ആ തള്ളയുടെയും മോളുടെയും മരണത്തിലും ഇവന് പങ്കുണ്ടാകും, ഇവനെയൊന്നും വെറുതെ വിടരുത്……

കൊലപാതകി

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

” മനോഹരനെ അങ്ങേരുടെ മോൻ കുത്തി കൊന്നു…”

ആ വാർത്ത ആ ഗ്രാമത്തിൽ കാട്ടു തീ പോലെയാണ് പടർന്നത്, അറിഞ്ഞവർ അറിഞ്ഞവർ മനോഹരന്റെ വീട്ടിലേക്ക് ഓടി, ഉമ്മറ വാതിൽപ്പടിയിൽ തലകുമ്പിട്ട് ഇരിക്കുന്ന ദീപുവിന്റെ വലത് കയ്യിൽ അപ്പോഴും കത്തി മുറുക്കെ പിടിച്ചിട്ടുണ്ട്….

രാവിലെ പാൽ കൊണ്ട് വയ്ക്കാൻ വന്ന രമണി ചേച്ചിയാണ് ആദ്യം കൊലപാതകം കണ്ടത്, എന്നും അവർ അടുക്കള വശത്തെ ചായ്പ്പിൽ ആണ് പാൽ കൊണ്ട് വയ്ക്കുന്നത്. അന്ന് ഉമ്മറത്ത് തല കുമ്പിട്ട് ദീപു ഇരിക്കുന്നത് കണ്ടാണ് അവന്റെ അടുക്കലേക്ക് ചെന്നത്, അപ്പോഴാണ് രക്തം കട്ടപിടിച്ച് ഉണങ്ങിയ കത്തി അവൻ മുറുക്കെ പിടിച്ചിരിക്കുന്നത് കണ്ടത്, അവർ അവനിൽ നിന്ന് അൽപ്പം മാറി നിന്ന് തല ഉയർത്തി വീട്ടിലേക്ക് നോക്കുമ്പോൾ ആണ് ചോരയിൽ കുളിച്ചു കിടക്കുന്ന മനോഹരനെ കണ്ടത്. കയ്യിൽ ഉണ്ടായിരുന്ന പാൽ കുപ്പി വലിച്ചെറിഞ്ഞ് അവർ വിളിച്ചുകൊണ്ട് ഓടുമ്പോൾ ആണ് ആ നാട് മുഴുവൻ മനോഹരന്റെ കൊലപാതക കഥ അറിയുന്നത്…

വീടിന് ചുറ്റും ആൾക്കാർ കൂടിയെങ്കിലും ആർക്കും വീട്ടിലേക്ക് കയറാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ദീപു, ഏകദേശം ഇരുപത്തിയഞ്ചോട് പ്രായം കാണും, വീട്ടിലും നാട്ടിലും എല്ലാവർക്കും പ്രീയപ്പെട്ടവൻ ആയിരുന്നു, ആ നാട്ടുകരെ ഞെട്ടിച്ചു കൊണ്ടാണ് രണ്ട് ദിവസം മുന്നേ ദീപുവിന്റെ അമ്മയും അനിയത്തിയും ആത്മഹത്യ ചെയ്തത്, ദീപുവിന്റെ അനിയത്തിയുടെ കല്യാണം ഉറപ്പിച്ചു വച്ചിരുന്നതാണ്, അപ്പോഴാണ് അമ്മയുടെയും മോളുടെയും ആത്മഹത്യ, അവരുടെ കനൽ എരിഞ്ഞു തീരും മുൻപേ ഇപ്പോൾ ഒരു കൊലപാതകവും അത് കൂടി ആയപ്പോൾ നാട്ടുകാർ ഓരോ സംശയങ്ങൾ പറഞ്ഞു തുടങ്ങി….

ആൾക്കൂട്ടത്തിടയിലേക്ക് രണ്ട് പോലീസ് ജീപ്പ് ചീറി പാഞ്ഞു വന്ന് നിന്നു, പുതിയ എസ് ഐ സന്ധ്യ ജീപ്പിൽ നിന്ന് ഇറങ്ങുമ്പോഴേക്കും കോൺസ്റ്റബിൾമാർ നാട്ടുകരെ ഒതുക്കി അവർക്ക് വഴി ഉണ്ടാക്കി കൊടുത്തു. അവർ ചെല്ലുമ്പോഴും ദീപു തലകുമ്പിട്ട് തന്നെ ഇരിക്കുക ആയിരുന്നു. ഒരു കോൺസ്റ്റബിൾ ദീപുവിന്റെ കയ്യിൽ നിന്ന് കത്തി വാങ്ങി, രണ്ടുപേർ ചേർന്നവനെ കൈകളിൽ പിടിച്ചു കൊണ്ട് ജീപ്പിന്റെ അരികിലേക്ക് നടക്കുമ്പോഴും ദീപു തല ഉയർത്തി ആരെയും നോക്കിയിരുന്നില്ല…

” ആ തള്ളയുടെയും മോളുടെയും മരണത്തിലും ഇവന് പങ്കുണ്ടാകും, ഇവനെയൊന്നും വെറുതെ വിടരുത്….”

ആൾക്കൂട്ടത്തിൽ നിന്ന് ആരുടെയോ ശബ്ദം മുഴങ്ങിയപ്പോൾ കൂടെ നിന്നവർ അത് ഏറ്റു പിടിച്ചു, ദീപുവിനെതിരെ ശകരവർഷങ്ങൾ മുഴക്കുന്നതിനൊപ്പം, ചിലരൊക്കെ ദേഷ്യത്തോടെ ദീപുവിനെ ആക്രമിക്കാൻ അരികിലേക്ക് ചെന്നു, അവരുടെ ഇടയിൽ നിന്ന് ഒരു വിധം പോലീസ് അവനെ ജീപ്പിൽ കയറ്റി നേരെ മെഡിക്കൽ എടുക്കാൻ ആശുപത്രിയിലേക്ക് തിരിച്ചു…..

എസ് ഐ സന്ധ്യ വീടിനുള്ളിൽ കയറി, കമഴന്ന് കിടക്കുന്ന മനോഹരന്റെ ചുറ്റും രക്തം അപ്പോഴും തളം കെട്ടി കിടപ്പുണ്ട്, അയാളെ മറിച്ചിടുമ്പോൾ ആ ശരീരം തണുത്ത് മരവിച്ചിരിക്കുന്നത് അവർ അറിഞ്ഞു, കഴുത്തിലും നെഞ്ചിലും വയറിലും കുത്തിയ പാടുണ്ട്, അവർ എഴുന്നേറ്റ് ചുറ്റും നോക്കി, അടിപിടി നടന്ന ലക്ഷണങ്ങൾ ഒന്നും ഇല്ല, ഒഴിഞ്ഞ ഒന്ന് രണ്ട് മ ദ്യകുപ്പികൾ കസേരയുടെ അടിയിൽ കിടപ്പുണ്ട്….

അവർ പുറത്തിറങ്ങി വീടിന് ചുറ്റും നോക്കി മുറ്റത്ത് ഒരു കോണിലെ രണ്ട് ശവകുടീരത്തിന് ചുറ്റും അപ്പോഴും ചൂട് ഉയരുന്നത് അവർക്ക് അനുഭവപ്പെട്ടു. കൂട്ടം കൂടി നിന്നവരിൽ നിന്ന് ഒന്ന് രണ്ടുപേരെ അവർ അരികിലേക്ക് വിളിച്ച് കാര്യങ്ങൾ തിരക്കി എങ്കിലും ദീപുവിനെ കുറിച്ച് ആർക്കും മോശം അഭിപ്രായങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, മറ്റ് ദുശീലങ്ങൾ ഒന്നും ഇല്ലാത്ത നാട്ടുകാർക്ക് പ്രീയപ്പെട്ട ചെറുപ്പക്കാരൻ ആയിരുന്നു ദീപു എന്നവർക്ക് മനസ്സിലായി, മനോഹരന് ചെറിയ മദ്യപിക്കുന്ന സ്വഭാവം ഉള്ളത് അല്ലാതെ വേറെ അടിയോ ബഹളമോ ആ വീട്ടിൽ ഇല്ലായിരുന്നു എന്ന് നാട്ടുകാർ എസ് ഐ യോട് പറഞ്ഞിരുന്നു…

അൽപ്പനേരം കഴിഞ്ഞപ്പോഴേക്കും ഒരു ആംബുലൻസ് വരുകയും മനോഹരന്റെ ബോഡി ആംബുലൻസിൽ കയറ്റി പോകുകയും ചെയ്തു, പുറകെ പോലീസ് ജീപ്പും സ്റ്റേഷനിലേക്ക് പോയി…

സന്ധ്യ ചെല്ലുമ്പോൾ സ്റ്റേഷന്റെ ഒരു മൂലയിൽ ഭിത്തിയും ചാരി കുമ്പിട്ടിരിക്കുകയാണ് ദീപു. അവർ അൽപ്പനേരം അവനെ നോക്കി നിന്നു, അവർ തന്റെ മുറിയിലേക്ക് കയറി പോയ ശേഷമാണ് കോൺസ്റ്റബിളിനോട് അവനെ മുറിയിലേക്ക് കൊണ്ട് വരാൻ പറഞ്ഞിരുന്നു…

” സ്വന്തം അച്ഛനെ കൊന്നിട്ട് തലയും താഴ്ത്തി നിൽക്കുന്നോ, തല ഉയർത്തി മാഡത്തെ നോക്കട…..”

എസ് ഐ യുടെ മുറിയിൽ തല കുമ്പിട്ട് നിൽക്കുന്ന ദീപുവിനോട് കോൻസ്റ്റബിൾ റഹീം അലറി…

ദീപു മെല്ലെ തല ഉയർത്തി എസ് ഐയെ നോക്കി. അവന്റെ കണ്ണുകൾ ചുവന്ന് കൺപോളകൾ തടിച്ചിരിപ്പുണ്ട്. കണ്ണിൽ നിന്ന് കണ്ണുനീർ ചാലുകളായി കവിളിൽ കൂടി ഒലിച്ചിറങ്ങിക്കൊണ്ടിരിപ്പുണ്ട്…

” തന്തയെ കുത്തി കൊന്നിട്ട് കണ്ടില്ലേ അവന്റെ ഒരു മുതലക്കണ്ണീർ…..”

വീണ്ടും റഹീമിന്റെ ശബ്ദം മുഴങ്ങിയപ്പോൾ ദീപു ഒന്ന് പേടിച്ച് ദയനീയമായി അയാളെ നോക്കി…

” ഇവന്റെ മെഡിക്കൽ കിട്ടിയോ…”

ദീപുവിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തന്നെയാണ് സന്ധ്യ അത് ചോദിച്ചത്….

” കിട്ടി മാഡം….”

അത് പറഞ്ഞ് റഹീം റിപ്പോർട്ട് എടുക്കാൻ പോകുമ്പോഴും സന്ധ്യയുടെ കണ്ണുകൾ ദീപിവിന്റെ കണ്ണിൽ തന്നെ ആയിരുന്നു, അവരുടെ മുഖത്ത് നോക്കാൻ കഴിയാതെ ദീപു തല കുമ്പിട്ട് നിന്നു…

” ആൾക്കഹോൾ കണ്ടന്റ് ഒന്നും കിട്ടിയിട്ടില്ല മാഡം, ഇവൻ പച്ചക്ക് തന്നെയാണ് അങ്ങേരെ കൊന്നത്…”

റഹീം പല്ല് കടിച്ചുപിടിച്ച് അതും പറഞ്ഞ് എസ് ഐ ക്ക് നേരെ റിപ്പോർട്ട് നീട്ടി. അവർ അത് തുറന്ന് വായിച്ച ശേഷം റിപ്പോർട്ട് മേശപ്പുറത്തേക്ക് ഇട്ട് എഴുന്നേറ്റ് ദീപുവിന്റെ അരികിൽ ചെന്നു. മേശപ്പുറത്ത് ഇരുന്ന് ലാത്തി കൊണ്ട് ദീപുവിന്റെ താടി ഉയർത്തി….

” നി എന്തിനാ നിന്റെ അച്ഛനെ കൊന്നത്….”

അവന്റെ കണ്ണുകളിൽ നോക്കി സന്ധ്യ ചോദിക്കുമ്പോൾ ദീപു ഒന്നും മിണ്ടാതെ നിന്നെയുള്ളൂ….

” മാഡം ചോദിച്ചത് കേട്ടില്ലെടാ.. പറയടാ,,, എന്തിനാടാ നി നിന്റെ തന്തയെ കൊന്നത്….”

ദീപുവിന്റെ ഷർട്ടിൽ കുത്തി പിടിച്ചുകൊണ്ട് റഹീം വീണ്ടും അലറി.ദീപു അപ്പോഴും മിണ്ടാതെ ഇരുന്നപ്പോൾ റഹീം കൈ ചുരുട്ടി പിടിച്ച് ദീപുവിന്റെ വയറിൽ ഒരു ഇടി കൊടുത്തതും ദീപു രണ്ട് ചുവട് പുറകിലോട്ട് വച്ച് താഴെ വീണു…

” റഹീം…..”

വേണ്ടും ദീപുവിന്റെ അടുക്കലേക്ക് നടന്ന റഹീമിനെ കൈ കൊണ്ട് സന്ധ്യ തടഞ്ഞു…

“അല്ല മാഡം ഇവനൊക്കെ രണ്ടെണ്ണം കിട്ടിയാലേ സത്യം പറയുള്ളൂ…”

കൈകൾ കൂട്ടി തിരുമിക്കൊണ്ട് റഹീം പറഞ്ഞു….

” എന്തിനാടാ നി അങ്ങേരെ കൊന്നത്, സാറിന്റെ കയ്യിൽ നിന്ന് ഇടി വാങ്ങി കൂട്ടാതെ നി വേഗം പറഞ്ഞേ…”

എസ് ഐ യുടെ ശബ്ദം ഉച്ചത്തിൽ ആയിരുന്നു, അപ്പോഴും ദീപു വയറും തടിവി തറയിൽ തന്നെ ഇരിയ്ക്കുക ആയിരുന്നു…

” അങ്ങേര് വെള്ളമടിച്ച് വഴക്കുണ്ടാക്കി അപ്പോഴത്തെ ദേഷ്യത്തിൽ…..”

ദീപു തല കുമ്പിട്ട് കൊണ്ടാണ് അതും പറഞ്ഞത്….

” അതിനാണോ ടാ നി വൈകുന്നേരം കവലയിൽ നിന്ന് പുതിയ കത്തി വാങ്ങിയത്….”

റഹീം അതും പറഞ്ഞ് ദീപുവിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് ഭിത്തിയിൽ ചേർത്ത് നിർത്തി. ദീപു രണ്ട് കയ്യും വയറിൽ അമർത്തി പിടിച്ചുകൊണ്ട് ദയനീയമായി സന്ധ്യയെ നോക്കി…

” പറയടാ….”

റഹീം ദീപുവിന്റെ ഷർട്ടിൽ ഒന്നുകൂടെ മുറുക്കെ കുത്തിപിടിച്ചു കൊണ്ട് പറഞ്ഞപ്പോഴും ദീപു ഒന്നും മിണ്ടാതെ തല കുമ്പിട്ട് നിന്നു…

” എന്തിനാടാ നിന്റെ തളളയും അനിയത്തിയും തൂങ്ങി മരിച്ചത്, നി അവരെ എന്താടാ ചെയ്തത്….”

റഹീമിന്റെ ആ ചോദ്യം കേട്ടപ്പോൾ ദീപു ദേഷ്യത്തോടെ റഹീമിന്റെ മുഖത്തേക്ക് നോക്കി, നേരെത്തെ ചുവന്നിരുന്ന കണ്ണുകൾക്കൊപ്പം ദേഷ്യം കൊണ്ട് മുഖവും ചുവന്ന് വരുന്നത് സന്ധ്യ ശ്രദ്ധിച്ചു….

” നി എന്താടാ നോക്കി പേടിപ്പിക്കുന്നെ… സത്യം പറയെടാ അവർ എന്തിനാ ആത്മഹത്യ ചെയ്തത്, അതോ നി അവരെ കൊന്ന് കെട്ടി തൂക്കിയതാണോ…”

റഹീം അത് പറഞ്ഞ് തീരും മുന്നേ ശകതമായി അലറിക്കൊണ്ട് ദീപു റഹീമിന്റെ കൈകൾ തട്ടി മാറ്റി. ശക്തമായി ശ്വാസം അകത്തേക്കും പുറത്തേക്കും എടുത്തുകൊണ്ട് കിതപ്പോടെ ദീപു റഹീമിനെ തന്നെ നോക്കി നിന്നു…

അപ്പോഴേക്കും ഒന്ന് രണ്ട് പൊലീസുകാർ കൂടി എസ് ഐ യുടെ മുറിയിലേക്ക് കയറി വന്ന്, ദീപുവിന്റെ കൈകൾ പുറകിലേക്ക് ചേർത്ത് വച്ച് വിലങ്ങിട്ടു, അപ്പോഴും ദീപു വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. വിലങ്ങിട്ട് കഴിഞ്ഞ പോലീസുകാരോട് പോകാൻ സന്ധ്യ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ അവർ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി…

റഹീം വീണ്ടും ദേഷ്യത്തോടെ ദീപുവിന്റെ അരികിലേക്ക് നീങ്ങി നിന്നു….

” നീ കൈ തട്ടി മറ്റും അല്ലേടാ….”

അത് പറഞ്ഞ് റഹീം ദീപുവിന്റെ നെഞ്ചിൽ ഒരു തള്ള് കൊടുക്കുകയും രണ്ട് ചുവട് പിന്നിലേക്ക് വച്ച് ദീപു ഭിത്തിയിൽ ചാരി നിന്നു….

” പറയെടാ എങ്ങനെയാ നിന്റെ തളളയും അനിയത്തിയും മരിച്ചത്….”

ഭിത്തിയും ചാരി നിന്ന ദീപുവിന്റെ ഷർട്ടിൽ വീണ്ടും റഹീം കുത്തി പിടിച്ചു കൊണ്ട് ചോദിച്ചപ്പോൾ ദീപു ഒന്നും മിണ്ടാതെ ദേഷ്യം അടക്കി പല്ലുകൾ കടിച്ചു പിടിച്ചു നിന്നു….

” മാഡം ഇവൻ പറയുന്ന ലക്ഷണം ഇല്ല, നമുക്ക് അത് കൂടി പുനരന്വേക്ഷിക്കേണ്ടി വരും, മൂന്ന് കൊലപാതകൾ ചെയ്ത മഹാന്റെ തനി സ്വഭാവം നാട്ടുകാരെ കൂടി അറിയിക്കണം…”

ദീപുവിന്റെ ഷർട്ടിൽ നിന്ന് പിടി വിട്ട് റഹീം സന്ധ്യയോട് പറയുമ്പോൾ സന്ധ്യ തല കുലുക്കി മേശയിൽ ചാരി നിന്നു…

” എന്തായാലും പത്രക്കാർ ഒക്കെ പുറത്ത് ഉണ്ട്, നമുക്ക് അങ്ങനെ ഒരു പ്രസ്താവന കൊടുക്കാം, ബാക്കി കഥകൾ ഒക്കെ അവർ ചേർത്ത് നല്ല ചൂടോടെ ബ്രേക്കിംഗ് ന്യൂസ് കൊടുത്തോളും…”

സന്ധ്യ അത് പറഞ്ഞപ്പോൾ റഹീം തല കുലുക്കി….

” എന്നാൽ നമുക്ക് അവരുടെ അടുത്തേക്ക് പോകാം മാഡം, നാട്ടുകാർ മൊത്തം പുറത്തുണ്ട്…”

അത് പറഞ്ഞ് റഹീം മുന്നോട്ട് നടന്നു….

” ഇല്ല സാറേ…. ഞാൻ…. ഞാൻ അങ്ങേരെ മാത്രമേ കൊന്നിട്ടുള്ളൂ…. പക്ഷെ എന്റെ അമ്മ…… അനിയത്തി….. അവരെ…. അവരെ…. ഞാൻ ഒന്നും ചെയ്തിട്ടില്ല സാറേ…..സത്യമായിട്ടും അവരെ ഞാൻ ഒന്നും ചെയ്തിട്ടില്ല…..”

ഒഴുകി വന്ന കണ്ണുനീർ തല ചരിച്ച് തോളിൽ തുടയ്ക്കാൻ ശ്രമിച്ചു കൊണ്ട് ദീപു പറഞ്ഞു…

” എന്നാൽ പിന്നെ അവർ എന്തിനാടാ ആത്മഹത്യ ചെയ്തത്….”

ദേഷ്യത്തോടെയുള്ള ചോദ്യം സന്ധ്യയുടേത് ആയിരുന്നു….

” അറിയില്ല മാഡം എനിക്കറിയില്ല…”

കണ്ണീരിനൊപ്പം ഒലിച്ചിറങ്ങുന്ന മൂക്ക് ശക്തമായി ഉള്ളിലേക്ക് വലിച്ച് കയറ്റികൊണ്ട് ദീപു വീണ്ടും പറഞ്ഞു….

” നി പറയേണ്ട നാട്ടുകരെ അറിയിക്കുമ്പോൾ പല തെളിവുകളും താനെ കിട്ടും….”

അത് പറഞ്ഞ് സന്ധ്യ മുന്നോട്ട് നടക്കുമ്പോൾ ദീപു അവരുടെ കാലിലേക്ക് വീണു….

” പ്ലീസ് മാഡം എന്റെ അമ്മയേയും അനിയത്തിയെയും പറ്റി ഒന്നും പറയരുത് മാഡം… പ്ലീസ് മാഡം…. “

അത് പറഞ്ഞ് തന്റെ കാലിൻ ചുവട്ടിൽ കിടക്കുന്ന ദീപുവിനെയും വാതിൽക്കൽ നിൽക്കുന്ന റഹീമിനെയും സന്ധ്യ മാറി മാറി നോക്കി….

” എഴുന്നേൽക്കട,, അവന്റെ ഒരു കരച്ചിൽ….”

അത് പറഞ്ഞ് റഹീം ദീപുവിനെ പിടിച്ചെഴുന്നേല്പിച്ചു….

” ശരി ഞങ്ങൾ പറയില്ല, എന്നാൽ അവർ മരിക്കാനുള്ള കാരണം നി ഞങ്ങളോട് പറയണം…..”

സന്ധ്യ അത് പറയുമ്പോൾ ദീപു അൽപ്പനേരം ഒന്നും മിണ്ടിയില്ല. പതിയെ ദീപുവിന്റെ കിതപ്പ് കുറഞ്ഞു വന്നു കരച്ചിൽ നിന്ന് ദീപു ഒന്ന് ശാന്തമാകുന്നത് വരെ സന്ധ്യയും റഹീമും ഒന്നും മിണ്ടാതെ ഇരുന്നു….

” അങ്ങേരെ മാത്രമേ ഞാൻ കൊന്നുള്ളൂ മാഡം, അങ്ങേരെ കൊല്ലാൻ തന്നെയാണ് അന്ന് കത്തി വാങ്ങിയതും….”

കുറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം ദീപു സംസാരിച്ചു തുടങ്ങി….

” അങ്ങേര് ഇടയ്ക്ക് മ ദ്യപിച്ച് അമ്മയും ആയി വഴക്കിടുമെങ്കിലും, എന്നോടും അനിയത്തിയോടും സ്നേഹം ഉണ്ടായിരുന്നു. അവളുടെ…… അവളുടെ കല്യാണം ഉറപ്പിച്ച ശേഷം എനിക്കും അമ്മയ്ക്കും ആയിരുന്നു ടെൻഷൻ, കല്യാണത്തിനുള്ള പൈസ ഒപ്പിക്കാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു ഞങ്ങൾ, അച്ഛൻ.. അങ്ങേർക്ക് അതിനെക്കുറിച്ച് ഒരു ചിന്തയും ഇല്ലായിരുന്നു, ജോലിക്ക് പോകുക കിട്ടുന്നതിന് മൊത്തം കുടിക്കുക ആ ഒരു ചിന്തയെ ഉള്ളായിരുന്നുള്ളൂ…..”

ദീപു പറയുന്നത് ശ്രദ്ധയോടെ സന്ധ്യയും റഹീമും കേട്ടിരുന്നു….

” അന്ന് ഒരു ലോണിന്റെ കാര്യത്തിനാണ് ഞാനും അമ്മയും ബാങ്കിൽ പോയത്, പോയി വരുമ്പോൾ കവലയിൽ വച്ചാണ് സുഹൃത്തിനെ കണ്ടത്. അത്യാവശ്യം ഒരിടത്ത് പെയിന്റിങ് ജോലി ഉണ്ടെന്ന് അവൻ പറഞ്ഞപ്പോ അമ്മയോട് വീട്ടിലേക്ക് പോകാൻ പറഞ്ഞ് ഞാൻ അവനോടൊപ്പം പോയി. അടുത്ത ദിവസം ആ വീട്ടിൽ കയറി താമസം ആയത് കൊണ്ട് രാത്രിയും അല്ലറ ചില്ലറ പണി ഉണ്ടായിരുന്നു…..

ഏതാണ്ട് പന്ത്രണ്ട് മണി കഴിഞ്ഞപ്പോഴാണ് സുഹൃത്ത് വീട്ടിൽ പോകാം എന്ന് പറഞ്ഞത്. വർക്ക് തീർന്നില്ലലോ എന്ന് പറഞ്ഞെങ്കിലും സരമില്ല എന്ന് പറഞ്ഞവൻ കൂട്ടിക്കൊണ്ട് പോയത്, എന്റെ അമ്മയുടെയും അനിയത്തിയുടെയും ശവത്തിന്റെ അടുക്കലേക്ക് ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല സാറേ……”

അത് പറഞ്ഞു തീരും മുന്നേ ദീപു വീണ്ടും പൊട്ടി കരഞ്ഞു തുടങ്ങിയപ്പോൾ, സന്ധ്യ തന്നെയാണ് റഹീമിനോട് അവന്റെ വിലങ്ങുകൾ അഴിച്ചു മാറ്റാൻ പറഞ്ഞത്. കൈകൾ സ്വതന്ത്രമായ അവൻ മുണ്ടിന്റെ തുമ്പ് കൊണ്ട് മുഖം തുടച്ചു…..

” അന്ന് ഞാനും അമ്മയ്ക്കൊപ്പം വീട്ടിൽ പോയിരുന്നു എങ്കിൽ എനിക്കവരെ നഷ്ടം ആകില്ലയിരുന്നു മാഡം, പകരം അങ്ങേരെ ഒരു ദിവസം മുന്നേ ഞാൻ കൊന്നേനെ….”

വീണ്ടും ദീപുവിന്റെ കണ്ണും മുഖവും ചുവന്ന് വരുന്നത് സന്ധ്യ ശ്രദ്ധിച്ചിരുന്നു…

” എന്റെ മുറിയിലെ ബെഡിന്റെ അടിയിൽ നിന്ന് ആ തുണ്ട് പേപ്പർ കിട്ടുന്നത് വരെ അവർ എന്തിനാ മരിച്ചത് എന്നെനിക്ക് അറിയില്ലായിരുന്നു മാഡം…..”

രണ്ട് കയ്യും കൊണ്ട് രണ്ട് കണ്ണും ശക്തമായി തുടച്ച് കൊണ്ട് ദീപു തന്റെ ഇടുപ്പിൽ നിന്ന് ഒരു തുണ്ട് പേപ്പർ തുറന്ന് സന്ധ്യയ്ക്ക് നേരെ നീട്ടി. റഹീം ആണ് അത് അവന്റെ കയ്യിൽ നിന്ന് വാങ്ങി വായിക്കാൻ തുടങ്ങിയത്….

“മോനെ… ഇത്‌ എപ്പോഴാണ് നിന്റെ കയ്യിൽ കിട്ടുക എന്നറിയില്ല, അങ്ങേര് ദീപയെ ന ശിപ്പിച്ചട,,, ഇനി എങ്ങനെയാടാ നമ്മൾ ജീവിക്കുക, ജന്മം നൽകിയ ആള് തന്നെ…. പറ്റുന്നില്ല മോനെ, അവളെ നാളെ സമൂഹവും, മാധ്യമങ്ങളും, പോലീസും,കോടതിയും കീറിമുറിച്ചു ചോദ്യം ചെയ്യുന്നത് കാണാൻ വയ്യ…. ഞങ്ങൾ പോകുവാടാ, ഇത്‌ നിന്റെ കയ്യിൽ കിട്ടിയാൽ ആരോടും പറയരുത്, അങ്ങേർക്കുള്ളത് ദൈവം കൊടുത്തോളും,, മോൻ സന്തോഷത്തോടെ ജീവിക്കണേടാ……”

കണ്ണുനീർ വീണ് മഷിപടർന്ന പല അക്ഷരങ്ങളും കൂട്ടി ചേർത്താണ് റഹീം അത് വായിച്ചു തീർത്തത്. വായിച്ചു കേട്ട് കഴിഞ്ഞപ്പോഴേക്കും അൽപ്പനേരം സന്ധ്യയും റഹീമും മുഖത്തോട് മുഖം നോക്കി നിന്നുപോയി…

” സ്വന്തം മോളെ നശിപ്പിച്ച അങ്ങേരെ പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു മാഡം… ഞാൻ തന്നെയാ അങ്ങേരെ കൊന്നത്, ആ ശരീരത്തിൽ കത്തി ഇറക്കുമ്പോൾ എന്റെ കൈകൾ വിറച്ചിരുന്നില്ല, ചെയ്തത് ഓർത്ത് എനിക്ക് ഒരിറ്റ് കുറ്റബോധവും ഇല്ല മാഡം….

പക്ഷേ… എന്റെ അനിയത്തി….. അവളെ ഇതിലേക്ക് വലിച്ചിടരുത് മാഡം… അവൾ എല്ലാവർക്കും പ്രീയപ്പെട്ടവൾ ആയിരുന്നു….. പഠിക്കാനും മിടുക്കി….. അവളെ കുറിച്ച് നാട്ടുകാർ പറഞ്ഞു ചിരിക്കുന്നത് കാണാൻ വയ്യ മാഡം…. അല്ലെതന്നെ അങ്ങേർക്കുള്ള ശിക്ഷ ഞാൻ കൊടുത്ത് കഴിഞ്ഞല്ലോ മാഡം…. ഇനി അവരെ ഇതിലേക്ക് വലിച്ചിടരുത് മാഡം ഞാൻ കാല് പിടിക്കാം മാഡം..”

അത് പറഞ്ഞ് ദീപു വീണ്ടും സന്ധ്യയുടെ കാലിലേക്ക് വീണു. റഹീം ആണ് ദീപുവിനെ പിടിച്ചെഴുന്നേല്പിച്ച് കസേരയിൽ ഇരുത്തിയത്. ഒരു ഗ്ലാസ് വെള്ളം ദീപുവിന്റെ നേർക്ക് നീട്ടിയതും റഹീം ആയിരുന്നു. ഒറ്റ വലിക്ക് വെള്ളം കുടിച്ച് ദീപു രണ്ടുപേരെയും മാറി മാറി ദയനീയമായി നോക്കി ഇരുന്നു….

” മാഡം…”

റഹീം സന്ധ്യയെ വിളിച്ചു കൊണ്ട് ദീപുവിൽ നിന്ന് അല്പം മാറി നിന്നു. സന്ധ്യയും റഹീമിന്റെ അരികിലേക്ക് ചെന്നു…

” എന്താ മാഡം ഇപ്പോൾ ചെയ്യുക…”

“ഞാനും അതാണ് റഹീം ആലോചിക്കുന്നത്…..”

അൽപ്പനേരം രണ്ടുപേരും എന്തോ ആലോചിച്ച് നിന്നു…

” സത്യത്തിൽ അവൻ ചെയ്തത് അല്ലെ ശരി,, ആ ചെ റ്റയെ കൊല്ലുകയല്ലേ മാഡം വേണ്ടത്…”

അൽപ്പനേരം ആലോചിച്ചു നിന്ന ശേഷം റഹീം പറഞ്ഞപ്പോൾ സന്ധ്യ ഒന്നും മിണ്ടാതെ തലയാട്ടി നിന്നതെയുള്ളൂ….

” അതേ മാഡം ആ ചെറ്റയെയൊക്കെ കൊന്ന് തള്ളുകയാണ് വേണ്ടത്, അതും സ്വന്തം മോളെ… ശ്ശേ……”

റഹീം ദേഷ്യം കൊണ്ട് പല്ലുകൾ കടിച്ചുപിടിച്ചുകൊണ്ട് പറഞ്ഞു…

” അല്ലേതന്നെ, ആ കൊച്ചും മരിച്ചു അങ്ങേരും മരിച്ചു, ഇനിയിപ്പോ എന്തിനാ മാഡം അതൊകെ കുത്തിപൊക്കിയിട്ട്, അവർ പറഞ്ഞപോലെ ആ പെണ്ണിനെകുറിച്ച് കുറെ അന്തി ചർച്ച നടത്താനോ, നാട്ടുകാർക്ക് വെറുതെ കഥകൾ പറഞ്ഞു നടക്കാനോ, അതിന്റെ പേരിൽ ആ കൊച്ചിനെ ഫോട്ടോയും വച്ച് നവ മാധ്യമങ്ങൾ വായ് തോരാതെ പ്രസംഗിക്കനോ…. എനിക്കും ഉണ്ട് മാഡം കെട്ടിക്കാറായ ഒരു കുഞ്ഞനുജത്തി, അവൾക്കാണ് ഇത് സംഭവിച്ചിരുന്നത് എങ്കിലും ഞാനും ഇതുപോലെയൊക്കെയെ ചെയ്യുള്ളു…. മാഡത്തിനും ഒരു മോൾ ഇല്ലേ…”

റഹീം പറഞ്ഞവസാനിപ്പിക്കുമ്പോൾ സന്ധ്യ തല കുലുക്കി നിന്നതെയുള്ളൂ…

” മാഡം അവിടെ നാട്ടുകാരും പത്രക്കാരും ബഹളം വച്ചുതുടങ്ങി….”

മറ്റൊരു പോലീസുകാരൻ അവർക്കിടയിൽ വന്ന് പറയുമ്പോൾ “വരുന്നു..” എന്ന് അയാളോട് പറഞ്ഞുകൊണ്ട് സന്ധ്യ നടന്നു പിന്നാലെ റഹീമും….

സന്ധ്യയെ കണ്ടപ്പോഴും പത്രക്കാർ ഒരുപാട് ചോദ്യങ്ങളുമായി മുന്നിലേക്ക് വന്നു. അവർക്ക് നേരെ കൈ ഉയർത്തി നിശബ്ദരാകാൻ ആംഗ്യം കാണിച്ചു…

” പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്, പ്രതിയുടെ സഹോദരിയുടെ കല്യാണത്തിന് പ്രതിയുടെ പിതാവ് സഹായം ഒന്നും ചെയ്യാതെ വരുകയും, പറഞ്ഞ സമയത്ത് പൈസ ഒന്നും ശരിയാകാതേ വന്ന വിഷമത്തിലാണ് പ്രതിയുടെ സഹോദരിയും അമ്മയും ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം, കഴിഞ്ഞ ദിവസം മ ദ്യപിച്ച് വന്ന പ്രതിയും പിതാവും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും, അതേ തുടർന്ന് ഉണ്ടായ കയ്യങ്കാളിയിൽ പ്രതി പിതാവിനെ കുത്തി കൊല്ലുകയായിരുന്നു…

പ്രതിയെ അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കും. ബാക്കി വഴിയേ അറിയിക്കാം…..”

പത്രക്കാരുടെ ചോദ്യങ്ങൾ വീണ്ടും ഉയർന്നെങ്കിലും സന്ധ്യ മറുപടി നൽകാതെ ഉള്ളിലേക്ക് കയറിപ്പോയി. തന്റെ മുറിയിൽ ചെല്ലുമ്പോൾ ദീപു അവരെ നോക്കി കൈകൾ കൂപ്പി നിന്നു…..

അന്ന് വൈകുന്നേരം മ ദ്യ ലഹരിയിൽ പിതാവിനെ കൊന്ന മകനെ കുറിച്ച് അന്തിച്ചർച്ചകൾ നടക്കുമ്പോഴും, നാട്ടിൽ ദീപുവിനെ കുറിച്ച് ഓരോ കഥകൾ ഉയരുമ്പോഴും, നവമാധ്യമങ്ങളിൽ കൊലപാതകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാക്ക് പോര് നടക്കുമ്പോഴും, ചെയ്ത് കൊലയെ കുറിച്ച് ഒരു തുള്ളി കുറ്റബോധം ഇല്ലാതെ ഇരുമ്പഴികൾക്കുള്ളിൽ ദീപു സമാധാനത്തോടെ കിടന്നു…..