അവളോട് എന്തു മറുപടി കൊടുക്കണം എന്ന് എനിക്ക് അറിയുന്നുണ്ടാ യിരുന്നില്ല. അല്ലെങ്കിലും ഡി അഡിക്ഷൻ സെന്ററിന് മുന്നിൽ മകനെ കാത്തിരിക്കുന്ന അച്ഛൻ അവളോട് എന്തു പറയാനാണ്……

എഴുത്ത്:-അപ്പു

മുന്നിൽ നിൽക്കുന്ന മുൻ ഭാര്യയെ നോക്കാൻ ആവാതെ തലകുനിച്ചു. അവളോട് ചെയ്ത തെറ്റിന്റെ ആഴം എനിക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ട്.

“മിസ്റ്റർ പ്രസാദ് എന്താണ് ഇവിടെ..?”

അവളുടെ ആ വിളി നെഞ്ചിൽ തറച്ചു കയറുന്നുണ്ടായിരുന്നു. ഒന്നിച്ച് ജീവിച്ച കാലം മുഴുവൻ പ്രസാദേട്ടാ എന്നല്ലാതെ എന്നെ വിളിച്ചിട്ടില്ല. ഇപ്പോൾ മിസ്റ്റർ പ്രസാദ് എന്നുള്ള വിളിയിൽ നിന്നു തന്നെ അവളിൽ നിന്ന് എത്രത്തോളം അകലെയാണ് ഞാൻ എന്ന് വ്യക്തമായി മനസ്സിലാകും.

പിടച്ചിലോടെ കണ്ണുകൾ ഉയർത്തി അവളെ നോക്കി.

“അത്..മായേ.. ഞാൻ..”

അവളോട് എന്തു മറുപടി കൊടുക്കണം എന്ന് എനിക്ക് അറിയുന്നുണ്ടാ യിരുന്നില്ല. അല്ലെങ്കിലും ഡി അഡിക്ഷൻ സെന്ററിന് മുന്നിൽ മകനെ കാത്തിരിക്കുന്ന അച്ഛൻ അവളോട് എന്തു പറയാനാണ്..?

” ഇവിടെ ആർക്കാണ് ചികിത്സ..? “

പെട്ടെന്ന് അവൾ ചോദിച്ചപ്പോൾ ഒരു നിമിഷം പതറിപ്പോയി.

“അത്.. നമ്മുടെ മകനാണ്..”

അവളുടെ മുഖത്തേക്ക് നോക്കി അത് പറയുമ്പോൾ ആ മുഖത്ത് ഒരു പതർച്ച ഞാൻ കണ്ടു. പക്ഷേ പെട്ടെന്ന് തന്നെ അവളുടെ മുഖം ഗൗരവത്തിൽ ആയി.

” അജീഷിന്.. അവനെന്താണ്..?”

ഒരു അമ്മയുടെ ആകുലത ആ ചോദ്യത്തിൽ ഞാൻ വായിച്ചെടുത്തു.

” നീ എന്നെ ഏൽപ്പിച്ചു പോയ മകനെ നല്ല രീതിയിൽ വളർത്താൻ എനിക്ക് കഴിഞ്ഞില്ല. അവൻ മiദ്യത്തിനും മiയക്കുമരുiന്നിനും അടിമപ്പെട്ടു പോയത് ഞാൻ അറിഞ്ഞില്ല. അറിഞ്ഞവർ അത് ഞാനറിയാതെ ഇരിക്കാൻ വേണ്ടി മറച്ചു വെച്ചു. ഇപ്പോൾ അവനെ ഒരു ഭ്രാന്തനെ പോലെ ഇവിടെ കൊണ്ടുവന്ന് അഡ്മിറ്റ് ചെയ്യുമ്പോൾ നഷ്ടം എനിക്ക് മാത്രമാണ്. “

ഞാനത് പറഞ്ഞപ്പോൾ അവൾ പുച്ഛത്തോടെ ചിരിക്കുന്നുണ്ട്. അവളുടെ പുച്ഛവും പരിഹാസവും ഒക്കെ ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്.അല്ലെങ്കിൽ അതിനൊക്കെ ഞാൻ അർഹനാണ്.

