അവർ അവളെ ഒട്ടും പരിഗണിച്ചില്ല… ക്രമേണ അവൾ തിരിച്ചും… മക്കളെ നോക്കാൻ വേണ്ടി അവൾക്ക് വിധേയനാകേണ്ടി വന്ന ഗതികെട്ട ഒരച്ഛനാണ് താനെന്ന് ശ്രീജിത് ഓർത്തു….

രചന: ജ്യോതി കൃഷ്ണ കുമാർ

ചായയും പലഹാരവും രാവിലെ വിളമ്പിത്തരുമ്പോൾ ഉള്ള അവളുടെ വീർത്തു കെട്ടിയ മുഖം കണ്ടിട്ട് തന്നെയാണ് കാണാത്തത് പോലെ ഇരുന്നത്…

കാരണം തനിക്കറിയാം, പക്ഷെ ചോദിച്ച് ഉള്ളിലുള്ളതൊക്കെ വീണ്ടും പുറത്തേക്കിട്ട്… പരാതികളുടെ ദുർഗന്ധം വമിക്കുന്ന വിഴുപ്പ് എന്തിനാണ് വീണ്ടും…

ഒന്നുമില്ലെങ്കിലും രണ്ട് കുഞ്ഞുങ്ങളില്ലേ….

അവർ കേൾക്കില്ലേ…?

ക്രിസ്തുമസ് അവധിയാണ് വെറും പത്ത് ദിവസം… അതു പോലും ഇപ്പോൾ തന്നെ അസ്വസ്ഥനാക്കുന്നു…

പണ്ട് എത്രയാണ് കുഞ്ഞിന്റെ വെക്കേഷൻ ആവാൻ കാത്തിരുന്നിട്ടുള്ളത്.. അന്ന് അച്ചുമോൻ മാത്രമേ സ്കൂളിൽ പോയിരുന്നുള്ളൂ.. മിന്നുമോൾ ഈ വർഷമാണ് ചേർന്നത്…

പക്ഷെ ഇപ്പോ അവർക്ക് സ്കൂളില്ലാത്തത് അലോചിക്കുമ്പോൾ ഉള്ളിലൊരു പേടി….

ശ്രീജിത്ത് ടീച്ചേർസ് ടൈംടേബിൾ നോക്കി… ഇല്ല ഇപ്പോൾ തനിക്ക് ക്ലാസില്ല, ലെഷർ ടൈമാണ്… അടുത്ത പിരിയഡേ ഉള്ളൂ…

യാന്ത്രികമായി ഫോൺ എടുത്തു….

രമ്യ എന്ന പേരിന്റെ നേരെ ഡയൽ ചെയ്തു. രാവിലത്തെ ഭാവം തന്നെ ആയിരിക്കും മുഖത്ത് … ഒട്ടും മയമില്ലാത്ത ഒരു ഹലോ മറുതലക്കൽ കേട്ടു .

“രമ്യ കുട്ട്യോള് ….”

“ഓ ഇവിടണ്ട്…”

(വ്യക്തമല്ലാത്ത രീതിയിൽ പിറുപിറുക്കുന്നുണ്ട് )

” അച്ചുവും മിന്നുവും അവർ വല്ലതും കഴിച്ചോ ….?”

“ഇല്ല നിങ്ങള് വന്ന് വാ യിൽ കൊടുക്കണം… ഈ രണ്ടെണ്ണമല്ലാതെ വേറെയും ഒരുത്തി ഇവിടെ ഉണ്ടല്ലോ….?

എന്തേ അത് ചോദിക്കാത്തത്….? ഹോ എന്തിനാ ല്ലേ…? രണ്ടാം ഭാര്യ ….. അത്രയൊക്കെ മതി… എന്റെ കഷ്ടകാലം അല്ലാണ്ടെന്താ …”

ശ്രീജിത് ഫോൺ കട്ട് ചെയ്തു. ഇതേ ഉണ്ടാവൂ എന്ന് മുൻകൂട്ടി അറിയാം… എന്നാലും തന്റെ ഒരു സമാധാനത്തിനാ വിളിച്ചത്…..

“ന്താടോ രാവിലെന്നെ ഇഞ്ചി കടിച്ച കുരങ്ങന്റ ചേല് ….?”

” ഹാ സന്തോഷ് … ഏയ് ഒന്നൂല്യ …”

ബെല്ലടിക്കണ ശബ്ദം കേട്ട് വേഗം കണക്കിന്റെ ടെക്സ്റ്റ് ബുക്കും എടുത്ത് ശ്രീജിത്ത് ഏഴാം ക്ലാസിലേക്ക് നടന്നു…

വീട്ടിലേക്ക് പോവാൻ തന്നെ തോന്നുന്നില്ല… പക്ഷെ പോവാതിരുന്നാൽ…. എന്തൊക്കെ പ്രശ്നങ്ങൾ പരാതികൾ… ഇതിനിടയിൽ സംയമനം പാലിക്കുന്ന താൻ….

