ഹരിചന്ദനം
ezhuth:-ഭാഗ്യലക്ഷ്മി. കെ. സി.
രവിയേട്ടൻ വന്നുപോയിട്ട് ആറ് മാസമല്ലേ ആയുള്ളൂ.. ഇതെന്താ പെട്ടെന്ന്….
ശ൪മിളയുടെ ശബ്ദം വിറച്ചു..
അപ്പുറത്ത് സംസാരമൊന്നുമില്ല.
അവനെന്താ പറഞ്ഞത്…?
ഫോൺ വെച്ചുകഴിഞ്ഞപ്പോൾ രവിയേട്ടന്റെ അമ്മ ചോദിച്ചു.
നാളെ വരുന്നുണ്ടെന്ന്…
ഇതെന്താ ഇത്ര പെട്ടെന്ന്..?
അറിയില്ല.. എയ൪പോ൪ട്ടിൽനിന്നാ വിളിച്ചത്.. രണ്ട് മണിക്കൂറിനുള്ളിൽ ഫ്ലൈറ്റിൽ കയറും.
ഇനി ജോലി വിട്ടിട്ടാണോ വരുന്നത്..? ഇപ്പോഴേ വിട്ടാലെങ്ങനെയാ..
നിങ്ങൾക്കൊരു വീട് എടുക്കണ്ടേ..? കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴും പറഞ്ഞതാ ഞാനവനോട്..
അമ്മ ഓരോന്ന് പതം പറയാനും പരിഭവിക്കാനും തുടങ്ങി. ശ൪മിളക്ക് അടുക്കളയിൽ നിൽപ്പുറക്കാതായി. പതിനാറ് വ൪ഷമായി വിവാഹം കഴിഞ്ഞിട്ട്. ഇരുപത്തിരണ്ട് വർഷമായി രവിയേട്ടൻ റിയാദിലാണ്.. കടം കേറിക്കിടന്ന വീട് ഒരു കരക്കടുപ്പിച്ചു. അനിയനെ പഠിപ്പിച്ചു. പഴയ വീട് പൊളിച്ച് പുതിയ വീട് പണിതു. അച്ഛന് സുഖമില്ലാതെ കിടപ്പിലായിട്ട് ഏഴെട്ട് വർഷത്തോളം ചികിത്സ നീണ്ടുപോയി. പിന്നീടാണ് മരണപ്പെട്ടത്. വിവാഹിതയായിപ്പോയ സഹോദരിക്കും സഹായങ്ങളൊരുപാട് ചെയ്തു. പക്ഷേ ആ൪ക്കും തൃപ്തിയില്ല. രവിയേട്ടന്റെ കൈയിലൊന്നും തന്നെ ബാക്കിയില്ല.
ഈ വീട് കുടുംബവീടായി കരുതി അനിയന് കൊടുക്കാനാണ് അമ്മയുടെ തീരുമാനം. വീണ്ടും വീട് വെക്കാനാണ് എല്ലാവരും ഉപദേശിച്ചത്. കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ അതുകേട്ട് തള൪ന്നിരുന്ന രവിയേട്ടന്റെ മുഖത്ത് വിരിഞ്ഞ നിസ്സഹായത തന്നെയും തള൪ത്തിക്കളഞ്ഞിരുന്നു.
പക്ഷേ അതിനേക്കാളേറെ ശ൪മിളയെ ആകുലപ്പെടുത്തിയത് ഫോൺ വിളിച്ചപ്പോഴുള്ള അയാളുടെ കനത്ത മൌനമാണ്. പലതിനും മുക്കിയും മൂളിയുമാണ് ഉത്തരം പറഞ്ഞത്.. വല്ല അസുഖവുമുണ്ടോ.. തന്നോട് പറയാഞ്ഞതാണോ…
ഇനി തന്നെക്കുറിച്ച് ആരെങ്കിലും വല്ല വേണ്ടാതീനവും പറഞ്ഞുകൊടുത്തോ ആവോ.. ശ൪മിളയുടെ ചിന്തകൾ ആവഴിക്കുപോയി. നാട്ടിൽത്തന്നെയുള്ള ഒരു പരിചയക്കാരൻ പപ്പേട്ടൻ കുറച്ചായി കാണുമ്പോൾ വഷളത്തരത്തോടെ ചിരിക്കുന്നു. മുമ്പ് വന്നപ്പോൾ രവിയേട്ടനോട് കുറച്ച് കാശ് ചോദിച്ചിരുന്നു. അമ്മയാണ് അത് മുടക്കിയത്.