“അങ്ങനെ പറയരുത്. നിങ്ങളുടെ വീട്ടുകാർ പണ്ടുമുതലേ ചെയ്തിരുന്നതെല്ലാം നല്ലതാണല്ലോ. ഞാൻ ആ വീട്ടിൽ ഉണ്ടെങ്കിൽ മകന്റെ ഭാവിക്ക് ദോഷമാണ് എന്ന് പറഞ്ഞു ആ വീട്ടിൽ നിന്ന് എന്നെ ഇറക്കിവിട്ടത് ഓർമ്മയുണ്ടോ..? അന്ന് നിങ്ങളുടെ തീരുമാനത്തിന് ചുക്കാൻ പിടിക്കാൻ നിങ്ങളുടെ വീട്ടുകാർ മുഴുവൻ ഉണ്ടായിരുന്നു. അപ്പോഴൊന്നും നിങ്ങൾ ഒരു അമ്മയുടെ വേദനയെപ്പറ്റി ചിന്തിച്ചിട്ടില്ല. ചെറിയ പ്രായത്തിൽ തന്നെ മകനെ അമ്മയിൽ നിന്ന് അടർത്തി മാറ്റുമ്പോൾ അമ്മയ്ക്കും മകനും ഒരുപോലെ വേദനിക്കും എന്നും നിങ്ങൾ ഓർത്തില്ല. ഇപ്പോൾ കാലം അതൊക്കെ ഓർക്കാൻ നിങ്ങൾക്ക് ഒരു അവസരം തന്നതാണ്.”

അവൾ അത് പറഞ്ഞപ്പോൾ എന്റെ ഓർമ്മകൾ ഭൂതകാലത്തിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയിരുന്നു.

അവൾ പറഞ്ഞത് ശരിയാണ്. ഞങ്ങളുടെ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാക്കിയത് എന്റെ വീട്ടുകാർ തന്നെയായിരുന്നു.

ഞാൻ ഒരു പ്രവാസി ആയിരുന്നു. അനിയത്തിമാരെ രണ്ടുപേരെയും കല്യാണം കഴിപ്പിച്ച് അനിയനും വിവാഹം നോക്കി തുടങ്ങിയതിനു ശേഷം മാത്രമാണ് ഞാൻ ഒരാൾ അവിടെ വിവാഹം കഴിക്കാൻ ബാക്കിയുണ്ട് എന്ന് അച്ഛനും അമ്മയും സഹോദരങ്ങളും ഓർക്കുന്നത് തന്നെ.

അതും സ്വന്തം ഇഷ്ടപ്രകാരം ഒന്നും ആയിരിക്കില്ല. ചേട്ടൻ നിൽക്കുമ്പോൾ അനിയന്റെ കല്യാണം നടത്താൻ പറ്റില്ല എന്ന് ആരോ പറഞ്ഞതു കൊണ്ടാണ് അങ്ങനെയൊരു തീരുമാനമെന്ന് പിന്നീട് ഞാൻ അറിഞ്ഞു.

പക്ഷേ അപ്പോഴേക്കും പ്രായം ഇത്തിരി കടന്നു പോയിരുന്നു. അതുകൊണ്ടുതന്നെ പോകുന്ന ഇടങ്ങളിൽ നിന്നൊന്നും പെണ്ണ് കിട്ടിയില്ല. ഏറ്റവുമവസാനം എന്നിലേക്ക് വന്നു ചേർന്നതാണ് മായ.

