എഴുത്ത്: അപ്പു
———–
” നീ ഇങ്ങനെ വരുന്ന ആലോചനകൾ മുഴുവൻ ഓരോരോ കാരണങ്ങൾ പറഞ്ഞു മുടക്കി കൊണ്ടിരുന്നാൽ ഏത് കാലത്തേക്ക് കല്യാണം നടക്കും എന്നാണ് വിചാരിച്ചിരിക്കുന്നത്..? “
രാവിലെ തന്നെ മുത്തശ്ശി ദേഷ്യത്തിലാണ് എന്ന് അവൾക്ക് മനസ്സിലായി.
കഴിക്കാൻ എടുത്ത ആഹാരം കഴിക്കണോ വേണ്ടയോ എന്നുള്ള സംശയത്തിൽ അവൾ അമ്മയെ നോക്കി. ഒന്നും മിണ്ടല്ലേ എന്ന് കണ്ണുകളാൽ അപേക്ഷിക്കുന്ന അമ്മയെ കണ്ടപ്പോൾ പിന്നെ കൂടുതൽ ശ്രദ്ധ കൊടുക്കാതെ ആഹാരം കഴിക്കാൻ തുടങ്ങി.
“ഞാനിവിടെ പറയുന്നത് നിന്റെ കാര്യമാണ് എന്നൊരു ചിന്ത വല്ലതുമുണ്ടോ..? പറയുന്നത് ശ്രദ്ധിക്കാതെ വെട്ടി വിഴുങ്ങുന്നത് നോക്കൂ..”
മുത്തശ്ശി അത് പറഞ്ഞപ്പോൾ അവൾ ദേഷ്യത്തിൽ തലയുയർത്തി നോക്കി.
” ഞാൻ വെട്ടി വിഴുങ്ങുന്നുണ്ടെങ്കിൽ ഞാൻ ജോലിക്ക് പോയി കൊണ്ടുവരുന്ന പൈസയാണ്.. അല്ലാതെ ആരുടെയും മുന്നിൽ കൈനീട്ടി അല്ല ഞാൻ ജീവിക്കുന്നത്.. “
അവൾ അത് പറഞ്ഞതും മുത്തശ്ശിയുടെ മുഖം വീർത്തു കിട്ടി.
“നീ ഈ പറഞ്ഞതിന്റെ അർത്ഥം എന്താ..? ഞാൻ ഇവിടെ ആരുടെയെങ്കിലും ഔദാര്യത്തിലാണ് ജീവിക്കുന്നത് എന്നല്ലേ..? എനിക്ക് അതിന്റെ ആവശ്യമില്ല. ഇന്നുവരെ അങ്ങനെ ഒരു അവസ്ഥ എനിക്ക് വന്നിട്ടുമില്ല.. എന്നെങ്കിലുമൊരിക്കലും ആരുടെയെങ്കിലും മുന്നിൽ കൈ നീറ്റേണ്ട അവസ്ഥ വന്നാൽ അന്ന് ഈ ജീവിതം അവസാനിപ്പിക്കും ഭാർഗവി..”
ദേഷ്യത്തിൽ മുത്തശ്ശി നിന്ന് കിതക്കുന്നുണ്ടായിരുന്നു.
കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് കണ്ടതോടെ സുമതി ഇടപെട്ടു.
“എന്താ അമ്മേ ഇത്..? അവൾ എന്തെങ്കിലും പറഞ്ഞെന്നു കരുതി അത് കാര്യമാക്കേണ്ട കാര്യമുണ്ടോ..?”
സുമതി ചോദിച്ചപ്പോൾ മുത്തശ്ശി ഒന്നയഞ്ഞു.
“ഞാനൊന്നും പറയുന്നില്ല.. പക്ഷേ നീ തന്നെ നിന്റെ മോളെ പറഞ്ഞ് മനസ്സിലാക്കണം. കല്യാണത്തിനും മറ്റും ഒരു പ്രായമുണ്ട്. അതുകഴിഞ്ഞാൽ പിന്നെ കെട്ടാനായി ആരും വരില്ല.. ഇവിടെത്തന്നെ നിന്നു പോകും..”
