എഴുത്ത്:-യാഗ
“എന്താ ഡീ….നിനക്കിന്ന് ക്ലാസ്സില്ലെ?”
ബസ്റ്റോപ്പിന് മുന്നിൽ നിന്ന് നഖം കടിച്ചു കൊണ്ട്ചുറ്റും നോക്കുന്നവളേ കണ്ടതും അരവിന്ദ് സംശയത്തോടെ തിരക്കി
” ക്ലാസ്സെന്നും അവിടെ തന്നെ ഉണ്ട്”
“എന്നിട്ടെന്താ നീ …… ഇവിടെ നിന്ന് തിരിഞ്ഞ് കളിക്കുന്നത്. ഞാൻ കൊണ്ട് വിടണോ……..”
“വോ….. വേണ്ട …..അല്ലെങ്കിൽ നൂറ് പ്രാവശ്യം കാല് പിടിച്ചാലും തിരിഞ്ഞ് നോക്കാത്തവനാ…. ഹോ….. ഇന്നിപ്പോ പെങ്ങളുടെ പഠിപ്പിന്റെ കാര്യത്തിൽ എന്താ ശ്രദ്ധ. ” രണ്ട്ഭാഗത്തുംപിന്നിയിട്ട മുടിയിൽ പിടിച്ചു കൊണ്ടവൾ അവനേ നോക്കി ചുണ്ട് കോട്ടി.
” അത്…… അത് പിന്നേ നീ ക്ലാസ്സിൽ പോകാൻ വൈകുന്നത് കണ്ടപ്പോ……”
“വോ…. മതി ഇനി നീയൊന്നും പറയണ്ട അനഘയിന്ന് എന്റെകൂടെയാണ് വരുന്നത് എന്ന് അറിഞ്ഞത് കൊണ്ടുള്ള സോപ്പിടലല്ലേ മോനേ….. പക്ഷേ നടക്കൂല” എന്ന് പറഞ്ഞു കൊണ്ടവൾ അവനേ നോക്കി കോക്രി കാട്ടി.
“ഡീ….. അമ്മു നീയിന്ന്പെട്ടന്ന് വരാൻ പറഞ്ഞത് എന്താ…..
ഹാ… ഏട്ടനും കൂടെയുണ്ടോ…..”
ഓടിക്കിതച് തങ്ങൾക്കരികിൽ വന്നു നിൽക്കുന്നവളെ കണ്ടതും ഇരുവരും അവളേ തിരിച്ചു നോക്കി. ഇരുവരുടേയും നോട്ടം കണ്ടതും അവൾ തന്നെ അടിമുടിയൊന്ന് നോക്കി. തനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കണ്ടവൾ ഇരുവരേയും മാറി മാറി നോക്കി.
“നിനക്കൊരു കല്യാണം ആലോചിക്കാൻ ” ഒരേ സ്വരത്തിലുള്ള രണ്ട് പേരുടെയും മറുപടി കേട്ടതും അവൾ വായും പൊളിച്ചുകൊണ്ട് രണ്ട് പേരെയും നോക്കി.
“അത്…… ഇന്നിപ്പോ എങ്ങനെയാ നാളെയോ മറ്റന്നാളോപോരേ…….
അല്ല….. ശനിയും ഞായറും എല്ലാവരും വീട്ടിൽ തന്നെ കാണുമല്ലോ…..അതാ…..”
കാലുകൾ കൊണ്ട് നിലത്തു കളം വരച്ച് നാണത്തോടെ തലതാഴ്ത്തി പറയുന്ന വളേ കണ്ടതും അമ്യത പല്ല് കiടിച്ചു കൊണ്ട് മുന്നിൽ നിൽക്കുന്ന ചേട്ടനേ നോക്കി.
“നിനക്കിതിലും വല്ലത് എന്തോ വരാൻ ഇരുന്നതാ തൽക്കാലം ഇതു വച്ച് അഡ്ജസ്റ്റ് ചെയ്യണം. “
അനഘയുടെ കാട്ടി കൂട്ടൽ കണ്ടവൾ രഹസ്യമായി അമലിനോട് പറഞ്ഞു.
” അത് ഞാനങ്ങ് സഹിച്ചു. നീ പോടീപiട്ടി……” അനിയത്തിയേ നോക്കി പുശ്ചത്തോടെ മുഖം കോട്ടിക്കൊണ്ടവൻ അടുത്തുള്ള കടയിലേക്ക് കയറി.
“അമ്മു….. നീയെന്തിനാ ഇന്ന് നേരത്തെ വരാൻ പറഞ്ഞത്. ഏട്ടൻ ഉണ്ടായിരുന്നത് കൊണ്ടാണ് നീ ഉഴപ്പിയത് എന്നെനിക്ക് മനസ്സിലായി അതാ ഞാനും കൂടുതൽ ഒന്നും പറയാതിരുന്നത്.”
