ലോക്ക് ഡൗൺ – എഴുത്ത്: ആദർശ് മോഹനൻ
“തൃശ്ശൂർ മദ്യം കിട്ടാതെ യുവാവ് ആത്മഹത്യ ചെയ്തുന്ന്” കണ്ണ് കൂർപ്പിച്ചു വായിച്ചു കൊണ്ടിരുന്ന പാത്രം മടക്കി വെച്ചുകൊണ്ട് ഞാൻ അച്ഛന് നേർക്ക് ആ ചോദ്യം ഉന്നയിച്ചു.
“എന്തൊരു വിഡ്ഢികൾ ആണല്ലേ അച്ഛാ ഇവരൊക്കെ, മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തത്രേ..?”
മറുപടിക്ക് വേണ്ടി ഞാനാ നിസ്സംഗത നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി. കയ്യിലുള്ള ചില്ലുഗ്ലാസ്സിൽ ഉള്ള മധുരമില്ലാത്ത കട്ടൻചായ ചെറുതായൊന്നു ഓളം തല്ലുന്നുണ്ടായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് എനിക്ക് മനസ്സിലായത് എന്റെ അച്ഛന്റെ കൈ കിടുകിട വിറയ്ക്കുകയാണ് എന്ന്…
വിഷാദം പ്രകടമാക്കാതിരിക്കാൻ പാട് പെടുന്ന മുഖത്തിലെ കണ്ണുകൾക്ക് സത്യം മറയ്ക്കാൻ സാധിക്കാതെ വന്നപ്പോൾ ഒരിറ്റ് മിഴിനീർ ആ കണ്പോളകളിൽ തങ്ങി നിന്നു. ഒറ്റവലിയിൽ ആ കട്ടനകത്താക്കികൊണ്ട് തറയിലേക്കാ ചില്ല് ഗ്ലാസ്സ് കുത്തുമ്പോൾ ഡെയിലി അച്ഛൻ അടിക്കാറുള്ള റോയൽ ആംസ് ന്റെ ഗന്ധവും ലഹരിയും ഉള്ളിലേക്ക് ആവാഹിച്ച് എടുക്കാൻ ശ്രമിക്കുന്ന മുഖമൊന്നു കനക്കുന്ന പോലെയെനിക്ക് തോന്നി…
എന്തിനും ഏതിനും ഒപ്പം നിന്ന് വിഷമഘട്ടങ്ങളിൽ താങ്ങാറുള്ള അച്ഛനെ ഓർത്തു ജീവിതത്തിൽ ആദ്യമായി ഉള്ളിൽ ഭയം ഉടലെടുത്തു…രണ്ട് ദിവസം മുൻപ് വരേ ഞാൻ കരുതിയിരുന്നത് ഒരു ലഹരിക്കും തളർത്താനാകാത്ത മികച്ച പോരാളി ആയിരുന്നു അച്ഛൻ എന്നാണ്. ഇന്ന് പക്ഷെ എന്റെ കണക്കുകൂട്ടലുകളൊക്കെ തെറ്റിയ പോലെ തോന്നി.
മദ്യം അച്ഛന്റെ ശരീരത്തിൽ ചെലുത്തിയ സ്വാധീനം പതിയെ പതിയെ പുറത്ത് വരാൻ തുടങ്ങുകയായിരുന്നു. വീട്ടിൽ എടുത്തിടാറുള്ള ചർച്ചാ വിഷയങ്ങളിളെല്ലാം തന്നെ വാചാലനാകാറുള്ള എന്റെ അച്ഛൻ പതിയെ പതിയെ മുക്കലിലും മൂളലിലും മറുപടികൾ ഒതുക്കി.