അവസാനം എന്നു പറഞ്ഞാൽ, ഞാൻ അവസാനമായി പെണ്ണുകാണാൻ പോയത് അവളെ ആയിരുന്നു. അത് ശരിയായാലും ഇല്ലെങ്കിലും ഇനി മറ്റൊരു പെണ്ണിനെയും കാണാനും പോകില്ല എന്ന് ഉറപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ലാസ്റ്റ് ചാൻസിൽ വീണു കിട്ടിയ ലോട്ടറി ആയിരുന്നു എനിക്ക് അവൾ.

ഞങ്ങൾ തമ്മിൽ പ്രായത്തിലും സാമ്പത്തികമായും ഒക്കെ ഒരുപാട് അന്തരം ഉണ്ടായിരുന്നു. പക്ഷേ അവൾക്ക് എന്നോട് ഒരുപാട് ഇഷ്ടമായിരുന്നു. എന്നോടുള്ള ഇഷ്ടം അവൾ എന്റെ വീട്ടുകാരോടും കാണിച്ചിരുന്നു.

പക്ഷേ അവരെ സംബന്ധിച്ച് അവൾ ഒരു അന്യ ആയിരുന്നു എന്ന് ഞങ്ങൾ ആരും അറിഞ്ഞിരുന്നില്ല.

വിവാഹം കഴിഞ്ഞ ആദ്യ നാളുകളൊക്കെ സന്തോഷത്തിന്റെതു തന്നെ യായിരുന്നു. അവളെ പൊന്നു പോലെ കൊണ്ടു നടക്കുന്ന അമ്മയെയും സഹോദരങ്ങളേയും ഒക്കെ കണ്ടു കൊണ്ടാണ് ഞാൻ വിദേശത്തേക്ക് വിമാനം കയറിയത്.

പക്ഷേ ഞാൻ അവിടെ എത്തി അധികം താമസിക്കുന്നതിന് മുൻപ് തന്നെ വീട്ടിൽ നിന്ന് 100 കൂട്ടം പരാതികൾ വരാൻ തുടങ്ങി. അതിൽ മിക്കതും അമ്മ തന്നെയാണ് പറയാറ്. അവൾ വീട്ടിൽ പണികൾ ചെയ്യുന്നില്ല അങ്ങനെ ഇങ്ങനെ എന്നു പറഞ്ഞു 100 പരാതികൾ ഉണ്ടാകും.

പക്ഷേ ഒരിക്കൽ പോലും അവൾ എന്റെ വീട്ടുകാരെ കുറിച്ച് മോശമായി ഒരു വാക്കു പോലും എന്നോട് പറഞ്ഞിട്ടില്ല.

രണ്ടുമാസത്തിനു ശേഷം അവൾക്ക് വിശേഷം ഉണ്ട് എന്നൊരു വാർത്തയാണ് ഞാൻ കേട്ടത്. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം ആയിരുന്നു. എന്റെ ജീവിതത്തിന് ഒരു അർത്ഥമുണ്ടായത് പോലെ എനിക്ക് തോന്നി.

എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും വേണ്ടി ഒരാൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നു എന്നുള്ളത് ഞങ്ങൾക്ക് രണ്ടുപേർക്കും സന്തോഷം തന്നെയായിരുന്നു.

അവളുടെ ഡെലിവറി സമയത്താണ് ഞാൻ പിന്നീട് നാട്ടിൽ എത്തുന്നത്. കുഞ്ഞിനെ ആദ്യം കയ്യിൽ ഏറ്റുവാങ്ങിയതും ഞാൻ തന്നെയായിരുന്നു. അവനെ താഴത്തും തറയിലും വയ്ക്കാതെ വളർത്തിയെടുക്കാൻ ഞങ്ങൾ മത്സരിക്കുക യായിരുന്നു.

രണ്ട് വീട്ടിലെയും അച്ഛനമ്മമാരുടെയും ബന്ധുക്കളുടെയും ഒക്കെ ലാളനകളേറ്റു മകൻ വളർന്നു.

