ക്ഷമാപണം
എഴുത്ത്:-കാശി
വൈകുന്നേരം പണികളൊക്കെ കഴിഞ്ഞ് ടിവി കാണാനിരിക്കുകയായിരുന്നു സരിത. അവർക്ക് പ്രിയപ്പെട്ട ഒരു സീരിയൽ ഉണ്ട്. അത് കണ്ടില്ലെങ്കിൽ എന്തോ ഒരു മനപ്രയാസമാണ് അവർക്ക്.
അവർ ആസ്വദിച്ച് ടിവി കാണുന്ന സമയത്താണ് അവിടേക്ക് അവരുടെ മകൻ കണ്ണൻ വരുന്നത്.
“അമ്മേ… “
അവൻ വിളിച്ചത് കേട്ട് അവർ ടിവിയിൽ നിന്ന് കണ്ണെടുക്കാതെ ഒന്നു മൂളി.
“അമ്മേ… “
അവൻ കുറച്ചു കൂടി ഒച്ചയിൽ വിളിച്ചു.
” എന്താ..? പതിയെ പറഞ്ഞാലും എനിക്ക് ചെവി കേൾക്കാം. നീ ഇങ്ങനെ അലറി വിളിക്കേണ്ട കാര്യം എന്താ..? “
അല്പം ദേഷ്യത്തോടെയാണ് അവർ ചോദിച്ചത്.
” എനിക്ക് നാളത്തേക്കുള്ള ഡ്രസ്സ് ഒക്കെ അയൺ ചെയ്ത് വയ്ക്കണം..”
അവൻ പറഞ്ഞത് കേട്ട് അവൾ ഒന്ന് തല കുലുക്കി.
” നല്ല കാര്യം.. “
അതും പറഞ്ഞുകൊണ്ട് അവൾ വീണ്ടും ടിവിയിലേക്ക് തന്നെ ശ്രദ്ധ കൊടുത്തു.
“അത് അമ്മ ചെയ്തു തരണം എന്നാണ് ഞാൻ പറഞ്ഞത്..”
അവൻ വീണ്ടും ശബ്ദമുയർത്തിയപ്പോൾ അവനെ ഒന്ന് തലചരിച്ചു നോക്കി. പിന്നെ തലയാട്ടിക്കൊണ്ട് ടിവി കാണൽ തുടർന്നു.
” ചെയ്തു തരാം.. ഇപ്പോൾ നീ അത്യാവശ്യമായിട്ട് അതുകൊണ്ട് എങ്ങോട്ടും പോകുന്നില്ലല്ലോ..? നാളെ രാവിലത്തേക്ക് അല്ലേ നിനക്ക് ആവശ്യമുള്ളൂ.. അപ്പോഴേക്കും അത് നിന്റെ കയ്യിൽ കിട്ടിയാൽ പോരേ..? എല്ലാ ദിവസവും ഞാൻ തന്നെയാണല്ലോ ഇതൊക്കെ ചെയ്തു തരുന്നത്..?പിന്നെ ഇപ്പോൾ നിനക്കെന്താ സ്പെഷ്യൽ ആയിട്ട് ഒരു പ്രശ്നം..? “
അവർ അവനെ തറപ്പിച്ചു നോക്കി.
” അമ്മയ്ക്ക് ഈ ടിവിയും കണ്ടിരിക്കുന്ന സമയത്ത് പോയി അതൊന്നു ചെയ്തു തന്നാൽ എന്താ..? അങ്ങനെയാണെങ്കിൽ രാവിലെ തിരക്ക് പിടിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ..? “
അവൻ അമ്മയെ ചോദ്യം ചെയ്തു. സരിത ദേഷ്യത്തോടെ അവിടെ നിന്ന് എഴുന്നേറ്റു.
” ഞാൻ ടിവി കാണുന്ന സമയത്ത് തന്നെ ഇത് ചെയ്യണം എന്ന് നിനക്കെന്താ നിർബന്ധം..? നിനക്ക് എപ്പോഴായാലും ആ സാധനം ചെയ്തു തന്നാൽ പോരെ..? ഇത് എന്നല്ല നിനക്കൊക്കെ ആവശ്യമുള്ള എല്ലാ സാധനവും എല്ലാ കാര്യങ്ങളും കൃത്യമായ സമയത്ത് ഞാൻ നിങ്ങളെയൊക്കെ ഏൽപ്പിക്കുന്നുണ്ട്. പിന്നെ ഇവിടെ ഇങ്ങനെ ബഹളം ഉണ്ടാക്കേണ്ട കാര്യം എന്താ..? “
അവൾ ശബ്ദമുയർത്തുന്നത് കേട്ടുകൊണ്ടാണ് ഉമ്മറത്തിരുന്ന ഭർത്താവ് അകത്തേക്ക് കയറി വന്നത്.