“അനു…. ഞാൻ പറഞ്ഞിരുന്നില്ലേ ദിവസവും എന്നെ ഒരുത്തൻ ബസ്സിൽ വച്ചു ശല്യം ചെയ്യുന്നുണ്ട് എന്ന്.
“ഉം…. പറഞ്ഞിരുന്നു…. എന്ത് പറ്റി അവൻ മോശമായിട്ട് നിന്നോട് വല്ലതും കാണിച്ചോ…” ദേഷ്യത്തോടെ അവളോട് ചോദിച്ചുകൊണ്ട് അനഘ അമൃതയുടെ കയ്യിൽ മുറുകെ പിടിച്ചു.
“അത്…. അത് പിന്നേ… അവനിന്നലെ എനിക്ക് മെസ്സേജ് അയച്ചത് നോക്കിക്കേ…” ഇൻസ്റ്റഗ്രാമിൽ അവൻ അയച്ച മെസ്സേജ് ഓപ്പൺചെയ്ത് അവൾക്ക് നേരെ നീട്ടി.
“ഛേ….. ഇവനിത് എന്ത് വൃiത്തികേടാ ഈ അയച്ചേക്കുന്നത്….” മെസ്സേജ് വായിച്ചതും അവൾ മുഖം ചുളിച്ചുകൊണ്ട് അറപ്പോടെ അമൃതയേ നോക്കിചോദിച്ചു.
“അതാ എനിക്കും…. ഞാൻ എങ്ങോട്ട് തിരിഞ്ഞാലും എന്റെ പിറകെ വരിക എന്നല്ലാതെ വേറെ ശല്യങ്ങൾ ഒന്നും അവനെക്കൊണ്ട് ഉണ്ടായിരുന്നില്ല. പക്ഷേ ഈ… മെസ്സേജ് കണ്ടപ്പോ….” സംശയത്തോടെ തന്നെനോക്കുന്ന കൂട്ടുകാരിയെ കണ്ടതും അനഘ മുഖം ചുളിച്ചു. “എന്താ നിനക്കൊരു സംശയം”
” ഇത്….. ഇതവൻ തന്നെയാണെന്ന് എനിക്ക് ഉറപ്പില്ല. കാരണം ഇന്ന് വരേ അവൻ എന്റെ അടുത്തേക്ക് പോലും വന്നിട്ടില്ല. അങ്ങനെയുള്ളപ്പോ…” പാതിയിൽ നിർത്തി കൊണ്ടവൾ അനഘയേ നോക്കി.
” നീ … ഈ ഐഡി ഒന്ന് നോക്കിക്കേ അവന്റെഫോട്ടോ അവന്റെ പേര് രണ്ടും അവന്റെതന്നെയാണല്ലോ….”
“അതേ……”
“പിന്നെന്താ നിന്ക്കിത്ര സംശയം ഇതവൻ തന്നെയാ……”
“നീ ഈ അകൗണ്ടിന്റെ സീറെറ്റൽസ് ശ്രദ്ധിച്ചോ?” ഇല്ല എന്നുള്ള അർത്ഥത്തിൽ അവൾ അമൃതയേ നോക്കി.
“ഏതാണ്ട് പത്ത് ദിവസം മുൻപാണ് ഈ ഐഡി എടുത്തിരിക്കുന്നത്. ഈ ഒരു ഫോട്ടോ അല്ലാതെ വേറെ ഒരെണ്ണം പോലും ഇതിനകത്തില്ല. നീയൊന്ന് ചിന്തിച്ച് നോക്കിക്കേ ഇതുപോലെയുള്ള മെസ്സേജുകൾ അയക്കാൻ ആണെങ്കിൽ സ്വന്തം പേരിൽ അയാൾ ഐ ഡി എടുക്കുമോ….. ഇങ്ങനെ ചെയ്യാൻ ആൾ അത്ര മണ്ടൻ ആണെന്ന് എനിക്ക് തോനുന്നില്ല.” അമൃത പറഞ്ഞത് കേട്ടതും അനഘയും ആലോ ചനയോടെ തല കുലുക്കി.
“നീ പറഞ്ഞതും ശരിയാ ഇപ്പഴത്തേ കാലത്ത് ഇതു പോലത്തെ ഒരു പാട് പ്രശ്നങ്ങൾ നടക്കുന്നുണ്ട്. എന്തായാലും നമുക്ക് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുക്കാം . “
“അത്….. സ്റ്റേഷനിൽ”
പോലീസ് സ്റ്റേഷൻ എന്ന് കേട്ടതും ഭയത്തോടെ തന്നെ നോക്കുന്ന കൂട്ടുകാരിയേ കണ്ടതും അനഘ അവളേ ചേർത്തു പിടിച്ചു.
” അമ്മൂ നീ പേടിക്കണ്ട ഞാനില്ലേ നിന്റെ കൂടെ. വേണമെങ്കിൽ നിന്റെ ചേട്ടനേ കൂടെ വിളിക്കാം. അപ്പോൾ നിനക്കൊരു ദൈര്യം തോന്നുമല്ലോ….”
“അയ്യോ അത് വേണ്ട അവനറിഞ്ഞാൽ വൻപ്രശ്നം നടക്കും. വെiട്ടൊന്ന് മുറി രണ്ട് എന്നുള്ള സ്വഭാവ കാരനാ അവൻ ചിലപ്പോ ആ പയ്യനേ പോയി തiല്ലിയെന്നും വരും. അവനാണ് ചെയിതത് എന്ന് ഉറപ്പില്ലാത്ത സ്ഥിതിക്ക് എങ്ങനെയാ അവനേ…..”
അവൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നിയവൾ മറുത്തൊന്നും പറയാതെ അടുത്ത ബസ്സിൽ കയറി.
യൂണിഫോമിൽ സ്റ്റേഷനിലേക്ക് കയറി വന്ന അവരേ കണ്ടതും ഒരു വനിതാ പോലീസ് പുഞ്ചിരിയോടെ അവർക്കരികിലേക്ക് വന്നു. അവരേണ്ടതും ഭയത്തോടെ ഇരുവരും കൈകൾ മുറുകെ പിടിച്ചു. ഇരുവരുടേയും മുഖത്തേ ഭയം കണ്ടതും അവർ രണ്ട് ചെയർ അവർക്കരികിലേക്ക് നീക്കിയിട്ടു കൊടുത്ത ശേഷം ടേബിളിലിരുന്ന വെള്ളവും അവർക്ക് നേരേ നീട്ടി. അല്പം കഴിഞ്ഞതും ഇരുവരിലേയും ഭയം പതിയേ കുറഞ്ഞു വന്നു. ഇരുവരും കാര്യങ്ങൾ വിശദീകരിച്ച ശേഷം ഫോൺ അവിടെയുണ്ടായിരുന്ന എസ് ഐ ക്ക് നേരേ നീട്ടി. ഗൗരവ ത്തോടെ അവർ പറഞ്ഞ ഓരോ കാര്യങ്ങളും പരാതിയായി എഴുതി വാങ്ങിച്ചു കൊണ്ട് അദ്ദേഹം അവരേ നോക്കി ഒന്ന് പുഞ്ചിരിച്ചു. പതിനഞ്ച് വയസ്സിൽ ഇരുവർക്കും ഇത്രയേറെ തിരിച്ചറിവുണ്ടെന്ന് കണ്ട അവിടെഉണ്ടായിരുന്നവർ അവരേ കാതുകത്തോടെ നോക്കി.ഇങ്ങനെ ഒരു കാര്യം വീട്ടിൽ പറഞ്ഞാൽ വീട്ടുകാർ എടുത്ത് ചാടി വല്ലതും ചെയ്താൽ ഒരു ജീവൻ തന്നെ നഷ്ടമാകുമെന്ന അവരിലെ തിരിച്ചറിവ് ഏവരിലും അത്ഭുതം നിറച്ചു.
ഏതാണ്ട് അഞ്ച് ദിവസം കഴിഞ്ഞതും സ്റ്റേഷനിൽ നിന്നുള്ള കോൾ വന്നതും ഇരുവരും സ്കൂളിൽ കാര്യങ്ങൾ വിശതമാക്കിയ ശേഷം സ്റ്റേഷനിലേക്ക് തിരിച്ചു
അവർ അവിടെ എത്തുമ്പോൾ ഇരുവീട്ടുകാർക്കുമൊപ്പം ആ പയ്യനും അവന്റെ വീട്ടുകാരും അവരേയും കാത്ത് അവിടെഉണ്ടായിരുന്നു. കാര്യങ്ങൾ വീട്ടുകാരേ പറഞ്ഞ് മനസ്സിലാക്കിയ ശേഷം പ്രതിയെന്ന് പറഞ്ഞ് അവർക്കരിക്കിലേക്ക് കൊണ്ട് നിർത്തിയ ആളേ കണ്ടതും ഏവരും ഞെട്ടലോടെ പരസ്പരം നോക്കി.
“മിലൻ നീ….. നീയാണോ അത് ചെയിതത്” തങ്ങളുടെ സ്കൂളിലെ യൂണിഫോമുമിട്ട് മുന്നിൽ നിൽക്കുന്ന പയ്യനേ കണ്ടതും രണ്ട് പേരും വിശ്വസിക്കാൻ വയ്യാതെ അവനേതുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
“ഉം….. ചെയിതത് അവൻ തന്നെയാ അതൊക്കെ അവൻ സമ്മതിച്ചു. ഇവൻ നിങ്ങളെശ്രദ്ധിക്കുന്നത് മനസ്സിലാക്കിയ മിലൻ അവനേ കരുവാക്കി നിങ്ങൾക്ക് മെസ്സേജ് അയച്ചതാണ്. അവന്റെ ഫോണിൽ ആ ഐഡിയും കിടപ്പുണ്ട്. ആ ഐഡി മാത്രമല്ല ഒരു പാട് ഐഡികൾ പല പേരിലായി അവനുണ്ട്. പലതിൽ നിന്നും ഇത്തരം മെസ്സേജുകൾ പലർക്കും അയച്ചിട്ടും ഉണ്ട്. “
ഒരു പതിനഞ്ചു വയസ്സുകാരൻ ചെയിത് കൂട്ടിയ കാര്യങ്ങൾ കേട്ടതും അവന്റെ മാതാപിതാക്കാൾ തളർച്ചയോടെ നിലത്തേക്ക് ഇരുന്നു പൊട്ടികരഞ്ഞു.
” അപ്പോൾ എങ്ങനെയാ കാര്യങ്ങൾ ഇത് കേസാക്കട്ടെ……..” എസ് ഐയുടെ ചോദ്യം കേട്ടതും മിലൻ ഞെട്ടലോടെ അമ്യതയേ നോക്കി.
” കേസാക്കിക്കോളൂ സാർ” പെട്ടന്നുള്ള അവളുടെ മറുപടി കേട്ടതും അവിടെ കൂടിയിരുന്ന എല്ലാവരും ഞെട്ടലോടെ അവളേ നോക്കി.
” അമ്മൂ……വേണ്ടമോളേ……നിന്റെ കൂടെ പഠിക്കുന്നപയ്യനല്ലേ…. ക്ഷമിച്ചു കൊടുത്തേക്ക് .”
“ഇല്ല അച്ഛാ…… മറ്റൊരാളുടെ ഫോട്ടോയും പേരും വച്ച് ഇങ്ങനെ ഒരു കാര്യം ചെയിത ഇവന് . ചെയ്യാൻ പോകുന്ന കാര്യങ്ങളും അതിന്റെ ഗൗരവവും കൃത്യമായി അറിയാമായിരുന്നു. ഇല്ലെങ്കിൽ ആളെ തിരിച്ചറിയാത്ത രീതിക്കേ ഇവൻ ഐഡി ക്രിയേറ്റ് ചെയ്യുമായിരുന്നുള്ളു. ഒന്ന് ചിന്തിച്ചു നോക്കിക്കേ സ്റ്റേഷനിൽ വരുന്നതിന് പകരം ഞാനിത് വീട്ടിൽ പറഞ്ഞിരുന്നെങ്കിൽ ഒന്നും അറിയാത്ത ആ പാവം ഹോസ്പിറ്റലിലോ അല്ലെങ്കിൽ മോർച്ചറിയിലോ കിടന്നേനേ.
അല്ലെങ്കിൽ ഇവൻ എനിക്ക് അയച്ച മോർഫ് ചെയ്ത ഫോട്ടോസ് പബ്ലിക്ക് ആക്കിയിരുന്നെങ്കിലോ….. നാണക്കേട് സഹിക്കാൻ വയ്യാതെ ഞാൻ ആത്മഹiത്യ ചെയിതേ നെഅല്ലേ….. പക്ഷേ അപ്പഴും ഇവൻ സുഖമായിട്ട് ജീവിക്കുന്നുണ്ടാവും. തെറ്റ് ചെയിതത് ആരായാലും ഏത് പ്രായക്കാരൻ ആയാലും ശിക്ഷിക്കപെടണം. “
തല ഉയർത്തിപിടിച്ച് ഉറച്ച ശബ്ദത്തിൽ പറയുന്നവളേ കണ്ടതും പുഞ്ചിരിയോടെ അനഘ അവളേ ചേർത്തുപിടിച്ചു കൊണ്ട് വീട്ടുകാരേ നോക്കി. അവൾ തീരുമാനിക്കുന്നതിനൊപ്പം തങ്ങളും ഉണ്ടെന്ന് ഒരു പുഞ്ചിരിയോടെ പറയാതെ പറഞ്ഞു കൊണ്ട് അവർ സ്റ്റേഷന് വെളിയിലേക്ക് ഇറങ്ങി.
“”