അവളുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും അത്‌ കണക്ട് ആവുന്നുണ്ടായിരുന്നില്ല. ആ രാത്രി ഒരുപാട് തവണ വിളിച്ചെങ്കിലും ആ നമ്പർ സ്വിച്ച് ഓൺ ആയില്ല……

വിധി

എഴുത്ത്:-വസു

” ഇത്‌ എവിടെയാ..? എത്ര നേരമായി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട്..? “

ദേഷ്യമായിരിക്കും അവിടത്തെ ഭാവം എന്നറിയാം. കാരണം ഇതിനോടകം തന്നെ നൂറിൽ കൂടുതൽ മെസ്സേജുകൾ ഫോണിലേക്ക് എത്തിക്കഴിഞ്ഞു. അതുപോലെ തന്നെ മിസ്ഡ് കോളുകളും.

” ഹലോ..”

അങ്ങോട്ട് ഒരു മെസ്സേജ് അയച്ചു. അതിന്റെ പിന്നാലെ പരിഭവം പറഞ്ഞുകൊണ്ട് നൂറു നൂറു മെസ്സേജുകൾ ഇങ്ങോട്ട് വന്നു. ഒക്കെ വായിച്ച് ഒരു ചിരിയോടെ കട്ടിലിലേക്ക് ചാഞ്ഞിരുന്നു.

” എന്റെ പെണ്ണേ..പറയുന്നതൊന്നു കേൾക്ക്.. ഞാൻ കുറച്ച് തിരക്കിൽ ആയിപോയി. നിന്നോട് ഞാൻ പറഞ്ഞതല്ലേ നാളെ കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം ആണെന്ന്.. ഞങ്ങളൊക്കെ വേണ്ടേ അതിന് ആത്മാർത്ഥമായി നിൽക്കാൻ…? അതിനിടയ്ക്ക് ഫോൺ നോക്കാനൊന്നും സമയം കിട്ടിയില്ല.. അതുകൊണ്ടല്ലേ..? “

ആ മെസ്സേജ് കണ്ടതോടെ കുറച്ച് ഏറെനേരം അവൾ മെസ്സേജുകൾ ഒന്നും ഇങ്ങോട്ടേക്ക് അയച്ചില്ല.അതുകൊണ്ടുതന്നെ വീണ്ടും വീണ്ടും അങ്ങോട്ട് മെസ്സേജ് അയച്ചു.ഒടുവിൽ അവളുടെ പരിഭവങ്ങൾ മുഴുവൻ അലിഞ്ഞു പോയി എന്ന് തോന്നിയപ്പോൾ ഗുഡ് നൈറ്റ് പറഞ്ഞ് ഫോൺ ഓഫ് ചെയ്തു വച്ചു.

ഉറക്കത്തിലേക്ക് വീഴുമ്പോൾ അവളെ കുറിച്ച് തന്നെയായിരുന്നു ചിന്ത. ഒരു മിസ്ഡ് കോളിലൂടെ തന്റെ ജീവിതത്തിലേക്ക് എത്തിപ്പെട്ടതാണ് അവൾ.

കാറ്ററിംഗ് വർക്കിന് ഇടയ്ക്കൊക്കെ പോകാറുണ്ടായിരുന്നു. അങ്ങനെ ഒരു വർക്കിന് ഇടയ്ക്ക് നിൽക്കുമ്പോഴാണ് ഫോൺ നിർത്താതെ ബെല്ലടിക്കുന്നത്. പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് തന്നെ ആദ്യത്തെ പ്രാവശ്യം വന്ന കോൾ അവോയ്ഡ് ചെയ്തു. പക്ഷേ വീണ്ടും തുടരെത്തുടരെ ബെല്ലടിക്കാൻ തുടങ്ങിയപ്പോൾ അത് വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചു. അങ്ങനെ തന്നെയാണ് ഫോൺ എടുത്തത്.