ഇടക്ക് പറമ്പിലെ ഏതേലും മൂലയിൽ കസേരയിട്ട് ഒറ്റക്ക് ചെന്നിരിക്കും രണ്ട് കൈ കൊണ്ടും നെറ്റിയിലെ ഇരുവശങ്ങളിലും ശക്തമായി തടവുന്നത് ഒളിഞ്ഞും പാത്തും ഞാനത് കണ്ടപ്പോൾ എന്റെ ഉള്ളിലെ ഭയം ഇരട്ടിക്കുകയാണ് ഉണ്ടായത്.
കാലത്ത് കഞ്ഞി കോരിക്കുടിക്കുമ്പോഴും ആ കൈകൾ നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു. കഞ്ഞി മതിയാക്കി വീണ്ടും ഒറ്റക്ക് ഇരുപ്പ് തുടങ്ങിയപ്പോൾ ഞാനും അച്ഛന്റെ അരികിൽ ചെന്നിരുന്നു. ഇത്തവണ തലയിലെ പെരുപ്പം മാറ്റാനായി അച്ഛൻ തോർത്തുമുണ്ട് നനച്ചു തലയിൽ വലിച്ചു കെട്ടിയിട്ടുണ്ടായിരുന്നു.
“എന്ത് പറ്റി അച്ഛാ…?”
എന്റെയാ ചോദ്യം കേട്ടില്ലെന്ന് നടിക്കുകയാണ് അച്ഛൻ ചെയ്തത്. ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ നിയസഹായതയുടെ അങ്ങേ അറ്റം എന്താണെന്ന് ഞാൻ അറിയുകയായിരുന്നു. എന്റെ മുഖത്തേക്ക് വിഷാദനായി നോക്കിയ അച്ഛന്റെ മുഖത്ത് നിന്ന് ഞാനാ ചോദ്യം വായിച്ചെടുത്തതാണ്…
“ഒരിറ്റ് മദ്യം, ഈ തലേലെ പെരുപ്പ് ഒന്ന് മാറാൻ വേണ്ടി മാത്രമാണ്…”
ഇല്ല സമയം ആയില്ല ഇനിയും കുറച്ചു കൂടെ പിടിച്ചു നിന്നെ മതിയാകു…കുറയ്ക്കണം…പറ്റുമെങ്കിൽ നിർത്തണം…എന്റെ മനസ്സ് അന്നേരം മന്ത്രിച്ചതാണ്. അച്ഛന്റെ അവസ്ഥയെ പറ്റി നേരത്തെ തന്നെ മനസ്സിലാക്കിയ ഞാൻ അമ്മയോടും അനിയത്തിയോടും ഇക്കാര്യം സംസാരിച്ചു.
ഒറ്റക്ക് ഇരിക്കാൻ സമ്മതിക്കാതെ ഞങ്ങൾ മൂന്ന് പേരുടെയും കണ്ണുകൾ എപ്പോഴും അച്ഛനിൽ തന്നെ പതിഞ്ഞു കൊണ്ടേ ഇരുന്നു. രണ്ട് ദിവസം കൂടെ എങ്ങനെയൊക്കെയോ തള്ളി നീക്കി അച്ഛൻ, പിന്നീട് തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യപ്പെടാൻ തുടങ്ങി.
വീട്ടിൽ ഉള്ള ഓരോരുത്തരെയും കാരണമില്ലാതെ ശകാരിക്കാൻ തുടങ്ങിയപ്പോൾ ആരും പ്രതികരിക്കാതെ കേട്ടു നിന്നു. ആ അരിശം അങ്ങനെയെങ്കിലും തീർന്നാൽ കുറച്ചൂടെ മനസമാധാനം കിട്ടും എന്ന് ഞങ്ങൾക്ക് നന്നേ അറിയാമായിരുന്നു.
ഒരു ദിവസം കറിക്ക് ഉപ്പ് കൂടി എന്ന് പറഞ്ഞു കറി പാത്രം വടക്കേപ്പുറത്ത് ഉള്ള പ്ലാവിൻ ചോട്ടിലേക്ക് വലിച്ചെറിഞ്ഞു അച്ഛൻ. ആഴ്ച്ചയിൽ ഒരിക്കലെങ്കിലും അച്ഛനോട് പോരെടുക്കാറുള്ള അമ്മയുടെ പ്രതികരണം എന്നേ വല്ലാതെ അത്ഭുതപ്പെടുത്തിയതാണ്.