“എന്താ എന്താ ഇവിടെ പ്രശ്നം..?”
അയാൾ അന്വേഷിച്ചു.
” പ്രത്യേകിച്ച് ഒരു പ്രശ്നവുമില്ല പപ്പാ.. അമ്മയോട് ഞാൻ എന്റെ ഡ്രസ്സ് ഒന്ന് അയൺ ചെയ്തു തരാൻ മാത്രമേ പറഞ്ഞുള്ളൂ..അതിനാണ് അമ്മ ഈ കിടന്ന് ബഹളം ഉണ്ടാക്കുന്നത്.. “
അവൻ പരാതിയുമായി അച്ഛനെ സമീപിച്ചു.
“പറയുമ്പോൾ എല്ലാം പറയണം. നീ എന്നോട് ഡ്രസ്സ് അയൺ ചെയ്തു തരണം എന്നു മാത്രമല്ലല്ലോ പറഞ്ഞത്..? ഇപ്പോൾ തന്നെ ചെയ്തു തരണം എന്നല്ലേ പറഞ്ഞത്..?”
അവർ ദേഷ്യത്തോടെ അവനോട് ചോദിച്ചു.
“അതെ ഞാൻ അങ്ങനെ തന്നെയാ പറഞ്ഞത്.. അതിൽ എന്താ തെറ്റ്..? അമ്മ ഈ സീരിയലും കണ്ടിരിക്കുന്ന സമയത്ത് എനിക്ക് അതൊന്ന് ചെയ്തു തന്നാൽ അമ്മയ്ക്ക് എന്ത് നഷ്ടം..? അതാകുമ്പോൾ രാവിലെ എനിക്ക് അമ്മയെ ആശ്രയിക്കാൻ നിൽക്കേണ്ടല്ലോ..”
അവൻ താൻ പറഞ്ഞത് ശരിയല്ലേ എന്നൊരു ഭാവത്തിൽ പപ്പയെ നോക്കി. അയാൾ കണ്ണെടുക്കാതെ സരിതയെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവളുടെ ഇങ്ങനെയൊരു ഭാവം ആദ്യം കാണുന്നതു കൊണ്ടായിരിക്കാം അയാൾക്ക് ഒരു അമ്പരപ്പുണ്ടായിരുന്നു.
“അതൊക്കെ സ്വന്തമായിട്ട് ചെയ്തു പഠിക്കണം. ചെറിയ കുട്ടി ഒന്നുമല്ലല്ലോ. പത്ത് പതിനാറ് വയസ്സായില്ലേ..? ഇതൊക്കെ സ്വന്തമായിട്ട് ചെയ്തു പഠിച്ചാൽ പിന്നെ അമ്മയെ ആശ്രയിക്കേണ്ട യാതൊരു കാര്യവുമില്ല..!”
ദേഷ്യം അടങ്ങാതെ തന്നെ സരിത പറഞ്ഞു.
” എനിക്കും അച്ഛനും ആവശ്യമായ കാര്യങ്ങൾ ചെയ്തു തരിക എന്നല്ലാതെ അമ്മയ്ക്ക് ഇവിടെ വേറെ എന്തു പണിയാണുള്ളത്..? അമ്മയ്ക്ക് പകലൊക്കെ വെറുതെ ഇരിപ്പ് അല്ലേ..? ഞങ്ങൾ രണ്ടാളും പോയി കഴിഞ്ഞാൽ അമ്മയ്ക്ക് ഇവിടെ പ്രത്യേകിച്ച് മല മറിക്കുന്ന പണികൾ ഒന്നും ചെയ്യാനില്ലല്ലോ..? അപ്പോൾ പിന്നെ ആ സമയത്ത് ഇരുന്നു സീരിയൽ കാണുകയോ പാട്ട് കേൾക്കുകയോ എന്താണെന്ന് വെച്ചാൽ ചെയ്യാമല്ലോ..! ആ സമയത്ത് ആകുമ്പോൾ ഞങ്ങൾ ആരും തടസ്സം ചെയ്യുകയും ഇല്ല.. ഇതിപ്പോൾ ഞങ്ങളെ എല്ലാവരെയും ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ലേ അമ്മ ഈ സമയത്ത് സീരിയൽ കാണുന്നത്..? “
കണ്ണന് വിട്ടുകൊടുക്കാൻ ഭാവം ഉണ്ടായിരുന്നില്ല.
