ഇവനെ നല്ല തലയുള്ള കുട്ടിയാ… ഞാൻ ഇന്നലെ കൊടുത്ത വളരെ ടഫ് ആയ പ്രോബ്ലം പോലും അവൻ ഒറ്റയ്ക്ക് ചെയ്ത് ഇന്ന് കാണിച്ചു. ഇവനെ പ്പോലുള്ളവരെയാണ് നമ്മുടെ സ്കൂളിന് ആവശ്യം…..

മോൻ

രചന : വിജയ് സത്യ

ഹോംവർക്ക് നന്നായി ചെയ്തതിന് ടീച്ചർ അനുമോദിച്ചു.. അന്ന് ടീച്ചർ കണ്ണിൽ കണ്ട മാർഷമാരോടൊക്കെ പറഞ്ഞു.

ഇവനെ നല്ല തലയുള്ള കുട്ടിയാ… ഞാൻ ഇന്നലെ കൊടുത്ത വളരെ ടഫ് ആയ പ്രോബ്ലം പോലും അവൻ ഒറ്റയ്ക്ക് ചെയ്ത് ഇന്ന് കാണിച്ചു. ഇവനെ പ്പോലുള്ളവരെയാണ് നമ്മുടെ സ്കൂളിന് ആവശ്യം.

അതെ അതെ എന്റെ ക്ലാസിലും ഇവൻ മിടുക്കനാണ്. പറഞ്ഞ എല്ലാ നോട്സും ഭംഗിയിൽ എഴുതി,പഠിപ്പിച്ചതൊക്കെ എല്ലാം അന്ന് തന്നെ കാണാതെ പഠിക്കും. തലേന്നാൾ പഠിപ്പിച്ച കാര്യം പിറ്റേന്ന് വന്ന നമ്മൾ ഏത് ഭാഗത്തുനിന്നും എടുത്തു ചോദിച്ചാലും അതിന് അവൻ ആൻസർ പറഞ്ഞിരിക്കും.

അങ്ങനെ അന്ന് സ്കൂളിൽ നിന്നും എല്ലാവരുടെയും പുകഴ്ത്തലുകൾ കേട്ട് അവൻ വീട്ടിലെത്തി..

ഭക്ഷണം ഒക്കെ കഴിച്ച് അവൻ ഒന്നു കണ്ണാടിയുടെ മുന്നിലെത്തി..

അതിൽ അവന്റെ പ്രതിരൂപം കണ്ടപ്പോൾ മാത്രം അവൻ ഒരു വിഷമം..

ചേച്ചി അമ്മയെപ്പോലെ സുന്ദരിയാണ്.. അനിയൻകുട്ടനും അങ്ങനെതന്നെ.. വട്ടമുഖവും തുടുത്ത കവിളുകളും നുണക്കുഴി യും ഒക്കെ ഉള്ള കൊച്ചു സുന്ദരൻ.. ചേച്ചി ഏഴാം ക്ലാസിൽ ആണെങ്കിലും നല്ല തക്കാളി പോലെ ചുമന്ന മുഖത്തിൽ എപ്പോഴും ഒരു പുഞ്ചിരി ഫിറ്റ് ചെയ്തു നീണ്ട മുടി ഒക്കെ ആട്ടി കുലുക്കി ; ചില നേരങ്ങളിൽ ഉള്ള അവളുടെ പെരുമാറ്റവും ഉപദേശവും കണ്ടാൽ കുഞ്ഞമ്മ ആണെന്ന് തോന്നും.. അമ്മയുടെ മകളേയല്ല അപ്പോൾ അവൾ..! അമ്മയുടെ അനിയത്തി. അഞ്ചാം ക്ലാസുകാരനായ ഞാൻ അപ്പോൾ അവൾക്ക് അനിയനെ അല്ല..മോനാ.. മോൻ..

ഞാൻ മാത്രം അച്ഛനെ പോലെ.. ഇനിപ്പോ അച്ഛൻ എങ്ങനാണെന്ന് പറയണോ.. വേണ്ട അല്ലേ?.. എന്നെപ്പോലെ.. അങ്ങനെ വിചാരിച്ചാൽ മതി

ഭക്ഷണം കഴിക്കുമ്പോഴോ സ്കൂളിൽ പോകുമ്പോൾ ഒന്നുമല്ല പ്രശ്നം..

അവരുടെ കൂടെ സെൽഫി എടുക്കുമ്പോഴും,പിന്നെ സ്കൂളിൽ പോകാൻ നേരം മുടി ചീകുമ്പോൾ കണ്ണാടി നോക്കുമ്പോഴുമാണ്..

മുൻപിലെ രണ്ടു പല്ലും അല്പം പൊങ്ങിയിട്ടാണ്.. കുഞ്ഞുനാളിൽ നല്ല പല്ല് ആയിരുന്നു.. പിന്നീട് വന്നതാ ഒത്തിരി വലിപ്പമുള്ളത്.. അച്ഛന്റെ തനിമ വിളിച്ചോതുന്ന കോപ്പി ആയത് അങ്ങനെയാണ്..!

പക്ഷേ ഇപ്പോൾ കമ്പി ഇട്ടിട്ടുണ്ട്.. ആരെങ്കിലും ഫോട്ടോ എടുക്കുമ്പോൾ അടച്ചുപിടിക്കും ഞാനെന്റെ വായ..

ശരിയാകും എന്നാണ് ഡോക്ടർ പറഞ്ഞത്..

അതാണ് ഏക ആശ്വാസവും.

പിന്നെയുള്ള പ്രശ്നം എത്ര തിന്നാലും ചേച്ചിയെ പോലെയോ അനിയൻ കുട്ടനെ പോലെയോ നന്നായി പുഷ്ടിപ്പെട്ടു വരുന്നില്ല..

ഞങ്ങൾ എല്ലാവരും ഒരുപോലെയാണ് ഭക്ഷണം കഴിക്കുന്നത്.. അമ്മ വേണ്ടത് ഒരുപോലെ ഞങ്ങൾക്കു തരും. അതിലൊന്നും അല്ല കാര്യം..

എൽകെജി യുകെജി കഴിഞ്ഞു ഒന്നാം ക്ലാസിൽ പോകുന്ന ആറു വയസ്സുള്ള അനിയൻകുട്ടൻ ശരീരം കാണണം.. വിരിഞ്ഞ നെഞ്ചും തടിച്ച കാലും കൈകളും..

തന്റെ വാരിയെല്ല് കാണുന്ന വിടരാത്ത നെഞ്ചും കൂടിൽ അവന്റെത്ര പോലും അമ്മിഞ്ഞ ഇല്ല. ആസ്ഥാനത്ത് രണ്ടും കറുത്തു ചുവന്ന കുത്തു മാത്രം.

പക്ഷേ അതൊക്കെ ഞാൻ എന്റെ ബനിയനും ടീഷർട്ട് ഇടതടവില്ലാതെ ഇട്ടു അഡ്ജസ്റ്റ് ചെയ്തു..

ഈ നടത്തമാണ് സഹിക്കാൻ പറ്റാത്തത്..

ഹയ്യട ചപ്പട്ട പപ്പട ചണ്ണപ്പൻ നടത്തം.. ഏത് ആങ്കിളിൽ നിന്നും നോക്കിയാലും വലിയ ഗുണം ഉണ്ടാകും എന്ന് തോന്നുന്നില്ല..

അനിയൻ കുട്ടന്റെ നടത്തം കാണാൻ നല്ല ചന്തം ആണ്.. അവന് നല്ല ചന്തി ഉണ്ട്.. അതു കുലുങ്ങി കുലുങ്ങി അല്ലെങ്കിൽ കുലുക്കി അവൻ നടക്കും.. തന്റെ അവിടെ ഒന്നുമില്ല..

