Story written by Maaya Shenthil Kumar
നാല്പത്തിയഞ്ചാം വയസ്സിൽ അവൾ സ്റ്റേജിലേക്ക് കയറുമ്പോൾ ചിലരുടെയൊക്കെ മുഖത്തു പരിഹാസമായിരുന്നു… ഇവൾക്കെന്തിന്റെ സൂക്കേടാ എന്നൊക്കെ ചിലർ അടക്കം പറയുന്നുണ്ടായിരുന്നു… നടുവും തല്ലി വീണാൽ ഞാൻ തിരിഞ്ഞുനോക്കില്ല എന്ന് മോൾ പകുതി കളിയായിട്ടും പകുതി കാര്യമായിട്ടും പറഞ്ഞതു കൊണ്ടാവും ഇന്നലെ വരെ ഉണ്ടായിരുന്ന സന്തോഷം അവളുടെ മുഖത്തും കാണുന്നില്ല
പക്ഷെ വർഷങ്ങൾക്കു ശേഷം മീര ചിലങ്കയണിഞ്ഞപ്പോ അവളെക്കാളേറെ സന്തോഷം എനിക്കായിരിക്കുന്നു… ഒരിക്കൽ ഞാൻ കാരണം അഴിച്ചു വച്ചതാണ്… ഇന്നിപ്പോൾ വീണ്ടും…
മോളുടെ കല്യാണ ശേഷം സിറ്റിയിൽ നിന്നും വീണ്ടും തറവാട്ടിലേക്ക് മാറിയപ്പോഴാണ് മാറാല പിടിച്ചു കിടന്ന പഴയ ഓര്മകളൊക്കെ പൊടിതട്ടിയെടുത്തത്… അതിലൊന്നാമത്തെ ആയിരുന്നു എന്റെ മീരയുടെ ചിലങ്കകൾ
ആദ്യമായി അവളെ കാണുന്നതും ഇഷ്ടപ്പെടുന്നതും ഇതേ ക്ഷേത്രത്തിൽ വച്ചായിരുന്നു… അന്നവൾ നൃത്തം ചെയ്ത് കയറിയത് എന്റെ ഹൃദയത്തിലേക്കും… സാമ്പത്തികമായി ഒരല്പം പിന്നോട്ടായതുകൊണ്ടു തന്നെ അത്യാവശ്യം നല്ലനിലയിൽ ജീവിക്കുന്ന എനിക്ക് മീരയെ കെട്ടിച്ചു തരാൻ അവളുടെ അച്ഛന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ… പക്ഷെ അവളുടെ ഇടയ്ക്കിടെയുള്ള നൃത്തപരിപാടികൾ കുടുംബക്കാർക്കിടയിൽ മുറുമുറുപ്പ് ഉണ്ടാക്കി… ഞാൻ കൊള്ളാത്തതുകൊണ്ടാണ് അവളിങ്ങനെ ഇറങ്ങി പോകുന്നത് എന്നു പറഞ്ഞപ്പോൾ എന്റെ അഭിമാനം വൃണപ്പെട്ടു…
ഇടയ്ക്കൊക്കെ ഞാൻ അനിഷ്ടം കാണിച്ചെങ്കിലും എന്റെ ജീവനാണ് നൃത്തം എന്നും പറഞ്ഞു അടുത്തുള്ള സ്ഥലങ്ങളിലേക്ക് മാത്രമായി പോവാൻ തുടങ്ങി… പക്ഷെ എന്റെയുള്ളിലെ അവളോടുള്ള നീരസം കൂടുകയായിരുന്നു പലപ്പോഴും ഞാനതു കാണിച്ചിട്ടുമുണ്ട്….