” ഞാൻ നിങ്ങളെ എങ്ങനെ ശല്യം ചെയ്തു എന്നാണ് കണ്ണാ നീ പറയുന്നത്..? നീ പറഞ്ഞതുപോലെ നിങ്ങൾ രണ്ടാളും പോയിക്കഴിഞ്ഞാൽ ഒരു ജോലിയും ചെയ്യാതെ വെറുതെ ഇരിക്കുകയല്ല ഞാൻ. എനിക്ക് ഇവിടെ ഇഷ്ടം പോലെ പണികളുണ്ട്. അതൊക്കെ ഒരു ദിവസം ചെയ്തു നോക്കുമ്പോൾ മാത്രമേ എത്രത്തോളം ബുദ്ധിമുട്ടാണ് എന്ന് നിനക്കൊക്കെ മനസ്സിലാകൂ.. പിന്നെ ഞാനിപ്പോൾ സീരിയൽ കാണുന്നതുകൊണ്ട് നിനക്ക് എന്ത് നഷ്ടമാണ് സംഭവിച്ചു പോയത്..? നിന്റെ ഡ്രസ്സ് അയൺ ചെയ്യാൻ ആണെങ്കിൽ നാളെ രാവിലെ നീ പോകുന്നതിനു മുമ്പ് ഞാൻ അത് ചെയ്തു തരും.. “
അവൾ പറയുമ്പോൾ അവനു ദേഷ്യം കൂടിയതേയുള്ളൂ.
” എനിക്ക് ഇപ്പോൾ ടിവി കാണണം. അമ്മ ഇവിടെ സീരിയലും വച്ചിരുന്നാൽ ഞാൻ എങ്ങനെ ടിവി കാണും..? ആകെ ഇത്തിരി സമയം മാത്രമാണ് എനിക്ക് ഇതിനു വേണ്ടി കിട്ടുന്നത്. അത് വെറുതെ കളയാൻ ഞാൻ ഒരുക്കമല്ല.”
അവൻ വാശിയോടെ പറഞ്ഞുകൊണ്ട് റിമോട്ട് തട്ടിയെടുക്കാൻ ശ്രമിച്ചു.
” ഞാൻ സീരിയൽ കാണുന്ന സമയം തന്നെ നിനക്ക് നിന്റെ ആവശ്യങ്ങൾ നടത്തിയെടുക്കണം. എനിക്ക് ഈ വീട്ടിൽ എന്റേത് എന്ന് പറയാൻ ഒരു സമയമുണ്ടോ..? എനിക്ക് എന്റെ ഇഷ്ടങ്ങൾ നടത്തിയെടുക്കാൻ പറ്റുന്ന.. ഞാൻ ആയിരിക്കുന്ന ഒരു സമയം..? അങ്ങനെയൊരു സമയത്തെക്കുറിച്ച് നിങ്ങൾക്ക് ആർക്കെങ്കിലും അറിയുമോ..? “
അവൾ ചോദിക്കുന്നതിന്റെ അർത്ഥം മനസ്സിലാക്കാതെ ഭർത്താവും മകനും അവളെ തുറിച്ചു നോക്കി.
” രാവിലെ ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത് പോലും നിങ്ങളുടെയൊക്കെ സമയത്തിന് അനുസരിച്ചാണ്. നിനക്ക് രാവിലെ ഏഴര മണിയാകുമ്പോൾ വീടിനു മുന്നിൽ വണ്ടി വരും. ആ സമയത്തിന് മുൻപ് നിനക്കുള്ള ബ്രേക്ക്ഫാസ്റ്റും ഭക്ഷണവും ഉൾപ്പെടെ എല്ലാം തയ്യാറാക്കണം എന്നുള്ളതുകൊണ്ട് രാവിലെ നാലുമണിക്ക് തന്നെ ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നുണ്ട്. ആ സമയം തുടങ്ങി കാലിൽ ചക്രം വെച്ചതുപോലെ ഈ വീട്ടിൽ ഞാൻ അങ്ങോട്ടുമിങ്ങോട്ടും തിരിയുകയാണ്. 9 മണിയാകുമ്പോൾ നിന്റെ അച്ഛൻ പോകും. അതോടുകൂടി എന്റെ പണി കഴിഞ്ഞെന്നായിരിക്കും നീ കരുതുന്നത്.. പക്ഷേ അങ്ങനെയല്ല.. നിങ്ങൾ പോയി കഴിഞ്ഞതിനുശേഷം ആണ് ഇവിടെ എന്റെ ബാക്കിയുള്ള അലക്കലും തുടക്കലും ഒക്കെ നടക്കാറ്.. ഈ രണ്ടു നില വീട്ടിൽ എന്നും തൂത്ത് തുടച്ചില്ലെങ്കിൽ നിന്റെ അച്ഛന് അലർജി വരും..