എഴുത്ത്:-നിവിയ റോയ്
“ഇന്ന് കുറെ പത്രങ്ങളുണ്ടല്ലോ ചേച്ചി കഴുകാൻ….” ജോലിക്കാരി കല സാരിയുടെ ഞൊറിവെടുത്തു ഇടുപ്പിൽ തിരുകി അടുക്കള സിങ്കിൽ നിറഞ്ഞു കിടക്കുന്ന പാത്രങ്ങൾ നോക്കി പറഞ്ഞു .
“എടി കലേ ഇന്നലെ എനിക്ക് കുറച്ചു ഗസ്റ്റ് ഉണ്ടായിരുന്നു. മോളുടെ ബർത്ത്ഡേ ആയിരുന്നു അതിന്റെ ചെറിയ ഒരു ആഘോഷം”.
“ആഹാ എന്നിട്ട് ചേച്ചി എന്നോടൊന്നു പറഞ്ഞില്ലല്ലോ?”
“അത് …പിന്നെ ..ഞാൻ നിന്നോട് പറഞ്ഞില്ലായിരുന്നോ?” മുഖത്തെ ചമ്മൽ മറയ്ക്കാൻ ഞാൻ ആവുന്നത് ശ്രമിച്ചു.
ങും….. അവൾ ഒന്നിരുത്തി മൂളിക്കൊണ്ട് തുടർന്നു. “കണ്ടവരുടെയൊക്കെ എച്ചിൽ പാത്രവും കഴുകി കക്കൂസും വൃത്തിയാക്കി ജീവിക്കുന്ന എന്നെപ്പോലെയുള്ളവരെയൊക്കെ ആര് ഓർക്കാൻ?”
” അത് കൊള്ളാം….നീ എന്താ അങ്ങനെ പറഞ്ഞത്?” അവള് പറഞ്ഞത് എനിക്ക് ശരിക്കും കൊണ്ടു. പക്ഷേ എനിക്ക് പലപ്പോഴും ഉരുളക്ക് ഉപ്പേരിപോലെ മറുപടികളൊന്നും കിട്ടാറില്ല. എങ്കിലും ഞാൻ പറഞ്ഞു .
“ഇങ്ങനെയുള്ളവരൊക്കെ ഉള്ളതുകൊണ്ടല്ലേ നിനക്ക് ജോലിയുള്ളത്.”
“നിവൃത്തികേട് അല്ലാതെന്ത് ചേച്ചി ” ആർക്കാണ് ചേച്ചി ഇതുപോലുള്ള ജോലി ചെയ്യാനിഷ്ടം.”
“എടീ കലേ എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ട്.”എന്നിലെ മോട്ടിവേറ്റർ ഉണർന്നു .
“ഇങ്ങനെയൊക്കെ പറയാൻ കൊള്ളാം .ഇന്ന് ഞാൻ ഇങ്ങോട്ടേക്ക് വരുമ്പോ ഒരു അരമണിക്കൂറോളം നമ്മുടെ കവലയിൽ എന്തോരം തിക്കുംതിരക്കും ആയിരുന്നു. ഒരു വണ്ടി പോലും അനങ്ങുന്നില്ല.കാരണം അവിടെ പുതുതായി ഒരു സ്വർണ്ണക്കട ഉദ്ഘാടനത്തിന് ഒരു സിനിമാ നടി വന്നിട്ടുണ്ട് .ആ മുതലാളിയുടെ വീട്ടിലും ഞാൻ വീട്ടുജോലിക്ക് പോകുന്നുണ്ട് . അങ്ങേരുടെ ഭാര്യ എന്നെ നോക്കി ഇന്ന് വരെ ഒന്ന് ചിരിക്യോ സുഖമല്ലേ? എന്നൊരു വെറും വാക്ക് ചോദിക്കുകയോ പോലും ചെയ്തിട്ടില്ല. എപ്പോഴും ഒരു കാർക്കശ്യ സ്വഭാവമാണ് കാണിച്ചിട്ടുള്ളത്. ഒന്ന് ചിരിച്ചാൽ ഞാൻ അവരെ വിഴുങ്ങുമോ?”
അവളുടെ ഉള്ളിൽ അടക്കി വെച്ച അമർഷം ഞെരിഞ്ഞ വാക്കുകളിൽ പുറത്തു വന്നു.