“എനിക്കും തോന്നി ഉപ്പ് കൂടി എന്ന്, പത്ത് മിനിറ്റ് ഏട്ടാ ഞാൻ ഏട്ടന് ഇഷ്ട്ടപെട്ട തക്കാളി ചമ്മന്തി ഉണ്ടാക്കി തരാം…” പറഞ്ഞ് തീരുമ്പോഴേക്കും അനിയത്തി തക്കാളി കഴുകി വൃത്തിയാക്കി വെക്കുന്നത് കണ്ടപ്പോൾ എന്റെ രോമം എണീറ്റ് നിന്ന് അവൾക്ക് നേരെ കൈകൾ കൂപ്പി.
ഇവരൊക്കെ എന്നേക്കാൾ അഡ്വൻസ്ഡ് ആണെന്ന് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പണ്ടും അവളെ മാത്രമേ അച്ഛന് പേടി ഉണ്ടായിരുന്നുള്ളൂ…മുഴുക്കുടിയൻ ആയിരുന്ന അച്ഛനെ കാൽ കുടിയൻ ആക്കിയതിന്റെ എല്ലാ വിധ ക്രെഡിറ്റ് എന്റെ അനിയത്തിക്ക് തന്നെയാണ് എന്നതാണ് സത്യം. അവളുടെ ഒച്ച വീട്ടിൽ പൊന്തിയാൽ വീട് ശാന്തമാകും. കാരണം 100 ശതമാനം ന്യായം ഇല്ലാത്ത കാര്യങ്ങൾക്ക് അവൾ ഇറങ്ങി തിരിക്കാറില്ല എന്നതാണ് സത്യവും…
അന്ന് രാത്രി പതിവ് പോലെ ഉറങ്ങാതെ ഫോണും പിടിച്ചു അച്ഛന് കാവൽ ഇരിക്കുമ്പോൾ ആണ് അത് സംഭവിച്ചത്. മുറി വിട്ട് പുറത്തേക്ക് ഇറങ്ങിയ അച്ഛനെ അച്ഛനറിയാതെ ഞാൻ പിന്തുടർന്നു. നോക്കിയപ്പോൾ പഴയ തൊഴുത്തിന്റെ പുല്ല് കൂട്ടിൽ ആട്ടിയട്ടിയിട്ട കാലിയായ മദ്യക്കുപ്പികൾ ഓരോന്നും അടപ്പൻ തുറന്ന് ഭ്രാന്തമായി ഓരോ തുള്ളികളും ഉള്ളിലേക്ക് ഇറ്റിക്കുകയായിരുന്നു അച്ഛൻ.
പരാക്രമം കൊണ്ട് നെഞ്ചിൽ തടവിയും തല മാന്തിയും മാറി മാറി കുപ്പികൾ എടുക്കുമ്പോൾ ആ ശാരീരിക പ്രകൃതി ചങ്ങലയ്ക്കിട്ട ഭ്രാന്തനെക്കാൾ ഭയാനകമായി തോന്നി. ദൗത്യത്തിന് ഇടയിൽ കേറി ചെല്ലാതിരുന്നത് മനഃപൂർവം തന്നെയാണ്, ഒരു മകന്റെ മുന്നിൽ ഏൽക്കുന്ന അഭിമാനക്ഷതത്തെക്കാൾ വലുതായി മറ്റൊന്നും ഇല്ല എന്ന് എനിക്ക് നന്നേ അറിയാമായിരുന്നു.