അതുകൊണ്ട് എല്ലാദിവസവും ഞാൻ തൂത്തു തുടച്ചിടുന്നതാണ് ഇത്രയും വലിയൊരു വീട്.. അത് തീരെ ആയാസം ഇല്ലാത്ത ജോലിയാണല്ലോ…! പിന്നെ അലക്കുന്നത്.. മെഷീനിൽ അലക്കുന്നതാണ് എന്നെ സംബന്ധിച്ച് എളുപ്പം.. പക്ഷേ നിന്റെ അച്ഛന് കല്ലിൽ അടിച്ചു കഴുകിയില്ലെങ്കിൽ വൃത്തിയാകില്ല.. അപ്പോൾ തന്നെ ആ കൂട്ടത്തിൽ നിന്റെയും എന്റെയും കൂടി ഞാൻ കഴുകും.. ഇതെല്ലാം കഴിഞ്ഞ് ഞാൻ വരുമ്പോഴേക്കും ഉച്ചയാകും. പിന്നെ കുളികഴിഞ്ഞ് ആഹാരം കഴിച്ച് കഴിയുന്ന സമയം ആകുമ്പോഴേക്കും നീ മടങ്ങി വരാൻ ആകും. ഇതിനിടയിൽ എനിക്ക് റസ്റ്റ് എടുക്കാനായി ഒരു സമയം ഈ വീട്ടിൽ ഇല്ല.. വല്ലപ്പോഴും ഇത്തിരി നേരം ഞാൻ എവിടെയെങ്കിലും ഇരുന്നാൽ ആ സമയത്ത് തന്നെ നീയോ നിന്റെ അച്ഛനോ എന്തെങ്കിലും പണികളും പറഞ്ഞു എന്റെ പിന്നാലെ വരാറില്ലേ..? ഒരു മുടക്കവും കൂടാതെ നിങ്ങളുടെ കാര്യങ്ങൾ നടക്കണം. അതിനിടയിൽ എനിക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടോ എന്ന്.. നിങ്ങളിൽ രണ്ടുപേരിൽ ആരെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ടോ..? “
അവൾ പൊട്ടിത്തെറിച്ചു കൊണ്ട് ചോദിക്കുമ്പോൾ മറുപടിയില്ലാതെ പരസ്പരം നോക്കുകയായിരുന്നു അച്ഛനും മകനും.
” വീട്ടമ്മമാർ എന്നുപറഞ്ഞാൽ ജോലിയില്ലാതെ വീട്ടിൽ വെറുതെ ഇരിക്കുന്നവർ എന്നല്ല അതിന്റെ അർത്ഥം. അവർക്ക് ആ വീട്ടിൽ തന്നെ ചെയ്തുതീർക്കാൻ ഒരായിരം ജോലികൾ ഉണ്ടാകും. പക്ഷേ അതിനൊന്നും ആരും കണക്കുകൾ സൂക്ഷിക്കുന്നില്ല. അവർക്ക് ആരും ശമ്പളം കൊടുക്കുന്നില്ല. അതുകൊണ്ടുതന്നെ അവർ ജോലിയില്ലാത്തവരായി അറിയപ്പെടും.. “
സ്വയം പരിഹസിച്ചുകൊണ്ട് അവർ പറഞ്ഞു.ആ നിമിഷം മാത്രമാണ് അവർ എത്രത്തോളം അനുഭവിക്കുന്നുണ്ട് എന്ന് അവർക്ക് മനസ്സിലായത്.
“സോറി അമ്മ.. ഞങ്ങളെപ്പോലെ തന്നെ അമ്മയും ഇവിടെ കഷ്ടപ്പെടുന്നുണ്ട് എന്ന് ഞങ്ങൾ മനസ്സിലാക്കേണ്ടതായിരുന്നു..”
കുറ്റബോധത്തോടെ തലതാഴ്ത്തിക്കൊണ്ട് മകൻ പറഞ്ഞു. അപ്പോഴേക്കും ഭർത്താവ് അവളെയും മകനെയും ഒരുപോലെ ചേർത്ത് പിടിച്ചിരുന്നു.
അവളുടെ ചെവിയിൽ സ്വകാര്യം പോലെ അയാളും പറഞ്ഞു ഒരു ക്ഷമാപണം…!!!