ഈ ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് കശ്മീർ ആണെന്ന് ആരോ പറഞ്ഞത് എത്ര മനോഹരമായ……..

എഴുത്ത്:-സൽമാൻ സാലി

22/12/2020 മഞ് പുതച്ചുകൊണ്ട് പുലരിയെ വരവേൽക്കുന്ന കശ്മീർ..

ദാൽലേക്കിലെ ജാവേദ് ഖാന്റെ ഹൌസ് ബോട്ടിൽ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ പ്രൗഡിയിയിൽ ഒരുക്കിയ ബെഡ്‌റൂമിൽ ഞെരിപൊടിന്റെ ഇളം ചൂടേറ്റ് കിടക്കുമ്പോൾ വെള്ളത്തിൽ തട്ടി തെറിച്ചു വരുന്ന സൂര്യകിരണങ്ങൾ ബെഡ്റൂമിലേക്ക് വെളിച്ചം അരിച്ചു കയറിയപ്പോൾ ഞാൻ പതിയെ കണ്ണുകൾ തുറന്നത്..

ഒരു പൂമ്പാറ്റയെ പോലെ പുതപ്പിനുള്ളിൽ ചുരുണ്ടു കിടക്കുകയാണ് അവൾ…

ബെഡിൽ നിന്നും എണീറ്റു പതിയെ കണ്ണുകൾ തിരുമ്മി ജാക്കറ്റ് എടുത്തിട്ടു പുറത്തേക്ക് നടന്നു …

മൂടിപ്പുതച്ചിരിക്കുന്ന മഞ്ഞിനെ കീറിമുറിച്ചുകൊണ്ട് വരുന്ന പൊൻകിരണങ്ങൾ തടകത്തിൽ തട്ടി കണ്ണുകളിലേക്ക് വെളിച്ചം വീശിയപ്പോൾ കണ്ണുകൾ അടക്കാൻ തോന്നിയില്ല….

കശ്മീർ…. അഗർ ഇസ് ദുനിയാമേ ജന്നത്തെ ഹേ തോ ബസ് യഹി ഹേ യഹി ഹേ യഹി ഹേ…

ഈ ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് കശ്മീർ ആണെന്ന് ആരോ പറഞ്ഞത് എത്ര മനോഹരമായ വാക്കുകൾ ആണ്….

ബായ് ജാൻ.. കാവാ പിയോഗേ…

പിന്നിൽ ചിരിച്ച മുഖവും ആവി പറക്കുന്ന കാവയുമായി ജാവേദ്ഖാൻ…

ജാക്കറ്റിനുള്ളിലേക്ക് അരിച്ചു കേറുന്ന തണുപ്പിനെ അവഗണിച്ചുകൊണ്ട് തന്നെ ഞാൻ കാവ വാങ്ങി.. ചുണ്ടോട് അടുപ്പിച്ചപ്പോൾ ഏലക്കയുടെ മണം മൂക്കിലേക് അടിച്ചു കേറി…

ആദ്യത്തെ സിപ്… എടുത്തപ്പോൾ ഉസ്താദ് ഹോട്ടലിലെ തിലകന്റെ ആ ഡയലോഗ് ഓർമ വന്ന്…

ഓരോ സുലൈമാനിയിലും ഒരു മുഹബ്ബത്ത് ഉണ്ട്… സുലൈമാനിയിൽ മാത്രമല്ല ധാ ഇതുപോലെ കശ്മീരിലെ തണുത്ത പുലരിയിൽ ബദാം പരിപ്പും ഏലക്കായും ഇട്ട് പതപ്പിച്ച നല്ല ഉഷിരൻ കാശ്മീരി കാവാക്കുമുണ്ട് മുഹബ്ബത്ത് ….

ഓരോ സിപ്പിലും ശരീരവും മനസ്സും ഉണരുന്ന മുഹബ്ബത്ത്….

താടാകത്തിൽ വിക്ടോറിയൻ കാലഘട്ടത്തിലെ നിർമ്മാണരീതിയിൽ ഉള്ള ഹൌസ് ബോട്ടുകൾക്ക് പ്രസിദ്ധമാണ്. ഇത് ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത രീതിയിലുള്ള ബോട്ടുകളാണ്….

അകത്ത് കേറി നല്ല ചൂട് വെള്ളത്തിൽ കുളിച്ചു അവളേം വിളിച്ചു റെഡി ആയി പുറത്ത് വന്നപ്പോഴേക്കും ജാവേദ് ഖാൻ ബ്രേക്ക്‌ ഫാസ്റ്റ് റെഡി ആക്കിയിരുന്നു..