ഗായത്രിയെ തറപ്പിച്ചു നോക്കിക്കൊണ്ട് ഭാർഗവി മുറിയിലേക്ക് പോയി.
” അമ്മയുടെ അമ്മയല്ലേ..? അമ്മയ്ക്ക് ഒന്നു പറഞ്ഞു മനസ്സിലാക്കി കൊടുത്തു കൂടെ..?”
ദേഷ്യത്തിൽ ഗായത്രി ചോദിച്ചപ്പോൾ സുമതി അവളെ വല്ലാതെ നോക്കി.
” അമ്മ ഇങ്ങനെയൊക്കെ പറയുന്നതിന് അമ്മയെ പൂർണ്ണമായും തെറ്റ് പറയാൻ പറ്റില്ല മോളെ. പെൺകുട്ടിയാണ്.. ഇപ്പോൾ തന്നെ പ്രായം 23 കഴിഞ്ഞു.. പഠിച്ചിറങ്ങിയ ഉടനെ ജോലി കിട്ടിയതു കൊണ്ട് നിനക്ക് ഒരു വരുമാന മാർഗവും ഉണ്ട്. എന്നിട്ടും എന്തിന്റെ പേരിലാണ് നീ വിവാഹത്തിന് തടസ്സം നിൽക്കുന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല.. ഇനി പ്രണയം വല്ലതുമാണോ കാരണം..? അങ്ങനെയാണെങ്കിൽ ആൾ ആരാണെന്ന് മോള് തുറന്നു പറയൂ.. നമുക്ക് പറ്റുന്ന ബന്ധം ആണെങ്കിൽ നമുക്ക് ആലോചിക്കാം.. “
സുമതി ഗായത്രിയുടെ മനസ്സറിയാനായി ചോദിച്ചു.
” പ്രണയം ഒന്നുമല്ല. നിങ്ങളുടെയൊക്കെ ഈ ചിന്താഗതിയാണ് ആദ്യം മാറ്റേണ്ടത്. ഒരു പെണ്ണ് കുറച്ചുകാലം കല്യാണം വേണ്ടെന്നു പറഞ്ഞാൽ അതിനർത്ഥം അവൾ പ്രണയത്തിലാണ് എന്നല്ല. അതിന് പല കാരണങ്ങളും ഉണ്ടാവും.. “
ഗായത്രി ദേഷ്യത്തിൽ പറഞ്ഞപ്പോൾ സുമതി ഒന്ന് പകച്ചു.
” അതല്ലെങ്കിൽ പിന്നെ എന്താ നിന്റെ ഉദ്ദേശം..? കല്യാണം കഴിക്കാതെ എത്ര കാലം നീ ജീവിക്കും..? “
ദേഷ്യത്തോടെ ചോദിച്ചപ്പോൾ ഗായത്രിക്ക് സഹതാപമാണ് തോന്നിയത്.
” വിവാഹം കഴിച്ചാൽ മാത്രമേ ജീവിക്കാൻ പറ്റൂ എന്ന് എവിടെയാണ് എഴുതി വച്ചിരിക്കുന്നത്..? ഇന്ത്യൻ ഭരണഘടനയിൽ അങ്ങനെയൊരു നിയമമുള്ളതായി എനിക്കറിയില്ല. ഒരാൾ വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ളത് അവരവരുടെ വ്യക്തിപരമായ താല്പര്യം ആണ്. അതും എപ്പോൾ വിവാഹം കഴിക്കണം പങ്കാളി എങ്ങനെയുള്ള ആളായിരിക്കണം എന്നൊക്കെയുള്ളത് വിവാഹം കഴിക്കുന്നയാളുടെ തീരുമാനമാണ്. അതിന് വീട്ടുകാരും നാട്ടുകാരും ഒക്കെ കൂടി ഇങ്ങനെ ബഹളം ഉണ്ടാക്കിയിട്ട് കാര്യമുണ്ടോ..? എന്റെ കാര്യം പറയുകയാണെങ്കിൽ ഇപ്പോൾ ഒരു വിവാഹത്തിന് ഞാൻ തയ്യാറല്ല. എനിക്ക് വിവാഹം കഴിച്ച് ഒരു കുടുംബ ജീവിതം നയിക്കാനുള്ള പ്രായമോ പക്വതയും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതുകൊണ്ട് ഇപ്പോൾ എന്തായാലും എനിക്കൊരു വിവാഹം വേണ്ട.. “