ഞാൻ പ്രവാസിയായതു കൊണ്ടുതന്നെ അധിക ദിവസങ്ങളൊന്നും മകനോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല.

അവൻ വളർന്നു വരുംതോറും അവന്റെ കുസൃതികൾ കൂടിക്കൂടി വരുന്നു ണ്ടായിരുന്നു. പലപ്പോഴും വീട്ടിലേക്ക് ഫോൺ ചെയ്യുമ്പോൾ മായ പരാതിയായി പറയാറുണ്ട് കുഞ്ഞിനെ ചീiത്ത ശീലങ്ങൾ വീട്ടിലുള്ളവർ പഠിപ്പിക്കുന്നു എന്ന്. ആരെയും ഒരു ബഹുമാനവും ഇല്ലാത്ത രീതിയിലാണ് കുട്ടി സംബോധന ചെയ്യുന്നത് എന്ന് അവൾ പലപ്പോഴും പറഞ്ഞപ്പോൾ, അവൻ കുഞ്ഞല്ലേ വലുതാകുമ്പോൾ ശരിയായിക്കോളും എന്നാണ് ഞാൻ പറഞ്ഞത്.

എന്നോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ടാവാം പിന്നീട് അവൾ അതിനെ പറ്റി പരാതിയൊന്നും പറഞ്ഞിട്ടില്ല. പക്ഷേ കുഞ്ഞിന് നാല് വയസ്സ് പ്രായമുള്ളപ്പോൾ മുതൽ വീട്ടിൽ നിന്ന് അച്ഛനും അമ്മയും നിരന്തരമായി വിളിച്ച് അവളുടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങളുണ്ട് എന്ന് പറഞ്ഞു തുടങ്ങി.

അവൾ കുഞ്ഞിനെ ശ്രദ്ധിക്കുന്നില്ല കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നില്ല എന്നൊക്കെ. കുഞ്ഞിനെ വളർത്തുന്നത് അച്ഛനും അമ്മയും പെങ്ങമ്മാരും കൂടിയാണത്രേ. അതിൽ എത്രത്തോളം സത്യമുണ്ടെന്ന് പലപ്പോഴും അവളോട് ചോദിക്കാൻ ഒരുങ്ങിയിട്ടുണ്ടെങ്കിലും കുഞ്ഞിനെ നോക്കി തളർന്നുപോയി എന്ന വൈകുന്നേരം ഫോൺ ചെയ്യുമ്പോൾ അവൾ പറയുമ്പോൾ ആശ്ചര്യം തോന്നാറുണ്ട്.

പിന്നീട് ഒരിക്കൽ വീട്ടിൽ നിന്ന് വിളിച്ചപ്പോൾ അവൾ കുഞ്ഞിനെ അiടിച്ചു എന്ന് അറിഞ്ഞു. അത് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ആരോടും പറയാതെ ലീവിന് നാട്ടിലേക്ക് എത്തിയപ്പോൾ കൺമുന്നിൽ കണ്ട കാഴ്ചയും കുഞ്ഞിനെ തiല്ലുന്ന അവളെയായിരുന്നു. അത് സഹിക്കാൻ കഴിയുന്ന കാഴ്ച ആയിരുന്നില്ല.

അതുകൊണ്ടു തന്നെ വന്ന വഴി അവളുടെ കiരണത്ത് ഒന്ന് കൊടുiക്കുകയാണ് ചെയ്തത്. അവൾ അത് തീരെ പ്രതീക്ഷിച്ചില്ല എന്ന് ആ മുഖഭാവത്തിൽ നിന്നും മനസ്സിലായി.ചെയ്ത പ്രവർത്തിയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അച്ഛനും അമ്മയും പെങ്ങമ്മാരും ഒക്കെ ചുറ്റിലും ഉണ്ടായിരുന്നു.എല്ലാവരെയും ഒന്ന് നോക്കി കരഞ്ഞു കൊണ്ട് അവൾ മുറിയിലേക്ക് ഓടി.