ജാവേദ് ഭായ് ആജ് ബ്രേക്ക്‌ ഫാസ്റ്റ് മേ ക്യാ ഹേ…

ഓളെ മുന്നിൽ ഒന്ന് ഷൈൻ ചെയ്യാൻ ഇടക്കിടക്ക് ഞാൻ ന്റെ ഹിന്ദി എടുത്തു കാചാറുണ്ട്…

ആജ് മഖി ക്ക റൊട്ടി ഒര് സർസോങ് ക്കാ സാഗ്…

അടിപൊളി.. ജാവേദ് ഖാൻ എനിക്കിട്ട് നല്ല ഒരു പണി തന്നെ തന്നു… അങ്ങനെ ബ്രേക്ക്‌ ഫാസ്റ്റ് വന്നു…

നല്ല ചോള പൊടികൊണ്ട് ഉണ്ടാക്കിയ റൊട്ടിയും കടുക് ഇലക്കൊണ്ട് ഉണ്ടാക്കിയ ഒരു കറിയും പിന്നെ വെണ്ണയും…. തണുപ്പിനെ പ്രതിരോധിക്കാൻ ഇത് രണ്ടും ബെസ്റ്റ് ആണെന്നാണ് അവർ പറയുന്നത്….

ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞാണ് അവിടെ നിന്നിറങ്ങിയത്…. ഇനി ദാൽ തടകത്തിലൂടെ ഒരു ശിക്കാരാ റൈഡ്…

ഒരുപാട് ശിക്കാര റൈഡേഴ്‌സ് ഉണ്ട്.. അവരുടെ ബഹളങ്ങൾക്കിടയിൽ ബാർഗ്യൻ ചെയ്തു കുറഞ്ഞ റേറ്റിൽ പോകാമെന്നു പറഞ്ഞു വന്ന അസ്മത് അലിയാണ് ബോട്ട് തുഴയുന്നത്..

തടകത്തിലെ യാത്രക്കിടയിൽ ഒരുപാട് കച്ചവടക്കാർ നമ്മുടെ അടുത്തേക്ക് ബോട്ട് തുഴഞ്ഞു വരും കാശ്മീറിന്റെ പരമ്പരാഗത രീതിയിൽ ഉള്ള ഉത്പന്നങ്ങളും പിന്നെ ഫാൻസി ഐറ്റംസുകളും ഒക്കെയായി അവർ തടാകത്തിൽ ഓരോ ബോട്ടുകളിലും അടുത്ത് പോയി വില്പന നടത്തുന്നവർ… കൂടുതലും ലേഡീസ് ഐറ്റംസ് പിന്നെ അലങ്കാര വസ്തുക്കൾ ആണ് അവരുടെ കയ്യിലുള്ളത്….

പറയുന്ന വില കേട്ടാൽ തടാകത്തിലേക് എടുത്തു ചാടാൻ തോന്നും പക്ഷെ ബാർഗ്യൻ ചെയ്താൽ ചെറിയ പൈസക്ക് സാധനം വാങ്ങിക്കാം…

ഡിസംബർ അവസാനം ജനുവരിയോട് കൂടെ തടാകം ഐസ് ആയി മാറും.. പിന്നെ അതിന്റെ മുകളിൽ കൂടെ ഓടി നടക്കാൻ പറ്റുമെന്നുമൊക്കെ അസ്മത് അലി പറഞ്ഞു തന്നിരുന്നു… ദാൽ തടകത്തിലെ ഓരോ ഭാഗത്തും ഓരോ പോയിന്റുകൾ ഉണ്ട് നെഹ്‌റു പോയിന്റ് ഗോൾഡൻ ലേക്ക് പോയിന്റ് എന്നിങ്ങനെ പേരുകൾ ഉള്ളവ.. അതിൽ അസ്തമയ സൂര്യനേറ്റ് സ്വർണ നിറമാകുന്ന ഭാഗമാണ് ഗോൾഡൻ ലേക്ക്… അവിടെ ഒരുപാട് ലക്ഷ്വറി ഹൗസ്ബോട്ടുകൾ ഓരം ചേർന്ന് നിൽക്കുന്നുണ്ട്… സന്ധ്യ കഴിഞ്ഞാൽ പല നിരത്തിലുള്ള ലൈറ്റ് കൊണ്ട് അലങ്കരിച്ച ഹൗസ് ബോട്ടുകൾ കണ്ണിന് കുളിര്മയുള്ള കാഴ്ചകൾ ആണ്….

ദാൽ താടാകത്തിലെ സഞ്ചാരം അവസാനിപ്പിച്ചു ഇറങ്ങാൻ നേരം അസ്മത് അലിക്ക് ഒരു ഹസ്ത ധാനം നൽകി ചെറു പുഞ്ചിരിയോടെ അയാൾ ഞങ്ങളെ യാത്രയാക്കി..

കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അയാളുടെ മുഖത്ത് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു… മലയാളികളെ കുറിച്ചും മലയാളികളുടെ പെരുമാറ്റം സ്നേഹം ഒക്കെ വേറെ എവിടെയും കാണാൻ പറ്റില്ല എന്നൊക്കെ വാ തോരാതെ സംസാരിച്ചുകൊണ്ടാണ് അസ്മത് അലി ബോട്ട് തുഴഞ്ഞത്…..