അവൾ അവസാന തീരുമാനം പോലെ പറഞ്ഞപ്പോൾ സുമതിക്ക് ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
” അങ്ങനെ വിവാഹം വേണ്ട എന്ന് പറഞ്ഞു നിൽക്കുന്നത് നല്ല ലക്ഷണം ഒന്നുമല്ല. അപ്രത്തെ ഷൈലജയുടെ ചേച്ചിയുടെ മോള് ഇതുപോലെ വിവാഹം വേണ്ട എന്ന് പറഞ്ഞു കുറെ ബഹളം ഉണ്ടാക്കിയതാണ്. ആ സമയത്ത് അവൾ പറഞ്ഞത് അവൾക്ക് പഠിക്കണം ജോലി വേണം എന്നൊക്കെയുള്ള ന്യായീകരണങ്ങൾ ആണ്. മകളുടെ ഇഷ്ടം എന്താണോ അങ്ങനെ നടക്കട്ടെ എന്ന് അവളുടെ അച്ഛനും അമ്മയും കൂടി അങ്ങനെ തീരുമാനിക്കുകയും ചെയ്തു. അവളുടെ ഇഷ്ടത്തിന് അവളെ പഠിക്കാൻ വിട്ടു. ജോലി കിട്ടിയപ്പോൾ ജോലിക്കും അയച്ചു. അതുകഴിഞ്ഞിട്ടും അവൾക്ക് കല്യാണം ആലോചിക്കാം എന്ന് പറഞ്ഞപ്പോൾ അവൾക്ക് കല്യാണം വേണ്ട. അവൾക്ക് രണ്ടുവർഷം കൂടി കഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞു. എന്നിട്ട് അവസാനം എന്താ ഉണ്ടായത്..? അവളെയും ആ നാട്ടിലെ തന്നെ ഒരു ചെറുക്കനെയും കൂടി ഒരു പാതിരാത്രി അവളുടെ മുറിയിൽ നിന്ന് പിടികൂടിയില്ലേ..? അതോടെ അവളുടെ അച്ഛനും അമ്മയ്ക്കും തലയുയർത്തി നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയില്ലേ..? “
അമ്മ ചോദിച്ചപ്പോൾ അവൾക്ക് വല്ലാത്ത ദേഷ്യം വന്നു.
” അപ്പോൾ അമ്മ എന്താ ഉദ്ദേശിക്കുന്നത്..? ഞാനും ആ ചേച്ചിയെ പോലെ ആരെയെങ്കിലും വിളിച്ചു മുറിയിൽ കയറ്റും എന്നാണോ..? അമ്മ അങ്ങനെയാണോ എന്നെ കുറിച്ച് ധരിച്ചു വച്ചിരിക്കുന്നത്..? “
ദേഷ്യത്തോടെയും സങ്കടത്തോടെയും അവൾ ചോദിച്ചപ്പോൾ സുമതിക്ക് ഉത്തരം മുട്ടി.
“എന്തായാലും ഇപ്പോൾ ഇങ്ങനെയൊരു സംസാരം വന്നതുകൊണ്ട് നിങ്ങളുടെയൊക്കെ ഉള്ളിൽ ഇരുപ്പ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റി.ഞാൻ കല്യാണം കഴിക്കാത്തതിന്റെ കാരണം എന്താണെന്ന് അമ്മയോട് വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. അമ്മയ്ക്ക് മാത്രമല്ല അച്ഛനും ആ കാര്യകാരണങ്ങൾ വ്യക്തമായി അറിയാം. അതുകൊണ്ടാണ് അച്ഛൻ എന്നെ ഒരു വിവാഹത്തിന് നിർബന്ധിക്കാത്തത്.. പക്ഷേ അമ്മയ്ക്ക് മാത്രമാണ് എത്ര പറഞ്ഞാലും ഒന്നും മനസ്സിലാവാത്തത്..”
ആ വാക്യത്തിൽ നിറഞ്ഞു നിന്നത് മുഴുവൻ അവളുടെ സങ്കടവും നിസ്സഹായ അവസ്ഥയും ആയിരുന്നു..