എങ്ങനെയാണ് ഇത്രയും ക്ഷമ തനിക്ക് കിട്ടിയിത്…?

പണ്ട് ഭാമ എന്തെങ്കിലും പറയുമ്പോഴേക്ക് പുലിയെ പോലെ ചാടിയിരുന്നതാ താൻ..

കടപ്പുറം സ്കൂളിൽ നിന്നും ബൈക്കെടുത്ത് വീട്ടിലേക്ക് പോവാൻ തുടങ്ങിയതാണ്. പിന്നെ എന്തോ ഓർത്തെന്ന പോലെ കടപ്പുറത്തേക്ക് നടന്നു.

മണലിൽ ഇരുന്നപ്പോൾ കണ്ണുകൾ അങ്ങ് കടലിന്റെ അറ്റത്തേക്ക് നീണ്ടു.

തിരമാലകൾ ഒന്നിനു പുറകേ ഒന്നായി വന്നടിക്കുകയാണ് ആരെയും കാത്ത് നിൽക്കാതെ…

ഇന്ന് കടലും ക്ഷുഭിതയായിരുന്നു. തന്റെ മനസും തിരമാലകൾ പോലെ ആർത്തിരമ്പി കലങ്ങിമറിയുന്നു.

മൂന്ന് വർഷത്തെ പ്രണയം അതിന്നു ശേഷമാണ് താനും ഭാമയും ഒന്നായത്….

ആദ്യമെതിർത്ത വീട്ടുകാര് പിന്നെ സമ്മതിച്ചു കല്യാണം കേമമായി നടന്നു. ശ്രുതിയും ലയവും ചേർന്ന ശുദ്ധസംഗീതം പോലെ ജീവിതം ഒഴുകി…

സന്തോഷത്തിന് അതിരില്ലായിരുന്നു …. മൂന്ന് മാസം കഴിഞ്ഞപ്പോൾ ഒരാൾ കൂടി വരുന്നെന്നറിഞ്ഞ് എല്ലാരും ഇരട്ടി മധുരം നുണഞ്ഞു.

അക്ഷമയുടെ പത്ത് മാസങ്ങൾ… അത് കഴിഞ്ഞ് കിട്ടിയ ഉണ്ണിക്കണ്ണൻ..

” ശ്രീയേട്ടന്റെ മുറിച്ച മുറിയാട്ടോ…. ”

ഭാമ ഇടക്കിടക്ക് പറയാറുള്ളതാ…

അല്ലെങ്കിലും ഞങ്ങൾക്കിടയിൽ കുഞ്ഞുങ്ങളുടെ കാര്യമായിരുന്നു പ്രധാന സംസാരവിഷയം… വേറൊന്നും അത്ര പ്രാധാന്യമല്ലായിരുന്നു.

അതാണ് ഇപ്പോൾ ഇത്തരത്തിൽ മാറി മറിഞ്ഞത്.,,,

ശ്രീജിത്തിന്റെ കണ്ണുകൾ നിറഞ്ഞ് വന്നു.

അച്ചു ഉണ്ടായതിന് ശേഷമാണ് വീട് വക്കാൻ ഉള്ള ആശയം രണ്ട് പേർക്കും ഉണ്ടായത്.. അവന് ഒരു വയസായപ്പഴാ വീടിന്റെ തറപ്പണി തുടങ്ങിയത്….

നിലം പണിയും കഴിഞ്ഞ് അവസാന മിനുക്കുപണികൾ ബാക്കി നിൽക്കെയാണ് അവളും ഞങ്ങടെ ജീവിതത്തിൽ വന്നത് മിന്നുമോൾ.. എന്റെ അമ്മേടെ പേരും ഇട്ടു. “ഗായത്രി”

അവൾടെ പിറന്നാളിന് പുതിയ വീട്ടിലേക്ക് മാറി…

അവിടെ ഓരോ പൊട്ടും പൊടിയുo ഭാമയുടെ ഇഷ്ടപ്രകാരം ഉണ്ടാക്കിയതാ….

അവിടെ അവളുടെ കൈ തട്ടാത്ത ഒന്നും തന്നെയില്ല….

ഹാൾ വലുപ്പം വേണം… ഉമ്മറത്ത് ചാരുപടി വേണം.. പടിഞ്ഞാറ് വശത്ത് ബാൽക്കണി വേണം അസ്തമയ സൂര്യനെ കാണണം എന്നൊക്കെ അവൾ പറഞ്ഞ പ്രകാരമാണ് ഉണ്ടാക്കിയത്….