അവനെന്തിനാ കാശ്.. അവന്റെ മകനുവരെ ഉദ്യോഗമായി..
അമ്മ തടസ്സം പറഞ്ഞു. അതിനുശേഷം തന്നെ കാണുമ്പോൾ ഒരു വല്ലാത്ത പെരുമാറ്റമാണ് അയാൾക്ക്.. ഈയിടെ ആരുമില്ലാത്തനേരം അയാൾ പെട്ടെന്ന് കയറിവന്നു. അമ്മ സഹോദരിയുടെ വീട്ടിൽ പോകുന്നത് കണ്ടിട്ടായിരിക്കണം അയാൾ കള്ളനെപ്പോലെ പതുങ്ങിവന്നത്. കുട്ടികൾ സ്കൂളിൽനിന്ന് വരുമ്പോഴേക്കും വല്ലതും കഴിക്കാൻ കൊടുക്കാനുണ്ടാക്കാനുള്ള തത്രപ്പാടിലായിരുന്നു താൻ.
ചിന്തകൾ അത്രത്തോളം എത്തിയപ്പോഴേക്കും ശർമിള ആകെ വെട്ടിവിയർത്തു.
കുട്ടികളുടെ ആഹാരം കഴിച്ച പ്ലേറ്റുകൾ അടുക്കിയെടുത്ത് വ൪ക്ക് ഏരിയയിലേക് നടക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞുതുളുമ്പി. സ്വന്തം വീട്ടിലും അങ്ങോട്ട് സഹായിക്കുക എന്നല്ലാതെ ഇങ്ങോട്ട് യാതൊന്നുംതന്നെ കിട്ടാനില്ല. ജോലി വിട്ടിട്ടാണ് രവിയേട്ടൻ വരുന്നതെങ്കിൽ അവരുടെ പ്രതികരണവും ദുസ്സഹമായിരിക്കും.
രാത്രി കിടന്നിട്ട് അവൾക്കുറക്കം വരുന്നുണ്ടായിരുന്നില്ല. അവൾ എഴുന്നേറ്റ് ജനാല തുറന്നിട്ടു. ആകാശത്ത് ചന്ദ്രൻ ഉദിച്ചുനിൽക്കുന്നു. തണുത്ത കാറ്റ് വീശുന്നു. മാളു ഉറങ്ങുന്നതും നോക്കി ശ൪മിള അങ്ങനെ നിന്നു. പണ്ടൊക്കെ രവിയേട്ടൻ ലീവിന് വരുന്നു എന്ന് കേൾക്കുമ്പോൾ എന്തൊരു ആഹ്ലാദമായിരുന്നു. ആ ദിവസങ്ങളൊക്കെ ശർമിളയുടെ മനസ്സിലേക്ക് ഓടിയെത്തി. ആ കാത്തിരിപ്പിന് ഒരു സുഖം ഉണ്ടായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞിരുന്നാലും വേദനിപ്പിച്ചാലും അതൊക്കെ രവിയേട്ടന്റെ മുഖം കാണുമ്പോൾ മറന്നുപോകും. ഒന്നര വർഷമൊക്കെ എത്ര പെട്ടെന്നാണ് കടന്നുപോയത് എന്ന് ചിന്തിക്കും. അച്ഛൻ വരുന്നു എന്ന് കേട്ടാൽ കുട്ടികളും വലിയ ആഹ്ലാദത്തിമ൪പ്പിൽ ആയിരിക്കും. ഇന്നെന്തോ അമ്മയുടെ മുഖം മ്ലാനമായത്
കണ്ടതുകൊണ്ടായിരിക്കണം അവരുടെ മുഖത്തും വലിയ തെളിച്ചം ഒന്നും കണ്ടില്ല. പോരാത്തതിന് അച്ഛമ്മയുടെ പരാതിയും പരിഭവവും ഒക്കെ അവർക്കും മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. മാളു പത്തിലും അക്കു എട്ടിലും എത്തിയല്ലോ.
രാവിലെ കുട്ടികൾക്ക് സ്കൂളിലേക്ക് പോകാൻ വേണ്ടുന്നതൊക്കെ തയ്യാറാക്കുന്ന തിരക്കിലിടയ്ക്കാണ് സഹോദരിയും ഭർത്താവും മക്കളും കയറിവന്നത്.
ഇതെന്താ ഇവർക്ക് ഇന്ന് സ്കൂളില്ലേ..?
ശർമിള ചോദിച്ചു. അവരുടെ ആരുടെയും മുഖത്ത് വലിയ തെളിച്ചമൊന്നും കണ്ടില്ല.
ഇന്ന് ഇവിടെ എത്തിക്കോളണം എന്നല്ലേ ഓർഡർ..
ആരുടെ…?
ശർമിളക്ക് ഒന്നും മനസ്സിലായില്ല.
നിന്നെ രവി വിളിച്ചിരുന്നോ…?
അമ്മ ചോദിക്കുന്നത് കേട്ടു. അപ്പോഴാണ് അവൾക്ക് കാര്യങ്ങൾ മനസ്സിലായത്. രവിയേട്ടൻ എല്ലാവരെയും വിളിച്ചു പറഞ്ഞിരിക്കുന്നു ഇന്ന് വരുന്ന കാര്യം. സാധാരണ ഇങ്ങനെയൊന്നും പതിവില്ലാത്തത് ആണല്ലോ… എന്തുപറ്റി എന്ന ആകുലതയോടെ ശർമിള വീണ്ടും അടുക്കളയിൽ കയറി. കുട്ടികൾ കുളിക്കുകയും യൂണിഫോം ധരിക്കുകയും പോകാൻ ഒരുങ്ങുകയും ചെയ്യുകയാണ്. അപ്പോഴാണ് അമ്മാവനും അമ്മായിയും ഇളയമ്മയും ഒക്കെ കയറിവന്നത്.
ഇതെന്താ പതിവില്ലാതെ എല്ലാവരും കൂടി…?
വീണ്ടും ശർമ്മളക്ക് ആധിയായി.
രവി എത്ര മണിക്കാണ് എത്തുക എന്ന് ചോദിച്ചുകൊണ്ട് അയൽവക്കത്തുനിന്ന് ശ്രീധരേട്ടനും കൂടി കയറിവന്നതോടുകൂടി ശർമിളക്ക് ഒരു കാര്യം വ്യക്തമായി, ഇന്നിവിടെ എന്തോ നടക്കാൻ പോകുന്നുണ്ട്. അത് എന്താണെന്ന് അവൾക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല. അവളുടെ ഹൃദയം പെരുമ്പറ മുഴക്കി.
കുട്ടികളുടെ മുഖത്ത് ഇന്ന് ഞങ്ങൾ സ്കൂളിൽ പോകണോ എന്നൊരു ചോദ്യം അമ്മയുടെ നേർക്ക് ഉണ്ടെന്ന് അവൾക്ക് മനസ്സിലായി. അവരുടെ മുഖത്ത് നോക്കാനാവാതെ അവൾ വേഗം കുട്ടികൾക്ക് ഉച്ചയ്ക്ക് കഴിക്കേണ്ട ആഹാരം ഒക്കെ പാത്രത്തിലാക്കി എടുത്ത് ബാഗിൽ വെച്ചു.
തന്നെ വിചാരണ ചെയ്യാനാണ് രവിയേട്ടൻ വരുന്നതെങ്കിൽ തന്റെ മക്കൾ അതൊന്നും അറിയാതിരിക്കുന്നതും കാണാതിരിക്കുന്നതുമാണ് നല്ലത്. ശർമിള അങ്ങനെ ചിന്തിച്ചു. ഇവരെല്ലാവരും തന്റെമേൽ ചാടിവീഴും. തന്റെ മക്കൾ അതൊക്കെ കണ്ട് വല്ലാതെ പൊട്ടിക്കരഞ്ഞു എന്ന് വരും. അത് വേണ്ട… അവർ സ്കൂളിൽ പോയിക്കോട്ടെ.. അവൾ തീരുമാനിച്ചു.
വന്നവർക്കൊക്കെ ചായ ഉണ്ടാക്കിക്കൊടുക്കാതെ നീ ഇത് എന്തോർത്തു നിൽക്കുകയാ…?
അമ്മയുടെ ശബ്ദമുയർന്നു.
താനൊന്ന് കുളിച്ചത് പോലുമില്ലല്ലോ… അവൾക്ക് ഇനിയൊന്നിനും സമയമില്ല എന്ന് അപ്പോഴാണ് ഓ൪മ്മവന്നത്.