” ഇവിടെ ആ നടിയെ കണ്ടപ്പോൾ അവരുടെ വെപ്രാളം കാണണം .കെട്ടിപ്പിടിക്കുന്നു തiടവുന്നു എന്തൊക്കെയാണ് . അവർക്കൊക്കെ ആണ് ഈ കാലത്ത് കാര്യം.അവര് അവരുടെ ജോലി ചെയ്യുന്ന പോലെ നമ്മൾ നമ്മുടെ ജോലി ചെയ്യുന്നുണ്ട് നമ്മളെ കാണുമ്പോൾ എല്ലാവർക്കും പുച്ഛം .”
“നിനക്ക് ആ സിനിമാനടിയോടുള്ള കുശുമ്പ് കൊണ്ടല്ലേ നീ ഇങ്ങനെ പറയുന്നത്? “ഒരു തമാശ എന്നോണം ഞാൻ പറഞ്ഞു .
അവൾ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.നെറ്റിയിലേക്ക് വീണ മുടി കൈത്തണ്ട കൊണ്ട് ഒതുക്കി പാത്രം തേപ്പ് തുടർന്നുകൊണ്ട് അവൾ ചോദിച്ചു.
“എന്തിന് കുശുമ്പ്? അഭിനയിക്കുന്നവരോട് എനിക്ക് വലിയ താല്പര്യം ഒന്നുമില്ല.”
” നീ അങ്ങനെ പറയാമോ അതൊക്കെ ഒരു കഴിവല്ലേ?”അവൾക്ക് അഭിനയിക്കാൻ നല്ല കഴിവുണ്ട് .അതിനുള്ള അവസരമോ ഭാഗ്യമോ ഒന്നും അവൾക്കുണ്ടായിട്ടില്ല .അതിന്റെ ഒരു ലേശം കൊതിക്കെറുവ് അവൾക്കുണ്ട് .
“ആ…അത് ശരിയാണ് എല്ലാവർക്കും ഉള്ള ഒരു കഴിവാണ് അഭിനയിക്കാനുള്ള കഴിവ്. ഓരോ ദിവസവും നമ്മളൊക്കെ എത്രമാത്രം അഭിനയിച്ചു കൂട്ടുന്നു. അല്ലെ ചേച്ചി?”അവൾ കളിയാക്കി ചിരിച്ചു.
” ഞാൻ അങ്ങനെയൊന്നും അഭിനയിക്കാറില്ല.”കുറച്ചു ഗൗരവത്തോടെയാണ് ഞാൻ മറുപടി പറഞ്ഞത്. ഞാൻ കണ്ടതാണ് കഴിഞ്ഞയാഴ്ച ചേച്ചിയുടെ നാത്തൂൻ വന്നപ്പോഴുള്ള ചേച്ചിയുടെ അഭിനയം.” അത് പറഞ്ഞ് അവൾ ഉറക്കെ ചിരിച്ചു.
എന്റെ മുഖഭാവം കണ്ടപ്പോൾ അവൾക്ക് മനസ്സിലായി. എനിക്ക് തീരെ ഇഷ്ടമായില്ലെന്ന്.
“ചേച്ചി ഞാൻ ചേച്ചിയെ കുറ്റം പറഞ്ഞതല്ല എല്ലാവർക്കും അഭിനയിക്കാൻ ഒരു കഴിവുണ്ട്.”
വിഷയം മാറ്റാൻ ശ്രമിച്ചുകൊണ്ട് ഞാൻ ചോദിച്ചു. “അതൊക്കെ പോട്ടേ നിനക്കിത് എന്തുപറ്റി ഇന്ന് ആകെ കലിപ്പിൽ ആണല്ലോ?”
“ശരിയാണ് ചേച്ചി….ഇന്നലെ അനിയത്തിയെ പ്രസവത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു . ഏത് ഹോസ്പിറ്റലിൽ? “നല്ല ചോദ്യം ചേച്ചി…. നമ്മുക്കൊക്കെ സർക്കാർ ആശുപത്രി അല്ലേ അഭയം.അവിടെ ചെന്നിട്ട് അവൾക്ക് കിടക്കാൻ പോലും ഒരു ബെഡ് ഇല്ല .നിറവയറുമായി അവൾ തറയിൽ കൂഞ്ഞി കൂടി കിടന്നു. എത്രയോ പെണ്ണുങ്ങളാണ് ആ ഒരു അവസ്ഥയിൽ അവിടെ കഴിയുന്നത്. തിരിഞ്ഞു നോക്കാൻ ഒരാളില്ല. അവിടെ ഉണ്ടായിരുന്ന ഒരു സീനിയർ നേഴ്സ് പറയുന്ന ചീത്ത വിളിക്ക് കണക്കില്ല. അവരും പെണ്ണല്ലേ ? അവരെക്കുറിച്ചൊക്കെ പറയാനും അവർക്ക് വേണ്ടി നിൽക്കാനും ഒരാളെയും കണ്ടില്ല. സ്ത്രീകൾ പോലും ഇതിനെതിരെ ശബ്ദിക്കാറില്ല. നiഗ്നതാ പ്രദiര്ശനം നടത്തുന്ന പെണ്ണുങ്ങൾക്കെതിരെ ആരെങ്കിലും ഒന്ന് ശബ്ദിച്ചാൽ എവിടുന്നാണെന്ന് അറിയില്ല കുറേ പെണ്ണുങ്ങൾ തന്നെ ഓടിവരും അവർക്കൊക്കെ ഈ പാവപ്പെട്ട സ്ത്രീകൾ അനുഭവിക്കുന്ന അവസ്ഥയിലൊന്ന് പ്രതിഷേധിച്ചാലെന്താണ്? .ആരെങ്കിലും കുടുംബ കാര്യം പറഞ്ഞാലും അതൊക്കെ എടുത്തു TV യിലും സാമൂഹ്യ മാധ്യ്മങളിലുമൊക്കെ ചർച്ച. ങ് ….പ്രതികരിക്കാൻ വേണ്ടിട്ടല്ലല്ലോ നാലാളറിയാൻ വേണ്ടിയിട്ടല്ലേ ? അപ്പോപ്പിന്നെ നമ്മളുടെ കഞ്ഞി എന്നും കുമ്പിളിൽ തന്നെ .
“നീ പറഞ്ഞത് ശരിയാണ് ….ഇവർക്കൊക്കെ” ചേച്ചി ഒന്നും പറയണ്ട.ചേച്ചിയും ഒരു എഴുത്തുകാരി ആണല്ലോ. അവരെക്കുറിച്ചൊക്കെ ചേച്ചിക്ക് ഒന്ന് എഴുതിക്കൂടെ.ഒരു പെണ്ണിന്റെ മനസ്സ് അറിയാതെ പ്രശ്നങ്ങൾ അറിയാതെ അവൾക്കുവേണ്ടി സംസാരിക്കാതെ വെറുതെ വനിതാദിനം ആഘോഷിച്ചിട്ട് എന്തുകാര്യം ചേച്ചി” എന്നെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവൾ തന്റെ രോഷം അറിയിച്ചു.
“അഹ്… ആഘോഷിക്കാൻ ഉള്ളവർ ആഘോഷിക്കട്ടെ…!” അവളുടെ വാക്കുകളിൽ നിസ്സഹായത നിഴലിട്ട് നിന്നു . ഒന്നും പറയാതെ ഞാൻ അടുക്കളയിൽ നിന്നിറങ്ങി സോഫയിൽ വന്നിരുന്നു .പണിയൊക്കെ തീർത്ത് സാരി തലപ്പിൽ കയ്യും തുടച്ചുകൊണ്ട് അവൾ വന്നു . “പിന്നെ വനിതാ ദിനത്തിൽ ചേച്ചിയുടെ പോസ്റ്റ് ഞാൻ കണ്ടു -ഒരു പെണ്ണായി ജനിച്ചതിൽ ഞാൻ ഏറ്റവും അധികം അഭിമാനിക്കുന്നു. ഞാൻ ഒരു എഴുത്തുകാരിയാണ് നർത്തകിയാണ് , പാട്ടുകാരിയാണ്… എന്നൊക്കെയുള്ള രീതിയിലുള്ള എഴുത്തുകൾ .നന്നായിട്ടുണ്ട് ചേച്ചി…. ചേച്ചി ഒത്തിരി കഴിവുള്ള ഒരാളാണ് .എനിക്കും ചെറുപ്പത്തിൽ ഒത്തിരി ആഗ്രഹമുണ്ടായിരുന്നു ഡാൻസ് പഠിക്കാൻ.നേരാംവണ്ണം അടുപ്പ് പുകയാത്ത വീട്ടിലേ പെണ്ണിന് ഇതൊക്കെ ആഗ്രഹിക്കാൻ പോലും പാടില്ലല്ലോ. ചേച്ചിയെ ഓർത്തു ഞാനും അഭിമാനിക്കുന്നു . പിന്നെ ഭാമേച്ചി നിങ്ങളെ ഫോട്ടോയിൽ കാണുന്നതിനേക്കാൾ സുന്ദരി നേരിട്ടാണ് കേട്ടോ. ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞിറങ്ങറങ്ങുമ്പോൾ അവൾ പറഞ്ഞു”.അവളുടെ സംസാരം കേട്ട് എനിക്ക് വല്ലായ്മ തോന്നി . “ഞാൻ ആ പോസ്റ്റ് വെറുതെ ഇട്ടന്നേയുള്ളു ആർക്കെങ്കിലു മൊക്കെ ഒരു ഇൻസ്പിറേഷൻ ആകുമല്ലോ എന്നോർത്ത് .നിനക്കും ഇതുപോലെ ഒക്കെ ചെയ്യാലോ ?ഇപ്പോൾ എല്ലാത്തിനും സൗകര്യമുണ്ട് “.