അന്ന് ഞാൻ ഉറങ്ങിയിട്ടില്ലായിരുന്നു. ഇടയ്ക്കിടെ എണീറ്റു അച്ഛനവിടെ തന്നെ ഉണ്ടോ എന്ന് നോക്കിയില്ലെങ്കിൽ ഒരു മനസമാധാനം കിട്ടില്ലായിരുന്നു എനിക്ക്…
പിറ്റേ ദിവസം ഉറക്കം മുറിഞ്ഞു പുലർച്ചെ തന്നെ എണീറ്റപ്പോൾ തന്നെ കണ്ട കാഴ്ച്ച എന്നിൽ വല്ലാതെ ആഹ്ലാദം ഉണർത്തിയതാണ്…കാലത്തെ തന്നെ മൂന്ന് പേരും കൂടെ ഒരുമിച്ച് ഇരുന്ന് യോഗയും അതിന് ശേഷം ധ്യാനവും ചെയ്യുകയായിരുന്നു. അനിയത്തി ആണ് ടീച്ചർ…അച്ഛനും അമ്മയും അനുസരണയുള്ള കുട്ടികൾ ആയി മാറിയത് കണ്ടപ്പോൾ കൗതുകത്തോടെ ഞാനത് വീക്ഷിച്ചു നിന്നു.
അച്ഛനിൽ ഉണ്ടായ മാറ്റത്തെ അച്ഛൻ ഉൾക്കൊള്ളാൻ തയ്യാറായി എന്നത് മാത്രം മതിയായിരുന്നു ആ ദിവസം എനിക്ക് എത്രത്തോളം വിലപ്പെട്ടത് ആണെന്ന് മനസ്സിലാക്കാൻ…അന്ന് തന്നെയച്ഛൻ മുല്ലത്തറയിലെ വള്ളിപ്പടർപ്പുകളും പുല്ലും വെട്ടി നിരത്തി മാറ്റി മുത്തപ്പന് വിളക്ക് വെക്കല് തുടങ്ങി…കാലത്തും വൈകുന്നേരവും പ്രാർത്ഥിക്കാൻ തുടങ്ങി…
ഒന്ന് രണ്ട് ദിവസത്തെ ധ്യാനവും യോഗയും ഒന്നും ആളെ അപ്പാടെ മാറ്റി മറിക്കുകയില്ല എന്ന് എനിക്ക് നന്നേ അറിയാമായിരുന്നു. ശരീരത്തിൽ റിയാക്ഷൻ നടക്കുന്ന ഈ സമയത്ത് ഉറക്കത്തിൽ ദുസ്വപ്നങ്ങൾ കാണാൻ ഇടയുണ്ടെന്നും അങ്ങനെയുള്ള സ്വപ്നങ്ങൾ ആത്മഹത്യക്ക് ഉള്ള ടെൻഡൻസി ഉണ്ടാക്കും എന്നും നന്നേ അറിയാവുന്നത് കൊണ്ടും എന്റെ കിടപ്പ് ഞാൻ അച്ഛന്റെ കൂടെയാക്കി.
അച്ഛന് രാത്രി ഉറക്കം ഇല്ലാതെ വരുമ്പോൾ വീടിന്റെ ഉമ്മറത്തു ചെന്നിരിക്കൽ ഒരു പതിവാണ്. അന്ന് രാത്രി കിടക്കപ്പായയിൽ അച്ഛനെ കാണാതായപ്പോൾ ഉമ്മറത്തേക്ക് ധൃതി വച്ചു ഉമ്മറത്തേക്ക് എണീറ്റു നോക്കിയപ്പോൾ അച്ഛനെവിടെ ഇരുന്ന് മുഖം പൊത്തി കരയുന്നതാണ് ഞാൻ കണ്ടത്.