” എടി നിന്നോട് ഞാൻ പറഞ്ഞതല്ലേ നാളെ കല്യാണത്തിന് പോകുന്നെങ്കിൽ എന്നോട് നേരത്തെ പറയണം എന്ന്.. എന്നിട്ട് ഇപ്പോൾ സൗമ്യയെ കണ്ടപ്പോഴാണ് ഞാൻ വിവരം അറിഞ്ഞത്. നീ എന്തിനാ ഈ ഫോൺ നമ്പർ മാറ്റിയത്..? “

ദേഷ്യത്തോടെയും പരിഭവത്തോടെയും മറുവശത്ത് നിന്ന് ഒരു പെൺകുട്ടി ചോദിക്കുന്നത് കേട്ട് ആദ്യം ഒന്നും മനസ്സിലായില്ല. വീണ്ടും വീണ്ടും തനിക്ക് പറയാൻ ഒരു അവസരം പോലും തരാതെ അവൾ സംസാരിക്കുന്നത് ദേഷ്യമാണ് വരുത്തിയത്.

” ദേ കൊച്ചെ ആരെയേങ്കിലും വിളിക്കുന്നുണ്ടെങ്കിൽ നമ്പർ നോക്കിയിട്ട് വേണം വിളിക്കാൻ.. അല്ലാതെ വെറുതെ മനുഷ്യനെ ശല്യം ചെയ്യരുത്..”

ദേഷ്യത്തോടെ പറയുമ്പോൾ മറുവശം നിശബ്ദമായത് അറിഞ്ഞു. പറഞ്ഞു കഴിഞ്ഞ ഉടനെ ഫോൺ കട്ടാവുകയും ചെയ്തു.

അന്ന് വർക്ക് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഒരുപാട് ലേറ്റ് ആയി. ഉറങ്ങുന്നതിനു മുൻപ് ഫോൺ ഒന്ന് ചെക്ക് ചെയ്തപ്പോഴാണ് നേരത്തെ വിളിച്ച നമ്പറിൽ നിന്ന് ഒരു മെസ്സേജ് വന്നു കിടക്കുന്നത് ശ്രദ്ധിച്ചത്.

“സോറി.. എനിക്ക് ആളു മാറിപ്പോയതാണ്. ഒരു കൂട്ടുകാരിയുടെ നമ്പർ ആണ് എന്ന് കരുതിയാണ് വിളിച്ചത്..”

അതായിരുന്നു ആ മെസ്സേജ്. അത് കണ്ടപ്പോൾ ഒരു വല്ലായ്ക തോന്നി. ആ കുട്ടിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കിലും താൻ അത്രത്തോളം അതിനോട് ദേഷ്യപ്പെടേണ്ടിയിരുന്നില്ല എന്ന് അപ്പോഴാണ് തോന്നിയത്.

” അത് സാരമില്ല. പിന്നെ തന്റെ ഭാഗത്ത് മാത്രമല്ല എന്റെ ഭാഗത്തും തെറ്റു വന്നിട്ടുണ്ട്. ഞാൻ തന്നോട് അത്രയും ദേഷ്യപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. സോറി.. “

അങ്ങോട്ട് ഒരു മെസ്സേജ് അയച്ചിട്ട് ഉറങ്ങാൻ കിടന്നു. പിറ്റേന്ന് നേരം വെളുത്തപ്പോൾ അവളുടെ ശുഭദിന ആശംസകൾ ആണ് തന്നെ വരവേറ്റത്. പതിയെ പതിയെ ഇരുവരും നല്ല സുഹൃത്തുക്കളായി.

ഇടയ്ക്കൊക്കെ പരസ്പരം ഫോൺ വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യും. പക്ഷേ ഇന്നോളം പരസ്പരം കണ്ടിട്ടില്ല.

” എന്നാലും ഏട്ടൻ എന്താ എന്നെ കാണണമെന്ന് ഇതുവരെ ആഗ്രഹം പറയാത്തത്..? “

ഒരിക്കൽ ഫോണിൽ സംസാരിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

” അങ്ങനെ പറഞ്ഞാൽ താൻ എന്നെ തെറ്റിദ്ധരിക്കുമോ എന്നൊരു തോന്നൽ.. അതുകൊണ്ട് മാത്രം എന്റെ ആഗ്രഹത്തെ അടക്കി വെച്ചതാണ് ഞാൻ.. “

ഞാൻ പറയുമ്പോൾ അവൾ ചിരിക്കുന്നത് കേട്ടു.