ഒരിക്കൽ പോലും എന്തുകൊണ്ടാണ് അവൾ കുഞ്ഞിനെ തiല്ലിയത് എന്ന് ഞാൻ അവളോട് ചോദിച്ചില്ല. പലപ്പോഴും കുഞ്ഞ് ഓരോ കുറ്റങ്ങൾ ചെയ്യുമ്പോൾ അവൾ ശാസിക്കുന്നതും ചീiത്ത പറയുന്നതും ഞാൻ കണ്ടു. അപ്പോഴൊക്കെയും അമ്മയും അച്ഛനും അവളെ കൂട്ടമായി ചീuത്ത പറയുന്നതും കണ്ടു.

ഒരിക്കൽ അമ്മയും പെങ്ങമ്മാരും കൂടിയാണ് എന്നോട് പറഞ്ഞു തന്നത് അവൾക്ക് മറ്റാരോ ആയി ബന്ധമുണ്ട് അതുകൊണ്ടാണ് കുഞ്ഞിനെ ഇങ്ങനെ ഉപദ്രവിക്കുന്നത്. ചിന്തിച്ചപ്പോൾ ശരിയാണെന്ന് തോന്നി. ഒരുപക്ഷേ കുഞ്ഞിനെ അവളുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് അവൾ ഇങ്ങനെ യൊക്കെ ചെയ്യുന്നതെങ്കിലോ…?

ആ ഒരു ചിന്ത കൊണ്ടാണ് അവളോട് ഒരു വാക്കു പോലും ചോദിക്കാതെ അവളെ വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. അന്ന് കണ്ണീരോടെ അവൾ പറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്.

” നിങ്ങൾ ഇപ്പോൾ ചെയ്ത പ്രവർത്തിക്ക് ഒരിക്കൽ നിങ്ങൾ വേദനിക്കും. നിങ്ങൾക്ക് കുറ്റബോധം തോന്നും. പക്ഷേ അപ്പോൾ അതുകൊണ്ട് യാതൊരു ഉപയോഗവും ഇല്ലാതെ ആയിട്ടുണ്ടാവും. “

അത്രയും പറഞ്ഞു മകനെ ചേർത്തുപിടിച്ച് ഉമ്മ വച്ച് കണ്ണീരോടെയാണ് അവൾ വീട്ടിൽ നിന്ന് ഇറങ്ങി പോയത്.

അതോടെ പ്രവാസി വേഷം ഞാൻ അഴിച്ചു വച്ചിരുന്നു. പിന്നീട് ആണ് വീട്ടുകാരുടെ സ്വഭാവത്തിനെ കുറിച്ച് എനിക്ക് വ്യക്തമായി മനസ്സിലായത്. അവൾ പറഞ്ഞതുപോലെ അവനെ നല്ല ശീലങ്ങൾ ഒന്നും പഠിപ്പിക്കാൻ എന്റെ വീട്ടിൽ ആരും ശ്രമിച്ചിട്ടില്ല.

ഇപ്പോൾ അവൻ പൂർണ്ണമായും എന്റെ കൈവിട്ടു പോയിരിക്കുന്നു..!

ചിന്തകളിൽ നിന്നും മുക്തനായി അവളെ നോക്കിയപ്പോൾ അവൾ ശൂന്യ മായിരുന്നു. അല്ലെങ്കിലും അവൾ ഇനി ഒരിക്കലും എനിക്ക് വേണ്ടി കാത്തു നിൽക്കില്ല എന്ന് എനിക്കറിയാം..!

അവളോട് ചെയ്ത പാപത്തിന്റെ ഭാരവും പേറി കുറ്റബോധം കൊണ്ട് നീറി നീറി ജീവിക്കാനാണ് ഇനി എന്റെ വിധി..!!