രണ്ട് വർഷം അവിടം സ്വർഗമായിരുന്നു. മിന്നുവിന് തുലാഭാരം അവള് നേർന്നതായിരുന്നു… പട്ടുപാവാട ഇട്ടിട്ട് വേണം പോവാൻ എന്ന് പറഞ്ഞ് അവള് തന്നെയാ തുണിവാങ്ങി തയ്പ്പിക്കാൻ കൊടുത്തത്:

അത് വാങ്ങാൻ വേണ്ടി,

” ശ്രീ യേട്ടാ ഞാൻ പോയി വേടിച്ച് വരാം ട്ടോ മിന്നുനെ പിടിക്കു എന്ന് പറഞ് അവൾ രണ്ടു കുട്ടികളെയും എന്നെ എൽപ്പിച്ച് റോഡ് മുറിച്ച് തയ്ച്ചത് മേടിക്കാൻ പോയതാ:

ആ നശിച്ച ലോറി ഞങ്ങടെ കണ്ണിന്റെ മുന്നിൽ വച്ച് എന്റെ ഭാമ…

മിന്നുന് മൂന്ന് വയസായിട്ടേണ്ടായിരുന്നുള്ളു …. രണ്ട് വർഷം ഭാമയുടെ വീട്ടിലും തന്റെയും പെങ്ങളുടെയും വീട്ടിലൊക്കെയായി കുട്ടികൾ..

എല്ലാർക്കും ആദ്യത്തെ താൽപര്യം ഒന്നും പിന്നീട് കണ്ടില്ല … അവരുടെ കാര്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ തനിക്കും ആയില്ല…

ഭാമ മരിച്ച് കൊ ല്ലം തെകയണതിന് മുമ്പ് കല്യാണാലോചിച്ചവരോട് പിന്നീട് പാതി മനസോടെ തല കുലുക്കാൻ അതായിരുന്നു കാരണം…

ഒരു കുട്ടിയുണ്ട്… രമ്യ എന്നാ പേര്.. വിവാഹം കഴിഞ്ഞ് ബന്ധം വേർപ്പെട്ട താണെന്ന് പറഞ്ഞ് അമ്മാവനാണ് ഈ ബന്ധം കൊണ്ട് വന്നത്…

കുഞ്ഞുങ്ങൾ മറ്റുള്ളവർക്ക് ഭാരമാവരുതെന്നും, അവർക്ക് ഭാമക്ക് പകരമാവിലെങ്കിലും ഒരമ്മ എന്നതും മാത്രമേ താൻ ഉദ്ദേശിച്ചുള്ളൂ.

വിവാഹം കഴിഞ്ഞതിന് ശേഷമാണ് അവളിലെ പെണ്ണിനെപ്പറ്റി അറിഞ്ഞത്…

ഒരു ഭർത്താവിൽ നിന്ന് കിട്ടേണ്ട ശാ രീരിക മാ നസിക പരിഗണന അവൾ ആഗ്രഹിച്ചു. അതിൽ എങ്ങനെ തെറ്റ് പറയാനാകും..

എന്റെ നെഞ്ചിന്റെ ചൂടേറ്റ് മാത്രം ഉറങ്ങിയിരുന്ന മിന്നുവിനെയും ഭാമ കെട്ടിപ്പിടിച്ച് ഉറക്കിയിരുന്ന അച്ചുവിനെയും മറ്റൊരു മുറിയിലേക്ക് മാറ്റേണ്ടി വന്നു.

ചില ദിവസം അവരെ ഉറക്കി, തിരികെ അവരുടെ അടുത്തെത്തി സ്വകാര്യ നിമിഷങ്ങളിലാവും മിന്നു ദുസ്വപ്നം കണ്ട് എണിറ്റിരുന്ന് കരയുക ….

ഭാമയുടെ വേഷം കെട്ടാൻ വന്ന രമ്യ മക്കൾക്ക് മുമ്പിൽ പൂർണ്ണ പരാജയമായിരുന്നു.

അവർ അവളെ ഒട്ടും പരിഗണിച്ചില്ല… ക്രമേണ അവൾ തിരിച്ചും… മക്കളെ നോക്കാൻ വേണ്ടി അവൾക്ക് വിധേയനാകേണ്ടി വന്ന ഗതികെട്ട ഒരച്ഛനാണ് താനെന്ന് ശ്രീജിത് ഓർത്തു …

കടലിനെ സാക്ഷിയാക്കി ചില തീരുമാനങ്ങളും എടുത്താണ് അന്ന് അയാൾ വീട്ടിലെത്തിയത്….

മിന്നു മുൻപ് കരഞ്ഞതിന്റെ ഏങ്ങലിൽ ഉമ്മറപ്പടിയിൽ തലയും കുമ്പിട് ഇരിക്കുന്നുണ്ട്… അച്ചു അവളെ ഇടംകണ്ണിട്ട് നോക്കി അപ്പുറത്തും …..

“എന്തിനാ അച്ഛന്റെ കുട്ടി കരഞ്ഞത്…?”

മിന്നു നിസ്സഹായയായി അച്ചുവിനെ നോക്കി…

” രമ്യ ചെറിയമ്മ അവളെ അടിച്ചു. ”

” എന്തിന് ”

ദേഷ്യവും സങ്കടവും കൂടി ശ്രീജിത്തിന് ഇരച്ച് വന്നു.

” കുപ്പി ഗ്ലാസ് തടിയിട്ട് പൊട്ടിച്ചേന്…”

അച്ഛന്റെ കയ്യിൽ നിന്നും അടി കിട്ടുമോ ന്ന് പേടിച്ചാവണം ഏങ്ങലായി ഒടുങ്ങിയ കരച്ചിൽ പതിയെ ശക്തി പ്രാപിച്ചത്….

” ന്നട്ട് അച്ഛന്റെ കുട്ടിക്ക് മുറിവ് വല്ലതും പറ്റിയോ….?”

” ഇല്യ :…”

പക്ഷെ അടിയുടെ പാട് ആ കുഞ്ഞു തുടകളിൽ തണർത്ത് കിടന്നിരുന്നു.

ശ്രീജിത്തിന്റെ നെഞ്ചിൽ അത് കണ്ടപ്പോൾ ഒരു പാറക്കല്ല് കയറ്റി വച്ച പോലെ തോന്നി:..

അയാൾ ധൃതിയിൽ അകത്തേക്ക് പോയി…

“രമ്യക്ക് എടുക്കാൻ ഉള്ളതൊക്കെ എടുത്തോള്ളൂ.. ”

ശാന്തനായ അയാളുടെ ഭാവമാറ്റം രമ്യ ആദ്യമായി കാണുകയായിരുന്നു. ശ്രീജിത് തന്നെ അവളുടെ സാധനങ്ങൾ എല്ലാം ഒരു ബാഗിൽ നിറച്ചു. നിർബ്ബന്ധിച്ചവളെ വീട്ടിൽ കൊണ്ടാക്കി..

ബന്ധം പിരിഞ്ഞിട്ടില്ലെന്നും കുട്ടികളെ സ്വന്തം പോലെ അംഗീകരിക്കാൻ തോന്നുന്ന ദിവസം തിരിച്ചു പോന്നോളാനും പറഞ്ഞ് അയാൾ ആ പടിയിറങ്ങി..

സ്വന്തം സ്കൂളിലേക്ക് അവരെ വെട്ടിച്ചേർത്തിയത്.. മൂന്നു പേർക്കും ഒരുമിച്ച് പോകാനും വരാനും സൗകര്യായി.. ആദ്യം കുറച്ച് പ്രയാസപ്പെട്ടെങ്കിലും ഇപ്പോൾ അവർക്ക് ഈ ജീവിതം സുഗമമായിക്കഴിഞ്ഞു.

അവൾക്ക് മനസ് മാറ്റാൻ കഴിയാത്തതാവണം അങ്ങനെ ഒരധ്യായവും ഞങ്ങൾ അടച്ചു.

കുഞ്ഞുങ്ങൾ പഴയ പോലെ ഉത്സാഹികളായി..

“നിനക്കൊരു കൂട്ടിന് വയസാംകാലത്ത് ആരാ…?”

എന്ന ചോദ്യത്തിന്

“അതപ്പോൾ നോക്കാം ”

എന്ന ഉത്തരവും കണ്ടു പിടിച്ചപ്പോൾ എല്ലാം ശുഭമായി …..

ഇടക്ക് അവർ മൂന്നുപേരും അസ്തമയം കാണാൻ പടിഞ്ഞാറേ ബാൽക്കണിയിൽ പോയിരിക്കും …..

ഭാമ അവിടെ ചിട്ടയിൽ വച്ച മുല്ലച്ചെടി പടർന്നതിൽ നിറഞ്ഞ പൂക്കൾ അവരെ നോക്കി ചിരിക്കും.. സ്നേഹിച്ച് കൊതിതീരാത്ത ഒരു കാറ്റ് അവരെ തഴുകാൻ കൈ നീട്ടി വരും….