ഒരു ഗ്ലാസ് തണുത്തവെള്ളം എടുത്തു കുടിച്ചുകൊണ്ട് ശർമിള വന്നവർക്കൊക്കെ പ്രാതൽ ഒരുക്കാൻ തുടങ്ങി. രവിയേട്ടൻ വന്നയുടനെ തന്നോട് ദേഷ്യപ്പെടും ഒരുങ്ങി നിൽക്കാത്തതുകൊണ്ട്.
ഇന്നിപ്പോൾ അങ്ങനെ ആയിരിക്കുമോ എന്ന് പറയാനും പറ്റില്ല.
അമ്മ വന്നവരോടൊക്കെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് പപ്പേട്ടൻ കയറിവരുന്നത് കണ്ടത്. അതോടെ ശർമിളയുടെ കാലിന്നടിയിൽനിന്നും ഒരു പെരുപ്പ് ദേഹത്തിലേക്ക് കയറിവന്നു. താൻ തളർന്ന് നിലത്ത് വീണുപോകുമെന്ന് അവൾക്ക് തോന്നി. അയാൾക്ക് മുഖം കൊടുക്കാതിരിക്കാൻ ശർമിള ഇറയത്തേക്ക് പോകാതിരുന്നു. കുട്ടികളുടെ കൈയ്യിൽ ചായയും പലഹാരവുമൊക്കെ വന്നവർക്കൊക്കെ കൊടുത്തയച്ചു. കുറച്ചുപേ൪ ഡൈനിങ് ടേബിളിനുചുറ്റുമിരുന്നു. മറ്റുള്ളവ൪ ഇറയത്താണുള്ളത്. എല്ലാവരുടെ മുഖത്തും ഒരു നീരസം പടർന്നിരിക്കുന്നു. എല്ലാവരും എന്തൊക്കെയോ അടഞ്ഞ ശബ്ദത്തിൽ കുശുകുശുക്കുന്നുണ്ട്. സമയം നോക്കുമ്പോൾ ശർമ്മിളയ്ക്ക് പിന്നെയും വേവലാതിയായി. രവിയേട്ടൻ എത്താറായിരിക്കുന്നു.
പെട്ടെന്ന് ശർമിളക്ക് തോന്നി, ഒന്ന് കുളിച്ച് അമ്പലത്തിൽ പോയിവരാം. രവിയേട്ടൻ വരുന്ന ദിവസങ്ങളിലൊക്കെ തന്റെ ശീലം അതാണ്. ഇവിടെ ഇരിക്കുന്നവ൪ക്കൊക്കെ എന്താണ് തന്നെക്കൊണ്ട് പറയാനുള്ളത് എന്നുവെച്ചാൽ പറഞ്ഞുതീർക്കട്ടെ. ഇനിയഥവാ രവിയേട്ടൻ വരുമ്പോൾ തന്നെ കണ്ടില്ലെങ്കിലും എല്ലാവരും തമ്മിൽ എന്തൊക്കെയോ സംസാരിക്കാനുണ്ടാകുമല്ലോ. അവർ തമ്മിലൊക്കെ സംസാരിച്ചു കഴിയുമ്പോഴേക്കും തിരിച്ചെത്താം.
ശർമിള കുളിച്ചൊരുങ്ങി. കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയച്ച് വേഗം അമ്പലത്തിലേക്ക് നടന്നു.
അവൻ വരാറാകുമ്പോൾ നീ ഇതെവിടെ പോവുകയാ…?
അമ്മയുടെ പിറുപിറുക്കൽ പിറകിൽനിന്നു കേട്ടിട്ടും ശർമിള തിരിഞ്ഞുനോക്കിയില്ല.
ക്ഷേത്രത്തിൽ പോയി നന്നായി ഒന്ന് പ്രാർത്ഥിച്ചു .മനമുരുകി കരഞ്ഞു. മനസ്സിലെ സങ്കടങ്ങളൊക്കെ തീർന്നപ്പോൾ അവൾ തിരിഞ്ഞുനടന്നു. കുളക്കരയിലൂടെ നടന്നപ്പോൾ അവൾ ഒരു നിമിഷം നിന്നു. ക്ഷേത്രത്തിലെ ഒരു കീഴ്ശാന്തിക്കാരൻ കയറിപ്പോകുന്നു. മറ്റാരും അടുത്തില്ല.. എടുത്തുചാടിയാലോ..ഒരു നിമിഷം അവൾ ചിന്തിച്ചു.. തന്റെ മക്കളുടെ മുഖം ഓർമ്മ വന്നപ്പോൾ അവളുടെ കാലുകൾ മുന്നോട്ടേക്കുതന്നെ നടന്നു. തന്റെ വീട്ടിലേക്ക് പോയാലോ… എങ്ങനെ ജീവിക്കും… അതിന് തനിക്കൊരു വീടുണ്ടോ… അവിടെയും താൻ അന്യയാണല്ലോ… രവിയേട്ടൻ തന്നെ ഇന്ന് അവിടെനിന്ന് ഇറക്കിവിടാൻ സാധ്യതയുണ്ടോ… ജീവിതം വഴിമുട്ടിയതുപോലെ ശർമിളക്ക് തോന്നി.
