രചന: Shincy Steny Varanath
ഇത്ര നേരം വെളുക്കുന്നതിന് മുൻപേ ആരാത്? മണി 6 ആകുന്നേ ഉള്ളൂല്ലോ… ഇനി ഏട്ടൻ ഇന്ന് വേഗം തിരികെ വന്നോ…
സുമ, അടുക്കള തുറന്ന് കേറും മുൻപേ കോളിംഗ് ബെല്ല് കേട്ട് ചെന്ന്, മുന്നിലെ കതക് തുറന്നു…
നീയായിരുന്നോ… രജീഷേ നീയെന്താ ഈ നേരത്ത് ?
ഒന്നൂല്ല ചേച്ചി, മധു ചേട്ടനെഴുന്നേറ്റില്ലേ ?
ഏട്ടനിപ്പോൾ കുറച്ചു ദിവസമായി നടക്കാൻ പോകുന്നുണ്ട്, കൊളസ്ട്രോള് ചെറുതായി തുടങ്ങീട്ടുണ്ട് ഏട്ടന്. നടക്കുന്നത് നല്ലതാന്ന് എല്ലാരും പറയുന്നു.
5.30 ഒക്കെയാകുമ്പോഴേയ്ക്കും ഉറങ്ങും… ആ മൈതാനത്ത് കാണും. എന്താട, കാശിന് വല്ല ആവശ്യവുമുണ്ടോ? ഇത്ര രാവിലെ വന്നകൊണ്ട് ചോദിച്ചതാണ്?
ഇല്ല ചേച്ചി, വേറൊരാവശ്യമായിരുന്നു. മധുവേട്ടൻ ഫോണെടുത്തിട്ടുണ്ടോ?
ഇല്ലട, നടക്കാൻ പോകുമ്പോൾ കൊണ്ടു പോകാറില്ല. ഒന്നെങ്കിൽ നീ പോയിട്ട് കുറച്ച് കഴിഞ്ഞ് വാ, അല്ലെങ്കിൽ ഇവിടെ കയറി ഇരിക്ക്. ഏട്ടൻ 6.30 ഒക്കെയാകുമ്പോഴേക്കും വരും.
ഞാൻ എഴുന്നേറ്റതേയുണ്ടായിരുന്നുള്ളു. ദീപു എഴുന്നേറ്റിട്ടുമില്ല. 9 മണിയാകാതെ അവനെ നോക്കണ്ട. എന്നാൽ ഞാൻ അടുക്കളേലോട്ട് ചെല്ലട്ടെ. കാപ്പിയാക്കണം.
ചേച്ചീ… ദീപു ഇവിടുണ്ടോ?
ഉണ്ടെട, എഴുന്നേറ്റില്ലെന്നെ… ഓൺലൈൻ ക്ലാസല്ലേ… ക്ലാസിൽ പോകണ്ടാത്തതു കൊണ്ട് എഴുന്നേൽക്കുന്നത് താമസിച്ചാ…
ചേച്ചി… എന്നാൽ ഞാൻ പിന്നെ വരാം…
ശരി…
സുമേടെം മധൂൻ്റെം അയൽക്കാരനാണ് രജീഷ്.
സാറേ… നിങ്ങൾക്ക് ആളുമാറിയോന്നൊന്ന് നോക്ക്… ആ ചെക്കൻ അവൻ്റെ മുറിയിലുണ്ടെന്നാ ചേച്ചി പറയുന്നത്…
വീടിന് പുറത്ത് തന്നെ കാത്ത് നിൽക്കുന്ന പോലീസുകാരോട് രജീഷ് പറഞ്ഞു.
ഇത് നോക്ക്… ഇതിലെ ഫോട്ടോയിലെ ആള് തന്നെയല്ലേ അവരുടെ മകൻ? ഒരു പോലീസുകാരൻ, അവരുടെ കൈയിലുള്ള ദീപൂൻ്റെ ലൈസൻസ് കാണിച്ചുകൊടുത്തു.
അതേ സാറെ… പക്ഷേ…
റോഡിന്ന് അവനെ വാരിക്കൂട്ടി ആ ബു ലൻസേക്കേറ്റി വിട്ട്, റോഡും കഴുകീട്ടാ ഞങ്ങള് വരുന്നത്.
ഇനി ആ കോലം കണ്ണീന്ന് പോകാൻ എത്ര ദിവസമെടുക്കൂന്നറിയില്ല. അവൻ്റെ പോക്കറ്റീന്ന് കിട്ടിയതാണ് ഇത്. ഫോണൊക്കെ തവിട് പൊടിയായി. ഒരു പോലീസ്കാരൻ നെടുവീർപ്പിട്ടു…
അവിടെ വേറെ ആരുമില്ലെ, അവൻ്റെ അമ്മയല്ലാതെ?
ഇല്ല, മധുവേട്ടൻ നടക്കാൻ പോയി… ഇവിടടുത്തൊരു മൈതാനമുണ്ട് അവിടെക്കാണും.
എന്നാൽ താനും വന്ന് വണ്ടിയേൽക്കേറ്… നമ്മുക്കയാളെം കൂട്ടി വരാം.
സുമേ…
ഇന്ന് നേരത്തെ നടത്തം നിർത്തിയോ എന്ന ചോദ്യത്തോടെ ചെന്ന് വാതില് തുറന്ന സുമയൊന്ന് ഞെട്ടി… രണ്ട് പോലീസുകാരും, അടുത്ത വീട്ടിലെ കുറച്ചാളുകളും രജീഷുമൊക്കെയുണ്ട് മുറ്റത്ത്.
മധുവിനെ രണ്ട് പേര് ചേർത്ത് പിടിച്ചിട്ടുമുണ്ട്. ആകെ തളർന്ന അവസ്ഥയിലാണ് മധു.
എന്താ പറ്റിയെ…മധുവേട്ടനെന്താ? മധുവേട്ടാ…
എനിക്കൊന്നൂല്ല… സുമേ…നമ്മുടെ മോൻ…
അവൻ മുറീലുണ്ട്… എഴുന്നേറ്റില്ല… ഞാൻ വിളിക്കാം… എന്താ വിഷമം? ആശുപത്രിയിൽ പോണോ? ഞാൻ പോയി അവനെ വിളിക്കാം… ഇപ്പോൾ അവൻ വണ്ടിയെടുത്തോളൂല്ലോ… സുമയാകെ വെപ്രാളപ്പെട്ട് പോയി.
”അവനവിടെ ഇല്ല… അവൻ മുറീലില്ല…” മധു ഒരു തരത്തിൽ പറഞ്ഞൊപ്പിച്ചു.
അവൻ എവിടെ പോകാന… ഞാനല്ലെ ഇന്നലെ അവനെ പുതപ്പിച്ച് കതക് ചാരിയത്? ഈ മധുവേട്ടനെന്തൊക്കെയാ പറയുന്നത്.
പറഞ്ഞതിനൊപ്പം സുമ മുകൾ നിലയിലുള്ള മകൻ്റെ മുറിയിലേക്ക് ഓടിക്കഴിഞ്ഞിരുന്നു…
മോനേ… ഓടിച്ചെന്ന് വാതിലിൽ തട്ടിയപ്പോൾ തന്നെ അത് തുറന്നു… കട്ടിലിൽ അവനില്ല…
ടോയ്ലറ്റിലവനുണ്ടാകുമെന്നുള്ള പ്രതീക്ഷ അത്, പുറത്തു നിന്ന് അടച്ചിരിക്കുന്നത് കണ്ടതോടെ ഇല്ലാതായി…
പകുതി തളർന്ന അവർ, എന്തൊക്കെയോ പ്രതീക്ഷയിൽ അടുത്ത മുറിയിലും കയറി നോക്കി.
ഇല്ല… അവൻ വീട്ടിലില്ല…
ഓടിയിറങ്ങി താഴെ വരുമ്പോൾ, മുറ്റത്തുള്ളവരുടെ എണ്ണം കൂടിയിട്ടുണ്ട്. മധുവേട്ടൻ്റെ ഏട്ടത്തിയൊക്കെ എത്തീട്ടുണ്ട്.
അവര് വന്ന് സുമയെ ചേർത്ത് പിടിക്കുമ്പോഴേയ്ക്കും സംഭവിക്കാൻ പാടില്ലാത്തത് എന്തോ സംഭവിച്ചെന്ന് അവർക്ക് മനസ്സിലായിരുന്നു.
രാത്രിയിൽ നടന്ന ഒരപകടത്തിൽ തൻ്റെ മകൻ മ രിച്ചു എന്ന വാർത്ത അവരുടെ ഉള്ളിലേയ്ക്കെത്തിയപ്പോഴെയ്ക്കും, മറയുന്ന ബോധത്തിനിടയിലും അവർക്കത് വിശ്വസിക്കാനായില്ല…
ഇല്ല, ഇന്നലെ അവൻ നേരത്തെ ഉറങ്ങീതാണല്ലോ… ഫോണും മാറ്റി വെച്ച്, പുതപ്പെടുത്ത് പുതപ്പിച്ച് ഒരു മുത്തവും കൊടുത്തല്ലേ ഞാൻ വാതിലടച്ചത്…
അവൻ ഇവിടെ തന്നെ കാണും… എല്ലാരും നുണ പറയുവാ… മോനെ… ബോധം വരുമ്പോഴൊക്കെ അവരത് ആവർത്തിച്ചോണ്ടിരുന്നു.
രണ്ടാഴ്ച തികഞ്ഞിട്ടില്ല ആ ചെക്കന് ലൈസൻസ് കിട്ടീട്ട്… ഒരാഴ്ച കഴിയുന്നതിന് മുൻപ് ലക്ഷങ്ങൾ വിലയുള്ള വണ്ടി വാങ്ങിക്കൊടുത്തു. കാശുണ്ട്, ഒറ്റ മോനെയുള്ളു.
പിന്നെ വാങ്ങിക്കൊടുക്കുമ്പോൾ മക്കളിതുപോലെ ചതിക്കുമെന്ന് കാർന്നോൻ മാര് വിചാരിക്കുന്നുണ്ടോ… കൊച്ചിനെ മര്യാദയ്ക്കൊന്നു കാണാൻ കൂടി പറ്റുന്ന അവസ്ഥയിലല്ലെന്ന കേട്ടത്.
ഈ വീടിൻ്റെ പുറകിലൊരു ഗോവണി ചാരി വെച്ചിട്ടുണ്ട്. ചെക്കനെല്ലാം കരുതിക്കൂട്ടിയാകും വാതിലടയ്ക്കാതെ കിടന്നത്? ഇത് ആദ്യത്തെ തവണയാണോന്നാർക്കറിയാം…
കൂട്ടുകാരെ ചോദ്യം ചെയ്യുമ്പോഴറിയാം സത്യാവസ്ഥ. പാവം അപ്പനുമമ്മയുടെ ജീവിതം തീർന്നില്ലെ… എല്ലാവർക്കു ഉപകാരികളായിരുന്നു അവര്…
രാത്രിയിൽ വൈകി കട പൂട്ടിപ്പോയ രണ്ടാളെ ഇടിച്ചിട്ടുണ്ടെന്നും പോലീസുകാര് പറയുന്ന കേട്ടു…
അതിലും ഒരാള് മരിച്ചു… ഒരാളുടെ നില ഗുരുതരമാന്ന്… 4 കുഞ്ഞു മക്കളുണ്ട് അയാൾക്ക്. അന്നന്ന് ജീവിച്ച് പോകുന്നവരാണ്. ഒരു തെറ്റും ചെയ്യാതെ അവരുടെ ഒരു ഗതികേട്…
അത് തന്നെ…വേറൊരു കുടുംബവും അനാഥമാക്കി…
ഓരോന്ന് ബൈക്കും ബുള്ളറ്റുമൊക്കെ ഓടിച്ച് പോകുന്ന കാണുമ്പോൾ പേടിയാകും. എന്തൊരു പോക്കാ…
മര്യാദയ്ക്ക് പോകുന്നവർക്കു കൂടി ഭീഷണിയാണ്. പോലീസ് പിടിച്ചാലെന്താ, അപ്പോൾ തന്നെ ഇറക്കിക്കൊണ്ട് പോകാൻ വീട്ടുകാരും കൂട്ടുകാരുമൊക്കെ വരും.
പുറത്തു കൂടിയിരുന്നവരിൽ നിന്ന് ഓരോരോ അഭിപ്രായങ്ങള് ഉയർന്നു.
നിയമനടപടികളെല്ലാം കഴിഞ്ഞ് മൃതദേഹം വീട്ടിലെത്തിയപ്പോൾ, ആർത്തലച്ച് കരയുന്ന മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു ചുറ്റുമുള്ളവർക്ക്…
ബൈക്ക് വാങ്ങിക്കൊടുക്കാൻ തയ്യാറാകാതിരുന്നപ്പോൾ ആ ത്മ ഹത്യാ ഭീഷണി മുഴക്കിയ മകൻ്റെ മുഖമായിരുന്നു മധുവിൻ്റെ മനസ്സിൽ തെളിഞ്ഞത്…
അപ്പനെ കാത്തിരിക്കുന്ന നാല് പിഞ്ച് കുഞ്ഞുങ്ങളുടെ ജീവിതം കൂടിയായിരുന്നല്ലോ മകൻ്റെ ആ ത്മ ഹ ത്യാ ഭീഷണിയിൽ ഞാൻ തോറ്റപ്പോൾ ഇല്ലാതായത്… ആ ശാപം മാത്രമാണ് ഇനി മുൻപോട്ട് കൂട്ടിനുള്ളത്…