” എനിക്ക് തരാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനങ്ങൾ നിങ്ങൾ എനിക്ക് തന്നു കഴിഞ്ഞു. എന്റെ വിദ്യാഭ്യാസമാണ് നിങ്ങൾ എനിക്ക് തരേണ്ടിയിരുന്ന ഏറ്റവും വലിയ സമ്മാനം.എന്റെ അച്ഛൻ അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് എന്നെ നന്നായി പഠിപ്പിച്ചു. അദ്ദേഹത്തിന്റെ കഷ്ടപ്പാടും ഇല്ലയ്മകളും അറിഞ്ഞു വളർന്നത് കൊണ്ട് തന്നെയാണ് കോഴ്സ് കഴിഞ്ഞ ഉടനെ ഞാൻ ഒരു ജോലിക്ക് ശ്രമിച്ചത്. എന്റെ ഭാഗ്യമാണോ നിങ്ങളുടെയൊക്കെ പ്രാർത്ഥനയാണ് എന്തായാലും എനിക്ക് ജോലി കിട്ടി. അതോടെ സാമ്പത്തികമായി കുറച്ച് ഭദ്രത വന്നു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഇനി ഇതിനേക്കാൾ മേലെ നാളെ എന്റെ കല്യാണം എന്നൊരു ചിന്ത വരുമ്പോൾ അത് ഒരു ബാധ്യതയായി അച്ഛന്റെ ചുമലിലേക്ക് വച്ചുകൊടുക്കാൻ ഞാൻ തയ്യാറല്ല.എന്റെ വിവാഹം എന്നത് എന്റെ ആവശ്യമാണ്. അച്ഛനെയും അമ്മയെയും ഒക്കെ കടക്കെണിയിൽ ആക്കേണ്ട ആവശ്യം എനിക്കില്ലല്ലോ..! അതുകൊണ്ട് ഞാൻ കൂട്ടിരിക്കുന്ന പൈസയിൽ നിന്ന് എനിക്ക് സ്വർണ്ണം വാങ്ങാൻ പറ്റണം. എനിക്ക് ആവശ്യമായതൊക്കെ ഞാൻ തന്നെ വേണം ചെയ്യാൻ. ഒരിക്കലും അച്ഛനും അമ്മയ്ക്കും ഒരു ബാധ്യത യാവരുത്.”
അവൾ പറഞ്ഞപ്പോൾ ആ മകളെ ഓർത്ത് ഒരു നിമിഷം സുമതിക്ക് അഭിമാനം തോന്നി.
എങ്കിലും തങ്ങളുടെ സഹായം അവൾ നിരസിക്കുന്നതിൽ അവർക്ക് ചെറിയൊരു പരിഭവവും ഉണ്ടായിരുന്നു.
” നിങ്ങൾ എനിക്കൊന്നും തരണ്ട എന്ന് ഞാൻ പറയില്ല. നിങ്ങൾക്ക് ആ സമയത്ത് എന്താണോ എനിക്ക് തരാൻ പറ്റുന്നത് അത് തന്നാൽ മതി. അത് ഒരു പക്ഷേ ഒരു നൂറു രൂപയാണെങ്കിൽ പോലും എനിക്ക് സന്തോഷമാണ്. എനിക്ക് വിവാഹം കഴിക്കാനായി എന്നൊരു സമയം എനിക്ക് തോന്നും.ആ സമയത്ത് ഞാൻ പറയാം. അതുവരെ ഇങ്ങനെയൊരു ചർച്ച ഈ വീട്ടിൽ വേണ്ടെന്ന് മുത്തശ്ശിയോടും കൂടി പറഞ്ഞേക്കണം.. “
അത്രയും പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റ് പോകുമ്പോൾ ഇതൊക്കെയും മറഞ്ഞു നിന്ന് കേട്ടിരുന്ന ഭാർഗവിയമ്മയുടെ കണ്ണിലും നീർത്തിളക്കം ഉണ്ടായിരുന്നു. അതിനേക്കാൾ ഇങ്ങനെയൊരു മകൾ ഉണ്ടല്ലോ എന്നോർത്ത് അവർക്ക് അഭിമാനമാണ് തോന്നിയത്..!!