ഇനിയിപ്പോ സുഖമാണല്ലോ? കുഞ്ഞിനേയും നോക്കി അടങ്ങി കിടന്നോ. ഇപ്പോൾ കിട്ടുന്ന റസ്റ്റ് ഒന്നും ഇനി കിട്ടില്ല…….

Story written by Sumayya Beegum T A

ഇനിയിപ്പോ സുഖമാണല്ലോ? കുഞ്ഞിനേയും നോക്കി അടങ്ങി കിടന്നോ. ഇപ്പോൾ കിട്ടുന്ന റസ്റ്റ് ഒന്നും ഇനി കിട്ടില്ല.

വരുന്നോരും പോകുന്നോരും തരുന്ന ഉപദേശം കേട്ട് തഴമ്പിച്ചു തലയാട്ടി കിടന്നു.

തിരിച്ചു മിണ്ടാൻ പാടില്ല സംസാരിച്ചാൽ തല ഇളകും പിന്നെ തലവേദന വരും.

പുസ്തകം വായിക്കാൻ പാടില്ല കണ്ണിനു ദോഷമാണ്.

കണ്ണാടി നോക്കിയാൽ മഹാപാപം.

തലമുടി ചീകിയാൽ അതിലും ദോഷം.

ഒരല്പം കാറ്റോ വെളിച്ചമോ ഏൽക്കാൻ കിടക്കുന്ന റൂമിന്റെ വെളിയിലേക്ക് ഇറങ്ങാൻ പാടില്ല അങ്ങനെ വല്ലോം ചെയ്താൽ കൊടും അപരാധം.

സന്തോഷവതിയായി കഴിയുന്ന കല്യാണം കഴിഞ്ഞൊരു സ്ത്രീ ഏറ്റവും ആഗ്രഹിക്കുക ഭർത്താവിന്റെ സാമിപ്യം ആണ് എപ്പോഴും. ഇവിടെ മാസങ്ങൾക്ക് വിലക്ക് വീഴുന്നതും ആ ആൾക്കാണ്.

ഭർത്താവിന്റെ കണ്ണ് പെടാൻ പാടില്ല പോലും.

ഇത്രയൊക്കെ നിയമങ്ങൾ കർക്കശമാവുമ്പോൾ പ്രസവ ശേഷമുണ്ടാകുന്ന ശാരീരിക മാനസിക മാറ്റങ്ങളെ പ്രയാസങ്ങളെ അതിജീവിക്കുക ഒരു സ്ത്രീക്ക് എത്രമാത്രം വെല്ലുവിളിയാണ്.

ആദ്യത്തെ പ്രസവം ആണെങ്കിൽ പറയുക കൂടി വേണ്ട.

ആഹാ നീ ഫോണിൽ കുത്തുക ആണോ?

ഇതും കൂടി എടുത്തില്ലെങ്കിൽ എനിക്ക് പറ്റില്ല അമ്മേ എന്നുപറഞ്ഞു പത്തുമിനുട് കൊണ്ട് ഏതാനും വരികൾ പൂർത്തിയാക്കി അവൾ ഫേസ് ബുക്കിൽ പോസ്റ്റി.

അങ്ങനെ എന്റെ കണ്ണ് പോകുന്നെങ്കിൽ ബാക്കി ഞാൻ നോക്കിക്കൊള്ളാം.

അഹങ്കാരി പറഞ്ഞാൽ കേൾക്കില്ല സ്ഥിരം പല്ലവിയുമായി അമ്മ റൂം വീട്ടിറങ്ങുമ്പോൾ മൂന്നാമത്തെ പ്രസവം തന്ന ധൈര്യത്തിൽ ഞാൻ യൂ ട്യൂബിൽ ഏറ്റവും ഇഷ്ടമുള്ള താരാട്ട് പാട്ട് ശബ്ദം കുറച്ചു വെച്ചു…

ആ പാട്ടിന്റെ താളത്തിൽ മയക്കം കണ്ണുകളെ ഇറുക്കെ പുണരുമ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട ആൾ ഞങ്ങൾക്കൊപ്പം ഉണ്ടേന്നു മനസ്സ് പറഞ്ഞു.ഈ നിർബന്ധിത ജയിൽ വാസം ഒരു മാസം കൊണ്ട് പൂർത്തിയാക്കി തങ്ങളുടെ ലോകത്തേക്ക് ചേക്കേറുന്നതും സ്വപ്നം കണ്ടു അവളുറങ്ങി.