സ്കൂൾ ഫെസ്റ്റിന് ചേച്ചിയുടെ ഡാൻസ് കണ്ടിട്ടുണ്ടോ. അടിപൊളിയാണ്..

അമ്മയാണ് പഠിപ്പിച്ചത്.. അമ്മ പഴയ നർത്തകിയാണ്.. അപ്പോൾ പിന്നെ ആ കഴിവും ഇല്ലാതിരിക്കില്ല. “അവൾ എന്റെ മകളാണ്’ കപ്പു വാങ്ങുമ്പോൾ അമ്മ അച്ഛന്റെ ചെവിയിൽ മന്ത്രിക്കുന്നത് ഞാൻ കേട്ടു..

സ്കൂൾ കായികമേളയ്ക്ക് അനിയൻകുട്ടൻ ഓട്ടത്തിലും ചാട്ടത്തിനും കപ്പ് കൊണ്ടുവന്നപ്പോൾ അമ്മ പറഞ്ഞു ‘അവൻ എന്റെ മകനാണ്..’

പക്ഷേ ഇതേ പറച്ചിൽ കലക്ടറേറ്റ് ഓഫീസിലെ ജോലിക്കാരനായ അച്ഛൻ തന്നെ ചേർത്തുപിടിച്ചു പറയുന്ന ഒരു ദിവസം ഉണ്ട്.

മൂന്നുപേരുടെയും പ്രോഗ്രസ്സ് റാങ്ക് ലിസ്റ്റ് പരിശോധിച്ച് ഒപ്പുവെക്കുന്ന ആ സമയത്ത്..

‘ഇവൻ എന്റെ മോനാണ്.’

അച്ഛൻ അഭിമാനത്തോടെ പറയുമ്പോൾ അമ്മയും വിടില്ല..

“അച്ചോടാ എന്റെ മോനാണ്.. മോനല്ലേ എന്റെ എല്ലാം.. ‘

അത് കേൾക്കുമ്പോൾ ഉള്ളിൽ ഒരു വൻകടൽ സന്തോഷം തിരതല്ലും..

അമ്മ അതും പറഞ്ഞ് വാത്സല്യപൂർവ്വം തലോടി കെട്ടിപിടിച്ച് ഒരു ഉമ്മ തരുമ്പോൾ ഉണ്ടല്ലോ.. എന്റെ എല്ലാ പ്രശ്നവും തീരും..

അങ്ങനെ അമ്മ അന്ന് ഞാൻ മോനാണെന്ന് സമ്മതിക്കും… അച്ഛനെപ്പോലെ ഉള്ളതുകൊണ്ട് എന്നെ കൂടുതൽ സ്നേഹിക്കുമ്പോൾ അച്ഛൻ പൊങ്ങി വലിയ ആളാകേണ്ടെന്ന് കരുതിയാണ് അമ്മ അങ്ങനെയൊക്കെ പറയുന്നത് എന്ന് ഇപ്പൊ മനസ്സിലായി.. അപ്പൊ അമ്മയുടെ മുഖത്തെ നാണവും ചമ്മലും അച്ഛൻ ശരിക്കും ആസ്വദിക്കും… വേണമല്ലോ.. മുമ്പ് അവസരം വന്നപ്പോൾ അച്ഛനെയിട്ട് കൊച്ചാക്കിയതല്ലേ..

അപ്പോൾ ഞാൻ അച്ഛനെ പോലെ ഉള്ളതുകൊണ്ട് അച്ഛന്റെ കൂടെ തനിച്ച് ആയിരിക്കില്ല.

അച്ഛന്റെയും അമ്മയുടെയും അനിയൻകുട്ടനും ചേച്ചിയുടെയും നടുവിൽ ആയിരിക്കും എനിക്കു സ്ഥാനം..