ആദ്യമായാണ് അച്ഛൻ കരയുന്നത് ഞാൻ കാണുന്നത്. അങ്ങോട്ട് കയറി ചെല്ലാൻ എന്റെ ധൈര്യം എന്നേ അനുവദിച്ചില്ല. ഞാൻ തിരികെ കിടക്കയിലേക്ക് വന്നു ചാഞ്ഞപ്പോൾ അൽപ്പ നേരം കഴിഞ്ഞപ്പോൾ അച്ഛൻ എന്റരികിൽ വന്നു കിടന്നു. അല്പമൊന്ന് ചരിഞ്ഞു കിടന്ന് ഞാനാ നെഞ്ചിലേക്ക് എന്റെ കൈപ്പത്തി വിടർത്തി വെച്ചപ്പോളെനിക്ക് മനസ്സിലായി ആ നെഞ്ചകം ചുട്ടു പൊള്ളുന്നുണ്ടായിരുന്നെന്നത്…
ഞാൻ മെല്ലെയൊന്ന് വിളിച്ചു… “അച്ഛാ….”
“ഉം” എന്നൊരു മൂളൽ മാത്രം കിട്ടി.
“ഞാനൊരു കഥ പറയട്ടെ…?”
നീണ്ടയാ മൗനത്തെ സമ്മതമായി എടുത്ത് കൊണ്ട് ഞാൻ പറഞ്ഞ് തുടങ്ങി…
ഒരിടത്ത് ഒരു ബിസ്സിനെസ്സ്കാരൻ ഉണ്ടായിരുന്നു. പണം സമ്പാദിക്കുന്നതിന്റെ തിരക്കിൽ അയാൾക്ക് തന്റെ ഭാര്യയെയും മകനെയും ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല. പക്ഷെ അയാളുടെ ഭാര്യക്ക് അയാൾ എന്ന് വെച്ചാൽ ജീവനായിരുന്നു. തന്റെ ടെൻഷനും വിഷമങ്ങളും അയാൾ തന്റെ വീട്ടുകാരോട് പറയാറില്ല. അതിൽ നിന്നെല്ലാം മുക്തി നേടാൻ വേണ്ടി അയാൾ അത്യാവശ്യം നല്ല രീതിയിൽ മദ്യപിക്കുമായിരുന്നു.
അങ്ങനെ ബിസിനസ് രംഗത്ത് നല്ല രീതിയിൽ സാമ്പത്തിക തകർച്ച നേരിട്ട അയാൾ നാണക്കേട് കൊണ്ട് വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കാതെ മദ്യത്തിൽ അഭയം പ്രാപിച്ചു. കടത്തിന് മേൽ കടം ആയിട്ടും കുടിക്കാൻ ഉള്ള പണം കണ്ടതും കിട്ടിയതുമൊക്കെ വിറ്റ് കൊണ്ട് അയാൾ കണ്ടെത്തി കൊണ്ടിരുന്നു. ആയിടയ്ക്ക് അയാൾക്ക് സ്ട്രോക്ക് വന്നു കിടപ്പിലായി.
ഒരു ഭാഗം തളർന്നു കിടക്കുമ്പോൾ ആണ് ഭാര്യയെ അയാൾ എല്ലാം അറിയിക്കുന്നത്. മദ്യപാനം അവസാനിപ്പിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച അയാൾ ആ കിടപ്പിലും ഭാര്യയോട് ആവശ്യപ്പെട്ടത് മദ്യം തന്നെയായിരുന്നു. മദ്യം അയാൾക്ക് ഒഴിച്ച് കൂടാനാകാത്ത ഘടകം ആയി മാറിക്കഴിഞ്ഞിരുന്നു എന്ന് അയാളുടെ ഭാര്യക്കും നന്നേ അറിയാമായിരുന്നു.
മരുന്നിനുള്ള പൈസ വരേ കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന ആ സ്ത്രീയും തന്റെ ഭർത്താവിന്റെ അവസ്ഥ സഹിക്കാനാവാതെ ഉള്ളതെല്ലാം വിറ്റ് പെറുക്കി അയാൾക്ക് മദ്യം വാങ്ങി കൊടുത്തു. ഒപ്പം അവളും അയാൾക്കൊപ്പം ഇരുന്ന് മദ്യം കഴിക്കാൻ തുടങ്ങി. പതിയെ പതിയെ തന്റെ ഭർത്താവ് മരണത്തിന് കീഴടങ്ങിയപ്പോഴേക്കും അവർ മദ്യത്തിന് അടിമപ്പെട്ടു കഴിഞ്ഞിരുന്നു.