ഒരിക്കൽ വീട്ടിലെത്താൻ വൈകിയെന്ന പേരിൽ അവളുടെ അച്ഛന്റെ മുന്നിലിട്ട് അവളെ ത, ല്ലി… അന്നവൾ ഒരു ശപഥം പോലെ പൂട്ടിവച്ചതാണ് അവളുടെ ചിലങ്കകൾ… അന്ന് അതിന്റെ മേൽ വീണ കണ്ണീർ കണ്ടിട്ടും ഞാൻ കണ്ടില്ലെന്നു നടിച്ചു… പല വഴക്കുകളിലും ഞാനോ അവളോ കീഴടങ്ങാറുണ്ടെങ്കിലും ഈ വഴക്കിനെ പറ്റി ഞങ്ങൾ പിന്നെ സംസാരിച്ചതേയില്ല… മനസ്സുകൊണ്ട് ഞാൻ സന്തോഷിക്കുകയായിരുന്നു ഞാൻ ജയിച്ചതിനു… പിന്നെ വർഷങ്ങൾ കഴിഞ്ഞു.. ഓരോ ദിവസവും അവൾ എനിക്കും മോൾക്കും വേണ്ടി ജീവിച്ചു… ഞങ്ങളുടെ ഇഷ്ടങ്ങൾ.. ഞങ്ങളുടെ സന്തോഷങ്ങൾ… മോളെ പോലും അവൾ നൃത്തം പഠിപ്പിക്കാതെ പറയാതെ പറയുന്ന വാശിക്ക് മുന്നിൽ ചിലപ്പോഴൊക്കെ എന്റെ ഹൃദയം വേദനിക്കാറുണ്ടായിരുന്നു… പക്ഷെ ഞാൻ അതേപ്പറ്റി ഒന്നും സംസാരിച്ചിട്ടില്ല… ഒരിക്കലും…
വർഷങ്ങൾക്കിപ്പുറം തറവാട്ടിൽ താമസമാക്കിയപ്പോ പഴയ പെട്ടിയൊക്കെ പൊടിതട്ടി വയ്ക്കുമ്പോഴാണ് വീണ്ടും അവളുടെ ചിലങ്കൾ കിലുങ്ങിയത്… പക്ഷെ അന്ന് വീണ അവളുടെ കണ്ണീർ ഇന്നാണ് എന്നെ ചുട്ടുപൊള്ളിക്കുന്നത്…
☆☆☆☆☆☆☆☆☆☆
ഏറെ നേരത്തെ പരിശോധനയ്ക്കും കുറെ ടെസ്റ്റുകൾക്കും ശേഷം ഡോക്ടർ എന്നെ മാത്രമായി ക്യാബിനിലേക്കു വിളിപ്പിക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല അവളുടെ ചെറിയ ചെറിയ മറവികൾ വലിയൊരു ശൂന്യതയിലേക്കുള്ള യാത്രയാണെന്നു…
ഇടയ്ക്കൊക്കെ ഓരോന്ന് മറക്കുമ്പോഴും, സ്ഥലം മാറി വയ്കുമ്പോഴും ശ്രദ്ധ യില്ലെന്നു പറഞ്ഞു വഴക്കുപറയുമ്പോൾ അറിയില്ലായിരുന്നു ഇതൊരു ചെറിയ തുടക്കം മാത്രമാണെന്ന്…
നാളെ എന്റെ മീര എന്നെയും മോളെയും എന്തിനേറെ അവളെ തന്നെ മറന്നേക്കാം.. കഴിഞ്ഞതൊന്നും ഓര്മയില്ലാതെ വെറുമൊരു ശൂന്യതയിൽ ആയേക്കാം എന്ന ഡോക്ടറുടെ ഓർമ്മപ്പെടുത്തൽ എന്റെ ഹൃദയത്തിലേറ്റ മുറിവായിരുന്നു… ഒരിക്കലും അന്വേഷിക്കാതെപോയ അവളുടെ ഇഷ്ടങ്ങൾ, സ്വപ്നങ്ങൾ…അങ്ങനെ ആരും അറിയാതെ പോയ എന്തൊക്കെയോ അവളുടെ പോലും ഓർമയിൽ നിന്നും മാഞ്ഞുപോകാൻ ഒരുങ്ങുന്നു…
അവളെ ഒരു രോഗിയായി കാണാതിരിക്കാൻ മോളോട് പോലും ഒന്നും പറയാതെ ഉള്ളിലൊരു കനലായി കൊണ്ട് നടക്കുമ്പോഴാണ് ഇനി അവളുടെ ഇഷ്ടങ്ങളിലൂടെ ഒരു യാത്ര നടത്താൻ ആഗ്രഹിച്ചത്… അതിനായാണ് എല്ലാം വിട്ട് തറവാട്ടിലേക്ക് വന്നത്…മറവികൾ പറിച്ചെടുക്കും മുൻപേ അവൾക്കിനിയും ചെയ്യാനെന്തൊക്കെയോ ബാക്കിയുണ്ടെന്ന് ഒരു തോന്നൽ….
ആറു മാസത്തെ പരിശീലനത്തിന് ശേഷം സ്റ്റേജിൽ അവളോരോ ചുവടുവയ്ക്കുമ്പോഴും ഉള്ളിൽ പ്രാർത്ഥനയായിരുന്നു… ഇടയ്ക്കൊന്നു മറവിയിലേക്കു വീണുപോയാൽ ചേർത്തു വച്ച ആത്മവിശ്വാസമെല്ലാം കൈവിട്ടുപോകും…
ചുവടുകളൊന്നും പിഴയ്ക്കാതെ അവളാടി തീർന്നപ്പോൾ അവളുടെ കണ്ണുകളിലെ കെട്ടുപോയ പഴയ തിളക്കം തിരിച്ചെത്തുകയായിരുന്നു…
രണ്ടു വർഷങ്ങൾക്കിപ്പുറം അവളെന്നോ പറഞ്ഞ പോലെ നിറയെ ചെടികളും പൂക്കളും ഉള്ള ഈ തൊടിയിൽ കിളികളുടെ ശബ്ദവും കേട്ട് ഒരു കുട്ടിയെ പോലെ എന്റെ നെഞ്ചോട് ചേർന്നിരിക്കുമ്പോൾ അവൾ മറവിയുടെ താഴ്വരയി ലായിരുന്നു… ഞാൻ ഓർമ്മകളുടെ ശരശയ്യയിലും … പൊള്ളുന്ന ജീവിതവും പേറി..