോൾ മാത്രം…
ഷാൻ കബീർ
വായിക്കാത്തവർക്ക് വേണ്ടി മാത്രം പോസ്റ്റുന്നു…