രചന:- Magesh Boji
എല്ലാവരും എല്ലാം കണ്ടു.. പക്ഷെ ഞങ്ങള്‍ ആണ്‍മക്കളുടെ മനസ്സ് കാണാന്‍ മാത്രം അന്നും ഇന്നും ആരും ഉണ്ടായിരുന്നില്ല.
സാധാരണക്കാരായിരുന്നു ഞങ്ങളില്‍ ഭൂരിഭാഗം പേരുടേയും അച്ഛനമ്മമാര്… അതുകൊണ്ട് തന്നെ പഠിച്ച് വലിയ ആളായിട്ട് നിങ്ങള്‍ക്ക് ആരായി തീരണമെന്ന് ചോദിക്കാനോ
അതല്ലെങ്കില്‍ ആരെയെങ്കിലും ചൂണ്ടി കാണിച്ച് നിങ്ങള്‍ പഠിച്ചിട്ട് ഇതുപോലെ ആയി തീരണമെന്ന് പറഞ്ഞ് തരാനോ അവര്‍ക്കറിയില്ലായിരുന്നു…
എന്നിട്ടും ഞങ്ങളില്‍ ഭൂരിഭാഗം പേരും പത്താം ക്ലാസ്സ് വരെ മോശമല്ലാത്ത രീതിയിലാണ് പഠിച്ചത്…
അപ്പോഴേക്കും പെങ്ങള്‍ക്ക് കല്ല്യാണാലോചനകള്‍ വരാന്‍ തുടങ്ങി… അച്ഛനെ കൊണ്ട് ഒറ്റക്ക് കൂട്ടിയാല്‍ കൂടില്ലെന്ന് കണ്ടപ്പോള്‍ ഞങ്ങള് പഠിപ്പ് നിര്‍ത്തി…
മഴയത്താണോ വെയിലത്താണോ കഷ്ടപ്പാടാണോ അന്തസ്സുള്ളതാണോ മനസ്സിന് പിടിച്ചതാണോ എന്നൊന്നും നോക്കിയില്ല…
വൈകുന്നേരം കൈ കഴുകി പോരാന്‍ നേരം നാട്ടില്‍ കിട്ടാവുന്നതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കൂലി കിട്ടുന്ന ജോലി ഏതാണോ, ആ ജോലിക്ക് തന്നെ ഞങ്ങളില്‍ ഭൂരിഭാഗം പേരും പോയി….
പെങ്ങളെ അന്തസ്സായി കെട്ടിച്ചു വിട്ടു… ആരും ഒരു കുറ്റവും കുറവും പറയാത്ത രീതിയില്‍ ഭംഗിയായി തന്നെയാണ് നടത്തിയത്…
പന്തല് പൊളിച്ചു..നാട്ടുകാരും വീട്ടുകാരും പോയി…
കല്ല്യാണത്തിന്‍റെ വരവ് ചിലവു കണക്കുകളുടെ ഒരു കുറിപ്പ് കൈയ്യില്‍ തന്ന് ദീര്‍ഘനിശ്വാസം വിട്ട് ചാരുകസേരയില്‍ ചാരിയിരുന്ന് അച്ഛന്‍ പറഞ്ഞു ഇനി ഈ കുടുംബത്തിലെ എല്ലാ കാര്യവും നീ തന്നെ നോക്കണം, അച്ചനിനി ഒന്ന് വിശ്രമിക്കണം എന്ന്…
സന്തോഷത്തോടെ , അഭിമാനത്തോടെ ഒന്നിനും ഒരു കുറവും വരുത്താതെ ആ കുടുംബഭാരം ചുമലിലേറ്റി ഞങ്ങളില്‍ പലരും…പിന്നെ ലോണിന്‍റെ തവണകള്‍… നാടന്‍ പലിശക്കാര്‍…. ചിട്ടിക്കാര്‍…. ഉറക്കമില്ലാത്ത രാത്രികള്‍…
അതിനിടയില്‍ കെട്ടിച്ചുവിട്ട പെങ്ങളുടെ പ്രസവം, കുട്ടിയുടെ നൂല് കെട്ട് , കാത് കുത്ത് , പിറന്നാള്‍ …അങ്ങനെ അങ്ങനെ …..
ഈ പരക്കപ്പാച്ചിലിനിടയില്‍ വല്ലപ്പോഴും ഒരു സന്തോഷത്തിന്കൂ ട്ടുകാരോടൊത്ത് ഒരു കു പ്പി ബി യര്‍ കുടിച്ചപ്പോള്‍ അത് നാട്ടുകാരും മുഴുവനും കണ്ടു…പറഞ്ഞു നടന്നു അവന്‍ മു ഴുകു ടി യനാണെന്ന്…
ചോരയും നീരും വികാരവിചാരങ്ങളുമുള്ള അവന്‍റെ കണ്ണുകള്‍ കഷ്ടകാലത്തിന് ബസ്സ് സ്റ്റോപ്പില്‍ നിന്ന ഒരു കോളേജ് കുമാരിയുടെ ദേഹത്തൊന്നുടക്കിയപ്പോള്‍ അത് നാട്ടുകാര് മുഴുവന്‍ കണ്ടു… പറഞ്ഞു നടന്നു അവന്‍ വൃത്തികെട്ടവ നാണെന്ന്.
ചോര നീരാക്കി ജോലി ചെയ്യുന്ന അവന്‍ ന്യായമായ ഒരു കാര്യത്തിന് കൂട്ടുകാരന് വേണ്ടി റോഡില്‍ നിന്ന് നാലാളോട് വഴക്കിട്ടപ്പോള്‍ അത് നാട്ടുകാര് മുഴുവനും കണ്ടു.. അവനെ വിളിച്ചു തല്ലുകൊള്ളിയെന്ന്…
അപ്പോഴേക്കും വയസ്സ് മുപ്പത് കഴിഞ്ഞു… ഒരു കുടുംബം എന്ന സ്വപ്നം ആരോടും പറയാതെ അവനും സൂക്ഷിച്ചിരുന്നു……
ഈ കഷ്ടപ്പാടിനും ഓട്ടപ്പാച്ചിലിനും ഇടയില്‍ അവനെന്ത് പ്രണയം…… പ്രണയ മെന്ന ഒരു വാക്കു പോലും അവന്‍ കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല..
അതുകൊണ്ട് തന്നെ ഒരു തുണ വേണമെന്ന് തോന്നിയപ്പോള്‍ അതിനായി ഒരുപാട് വീടുകളില്‍ അവന്‍ പെണ്ണു കാണാനിറങ്ങി..
പല വീട്ടുകാരും ഗൗനിച്ചില്ല… ഗൗനിച്ചവര്‍ ചിലര്‍ ചെറുക്കനെ കുറിച്ച് അന്യേഷിക്കാന്‍ വന്നത് മു ഴു കു ടിയനെന്നും, തല്ലുകൊള്ളിയെന്നും, വ്യത്തികെട്ടവ നെന്നും വിളിച്ച അതേ നാട്ടുകാരുടെ അടുത്തേക്ക്…
ഒടുവില്‍ പെങ്ങളും അമ്മയും എതിര്‍ത്തിട്ടും ആരും ആശ്രയമില്ലാത്ത ഒരു പാവം പെണ്ണിനെ അവന്‍ കണ്ടെത്തി..
പ്രാരാബ്ധങ്ങള്‍ കൂടി… അവളുടെ വീട്ടിലെ സുഖമില്ലാത്ത അമ്മയേയും പഠിക്കുന്ന അനിയനേയും നോക്കേണ്ട ഉത്തരവാദിത്വം കൂടി അവനായി…
ഏട്ടനിപ്പോ പഴയതു പോലെ ചിരിയും കളിയുമില്ലെന്നും, ഏട്ടന്‍ കല്ല്യാണം കഴിച്ചപ്പോള്‍ ആളാകെ മാറിപ്പോയെന്നും പെങ്ങള് പരിഭവം പറഞ്ഞത് അവന്‍ കേട്ടു…
താന്‍ താലികെട്ടി കൊണ്ടു വന്ന ഒരുത്തി ഒരു മിണ്ടാപ്രാണിയെ പോലെ,
ആഗ്രഹങ്ങളോ മോഹങ്ങളോ പറയാതെ, പരിഭവമേതുമില്ലാതെ ഈ നാലു ചുമരുകള്‍ക്കുള്ളില്‍ രാവന്തിയോളം പണിയെടുത്ത് കഴിഞ്ഞ് കൂടുന്നത് അവന്‍ വേദനയോടെ കാണുന്നുണ്ടായിരുന്നു….
ഒടുവില്‍ തന്‍റെ ഭാര്യ ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ തന്‍റെ അമ്മയുടെ മുഖം വാടിയതും അവന്‍ കാണേണ്ടി വന്നു..
ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് പുതിയ വീടു പണിയാന്‍ കാശിനായി സ്വത്തിന്‍റെ ഭാഗം ചോദിച്ചു വന്ന അളിയനേയും പെങ്ങളേയും…
ആദ്യം തമാശയായി തോന്നി അവന്…..ആ തമാശ പങ്ക് വക്കാന്‍ അച്ഛന്‍റെ അടുത്തെത്തി… അച്ചനോട് ചോദിച്ചപ്പോള്‍ അച്ചന്‍ പറഞ്ഞു അവള്‍ക്കുള്ളത് വേഗം കൊടുക്കണമെന്ന്..
അമ്മയോട് ചോദിച്ചപ്പോള്‍ അമ്മയും പറഞ്ഞു എനിക്ക് രണ്ട് മക്കളും ഒരുപോലെ ആണെന്നും.. സ്വത്ത് തുല്ല്യമായി ഭാഗം വക്കണമെന്നും.
തമാശയല്ലെന്ന് അവന് മനസ്സിലായി…. പിന്നെ ആരോടും ഒന്നും ചോദിച്ചില്ല… സ്വത്ത് തുല്യമായി വീതം വക്കാന്‍ തിരുമാനിച്ചു …
പെങ്ങളും അളിയനും സന്തോഷത്തോടെ ലാസ്റ്റ് ബസ്സിന് തിരിച്ചുപോയി….
അകത്ത് നിന്ന് അച്ഛന്‍ പറയുന്നത് കേട്ടു , നീ നാളെ പണി കഴിഞ്ഞ് വരുമ്പോള്‍ വൈദ്യരുടെ കടയില്‍ നിന്ന് ധന്വന്തരി കുഴമ്പും ലേഹ്യവും ദശമൂലാരിഷ്ടവും വാങ്ങിയിട്ടു വരണമെന്നും, കഴിഞ്ഞ ആഴ്ച്ച വാങ്ങിയത് തീര്‍ന്നെന്നും…
അടുക്കളയില്‍ നിന്ന് അമ്മയും പറഞ്ഞു , എനിക്ക് ചെക്കപ്പ് ചെയ്യേണ്ട ദിവസം നാളെ ആണെന്നും,ആ ഓട്ടോറിക്ഷക്കാരനോട് രാവിലെ നേരത്തെ വരാന്‍ വിളിച്ചു പറയണമെന്നും, ആശുപത്രി കാശ് നീ അവനെ എല്പിച്ചാ മതിയെന്നും…
അകത്തേക്ക് കയറിയപ്പോള്‍ കണ്ടു എല്ലാം കണ്ടും കേട്ടും നിശബ്ദമായി കണ്ണീരൊലിപ്പിച്ച് നില്‍ക്കുന്ന തന്‍റെ പ്രിയ പത്നിയെ…
ഏടീ നീ മാത്രമായിട്ട് ഇനി ചോദിക്കാതിരിക്കണ്ട, നിനക്കെന്താടീ വേണ്ടത് എന്നവളോട് ചോദിച്ചപ്പോള്‍ കേട്ടത് കെട്ടിപ്പിടിച്ചൊരു പൊട്ടി കരച്ചിലായിരുന്നു…
ഇതുവരെ പിടിച്ചു നിര്‍ത്തിയ കണ്ണീരിനെ ആ സമയം അവന് തടഞ്ഞ് നിര്‍ത്താനായില്ല…. അവനും വിങ്ങിപ്പൊട്ടി…. പൊട്ടി കരഞ്ഞു…
കട്ടിലില്‍ നിന്ന് കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടപ്പോഴാണ് അവരുടെ ആ കരച്ചില്‍ നിന്നത്…
ആ കുഞ്ഞ് മുഖം കണ്ടപ്പോള്‍ പിന്നെ ആ സങ്കട കണ്ണീര്‍ ആനന്ദ കണ്ണീരായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല…