എഴുത്ത്:-അപ്പു
ഡോക്ടർ അമൃത നായർ എന്ന് ബോർഡ് വച്ച് വീടിന്റെ ഗേറ്റിനു മുന്നിൽ നിൽക്കുമ്പോൾ വല്ലാത്തൊരു പരിഭ്രമം അനുഭവപ്പെടുന്നുണ്ടായിരുന്നു. അവൾക്ക് ഇത്രയും വർഷങ്ങൾക്ക് ശേഷം തന്നെ കണ്ടാൽ മനസ്സിലാകുമോ എന്ന് പോലും അറിയില്ല.
ഇത്രയും ബുദ്ധിമുട്ടി ഇവിടെ വരെ വരേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി.തിരിച്ചുപോകാം എന്നൊരു തീരുമാനത്തിലേക്ക് എത്തിയപ്പോഴേക്കും ഗേറ്റിൽ നിന്ന സെക്യൂരിറ്റി എന്നെ കണ്ടിരുന്നു.
അയാൾ വേഗത്തിൽ ഗേറ്റിനടുത്തേക്ക് വന്നു.
” മേഡത്തെ കാണാനാണോ..? “
അയാൾ ചോദിച്ചപ്പോൾ അതെ എന്ന് തല കുലുക്കി.
” എങ്കിൽ അകത്തേക്ക് കയറി ഇരുന്നോളൂ.മാഡം ഇന്ന് എത്താൻ ഇത്തിരി താമസിക്കും എന്ന് പറഞ്ഞിട്ടുണ്ട്.ഓപ്പറേഷൻ എന്തോ ഉള്ള ദിവസമാണ്.”
സെക്യൂരിറ്റി ക്ഷണിച്ചപ്പോൾ തിരികെ പോകാൻ മനസ്സ് വന്നില്ല. അതിനെക്കാൾ ഉപരി അവളെ കാണാൻ അത്രത്തോളം ഞാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു.
അയാളുടെ ക്ഷണം സ്വീകരിച്ച് അകത്തേക്ക് കയറിയിരുന്നു.അതിഥികൾക്ക് വന്നിരിക്കാൻ അവിടെ വിശാലമായ ഒരു ഏരിയ തന്നെ ഉണ്ടായിരുന്നു.
അതിഥികൾ എന്ന് പറഞ്ഞാൽ അവളുടെ പേഷ്യൻസ്. നല്ല രീതിയിൽ തന്നെ അവിടെ ഒരുക്കിയിട്ടുണ്ട്.
സുന്ദരമായ ഒരു അന്തരീക്ഷം.. അവിടെ ഇരിക്കുമ്പോൾ തന്നെ ടെൻഷൻ പകുതിയും കുറഞ്ഞു കിട്ടുന്നത് പോലെ അനുഭവപ്പെടും.
അവൾ ഇപ്പോൾ എങ്ങനെയായിരിക്കും..? സ്വഭാവത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നിട്ടുണ്ടാകുമോ..?
അങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് ഇരമ്പി കയറുന്നുണ്ടായിരുന്നു.
അപ്പോൾ മനസ്സിൽ തെളിഞ്ഞു നിന്നത്,ആ സ്കൂളിലെ എന്റെ ആദ്യ ദിവസമായിരുന്നു.
അച്ഛനോടൊപ്പം ആയിരുന്നു ഞാൻ ആ സ്കൂളിന്റെ പടി ചവിട്ടിയത്.അച്ഛന് തുടർച്ചയായി കിട്ടുന്ന ട്രാൻസ്ഫറുകൾ കാരണം എന്റെ എട്ടാം ക്ലാസിലെ വിദ്യാഭ്യാസത്തിനിടയ്ക്ക് അഞ്ചു സ്കൂളുകൾ എങ്കിലും കുറഞ്ഞത് ഞാൻ മാറിയിട്ടുണ്ടാകും. അതുകൊണ്ടു തന്നെ വല്ലാത്തൊരു അമർഷത്തോടെയാണ് സ്കൂളിലേക്ക് കയറി.
ഈ സ്കൂളിൽ എങ്കിലും രണ്ടു വർഷം തികച്ച് പഠിക്കാൻ കഴിയണമെന്ന് വല്ലാത്തൊരു ആഗ്രഹമുണ്ടായിരുന്നു.
അച്ഛൻ പോലീസ് ഓഫീസർ ആയിരുന്നു. മേലുദ്യോഗസ്ഥരുടെ കള്ളത്തരങ്ങൾക്ക് കൂട്ടു നിൽക്കാത്തതു കൊണ്ടുതന്നെ അവരുടെയൊക്കെ കണ്ണിലെ കരട് ആയിരുന്നു അച്ഛൻ. അതുകൊണ്ടു തന്നെ ഇടയ്ക്കിടയ്ക്ക് ട്രാൻസ്ഫർ കിട്ടാറുണ്ട്.
ഒരു നാട്ടിലും ഉറച്ചു നിൽക്കാൻ സമ്മതിക്കാത്ത ഇങ്ങനെയുള്ള ഓട്ടം കാരണം അച്ഛനോട് എനിക്ക് ദേഷ്യം ആയിരുന്നു. ഇടയ്ക്കിടയ്ക്ക് ഓരോ നാടുകളിലേക്ക് പോകുമ്പോഴും അവിടെ ഒരു സൗഹൃദം കണ്ടെത്താനും അവരോടൊപ്പം കൂടാനും ഞാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.
അമ്മയുടെ കാര്യവും അങ്ങനെയൊക്കെ തന്നെ. അച്ഛന്റെ ഈ ട്രാൻസ്ഫർ കാരണം അമ്മയ്ക്ക് ഒരു ജോലി നോക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു.
സ്കൂളിൽ ചെന്ന് അഡ്മിഷൻ നടപടികൾക്ക് ശേഷം എന്നെ ക്ലാസിലേക്ക് കൊണ്ടാക്കി.വർഷത്തിന്റെ പകുതിയിൽ ക്ലാസ്സിലേക്ക് കയറി ചെല്ലുന്ന കുട്ടി ആയതുകൊണ്ട് തന്നെ എല്ലാവരും ഒരു അത്ഭുത ജീവിയെ പോലെയാണ് എന്നെ നോക്കിയത്.
എല്ലാവരെയും നോക്കി ചിരിച്ചു.പക്ഷേ ഇരിക്കാൻ ഒരിടം കിട്ടാതെ ഞാൻ ദയനീയമായി അധ്യാപകനെ നോക്കി. എനിക്ക് ഇരിക്കാൻ ഒരു സീറ്റിനു വേണ്ടി പരതുകയായിരുന്നു അദ്ദേഹവും.
പെട്ടെന്നാണ് ഒഴിഞ്ഞു കിടക്കുന്ന ഒരു സീറ്റ് എന്റെ കണ്ണിൽ പെട്ടത്. അത് ഞാൻ അധ്യാപകനോട് പറയുന്നതിനു മുൻപ് തന്നെ അദ്ദേഹം എന്റെ ശ്രദ്ധയിലേക്ക് അത് പെടുത്തി.
” നയന അവിടെ ഇരുന്നോളൂ.. “
എനിക്ക് ചൂണ്ടിക്കാണിച്ച സീറ്റിലേക്ക് ചെന്ന് ഞാനിരുന്നു. തൊട്ടപ്പുറത്തിരുന്ന പെൺകുട്ടിയെ നോക്കി ചിരിച്ചു. അവളും മനോഹരമായ ഒരു പുഞ്ചിരി എനിക്ക് മടക്കി തന്നു.
പിന്നീട് അവൾ ആയിരുന്നു എന്റെ സുഹൃത്ത്.എനിക്ക് മിസ്സായി പോയ പാഠഭാഗങ്ങൾ എനിക്ക് പറഞ്ഞു തരാനും,എനിക്ക് നോട്ടുകൾ എഴുതാനും, ഒക്കെ അവൾ എന്നെ സഹായിച്ചു. പതിയെ പതിയെ ഞങ്ങൾ തമ്മിൽ ആത്മാർത്ഥമായ സൗഹൃദം രൂപപ്പെടുകയായിരുന്നു.
വർഷാവർഷം ട്രാൻസ്ഫർ കിട്ടിക്കൊണ്ടിരുന്ന അച്ഛന് ആ വർഷം ട്രാൻസ്ഫർ കിട്ടിയില്ല. അതോടെ അവളുമായി കൂടുതൽ അടുക്കാനുള്ള അവസരം എനിക്ക് കിട്ടി.
അവളോടൊപ്പം അവളുടെ വീട്ടിലേക്ക് മിക്കപ്പോഴും ഞാൻ പോകാറുണ്ടായിരുന്നു. എന്റെ വീടിനടുത്ത് തന്നെയായിരുന്നു അവളുടെ വീട്. അവളുടെ സുഹൃത്തുക്കൾ ഒക്കെയും എന്റെയും സുഹൃത്തുക്കളായി. അവളുടെ വിശേഷങ്ങൾ ഒക്കെ എന്റെയും വിശേഷങ്ങൾ ആയി.
ഞങ്ങൾ തമ്മിലുള്ള അടുപ്പം കുടുംബങ്ങളെയും തമ്മിലടുപ്പിച്ചു. ഞാൻ ഒമ്പതാം ക്ലാസ് കഴിഞ്ഞ സമയത്താണ് അച്ഛന് വീണ്ടും ഒരു ട്രാൻസ്ഫർ ആയത്.
മറ്റുള്ള നാടുകളിൽ നിന്ന് വ്യത്യസ്തമായി ഈ നാടും ഇവിടത്തെ ആളുകളും ഞങ്ങൾക്ക് അത്രയേറെ പ്രിയങ്കരമായി മാറിയിരുന്നു. അതിനിടയിൽ വന്ന ട്രാൻസ്ഫർ ഞങ്ങളെ എല്ലാവരെയും ഒരുപോലെ വിഷമിപ്പിച്ചു.
പക്ഷേ അച്ഛനോടൊപ്പം പോവുകയല്ലാതെ മറ്റു നിർവാഹം ഒന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല. അത്യധികം വിഷമത്തോടെയാണ് യാത്ര പറഞ്ഞത്.
ആ കാലയളവു കൊണ്ട് അമൃത എനിക്ക് അമ്മുമായി മാറിയിരുന്നു. അമ്മുവിനോട് യാത്ര പറയുമ്പോൾ ഞങ്ങൾ രണ്ടുപേരും പൊട്ടിക്കരഞ്ഞു പോയി.
പത്താംക്ലാസിൽ പുതിയൊരു സ്കൂളിലാണ് ഞാൻ അഡ്മിഷൻ എടുത്തത്. ആദ്യമൊക്കെ ഇടയ്ക്കെങ്കിലും കത്തുകളിലൂടെ ഞങ്ങൾ പരസ്പരം വിശേഷം കൈമാറിയിരുന്നു. പക്ഷേ പിന്നീട് പഠനത്തിരക്കുകളിലേക്ക് പോയപ്പോൾ അതിനുള്ള അവസരം കിട്ടാതെ ആയി.
പിന്നെയും പല പല സ്കൂളുകളിൽ മാറിമാറി ഞാൻ പഠിച്ചു. ഫേസ്ബുക്കും മറ്റും വന്ന കാലത്ത് അവളെ അതിലൊക്കെ ഒന്ന് തപ്പി നോക്കിയെങ്കിലും ഒരിടത്തു നിന്നും അവളെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.
ചെറുപ്പം മുതൽക്ക് തന്നെ ആതുര സേവനത്തിൽ താല്പര്യമുള്ളതു കൊണ്ട് എന്റെ പ്രൊഫഷനായി ഞാൻ തിരഞ്ഞെടുത്തത് അത് തന്നെയായിരുന്നു.പഠനം കഴിഞ്ഞ് ജോലിയിൽ കയറുകയും ചെയ്തു.
ഇടയ്ക്ക് ഒരു സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് പഠിക്കാനായി അമേരിക്കയിലേക്ക് പോയിരുന്നു. അവിടെയുള്ള സമയത്താണ് പഴയ എട്ടാം ക്ലാസിലെ കുട്ടികളുടെയൊക്കെ ഒരു ഗ്രൂപ്പ് കണ്ണിൽപ്പെടുന്നത്. ഫേസ്ബുക്കിൽ ഉണ്ടായിരുന്ന ഗ്രൂപ്പിൽ മിക്കവാറും എല്ലാവരും ഉണ്ടായിരുന്നു. പക്ഷേ അപ്പോഴും അമൃത മാത്രം ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.
അവളെവിടെ എന്നുള്ള അന്വേഷണങ്ങൾ പകുതി വഴിയിൽ നിന്നു പോയിരുന്നു. അമേരിക്കയിൽ നിന്നും മടങ്ങി വന്നപ്പോൾ ആദ്യം മനസ്സിൽ ഉണ്ടായിരുന്ന ലക്ഷ്യം അവളെ കണ്ടെത്തുക എന്നുള്ളതായിരുന്നു.
അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അവർക്കും അതിൽ ഇരട്ടി സന്തോഷമായിരുന്നു. അവളെയും തേടി ആദ്യം പോയത് ഞങ്ങൾ അന്ന് താമസിച്ചിരുന്ന ആ നാട്ടിലേക്ക് ആണ്. അവിടുന്ന് കിട്ടിയ വിവരം എന്നെ വല്ലാതെ നിരാശപ്പെടുത്തി.
അവളും കുടുംബവും വർഷങ്ങൾക്കു മുൻപ് അവിടെ നിന്ന് താമസം മാറിപ്പോയി എന്നാണ് അറിയാൻ കഴിഞ്ഞത്.അവിടെ ഒരു നാട്ടുകാരന്റെ സഹായത്തോടെയാണ് അവൾ ഇപ്പോഴുള്ള സ്ഥലം കണ്ടുപിടിച്ചത്.
സ്ഥലം കണ്ടുപിടിച്ച ആവേശത്തിൽ ഇവിടെ എത്തിക്കഴിഞ്ഞാൽ അവൾക്ക് തന്നെ ഓർമ്മയുണ്ടാകുമോ എന്നു പോലും ചിന്തിച്ചത്.
ഒരു കാറിന്റെ ഹോണടി കേട്ടപ്പോഴാണ് ചിന്തകളിൽ നിന്ന് പുറത്തേക്കു വന്നത്. അമൃത എത്തിക്കഴിഞ്ഞു എന്ന് മനസ്സിലായി.
അവളെ കാണുന്ന നിമിഷത്തിനു വേണ്ടി ആകാംക്ഷയോടെ ഞാൻ കാത്തിരുന്നു.
കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് സുന്ദരിയായ ഒരു യുവതി പുറത്തേക്ക് ഇറങ്ങി. ആ യുവതിക്ക് എന്റെ അമ്മുവിന്റെ ഛായയായിരുന്നു.
ഞാൻ വാതിലിനു അടുത്തേക്ക് കുറച്ചു കൂടി നീങ്ങി നിന്നു. പക്ഷേ ഫോണിൽ സംസാരിച്ച് അകത്തേക്ക് കയറി വന്ന അവൾ എന്നെ ശ്രദ്ധിച്ചില്ല. രോഗികൾ ആരെങ്കിലുമാണെന്ന് കരുതിയിട്ടുണ്ടാകും.
നിരാശയോടെ പിൻവാങ്ങാൻ തുടങ്ങിയ എന്നെ പെട്ടെന്നാണ് പിന്നിൽ നിന്ന് അവൾ ഓടി വന്നു വിളിച്ചത്.
” സോറി ട്ടോ. ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു. ഞാൻ ഫ്രഷായി ഇപ്പൊ വരാം. ഒന്ന് വെയിറ്റ് ചെയ്യണം. നേരത്തെ എവിടെയെങ്കിലും കൺസൾട്ട് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പേപ്പർ ഒക്കെ ഒന്ന് എടുത്തു വച്ചോളൂ. “
തിരക്കിട്ട് അവൾ പറഞ്ഞതിനു ശേഷം ആണ് എന്റെ മുഖത്തേക്ക് നോക്കിയത്.അവൾ പറഞ്ഞതൊക്കെയും പുഞ്ചിരിയോടെ കേട്ടു നിൽക്കുകയായിരുന്നു ഞാൻ.
” നയന.. നയന അല്ലേ ..? “
അത്ഭുതത്തോടെ അവൾ ചോദിച്ചപ്പോൾ ഞാൻ തലകുലുക്കി. പിന്നീട് ഒരു നിമിഷം പോലും പാഴാക്കാതെ അവൾ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചിരുന്നു.
അപ്പോഴാണ് അത്രയും നേരം ഉണ്ടായിരുന്ന എന്റെ ടെൻഷൻ ഒഴിവായി കിട്ടിയത്. അവൾ എന്നെ മറന്നിട്ടില്ലല്ലോ..!!
” എവിടെയായിരുന്നു നീ..? എനിക്ക് ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട്. നിന്നെ കോൺടാക്ട് ചെയ്യാൻ ഒരു മാർഗവും ഇല്ലാതെ എത്രത്തോളം ബുദ്ധിമുട്ടി എന്നറിയാമോ..? “
ആവേശത്തോടെ അവൾ പറയുമ്പോൾ അവളെ പഴയ സൗഹൃദം തന്നെ കാണുകയായിരുന്നു ഞാൻ.