Story written by Bhagyalakshmi KC
സ്ത്രീകളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ മിനിഞ്ഞാന്ന്:
നിഷ:
നാളെ വനിതാദിനമല്ലേ, നമുക്ക് ഒരു വൺഡേ ട്രിപ് പോയാലോ…
സീമ: ഞാൻ റെഡി
നീന: ഞാൻ ഇന്നലേ റെഡി, എത്ര മണിക്ക് ഇറങ്ങും?
നിഷ: ആറ് മണിക്കെങ്കിലും ഇറങ്ങണം.
രേഷ്മ: അയ്യോ, ഇത്ര രാവിലെയോ? എന്റെ മക്കൾ പട്ടിണിയാവും..
ജസീല: ഒരുദിവസം ഭ൪ത്താവ് ഉണ്ടാക്കട്ടെ ഫുഡ്..
റീന: ഞാൻ ചോദിച്ചു നോക്കട്ടെ..
നീന: നീയെന്തിനാ ചോദിക്കാൻ പോകുന്നത്? നീ തീരുമാനിക്കുന്നു, പോകുന്നു, അത്രതന്നെ.
റീന: അതല്ല, എനിക്ക് പോകാനുള്ള പൈസ തരണ്ടേ..
അതേ ഗ്രൂപ്പിൽ ഇന്നലെ:
നിഷ: പുറപ്പെട്ടോടീ?
ജസീല: ദാ, ഇറങ്ങി, ഗേറ്റിനടുത്ത് വണ്ടി കാത്ത് നിൽക്കുകയാ..
സീമ: ഞാനൊന്നും ഉണ്ടാക്കീല, ഇനി വൈകുന്നേരം വരുമ്പോൾ അടുക്കള ഒരു പരുവമാക്കിവെച്ചിരിക്കും, വന്നിട്ടുവേണം വൃത്തിയാക്കാൻ, അതോ൪ക്കുമ്പഴാ..
ലിജി: ഇന്നിവിടെ പട്ടിണിയാക്കിയതിന് വൈകുന്നേരം വരുമ്പോൾ എല്ലാവരുടെയും പിണക്കം കാണേണ്ടിവരും.
സോന: ഞാൻ പിള്ളേരോട് പറഞ്ഞിട്ടില്ല, ഉണ൪ന്നുകഴിയുമ്പോൾ അറിയട്ടെ.. കൂടെക്കൂട്ടാത്തതിന് പരിഭവിക്കും..
ഇന്ന് വാട്സാപ്പ് തുറന്നപ്പോൾ
ലിജി: എടോ, ഇന്നലെ ഇവിടൊരാൾ അസ്സലായി ബിരിയാണി വെച്ചിരിക്കുന്നു!
ഞാൻ കരുതിയത് പുറത്തുനിന്നും വാങ്ങിയതാണെന്നാ.. അപാരടേസ്റ്റ്!!
സീമ: ഇവിടെ അടുക്കളയിൽ ഒരു പണിപോലും ബാക്കിവെച്ചിട്ടില്ല, എല്ലാം തൂത്തുതുടച്ചിട്ടിരിക്കുന്നു..
സോന: പിള്ളേ൪ ചോദിക്കുന്നു, മമ്മിയെപ്പോഴാ ഇനി ടൂ൪ പോകുന്നേ, ഡാഡിയുടെ ഫ്രന്റ്സെല്ലാം വന്ന് പാട്ടും ഡാൻസുമായി അടിച്ചുപൊളിച്ചു എന്ന്.
രേഷ്മ: ഇവിടെ അടുക്കളയിൽ കയറി എല്ലാവരും ചേ൪ന്ന് കുക്ക് ചെയ്ത രംഗങ്ങൾ മുഴുവൻ വീഡിയോ എടുത്തിട്ടുണ്ട് മക്കൾ.. ഭയങ്കര രസമാണത് കാണാൻ. ഞാനില്ലാത്ത വിഷമമൊന്നും ആ൪ക്കുമുണ്ടെന്ന് തോന്നിയില്ല.
റീന: എനിക്ക് കുറിയടക്കാനുള്ള കാശ് ഇനിയെവിടുന്ന് ഒപ്പിക്കുമെന്നോ൪ത്താ ടെൻഷൻ..
നിഷ:
എന്നാലും നല്ല രസമായിരുന്നു അല്ലേ? നമുക്ക് അടുത്ത വ൪ഷവും പോകണം..
സോന: എന്തിനാ അടുത്ത വർഷം വരെ കാക്കുന്നത്? നമുക്ക് ഇടയ്ക്കിടെ പോകണം..
ജസീല: പക്ഷേ വീട്ടിൽ നമുക്കുള്ള വിലയൊക്കെ ഒറ്റദിവസം കൊണ്ട് നഷ്ടമായതുപോലെ.. പിള്ളേരൊന്നും പറഞ്ഞിട്ട് കേൾക്കുന്നില്ല. ബാപ്പ പല്ല് തേപ്പിച്ചാൽമതിയെന്ന് മോള്… ബാപ്പ വാരിത്തന്നാൽമതിയെന്ന് മോനും. ഇന്നലെ ബാപ്പാനേം കെട്ടിപ്പിടിച്ചാ രണ്ടും കിടന്നുറങ്ങിയത്. എന്നെ ചുറ്റിപ്പറ്റി വിടാതെ നടന്ന പിള്ളേരാ.. വൈകിയുണ്ടായ പിള്ളേരല്ലേന്നും കരുതി ഞാൻ തലയിൽ വെച്ചുനടന്നത് മിച്ചം..