വർഷങ്ങളോളം കൂലി വേല ചെയ്തു കൊണ്ട് തന്റെ മകനെ അവർ പോറ്റി, പഠനത്തിലും കായിക വിനോദങ്ങളിലും മകൻ കേമനായി വളർന്നു വരുന്നത് കണ്ട അവരിലും ഈ നശിച്ച മദ്യപാനം അവസാനിപ്പിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അവർക്കതിന് സാധിച്ചില്ല എന്നതാണ് വസ്തുത. പതിയെ പതിയെ അവരും മരണത്തെ പുൽകാൻ തുടങ്ങി.
മദ്യപാനം നിർത്തണം എന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നിട്ടും മരണക്കിടക്കയിൽ കിടക്കുമ്പോൾ അവർ തന്റെ മകനോട് ചോദിച്ചത് ഒരു തുള്ളി വെള്ളമായിരുന്നില്ല, അര ഗ്ലാസ്സ് മദ്യം തരുമോ എന്നാണ്…തന്റെ അമ്മക്ക് മദ്യം പകർത്തിക്കൊടുത്തിട്ട് അവൻ അതേ ഗ്ലാസ്സിലേക്ക് ലേശം മദ്യം ഒഴിച്ച് കുടിക്കാൻ ഒരുങ്ങിയപ്പോൾ ആ തളർന്ന കൈകൾ അവനെ തടഞ്ഞു.
ആ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു…”ശത്രുവാണ്, ഒരിക്കലും സ്നേഹിക്കരുത്, അവഗണിക്കണം പുഞ്ചിരിച്ചുകൊണ്ട് തന്നെ അവഗണിക്കണം…” എന്ന്…
ആ കണ്ണുകൾ മറയുന്നത് നിസ്സംഗതയോടെയവൻ നോക്കി നിന്നെ ഉള്ളൂ, അവരുടെ തിരു നെറ്റി അവന്റെ കണ്ണീരിന്റെ പൊള്ളുന്ന ചൂടറിഞ്ഞു. തണുപ്പ് പടർന്ന ആ ചുളിഞ്ഞ കവിൾത്തടങ്ങളെ അവൻ ചുംബനം കൊണ്ട് മൂടി.
ഷെൽഫിൽ നിരന്നിരുന്ന മദ്യക്കുപ്പികളെ നോക്കിയവൻ പറഞ്ഞു…നിന്നെ വേരോടെ പിഴുതെറിയാൻ എനിക്കാവില്ല, എനിക്കെന്നല്ല ഈ ലോകത്താർക്കും ആവില്ല…കാരണം നീ ചെകുത്താൻ ആണ്. ലോകത്തെ ഭൂരിഭാഗം ജനങ്ങൾക്കും ദൈവത്തെക്കാൾ പ്രിയപ്പെട്ട ചെകുത്താൻ. നിന്റെ ചിരിയിൽ മയങ്ങി നിന്നോട് ചങ്ങാത്തം കൂടാൻ ഞാൻ വരില്ല. നീയെനിക്കൊരു പാഠമാണ് ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത പാഠം…
ആ ഷെൽഫിൽ ഇരുന്ന, തന്റെ കുടുംബത്തെ നശിപ്പിച്ച ആ നശിച്ച മദ്യക്കുപ്പികളെല്ലാം അവൻ കൂട്ടിയിട്ടു കത്തിച്ചു. തന്റെ അമ്മയുടെ തലയിൽ കൈ വെച്ചവൻ സത്യം ചെയ്തു, ഒരു തുള്ളി മദ്യം പോലും ഞാൻ രുചിച്ചു നോക്കില്ല എന്ന്…