വീട്ടിലേക്ക് പോകുന്തോറും അവളുടെ കാലുകൾക്ക് സ്പീഡ് കുറഞ്ഞുവന്നു. മുറ്റത്തുതന്നെ പപ്പേട്ടൻ നിൽക്കുന്നുണ്ടാവും. അയാളുടെ വഷളത്തം നിറഞ്ഞ ചിരിയും നോട്ടവും കാണാൻ വയ്യ. പെട്ടെന്നാണ് രവിയേട്ടന്റെ കാർ വന്നുനിന്നത്.
ഗേറ്റിൽനിന്നുതന്നെ അവളെ അയാൾ കണ്ടു.
പാവം വാടിത്തളർന്നു നിൽക്കുകയാണ്.. മുഖത്തുനിന്നുതന്നെ വായിച്ചെടുക്കാം അവൾ അത്രയേറെ ആകാംക്ഷയിലും പരിഭ്രമത്തിലുമാണ്. തന്റെ പെട്ടെന്നുള്ള വരവാണ് ആ വിഷമത്തിന് കാരണമെന്ന് അയാൾക്കറിയാം. പക്ഷേ അയാൾ തൽക്കാലത്തേക്ക് ഗൗരവം നടിച്ചു.
അകത്തേക്ക് കയറിക്കൊണ്ട് അയാൾ എല്ലാവരോടും കുശലാന്വേഷണം നടത്തി. രാവിലെ വന്നപ്പോൾ മുഖം കറുപ്പിച്ചുനിന്ന ബന്ധുക്കളൊക്കെ അയാളോട് വളരെ പ്രസാദാത്മകമായിത്തന്നെ പെരുമാറി.
എന്തിനാണ് എല്ലാവരോടും ഇത്ര അത്യാവശ്യമായി വരാൻ നീ പറഞ്ഞത്…?
അമ്മയാണ് തുടക്കമിട്ടത്.
പറയാം എന്ന് പറഞ്ഞ് രവി അകത്തേക്കുപോയി കുളിച്ചൊരുങ്ങി വന്നു. അപ്പോഴേക്കും ശർമിള ചായ ഉണ്ടാക്കിക്കൊണ്ടുവന്നു. ചായ ഒരുകവിൾ കുടിച്ച് കപ്പ് മേശപ്പുറത്ത് വെച്ചുകൊണ്ട് രവി സോഫയിലേക്ക് ഇരുന്നു. എന്നിട്ട് പറഞ്ഞു:
ഞാൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ രണ്ടുമൂന്ന് സിസിടിവി ക്യാമറ വാങ്ങി ഇവിടെയൊക്കെ ഫിറ്റ് ചെയ്തിട്ടാണ് പോയത്. എല്ലാ പ്രാവശ്യവും വന്നാൽ നിങ്ങൾക്ക് ശർമ്മിളയെക്കുറിച്ച് ഒരുപാട് ആവലാതിയും കുറ്റങ്ങളും പറയാൻകാണും. ഇതൊക്കെ സത്യമാണ് എന്നായിരുന്നു ഇതുവരെയും എന്റെ ധാരണ. എങ്കിലും ഇതിന്റെ നിജസ്ഥിതി അറിയണമെന്ന് എനിക്ക് തോന്നി. ആധുനിക കാലഘട്ടത്ത് എന്തൊക്കെയോ ശാസ്ത്രസാങ്കേതിക സൗകര്യങ്ങൾ ഉണ്ടാകുമ്പോൾ ഞാനെന്തിനാണ് അവയൊക്കെ ഉപയോഗപ്പെടുത്താതിരിക്കുന്നത് എന്ന് എനിക്കും തോന്നി. അവിടെയുള്ള കൂട്ടുകാരുടെ വീട്ടിലൊക്കെ ഇത്തരം സൗകര്യങ്ങൾ അവർ ചെയ്തിട്ടുണ്ട്. എനിക്ക് അവിടെനിന്ന് നോക്കിയാൽ ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെ എന്റെ മൊബൈലിൽ കാണാൻ കഴിയും. അങ്ങനെ ആറുമാസമായി ഞാൻ എല്ലാം കാണുകയായിരുന്നു….
പെട്ടെന്നാണ് എല്ലാവരുടെയും മുഖം മ്ലാനമായത്. പപ്പേട്ടന്റെ മുഖം കുനിഞ്ഞു. അയാൾ പെട്ടെന്ന് പിറകിലേക്ക് മാറിനിന്നു.
പെട്ടെന്ന് ഒരു അടി നടക്കാനുള്ള സാധ്യതയുണ്ട് എന്ന് ശർമിളക്ക് തോന്നി. രവിയേട്ടൻ അങ്ങനെ ക്ഷോഭിച്ച് അധികം കണ്ടിട്ടില്ല. പക്ഷേ ഇന്ന് അതിനുള്ള എല്ലാ സാധ്യതയും ഉണ്ട്. ആറുമാസമായി ഇവിടെ പലതും നടന്നിട്ടുണ്ട്… എല്ലാം തനിക്കുനേരെ നടന്ന അതിക്രമങ്ങൾ ആയിരുന്നു… എല്ലാം രവിയേട്ടൻ കണ്ടിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ശർമിളയുടെ നെഞ്ചിനകത്ത് ഒരു തണുപ്പ് വീണു. അവൾ ദീർഘശ്വാസം കഴിച്ചു. രവി എഴുന്നേറ്റ് അവളുടെ നേർക്ക് നടന്നുവന്നു. എല്ലാവരും നോക്കിനിൽക്കെ അവൾ അമ്പലത്തിൽനിന്നും കൊണ്ടുവെച്ച പ്രസാദം എടുത്ത് ആ ഹരിചന്ദനം അവളുടെ നെറ്റിയിൽ തൊട്ടു. അയാളും ഒപ്പം അത് നെറ്റിയിൽ ചാർത്തി. എന്നിട്ട് അവളെ ചേർത്തുപിടിച്ച് അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു.
ഇവളെ ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.. ഇവൾ എന്റെ ഭാഗ്യദേവതയാണ്…
ഇത്രയേറെ പ്രയാസങ്ങൾ ഇവിടെനിന്നും നേരിട്ടിട്ടും എനിക്കും എന്റെ മക്കൾക്കുംവേണ്ടി എല്ലാം സഹിച്ച് ജീവിച്ചുതീ൪ക്കുകയാണല്ലോ എന്നോർത്തപ്പോൾ എനിക്ക് ഒരു ആത്മനിന്ദ തോന്നി. അതുകൊണ്ടാണ് ഞാൻ മതിയാക്കിപ്പോന്നത്… ഇനി എല്ലാ കാര്യങ്ങളും ഞാൻ ഇവിടെ നിന്നുകൊണ്ട് ചെയ്യാം. നാട്ടിൽ ഞാനൊരു ജോലി ശരിയാക്കിയിട്ടുണ്ട്… ഞാൻ ഇനി മടങ്ങിപ്പോകുന്നില്ല.
കഴിഞ്ഞ ആറുമാസത്തിനിടയ്ക്ക് തനിക്കെതിരെ അണിനിരന്ന ഓരോ പ്രതികളും തലതാഴ്ത്തി പെട്ടെന്നുതന്നെ ഇറങ്ങിപ്പോകുന്നതുകണ്ട് ശ൪മിളക്ക് ഉള്ളിൽ ചിരിപൊട്ടി. ആദ്യം ധൃതിയിൽ ഗേറ്റ് കടന്നത് പപ്പേട്ടനായിരുന്നു. പക്ഷേ അയാളുടെ കവിളത്ത് ഒരു അടി പൊട്ടണമായിരുന്നു എന്നും അവൾക്ക് തോന്നി. രവി അവളുടെ ചെവിയിൽ പതിയെ പറഞ്ഞു:
അന്ന് അയാളുടെ കരണത്ത് താൻതന്നെ ഒന്ന് പൊട്ടിച്ചതാണല്ലോ… അതുമതി…
അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു.