ആ രൂപം അവനെനോക്കി വികൃതമായി ചിരിക്കാൻ തുടങ്ങി .. അവന്റെ കണ്ണുകളിൽ പതിഞ്ഞത് പുറത്തേക്ക്……

എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ

പ്രേതാനുഭവങ്ങൾ അറിയുവാൻ വേണ്ടി പലരെയും വിളിച്ചു…. പ്രേതാനുഭവങ്ങൾ കേൾക്കാനും, അതെഴുതാനും ആഗ്രഹമുള്ളതുകൊണ്ട് ചെറിയ അനുഭവമാണെകിലും കൂട്ടുകാരുടെ തള്ളലുകൾ ഞാൻ കേൾക്കുമായിരുന്നു…… റോഡ് റോളർ തന്റെ ശരീരത്തുകൂടി കയറിയിറങ്ങിപ്പോയെന്നും, തനിക്കൊന്നും പറ്റിയില്ലന്നുംവരെ ഒരു കൂട്ടുകാരൻ പറഞ്ഞു….

അങ്ങനെയിരിക്കെയാണ് ഒരു ഫ്രണ്ട് വിളിക്കുന്നത്‌….

നൻപാ…. നീ വിളിച്ചപ്പോൾ എടുക്കാൻ പറ്റിയില്ല…. തിരക്കായിരുന്നു….. ന്താടാ വിളിച്ചത്…??

ഏയ്യ്…. നീ ഫ്രീയാണെകിൽ വെറുതെ സംസാരിക്കാമെന്ന് കരുതിയാണ് വിളിച്ചത്….

ഞങ്ങളുടെ സംസാരം തുടർന്നു… അതിനിടയിൽ ഞാൻ അവനോടു ചോദിച്ചു….

മച്ചാനെ… നിന്റെ ഓർമയിൽ പ്രേതവുമായി സംബന്ധിച്ച എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ…?? എനിക്കത് എഴുതാനാണ്….

ഏയ്യ്… പ്രേതമോ… ഈ കാലത്തോ…എനിക്കങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ല….
അവൻ ചിരിച്ചു…

ഞാൻ വെറുതെ ചോദിച്ചതാണ്… എന്തെങ്കിലും ഓർമയിലുണ്ടെകിൽ….

പറയാടാ… ഓർത്തുനോക്കട്ടെ….

എവിടെ നിന്റെ ലൗവ്വർ…. ഞാൻ ചോദിച്ചു….

കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം അവൻ പറഞ്ഞു…

ലൗവ്വറിന്റെ കാര്യം ചോദ്ച്ചപ്പോഴാണ് എനിക്കൊരു അനുഭവം ഓർമവന്നത്…. പേടിപ്പെടുത്തുന്ന അനുഭവമല്ല പക്ഷെ എനിക്കെന്തോ സംശയങ്ങൾ

അയ്ശരി… എങ്കിൽ നീ അനുഭവം പറയു….

അവൻ അവന് സംഭവിച്ച അനുഭവം പറഞ്ഞു…. അതിൽ കാര്യമായി ഒന്നും പേടിക്കാനോ പ്രേതത്തിന്റെ എൻട്രിപോലുമില്ല…. പക്ഷെ അവൻ പറഞ്ഞ ചിലകാര്യങ്ങൾ വച്ചിട്ട് ഒരു പ്രേതകഥ എഴുതാൻ ഞാൻ തീരുമാനിച്ചു….. അപ്പോഴേക്കും സമയം രാത്രി 8 മണി കഴിഞ്ഞു…. സീരിയലിലെ കൂട്ടത്തല്ലും, അവിഹിതം മറച്ചുവെക്കുമ്പോൾ ഇടുന്ന മ്യൂസിക്കും കാരണം എന്റെ റൂമിലിരുന്ന് എനിക്കെഴുതാൻ പറ്റില്ലെന്ന് മനസിലായി…. “നിന്റെ അവിഹിതം ഭർത്താവ് പൊക്കും നോക്കിക്കോ” അതിലെ നായികയെ നോക്കി ശപിച്ചുകൊണ്ട് ഞാൻ മുറ്റത്തേക്കിറങ്ങി….. നേരെ കിണറിന്റെ അരമതിലിൽ കയറിയിരുന്നുകൊണ്ട് കഥയെഴുതിതുടങ്ങി…..

പ്രതീക്ഷിച്ചതിനേക്കാൾ നല്ലരീതിയിൽ പ്രേതത്തെക്കുറിച്ച് വിവരിക്കാൻ പറ്റുന്നുണ്ട്…. ഞാൻ മനസ്സിൽ സന്തോഷിച്ചു…. ഭീതിപ്പെടുത്തുന്ന രീതിയിൽ തന്നെയാകട്ടെ ഇന്നത്തെ രചന…. ഒരാളെങ്കിൽ ഒരാളുടെ ഉറക്കം കളയണം…. എന്നിലെ സൈക്കോ ഉണർന്നു….

അപ്പോഴാണ് ഒരിക്കലും വിളിക്കാത്ത ഒരു മരപ്പട്ടി അന്ന് കോൾ ചെയ്യ്തത്…. എടുത്തില്ലെങ്കിൽ വിളിച്ചോണ്ടിരിക്കും…. പ്രേതത്തെക്കുറിച്ച് വർണിക്കാൻ തുടങ്ങിയതായിരുന്നു …. ആ ഫ്ലോയങ്ങു പോയി…..

ഫോണെടുത്ത് സംസാരിച്ചത് അബദ്ധമായി…. രണ്ട് മണിക്കൂറെടുത്തു അവനെക്കൊണ്ട് ഫോൺ കട്ട്‌ചെയ്യിപ്പിക്കാൻ…. ഫോൺ വച്ചതിന് ശേഷം വീണ്ടും ഞാൻ ആ കഥ എഴുതിയത് വരെ ഒന്നുകൂടി വായിച്ചു…. നേരത്തെ എഴുതാൻ തുടങ്ങിയതിലും മികച്ച കാര്യങ്ങൾ മനസ്സിൽ വന്നു…. അപ്പോൾ സമയം രാത്രി 10 കഴിഞ്ഞു…. ഗ്രാമപ്രദേശമായതുകൊണ്ട് 8 മണി കഴിയുമ്പോഴേക്കും എല്ലാവരും കതകടച്ച്‌ ഫ്രണ്ടിലെ ലൈറ്റ് ഓഫ്‌ ചെയ്യും…. എന്റെ വീടിന്റെ മുൻപിൽ മാത്രമാണ് അപ്പോൾ ലൈറ്റ് ഉള്ളത്…. ചുറ്റിനും നല്ല ഇരുട്ട്…..

ഞാൻ എഴുതിത്തുടങ്ങി…..

ആ രൂപം അവനെനോക്കി വികൃതമായി ചിരിക്കാൻ തുടങ്ങി .. അവന്റെ കണ്ണുകളിൽ പതിഞ്ഞത് പുറത്തേക്ക് നീണ്ടുവരുന്ന കൂർത്ത പല്ലുകൾ,,, അതിൽ നിന്നും ചോരത്തുള്ളികൾ ഇറ്റ് വീഴുന്നുണ്ട്…. ശവം കരിഞ്ഞ നാറ്റമാണ് അവനനുഭവപ്പെട്ടത്…. തന്റെ പുറകിലാരോ ഉള്ളതുപോലെ അവന് അനുഭവപ്പെട്ടു…. അവൻ തിരിഞ്ഞു നോക്കാൻ ശ്രമിച്ചെങ്കിലും സാധിക്കുണ്ടായിരുന്നില്ല…. ആ രൂപം അവന് നേർക്ക് അടുത്തുവന്നു… മുഖാമുഖം….. അവനിലെ ധൈര്യമെല്ലാം ചോർന്നു തുടങ്ങി….ആ രൂപം കൈയിലെ കൂർത്ത നഖങ്ങൾകൊണ്ട് അവന്റെ ശരീരത്തിൽ കുത്തിയിറക്കി….അവൻ വേദനകൊണ്ട് പുളഞ്ഞു…. അലറി കരയാൻ അവനാകിന്നില്ല….ആ കുത്തിയിറക്കിയ നഖങ്ങൾ വലിച്ചൂരി അതിൽ പറ്റിപ്പിടിച്ചിരുന്ന അവന്റെ മാംസവും, ചുടുചോരയും നാവുകൊണ്ട് നുണഞ്ഞ് ആ രൂപം വലിയ ശബ്ദത്തിൽ അലറി…..

ഞാൻ ആ രൂപത്തെ മനസ്സിൽകണ്ടെഴുതിയപ്പോൾ മനസ്സിൽ ചെറിയൊരു ഭയം തോന്നി… ഞാൻ ചുറ്റിനും ഒന്നുനോക്കി…. ഭാഗ്യം…. എവിടെയും ആ രൂപം തോന്നിയില്ല…. ബാക്കി എഴുതി തുടങ്ങി…… പെട്ടെന്നാണ് അത് സംഭവിച്ചത്…….

“KSEB ചതിച്ചു…. കറന്റ് പോയി “

ഒന്നും കാണുന്നില്ല ചുറ്റിനും ഇരുട്ട്…. മൊബൈലിലെ വെളിച്ചം മാത്രം…. പെട്ടെന്ന് ടൈംഔട്ടായി ആ വെളിച്ചവും നിന്നു…. മൊബൈൽ വെളിച്ചം ഓണാക്കിയാൽ ചിലപ്പോൾ ആദ്യം കാണുന്നത് പ്രേതത്തിനെയാണോ എന്നൊരു പേടികാരണം ഞാൻ ഓൺ ചെയ്യാൻ പോയില്ല….. മുറിയിലേക്ക് ഓടിയാലോ…. അമ്മേ വിളിച്ചാലോ….. അല്ലേൽ വേണ്ട….പോത്തുപോലെ വളർന്ന എനിക്ക് പേടിയാണെന്നറിഞ്ഞാൽ പിന്നെ നാണക്കേടാണ്….എന്നിലെ ഭയം ഇരട്ടിച്ചു… സകല ദൈവങ്ങളെയും വിളിച്ചു…. പേടിച്ചിട്ട് കണ്ണിൽനിന്നും വെള്ളം വന്നു തുടങ്ങി……. സത്യത്തിൽ വീട്ടിലേക്കുള്ള വഴിപോലും കാണാത്തരീതിയിലുള്ള ഇരുട്ട്…. പേടിച്ചിട്ട് മുട്ടിടിക്കുന്നുമുണ്ട്…. ആ കറന്റ് കളഞ്ഞവനെ മനസ്സിൽ പ്രാകി രണ്ടും കല്പ്പിച്ചു വീട്ടിലേക്ക് ഓടിക്കേറാമെന്ന് വിചാരിച്ചപ്പോഴാണ് മുൻവാതിലിലെ ജനലിൽ കൂടി ഒരു മെഴുകുതിരി വെളിച്ചം ഞാൻ കണ്ടത്…… അമ്മ മെഴുകുതിരി കത്തിച്ചിരിക്കുന്നു….. ആ വെളിച്ചം ലക്ഷ്യമാക്കി തിരിഞ്ഞു നോക്കാതെ ഓടുകയാണോ നടക്കുകയാണോ എന്നറിയില്ല…. പിന്നാണ് മനസിലായത് ഓടുകയായിരുന്നെന്ന്…. കതകിന്റെ അടുത്തുചെന്ന് ” അമ്മേ” ന്ന് വിളിക്കുകയും അമ്മ കതകു തുറക്കുകയും ഒരുപോലെ… അല്പം സ്പീഡ് കൂടിയത് കൊണ്ടും,തുറന്ന കതക് വഴിമാറി തന്നതുകൊണ്ടും നേരെ ചെന്ന് ഉരുണ്ട്പിരണ്ട് വീണത് മെഴുകുതിരിയുടെ നെഞ്ചത്തേക്ക്…. വീണ്ടും കുറ്റാകൂരിരുട്ട്……

അമ്മേന്നൊരു വിളിയായിരുന്നു നാൻ….എന്തോ ഒന്നെന്റെ ദേഹത്തുകൂടി മുട്ടിയുരസി ചാടി കടന്നു പോകുന്നതുപോലെ എനിക്ക് തോന്നി….

കതകടക്കമ്മേ…….ഇവിടെന്തോ ഇണ്ട്…. അതെന്റെ ദേഹത്ത് തൊട്ടു….ഞാൻ വിളിച്ചു കൂവി…

നിനക്കെന്താടാ പന്നി… പ്രാന്താണോ…. ഉള്ള വെട്ടവും കളഞ്ഞു….

പെട്ടെന്നാണ് കറന്റ് വന്നത്….

നോക്കുമ്പോൾ തറയിൽ കിടക്കുന്ന എന്നെനോക്കി രണ്ട് കസേരയിൽ രണ്ടുപേരുണ്ടായിരുന്നു…. ഒന്നെന്റെ അമ്മയും… രണ്ടാമത്തെ കസേരയിൽ എന്റെ പട്ടിയും….

പട്ടിയെ തുറന്നുവിടുമ്പോൾ ആലോചിക്കണം… ദേഹത്ത് ആരോ തൊട്ടെന്ന്… ഒന്നെഴീച്ചു പോടാ…. അമ്മയുടെ സംസാരത്തിൽ ഭീഷണി കലർന്നത് ആ കിടപ്പിലും ഞാൻ ശ്രദ്ധിച്ചു…..

ചമ്മിയ മുഖവുമായി ആ തറയിൽനിന്നും എഴുന്നേക്കുമ്പോൾ എന്നെ പേടിപ്പിച്ച ആ സത്വവും എഴുനേൽക്കാൻ എന്നെ സഹായിക്കുന്നുണ്ടായിരുന്നു…. ന്റെ പട്ടി….. അവന്റെ മുഖത്തുനിന്ന് ചിലതെനിക് വായിച്ചെടുക്കാൻ പറ്റി…

“നിനക്കിത് എന്തിന്റെ കേടാർന്നു…..”

ശരിയാണ് …. എനിക്കിതെന്തിന്റെ കേടാർന്നു…..