Story written by Sneha Sneha
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
ഈ വിവാഹത്തിന് ഞാൻ സമ്മതിക്കില്ലാട്ടോ
പെണ്ണ് കണ്ടു ഇറങ്ങിയ സൂരജിനോട് അമ്മ തൻ്റെ പ്രതിഷേധം അറിയിച്ചു.
അതെന്തു പറ്റി അമ്മക്കെന്താ ആർദ്രയെ ഇഷ്ടമായില്ലേ. അവൾക്ക് ഇത്തിരി നിറം കുറവാണങ്കിലും സുന്ദരിയല്ലേമ്മേ
സുന്ദരി ഒക്കെ തന്നെ സൗന്ദര്യം ഇല്ലന്ന് ഞാൻ പറഞ്ഞില്ലാലോ
പിന്നെ എന്താ കുഴപ്പം .
എടാ നമ്മളിന്ന് പെണ്ണു കാണാൻ ചെല്ലുമെന്ന് അവൾക്ക് അറിയാവുന്നതല്ലായിരുന്നോ?
അറിയാമായിരുന്നു നമുക്ക് നല്ല സ്വീകരണമാണല്ലോ അവരു തന്നത്.
നല്ല സ്വീകരണമായിരുന്നില്ലന്ന് ആരാ പറഞ്ഞത്.
പിന്നെ എന്താ അമ്മേ പ്രശ്നം? അമ്മ ഈ വിവാഹത്തിന് സമ്മതിക്കില്ലന്ന് പറയാൻ കാരണം സ്ത്രിധനമാണോ പ്രശ്നം.? അമ്മ പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ സ്ത്രീധനം ഒന്നും വേണ്ടന്ന്.
എടാ അതൊന്നുമല്ല പ്രശ്നം.
എന്താ പ്രശ്നമെന്ന് ഒന്നു പറ
ഇന്ന് നമ്മളവിടെ പെണ്ണുകാണാൻ ചെല്ലും എന്ന് അറിഞ്ഞതല്ലേ. എന്നിട്ടും അവളുടെ വേഷം ശ്രദ്ധിച്ചോ.? അവളുടെ അമ്മ ഇട്ടിരുന്നത് എന്താന്ന് നീ കണ്ടോ.?
അതിനിപ്പോ എന്താ കുഴപ്പം ഞാനൊരു കുഴപ്പവും കണ്ടില്ല
നീ കാണില്ല അവളു നിന്നെ മയക്കി കുപ്പിയിൽ ആക്കിയിരിക്കുകയല്ലേ.
അമ്മ അവളുടെയും അവളുടെ അമ്മയുടെയും വേഷം എന്താന്ന് നോക്കാൻ പോയതാണോ ഇന്നവിടെ
ഓ എനിക്കത്ര ദഹിച്ചില്ല അവര് അമ്മയേയും മോളേയും
പിന്നെ എന്താ പട്ടുസാരിയും ചുറ്റി മുടിയിൽ മുല്ലപ്പുവും ചുറ്റി വേണമായിരുന്നോ അവളു നിൽക്കാൻ
കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ അങ്ങനെ നിന്നേനെ ഇത് ഏതോ പരിഷ്കാരി പ്പെണ്ണുങ്ങൾ ഇടുന്ന പോലത്തെ ജീൻസും ഷർട്ടും ഒക്കെ ഇട്ട്. അമ്മയാണങ്കിൽ ചുരിദാറും
എൻ്റെ അമ്മേ ആർദ്രയുടെ അമ്മ ഒരു ഉദ്യോഗസ്ഥയാണ്. പിന്നെ ആർദ്രയാണങ്കിലും ബാങ്കിൽ വർക്ക് ചെയ്യുന്നു. അല്ലാതെ അമ്മയെ പോലെ നാട്ടിൽ പുറത്ത് വളർന്ന് ജീവിച്ച് വീടിനുള്ളിൽ അച്ഛൻ്റേയും മക്കളുടേയും കാര്യങ്ങളും മാത്രം നോക്കിയിരിക്കുകയല്ല അവര് .
എന്തോ എനിക്ക് ഇഷ്ടമായില്ല .ആ പതാസുകാരിയെ നീ കെട്ടി കൊണ്ടു വന്നാൽ ഞാൻ വേണം അവളുടെ കാര്യം കൂടി നോക്കാൻ
അതൊന്നും വേണ്ടമ്മേ അവളു നല്ല കുട്ടിയാ അവളുടെ അച്ഛനും അമ്മയും ജോലിക്കാരാണ്. പട്ടണത്തിൽ ആണ് അവൾ പഠിച്ചതും വളർന്നതും. എന്നി രുന്നാലും അവൾ വീട്ടിലെ എല്ലാ ജോലിയും ചെയ്തു പഠിച്ചിട്ടുണ്ട്. അവളുടെ കാര്യമൊക്കെ അവളു ചെയ്തോളും അതോർത്ത് അമ്മ വിഷമിക്കണ്ട.
ആ സമയത്താണ് സൂരജിൻ്റെ ഫോൺ ബെല്ലടിച്ചത് കാർ സൈഡ് ഒതുക്കി സൂരജ് കോൾ അറ്റൻഡ് ചെയ്തു്
ഏട്ടാ എന്തായി കല്യാണത്തിൻ്റെ ഡേറ്റ് ഒക്കെ തീരുമാനിച്ചോ
എടി ഇന്ന് പെണ്ണുകാണാൻ പോയതല്ലേയുള്ളൂ. പിന്നെ നിൻ്റെ അമ്മക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടു പക്ഷേ പെണ്ണിൻ്റെ വേഷം ഇഷ്ടപെടാത്തതുകൊണ്ട് കല്യാണത്തിന് സമ്മതിക്കില്ലന്ന് .
ആർദ്രയുടെ വേഷം എന്തായിരുന്നു ഏട്ടാ
മാന്യമായ വേഷം തന്നെ ആയിരുന്നു. ജീൻസും കുർത്തയും പിന്നെ ആർദ്രയുടെ അമ്മ ചുരിദാർ ആയിരുന്നു.അതും നിൻ്റെ അമ്മക്ക് ഇഷ്ടമായില്ല
പിന്നെ എന്തായിരുന്നു അമ്മക്ക് വേണ്ടത് ഏട്ടൻ അമ്മേടെ കൈയിൽ ഫോൺ കൊടുത്തേ
ഹലോ അമ്മേ പെണ്ണുകാണാൻ പോയിട്ട് പെണ്ണിനെ ഇഷടമായോ
പെണ്ണൊന്നും കുഴപ്പമില്ല
പിന്നെന്താ കുഴപ്പം അവളു ജീൻസ് ഇട്ടു നിന്നതാണോ കുറ്റം.
പെണ്ണുകാണാനൊക്കെ ചെല്ലുമ്പോ നല്ലൊരു വേഷത്തിൽ നിൽക്കണ്ടേ ഇതൊരുമാതിരി .
ഈ നല്ല വേഷം എന്നു പറഞ്ഞാൽ എന്താ അമ്മ ഉദ്ദേശിക്കുന്നത് സാരിയാണോ
ഞാനൊന്നും പറഞ്ഞില്ല. നിങ്ങൾ അങ്ങളയോടും പെങ്ങളോടും തർക്കിച്ചു നേടാൻ എനിക്ക് ആവതില്ല
എന്നാൽ അമ്മ ഒരു കാര്യം മനസ്സിലാക്കണം ഡിഗ്രിക്ക് പഠിക്കുന്ന കാലം തൊട്ട് എനിക്ക് അർദ്രയെ അറിയാം നല്ലൊരു കുട്ടി ആയതു കൊണ്ടു തന്നെയാണ് ഞാൻ ഏട്ടനു വേണ്ടി അവളെ ആലോചിച്ചത്.
നിങ്ങളുടെ ഇഷ്ടം അതാണങ്കിൽ അതു നടക്കട്ടേ. ഞാനൊന്നും പറഞ്ഞില്ല
ഞങ്ങളുടെ ഇഷ്ടം മാത്രം പോര അമ്മക്കും ഇഷ്ടപെടണം ആർദ്രയെ എങ്കിലേ ശരിയാകു
എനിക്ക് അത്ര ഇഷ്ടമൊന്നും ഇല്ല എൻ്റെ ആഗ്രഹം ഒരു നാട്ടിൻ പുറത്തുകാരിയെ മരുമോളായിട്ട് വേണമെന്നാ
അതുകൊണ്ട് എന്താ ഗുണം അമ്മക്ക്
മോളെ നിനക്ക് അറിയാൻ പാടില്ലാത്തതു കൊണ്ടാ നാട്ടിൽ പുറത്തുകാരിയുടെ ഉള്ളിൽ നന്മയുണ്ടാകും ഞാനൊന്നു കിടപ്പിലായാലും എന്നെ നോക്കും.പിന്നെ കുടുംബം നന്നായി നോക്കാനും അവരെ പോലുള്ള പെൺകുട്ടികൾക്കേ പറ്റു.
അമ്മയുടെ വെറും തോന്നലുകളാ അമ്മയുടെ ചേടത്തീടെ മോൻ കെട്ടി കൊണ്ടുവന്നത് ഒന്നാന്തരം ഒരു നാട്ടിൻ പുറത്തുകാരിയെ ആയിരുന്നല്ലോ എന്നിട്ടെന്താ കല്യാണം കഴിഞ്ഞതിൻ്റെ പിറ്റേന്ന് കമുക നൊപ്പം പോയല്ലോ? മനസ്സിൽ നന്മയുണ്ടായിരുന്നെങ്കിൽ വിവാഹത്തിന് മുൻപ് പൊയ് കൂടായിരുന്നോ.?
അതൊക്കെ വിരലിൽ എണ്ണാവുന്ന കുറച്ചു പേർ അങ്ങനെ ചെയ്തു എന്നു വെച്ച് എല്ലാവരും അങ്ങനാണോ .
അതുപോലെ തന്നെയാണമ്മേ അമ്മ പറയുന്ന ഈ പരിഷ്കാരി പെൺകുട്ടികളും അവരിലും നന്മയുള്ളവരാ കൂടുതലും
എല്ലാ കൂട്ടത്തിലും കാണും ഓരോരുത്തർ പേരിന് എന്നും പറഞ്ഞ് അമ്മ ആരേയും കൂടടച്ച് പറയരുത്.
ഞാനൊന്നും പറയുന്നില്ല നീ വിളിച്ചു പറഞ്ഞേക്ക് അവരോട് അടുത്ത അഴ്ച നമ്മുടെ വീട്ടിലേക്ക് വരാൻ.
ഒരു മാസത്തിനു ശേഷമുള്ള നല്ലൊരു മുഹുർത്തം നോക്കി സൂരജ് ആർദ്രയുടെ കഴുത്തിൽ മിന്നുകെട്ടി തൻ്റെ ജീവിത സഖി ആക്കി.
ആർദ്രയോടുള്ള ഇഷ്ടകേട് മാറി തുടങ്ങി.ആർദ്രയെ അടുത്തറിയുംതോറും അവളോടുള്ള ഇഷ്ടം കൂടി കൂടി വന്നു അമ്മക്ക്
കല്യാണം കഴിഞ്ഞ ഒരോണത്തിന് എല്ലാവർക്കും ഓണക്കോടി എടുക്കാനായി സൂരജും ആർദ്രയും പോയി.
അർദ്ര അമ്മക്ക് നല്ലൊരു സെറ്റും മുണ്ടും സെലക്ട് ചെയ്യ്
സെറ്റും മുണ്ടും സെലക്ട് ചെയ്യാനൊന്നും എനിക്കറിയില്ല സൂരജ് തന്നെ സെലക്ട് ചെയ്താൽ മതി.
രണ്ടു വീട്ടിലേക്കും ഓണക്കോടിയും എടുത്ത് വൈകുന്നേരത്തോടു കൂടി അവർ വീട്ടിലെത്തി.
എല്ലാവരും ഓണത്തിൻ്റെ അന്ന് സൂരജിൻ്റെ വീട്ടിൽ ഒത്തുകൂടി. അന്ന് സ്ത്രി ജനങ്ങളെല്ലാം സെറ്റും മുണ്ടും പുരുഷ പ്രജകളെല്ലാം മുണ്ടും ഷർട്ടുമായിരുന്നു വേഷം ആർദ്ര സെറ്റും മുണ്ടും ഉടുത്തു കണ്ടപ്പോൾ സൂരജിൻ്റെ അമ്മയുടെ മനസ്സ് നിറഞ്ഞു.ബാങ്കിലെ ഓണഘോഷത്തിന് ഉടുക്കാൻ വേണ്ടി മേടിച്ചതാണ് സെറ്റും മുണ്ടും അന്നു രാവിലെ ഓഫിസിൽ പോകാൻ നേരം സൂരജിൻ്റെ അമ്മയാണ് ആർദ്രയെ സെറ്റും മുണ്ടും ഉടുപ്പിച്ചത്.അന്ന് സെറ്റും മുണ്ടും ഉടുത്ത് നടക്കാൻ അറിയാത്ത പോലെ നടക്കുന്ന ആർദ്രയെ കണ്ടപ്പോൾ സൂരജിൻ്റെ അമ്മക്ക് പാവം തോന്നി. സെറ്റും മുണ്ടും ഒടുത്ത് ബാങ്കിൽ പോയ ആർദ്ര തിരിച്ചു വന്നത് ചുരിദാറിൽ ആയിരുന്നു
മോളെ ആർദ്ര ആ സെറ്റും മുണ്ടും മാറിയിട്ടിട്ട് വല്ല ചുരിദാറോ ജീൻസും ടോപ്പോ എടുത്തിട് അതും ഉടുത്ത് മോള് നടക്കുന്നതു കണ്ടിട്ടു തന്നെ അമ്മക്ക് പേടിയാകുന്നു വല്ലയിടത്തും തട്ടി വീഴുമോനോർത്ത് സൂരജിൻ്റെ അമ്മ പറയുന്നത് കേട്ട് സൂരജും സഹോദരിയും പരസ്പരം നോക്കി ചിരിച്ചു.
തിരുവോണത്തിൻ്റെ അന്ന് എല്ലാവരും കൂടി ഒരു തീരുമാനമെടുത്തു.
പിറ്റേന്ന് ഒരു ടൂർ പോകാന്ന്
പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് എല്ലാവരും ഒരുങ്ങി ആർദ്ര കൈയിലൊരു കവറുമായി അമ്മയുടെ മുറിയിലെത്തിയപ്പോൾ അമ്മ സാരി ഉടുക്കുന്നതിൻ്റെ തിരക്കിലായിരുന്നു.
അമ്മേ….
മോളോ? മോളേ ഈ സാരിയുടെ ഫ്ലിറ്റ് ഒന്നു പിടിച്ചേ
ഈ സാരിയും വലിച്ചു വാരി ചുറ്റിയാണോ അമ്മ ടൂറിന് വരുന്നത്.
അല്ലാതെ പിന്നെ
അമ്മക്ക് ഒരു ചുരിദാർ തയ്ച്ചു വെച്ചു കൂടെ ഇതുപോലെ എവിടെയെങ്കിലും പോകുമ്പോൾ ഇടാൻ വേണ്ടി.
ഈ വയസനാം കാലത്തോ? ആളുകൾ എന്തു വിചാരിക്കും?
അമ്മക്ക് അതിന് എത്ര വയസ്സായി 50 അല്ലേ ആയുള്ളു. ഇന്നത്തെ കാലത്ത് തൊണ്ണൂറ് കഴിഞ്ഞ അമ്മച്ചിയും ചുരിദാർ ആണ് ഇടുന്നത്. പിന്നെ അളുകൾ എന്തും വിചാരിച്ചോട്ടെ. അതിന് അമ്മക്ക് എന്താ
എന്നാലും മോളെ?
ഒരെന്നാലും ഇല്ല അമ്മ ആ സാരി അഴിച്ചിട് എന്നിട്ട് ഈ ചുരിദാർ ഇട്. ആർദ്ര കൈയിലുണ്ടായിരുന്ന കവർ അമ്മയെ ഏൽപ്പിച്ചു.
ഇതെന്താ മോളെ?
ചുരിദാർ ഞാൻ അമ്മക്കായി വാങ്ങിയതാ എൻ്റെ വക ഓണക്കോടി.
അമ്മ കവർ തുറന്നു നോക്കി കോട്ടൻ്റെ നല്ലൊന്നാന്തരം ചുരിദാർ ആയിരുന്നു
അമ്മേ വേഗം അവരെല്ലാവരും ഒരുങ്ങി
മോളെ അമ്മയിതു ഇട്ടു വന്നാൽ ആളുകളൊക്കെ എന്തേലും പറയും
പറഞ്ഞോട്ടെ. അവരു പറഞ്ഞു മടുക്കുമ്പോൾ അവരു നിർത്തിക്കോളും.
സാരി മാറി ചുരിദാർ ഇട്ടു അമ്മ കണ്ണാടിക്കു മുന്നിൽ അതിൻ്റെ ഭംഗി ആസ്വദിക്കുന്നത് കണ്ട് ആർദ്ര സൂരജിനെ വിളിച്ചോണ്ടുവന്നു കാണിച്ചു.
അമ്മേ സൂപ്പർ ഇപ്പോ അമ്മയെ കണ്ടാൽ പത്തു വയസു കുറഞ്ഞ പോലെയുണ്ട്
കളിയാക്കാതെടാ
കളിയാക്കിയതല്ലമ്മേ സൂരജ് പറഞ്ഞതു ശരിയാ.
സൂരജിനും ആർദ്രക്കും ഒപ്പം പുറത്തേക്കിറങ്ങിയ അമ്മയെ കണ്ട് സൂര്യ അത്ഭുതപ്പെട്ടു.
ഇതേതാ ഈ കോളേജ് കുമാരി
പോടി കളിയാക്കാതെ
ഇപ്പോ അമ്മയെ കണ്ടാൽ ഞങ്ങളുടെ സഹോദരി ആണന്നേ പറയു .അല്ലേ ഏട്ടാ
ഞാനും പറഞ്ഞു. പത്തു വയസ് കുറഞ്ഞ പോലെ തോന്നി എന്ന്
എന്നാൽ ഇറങ്ങാം നമുക്ക് എല്ലാം എടുത്തല്ലോ അല്ലേ?
അമ്മേ ഒരു കാര്യം
ഈ ചുരിദാർ ഇട്ടപ്പോ അമ്മയുടെ മനസ്സിലെ നന്മയൊക്കെ നഷ്ടമായോ? സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം വന്നോ.?
നീ എന്താ അങ്ങനെ ചോദിച്ചത്. എനിക്ക് മാറ്റമൊന്നും വന്നില്ലാലോ
അല്ല അന്ന് അമ്മ പറഞ്ഞില്ലേ സാരി ഉടുത്ത നാടൻ പെൺകുട്ടിയിലാ നന്മയുള്ളതെന്ന് .വേഷം കണ്ട് നമുക്ക് ആരേയും വിലയിരുത്താൻ പറ്റില്ലമ്മേ
ടൂറൊക്കെ അടിച്ചു പൊളിച്ചു തിരികെ എത്തി.
ഒരാഴ്ച കഴിഞ്ഞൊരു ദിവസം ബാങ്കിൽ പോകാനായി ഇറങ്ങിയ ആർദ്രയോടായി
മോളെ മോളു തുണിക്കടയിൽ കയറുമ്പോൾ അങ്ങനത്തെ രണ്ടു മൂന്ന് ചുരിദാർ കൂടി എടുത്തോട്ടോ അമ്മ പൈസ തരാം.
ഞാൻ വാങ്ങി വരാം അമ്മേ
അതെന്താ നന്മയുടെ പ്രതീകമായ സാരി അമ്മ ഉപേക്ഷിച്ചോ.?
ഉപേക്ഷിച്ചൊന്നും ഇല്ല സാരിയും നല്ലതാ ചുരിദാറും നല്ലതാ
അപ്പോ പിന്നെ ജീൻസാണോ കൊള്ളില്ലാത്തത്.
ജീൻസും നല്ലതാ എന്ത് വസ്ത്രമായാലും അതു ധരിക്കേണ്ട രീതിയിൽ ധരിച്ചാൽ നല്ലതാ എൻ്റെ ആർദ്ര മോളെ പോലെ
അതല്ലേ അമ്മേ അന്ന് ഞാനും ഏട്ടനും പറഞ്ഞത്.
അന്നു ഞാൻ പറഞ്ഞതെല്ലാം പിൻവലിച്ചു.