” എന്നാൽ ആഗ്രഹം അങ്ങനെ അടക്കി വയ്ക്കേണ്ട.. ഞാൻ ഏട്ടനെ തെറ്റിദ്ധരിക്കുകയും ഒന്നുമില്ല. പക്ഷേ ഒരു കാര്യമുണ്ട്..ഉടനെ ഫോട്ടോ ഒന്നും ചോദിക്കണ്ട.. ഒരു ദിവസം നമുക്ക് നേരിട്ട് കാണാം.. “

അവൾ പറഞ്ഞത് സന്തോഷത്തോടെ സമ്മതിച്ചു. പിന്നീട് പരസ്പരം തുറന്നു പറഞ്ഞിട്ടില്ല എങ്കിൽ പോലും ഞങ്ങൾക്ക് ഇടയിൽ സൗഹൃദത്തിനെക്കാളും ഉപരി മറ്റൊരു ബന്ധമുണ്ട് എന്ന് ഇരുവരും മനസ്സിലാക്കിയിരുന്നു. അത്‌ പ്രണയം ആണെന്ന് പരസ്പരം പറയാതെ തന്നെ അറിഞ്ഞിരുന്നു.

ചിന്തകൾക്ക് ഒടുവിൽ പുഞ്ചിരിയോടെ ഉറക്കത്തിലേക്ക് വീണു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ, അവളുടെ മെസ്സേജ് ഒന്നും കാണാത്തത് കൊണ്ട് തന്നെ സങ്കടം തോന്നി. കഴിഞ്ഞ കുറച്ചു നാളുകളായുള്ള പതിവായിരുന്നു അത്. പെട്ടെന്നൊരു ദിവസം അത് ഇല്ലാതായപ്പോൾ ആകെ ഒരു വല്ലായ്ക. എങ്കിലും എന്റെ പതിവ് തെറ്റിക്കാതെ അങ്ങോട്ടേക്ക് ഒരു മെസ്സേജ് അയച്ചു.

പിന്നെ ഫോൺ നോക്കാൻ ഒന്നും നേരം കിട്ടിയില്ല. കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം ആയതുകൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ടായിരുന്നു.

കല്യാണം കഴിഞ്ഞ് മറ്റു പരിപാടികളും ഒക്കെ കഴിഞ്ഞ് രാത്രിയിലാണ് വീട്ടിലേക്ക് എത്തിയത്. അതിനിടയ്ക്കൊന്നും ഫോണിലേക്ക് മെസ്സേജുകൾ ഒന്നും വരാത്തത് ശ്രദ്ധിച്ചിരുന്നു. വീട്ടിലെത്തിയിട്ട് ഒന്ന് വിളിച്ചു നോക്കാം എന്നാണ് കരുതിയത്.

വീട്ടിലെത്തിക്കഴിഞ്ഞു വീണ്ടും മെസ്സേജ് അയച്ചെങ്കിലും അത് ഡെലിവറായി കണ്ടതും ഇല്ല. അതുകൊണ്ട് തന്നെ ആകെ ഒരു ടെൻഷൻ തോന്നി.

അവളുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും അത്‌ കണക്ട് ആവുന്നുണ്ടായിരുന്നില്ല. ആ രാത്രി ഒരുപാട് തവണ വിളിച്ചെങ്കിലും ആ നമ്പർ സ്വിച്ച് ഓൺ ആയില്ല.

പിന്നീടുള്ള ദിവസങ്ങളിലും ഇത്‌ തന്നെ ആവർത്തിച്ചതോടെ അവൾക്ക് എന്ത് സംഭവിച്ചു എന്നറിയാതെ പരിഭ്രമിച്ചു.

ഒരിക്കൽ അവളുടെ കൂട്ടുകാരി എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ട് ഒരു പെൺകുട്ടി തന്റെ മുന്നിലേക്ക് വന്നു.

” ഇത്‌ അവൾ ഏട്ടന് തരാൻ പറഞ്ഞതാണ്.. പിന്നെ.. അവളെ.. ഒരിക്കലും ശപിക്കരുത് എന്ന് പറയാൻ പറഞ്ഞു. പരസ്പരം കാണുമ്പോൾ വിരോധം കാണിക്കരുതെന്നും.. “

അവൾ പറഞ്ഞത് പൂർണമായും മനസ്സിലായില്ലെങ്കിൽ കൂടി അവൾ തന്ന ഡയറി കൈ നീട്ടി വാങ്ങി.അത്‌ വായിക്കുമ്പോൾ കൈയും മനസ്സും ഒരു പോലെ വിറച്ചിരുന്നു..