“എവിടുന്നു നേരം ചേച്ചി .ഒരു ദിവസം ആറു വീടുണ്ട് ഇതുപോലെ പാത്രം കഴുകാനും തറ തുടയ്ക്കാനും ടോയ്ലറ്റ് കഴുകാനുമൊക്കെ . എന്നിട്ട് വീട്ടിൽ ചെന്നാലും പണി. നമ്മളെപ്പോലുള്ള വരെ സപ്പോർട്ട് ചെയ്യാൻ വീട്ടുകാരുമില്ല നാട്ടുകാരുമില്ല “.
“ങ് ….സാരമില്ല ഞാൻ തളർന്നാൽ താങ്ങാൻ ആരുമില്ല അതുകൊണ്ട് തളർച്ചയുമില്ല .മറ്റെങ്ങും എന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും, എന്റെ ഉള്ളിൽ ഞാൻ എന്നെ ഏറ്റവും മനോഹരമായി അടയാളിപ്പെടുത്തിയിട്ടുണ്ട്”. ഒരു പെണ്ണായി ജനിച്ചതിൽ …അദ്ധ്വനിച്ചു ജീവിക്കുന്നതിൽ ….”
അത് പറഞ്ഞു അവൾ മനോഹരമായി ചിരിച്ചുകൊണ്ട് പടികെട്ടിറങ്ങി പോകുന്നത് നോക്കി ഞാൻ ഓർത്തു . സ്വന്തമായി നല്ല രണ്ടു കറിവെയ്ക്കാൻ അറിയാൻപാടില്ലാത്ത, തറ തുടച്ചാൽ ശരീരം തളരുന്നു പോകുന്ന ,തിന്നപാത്രം കഴുകാനും സ്വന്തം ടോയ്ലറ്റ് ശുചിയാക്കാനും മറ്റുള്ളവരെ ശമ്പളത്തിന് നിർത്തിയിരിക്കുന്ന എന്നെക്കാൾ എത്രയോ ഉയരത്തിലാണവൾ .കല ഒരു ദിവസം ആറ് വീട്ടിൽ ജോലിക്ക് പോകുന്നുണ്ടത്രെ.
ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യ്താലോ എന്ന് തോന്നിപ്പോയ നിമിഷം. ആ പോസ്റ്റ്ൽ പോയി നോക്കി 6k മേലെ ലൈക്കും കമെന്റും .സാധാരണ അതൊക്കെ കാണുമ്പോൾ ഒരു സന്തോഷം തോന്നേണ്ടതാണ് .പക്ഷേ ഇന്നിപ്പോൾ അർഹിക്കാത്ത എന്തൊക്കെയോ എനിക്ക് കിട്ടുന്ന പോലൊരു കുറ്റബോധത്തോടെ ഞാൻ അതൊക്കെ വെറുതെ നോക്കിയിരുന്നു.അപ്പോൾ അർഹിക്കുന്ന എത്രയോ പേർ സ്വയം അടയാളപ്പെടുത്താൻ സമയവും ഇടവുമില്ലാതെ ജീവിക്കുവാൻ വേണ്ടി നെട്ടോട്ടമോടി കൊണ്ടിരിക്കുന്നുണ്ടാവും എന്ന ചിന്ത എന്നിൽ തിരയടിച്ചുയര്ന്നുണ്ടായിരുന്നു…