നേരം ഉച്ചയായിട്ടും തണുപ്പിന് യാതൊരു കുറവും വന്നിട്ടുണ്ടായിരുന്നില്ല…

അവളേം കൂട്ടി നേരെ പോയത് ലാൽ ചൗക്കിലേക്ക്..

ദാൽ തടാകത്തിൽ നിന്നും ലാൽ ചൗക്കിലേക്ക് 14കിലോമീറ്റർ ഞങ്ങൾ ഇരുപത് മിനിട്ടുകൊണ്ട് എത്തി… വണ്ടി അവിടെ പാർക്ക് ചെയ്തു ചൗകിലേക്ക് നടന്നു… കാശ്മീറിന്റെ പ്രധാനപെട്ട ടൗൺ ആണ് ലാൽ ചൗക്…

നല്ല ശരീരം കോച്ചുന്ന തണുപ്പ്.. രാവിലത്തെ ചോളത്തിന്റെ റൊട്ടി ദാഹിച്ചു കഴിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു നല്ല വിശപ്പ്…

ഉച്ച സമയം ആയിട്ടും നല്ല കച്ചവട തിരക്കുണ്ട്.. ബാഗുകളും പിന്നെ ജാകറ്റുകളും വിൽക്കുന്ന ഒരുപാട് കടകൾ കിടയിലൂടെ അവളുടെ കൈ കോർത്തു പിടിച്ചുകൊണ്ടു ഒരു ഹോട്ടൽ നോക്കി നടക്കുകയാണ്….

ബിരിയാണി മണം മൂക്കിലേക്ക് അടിച്ചു കേറിയപ്പോൾ മനസിലായി അടുത്ത് ഹോട്ടൽ ഉണ്ടെന്ന്… അത്യാവശ്യം നല്ല തിരക്കുള്ള ഹോട്ടൽ… ഞങ്ങളെ കണ്ട അവിടുത്തെ ഖാൻ സാബ് അകത്തേക്ക് ക്ഷണിച്ചു ഞങ്ങൾക്ക് സീറ്റ് ഒരുകി തന്നു… ഓർഡർ ചെയ്ത കശ്മീർ ബിരിയാണി ചൂടോടെ മുന്നിൽ വന്നപ്പോ വിശപ്പ് ഒന്നൂടെ കൂടി ..

മസാലക്കൾ ഇല്ലാത്ത റൈസ് അതിന് മുകളിൽ ഒരു കോഴി ഫ്രൈ ചെയ്തത്.. ബിരിയാണിക്ക് അത്യാവശ്യം നല്ല കളർ കണ്ടത് കൊണ്ട് ആദ്യം ഒന്ന് മുഖം ചുളിഞ്ഞെങ്കിലും കുങ്കുമ പൂവിന്റെ കളർ ആണെന്ന് അറിഞ്ഞപ്പോ ബിരിയാണിക്ക് സ്വാദ് ഒന്നൂടെ കൂടി….

നന്നായി ഭക്ഷണം കഴിച്ചു അവിടുന്നിറങ്ങി ചൗകിൽ ഒന്ന് കറങ്ങി എനിക്ക് ഒരു ജാക്കറ്റ് വാങ്ങിക്കാൻ കയറി വില കേട്ട് കഴിച്ച ബിരിയാണി ദാഹിച്ചു പോയി.. രണ്ടായിരം മുതൽ അന്പത്തിനായിരം വരെ വില വരുന്ന ജാകറ്റുകൾ ഉണ്ട് അവിടെ.അവിടുത്തെ സലീം ചാചാക്ക് ഒരു സലാം പറഞ്ഞിറങ്ങി അവൾക് ഒരു പശ്മീന സിൽക്ക് ന്ന് അറിയപ്പെടുന്ന ഒരു കമ്പ്ളിയും വാങ്ങിച്ചു കൊടുത്തു… അവിടുന്ന് പുറത്തിറങ്ങുമ്പോൾ സമയം നാല് കഴിഞ്ഞിരുന്നു…..

ഇനി യാത്ര ഗുൽ മർഗിലേക്കാണ്..57 കിലോ മീറ്റർ ഉണ്ട് ഗുൽമർഗിലെക്.. രാത്രിക്ക് മുൻപ് അവിടെ എത്തണം.. സൂര്യപ്രകാശം ഭൂമിയിൽ തട്ടാതെ തടഞ്ഞു നിർത്തികൊണ്ട് നിരനിരയായി നിൽക്കുന്ന പൈൻ മരങ്ങൾക്കിടയിലൂടെ ദൂരെ കാണുന്ന മഞ്ഞു പുതച്ച ഗുൽമർഗിലേക്കുള്ള യാത്ര……..

ഇത്രയും വായിച്ച നിങ്ങൾ കരുതും ഞാൻ ഇപ്പൊ കശ്മീരിൽ ആണെന്ന്… ഒരു കശ്മീർ വ്ലോഗ് കണ്ടപ്പോൾ ഉള്ള വെറും ഭാവന മാത്രമാണ്….

ഇഷ്ട്ടം ആയെങ്കിൽ കമന്റ് ചെയ്യാൻ മറക്കണ്ട…