” ഞാൻ ആരെന്ന ചോദ്യം ഇപ്പോഴും ഏട്ടന്റെ ഉള്ളിൽ ഉണ്ടെന്ന് അറിയാം.. ഏട്ടൻ മിക്കപ്പോഴും കണ്ടിരുന്ന.. സംസാരിച്ചിരുന്ന ഒരാൾ ആയിരുന്നു ഞാൻ. ഏട്ടന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ പെങ്ങൾ.. കുറച്ചു നാളുകൾക്ക് മുൻപ് ഏട്ടൻ ഉൾപ്പെടെ മുൻപന്തിയിൽ നിന്ന് നടത്തിയ വിവാഹം എന്റെയായിരുന്നു.. “

ആ നിമിഷം അവന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി.

” എനിക്കറിയാം.. കേൾക്കുമ്പോൾ ഏട്ടന് അമ്പരപ്പ് തോന്നും. ഒരിക്കലും ഞാൻ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല. പക്ഷെ, നമ്മൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞത് കൊണ്ടാണ് നിർബന്ധ പൂർവ്വം വീട്ടിൽ വിവാഹം നടത്തിയത്. പക്ഷെ, അതൊന്നും ഏട്ടനെ അറിയിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഭയമായിരുന്നു..!! എനിക്ക് ഒരു റിലേഷൻ ഉണ്ടെന്നല്ലാതെ അത് ആരാണെന്ന് വീട്ടിൽ ആർക്കും അറിയുമായിരുന്നില്ല.. “

അത് വായിക്കുമ്പോൾ എന്റെ ഓർമ്മകൾ ആ സുഹൃത്ത് പറഞ്ഞ കാര്യത്തെ ക്കുറിച്ച് ആയിരുന്നു. അനിയത്തിക്ക് ഒരു റിലേഷൻ ഉണ്ടെന്ന് അത് സമ്മതിച്ചു കൊടുക്കാൻ പറ്റില്ല എന്നും പലപ്പോഴും അവൻ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നുമാത്രമല്ല അത് ആരാണെന്ന് കണ്ടുപിടിച്ചാൽ അവന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകും എന്നു പോലും പലപ്പോഴും അവൻ പറഞ്ഞിട്ടുണ്ട്. അതൊക്കെ തന്നെക്കുറിച്ച് ആയിരുന്നു എന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല.

” അത് ആരാണെന്ന് അറിയുന്ന നിമിഷം ഏട്ടൻ ഒരുപക്ഷേ… എനിക്ക് അതൊന്നും ചിന്തിക്കാൻ കൂടി പറ്റില്ല. അതുകൊണ്ട് മാത്രമാണ് മൗനമായി ആ ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നത്. തെറ്റാണ് ഞാൻ ചെയ്തത് എന്ന് പൂർണ്ണമായും ബോധ്യമുണ്ട്. പക്ഷേ ആ മുന്നിൽ വന്നു നിന്ന് ഇതൊന്നും ഏറ്റു പറയാനുള്ള ശക്തി എനിക്കില്ല. എന്നെ പരിചയപ്പെട്ടിട്ടില്ല എന്ന് തന്നെ കരുതിക്കോളൂ. നമ്മൾ തമ്മിൽ ഇങ്ങനെയൊരു സംസാരവും ഉണ്ടായിട്ടില്ല.. ഇനിയുള്ള കാലം പരസ്പരം കാണുമ്പോൾ എല്ലാം ഉള്ളിൽ പരസ്പരം പുഞ്ചിരിക്കാൻ ശ്രമിക്കാം..!”

വായിച്ച് അവസാനിപ്പിക്കുമ്പോൾ ഇടതടവില്ലാതെ കണ്ണുനീർത്തുള്ളികൾ ഒഴുകുന്നുണ്ടായിരുന്നു.

ഈ കാര്യത്തിൽ ആരെയാണ് കുറ്റം പറയുക..? അവളെയോ അതോ എന്റെ വിധിയെയോ..?