ആദ്യമായി കണ്ട് മുട്ടുമ്പോൾ എനിക്ക് നിൻ്റെ സ്വഭാവത്തെക്കുറിച്ച് കണ്ട് മനസ്സിലാക്കാൻ കഴിയില്ലല്ലോ……

Story written by Saji Thaiparambu

വിവാഹം കഴിഞ്ഞ് മക്കളും ചെറുമക്കളുമൊക്കെയായി കഴിഞ്ഞപ്പോൾ ഒരിക്കൽ ഒരു സ്ത്രീ, തൻ്റെ ഭർത്താവിനോട് ചോദിച്ചു

ഞാനൊരു കാര്യം ചോദിച്ചാൽ നിങ്ങളെന്നോട് സത്യം പറയുമോ?

ഞാനിന്ന് വരെ നിന്നോട് കളവ് പറഞ്ഞിട്ടില്ല ,അത് കൊണ്ട് ഇനിയും ഞാൻ നിന്നോട് സത്യം മാത്രമേ പറയു

ശരി, എങ്കിൽ നിങ്ങൾ അന്നെന്നെ വിവാഹം കഴിച്ചത് എന്ത് കാരണത്താലായിരുന്നു? എൻ്റെ സൗന്ദര്യം കണ്ടിട്ടോ ,എൻ്റെ സ്വഭാവ ഗുണം കൊണ്ടോ ,അതോ എന്നെ വിവാഹം കഴിക്കുന്നതിലൂടെ നിങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ഭദ്രത ഓർത്തിട്ടോ?

ഒട്ടും ആലോചിക്കാതെ തന്നെ അയാൾ ഉത്തരം പറഞ്ഞു

ആദ്യമായി കണ്ട് മുട്ടുമ്പോൾ എനിക്ക് നിൻ്റെ സ്വഭാവത്തെക്കുറിച്ച് കണ്ട് മനസ്സിലാക്കാൻ കഴിയില്ലല്ലോ? പിന്നെ, നാട്ടിലെ ജന്മിയുടെ ഏകമകനായ എനിക്ക് സാമ്പത്തിക ഭദ്രത പുതുതായി ഉണ്ടാക്കേണ്ട കാര്യവുമില്ല ,അത് കൊണ്ട് ഞാൻ നിന്നെ ഇഷ്ടപ്പെട്ടത്, നിൻ്റെ ശരീരസൗന്ദര്യം കണ്ടിട്ട് തന്നെയായിരുന്നു, നിനക്ക് വിശ്വസിക്കാം

അങ്ങനെയെങ്കിൽ ,അന്നത്തെ സൗന്ദര്യത്തിൻ്റെ പത്തിലൊന്ന് പോലും ഇപ്പോഴെനിക്കില്ലല്ലോ? അപ്പോൾ ഇന്ന് നിങ്ങൾക്കെന്നോട് പഴയ സ്നേഹമുണ്ടാവാൻ വഴിയില്ല,

ശരിയല്ലേ?

അല്ല ,അത് നിൻ്റെ തെറ്റിദ്ധാരണ യാണ്, ഞാനൊരു കാര്യം ചോദിച്ചോട്ടെ ?നിനക്ക് ഐസ്ക്രീം ഒരുപാടിഷ്ടമല്ലേ?

അതെ,

അതെന്ത് കൊണ്ടാണ്?

അത്, അതിൻ്റെ രുചി എനിക്കിഷ്ടമായത് കൊണ്ട്

ഓകെ, അങ്ങനെയെങ്കിൽ ഐസ് ക്രീം കഴിച്ച് തീരുമ്പോൾ അതിൻ്റെ ബിസ്കറ്റ് കോൺ നീ കളയാറുണ്ടോ?

ഇല്ല, അതും ഞാൻ കഴിക്കും

അതെന്തിനാ കഴിക്കുന്നത് ?ഐസ്ക്രീമിൻ്റെ ടേസ്റ്റ് എന്തായാലും അതിന് കിട്ടില്ലല്ലോ?

പക്ഷേ ,ആ ബിസ്ക്കറ്റിൻ്റെയുള്ളിൽ അത് വരെ കഴിച്ച ഐസ്ക്രീമിൻ്റെ ബാക്കി പറ്റി പ്പിടിച്ചിരിക്കുന്നത് കൊണ്ട് അത് കളയാൻ തോന്നില്ല

എങ്കിൽ അത് പോലെ തന്നെയാണ് എനിക്ക് നീയും, വർഷങ്ങൾക്ക് മുൻപ് നിന്നെ ഞാനിഷ്ടപ്പെട്ടത് ശരീര സൗന്ദര്യം കണ്ടിട്ടായിരുന്നെങ്കിൽ, ഇപ്പോൾ നിന്നെ ഞാനിഷ്ടപ്പെടുന്നത്, പുറമെ നിനക്കുണ്ടായിരുന്ന അന്നത്തെ സൗന്ദര്യത്തിൻ്റെ ബാക്കി ഇപ്പോഴും, നിൻ്റെ ഹൃദയത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നത് കൊണ്ടാണ് ,

NB :-അതെ, യഥാർത്ഥ ദാമ്പത്യ ജീവിതത്തിൽ ശരീരസൗന്ദര്യത്തിന്‌ ഒരു സ്ഥാനവുമുണ്ടാവില്ല.