അതിന് ശേഷം അവൻ വളർന്നു ബിരുദങ്ങളും ബിരുദാനന്ത ബിരുദങ്ങളും കീഴടക്കി. സമൂഹത്തിൽ നിലയും വിലയും ഉള്ള നേതാവ് ആയി. പല പല സാമൂഹിക പ്രവർത്തങ്ങളെ നേരോടെ നയിച്ചു. അതിഥിയായി പങ്കെടുത്ത ഓരോ പരിപാടിയിലും അവന് നേരെ നീട്ടിയ മദ്യം നിറഞ്ഞ ഗ്ലാസ്സിനെ പുഞ്ചിരിയോടെയവൻ തിരസ്കരിച്ചു…
തനിക്ക് നേരെ വിരൽ ചൂണ്ടിയ ശത്രുക്കളെ, തനിക്കെതിരെ പടച്ചു വിട്ട അപവാദങ്ങളെ, അവൻ പുഞ്ചിരിയോടെ തന്നെ നേരിട്ടു. അവൻ പിന്നെയും വളർന്നു, ആ രാജ്യം ഭരിക്കുന്ന പ്രസിഡൻറാവാനും പാകത്തിൽ അവൻ വളർന്നു.
അയാളുടെ പേര് ‘വ്ലാഡിമർ പുടിൻ’ എന്നായിരുന്നു…ലോകം മുഴുവൻ പേര് കേട്ട റഷ്യൻ പ്രസിഡൻറ്…”
കഥ പറഞ്ഞു കഴിഞ്ഞു ഞാനച്ഛന്റെ കണ്ണുകളിലേക്ക് നോക്കി. അപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആ നെഞ്ചിൽ വിരിച്ചു വെച്ച കൈ കൊണ്ട് ഞാനച്ഛനെ വട്ടം പിടിച്ചു. ആ വിയർപ്പിന്റെ ഗന്ധം ആസ്വദിച്ചു കൊണ്ട് ഞാൻ ഉറങ്ങി. അതേ…ഒരുപാട് നാളുകൾക്കു ശേഷം മനസമാധാനത്തോട് കൂടെ ഞാനൊന്ന് ഉറങ്ങി.
പിറ്റേ ദിവസം അച്ഛൻ കുറച്ചു കൂടെ ഉന്മേഷവാൻ ആയിരുന്നു. പഴയപോലെ ആക്റ്റീവ് ആയി…മാനസിക സംഘർഷങ്ങളും വേദനകളും എല്ലാം…
മണ്ണിൽ ചീരയും ചേനയും കപ്പയും കുമ്പളവും മത്തനും പടവലവും പാവയ്കയുമായി നട്ടു തീർത്തു. അപ്പോഴും തലയുടെ പെരുപെരുപ്പ് കാരണം തലയിൽ തോർത്ത് മുണ്ട് കൊണ്ട് വരിഞ്ഞു കെട്ടിയിട്ടുണ്ടായിരുന്നു. അങ്ങനെ മൂന്ന് ദിവസം കൂടെ തള്ളി നീക്കി.
പലപ്പോഴും അച്ഛന് എന്നോട് എന്തോ പറയാൻ ഉള്ളത് പോലെയെനിക്ക് തോന്നിയിരുന്നു. എന്തേലും വിഷയം എടുത്തിട്ട് അത് ചോദിക്കാൻ വരാറും ഉണ്ടായിരുന്നു. പിന്നീട് അച്ഛൻ തന്നെ ചോദിക്കേണ്ട എന്ന് കരുതി ഒഴിഞ്ഞു മാറും…
പിറ്റേ ദിവസം പാടത്ത് പയർ നനയ്ക്കുന്നതിനിടയിൽ ആണ് അച്ഛൻ വെട്ടി തുറന്ന് ആ ചോദ്യം ചോദിച്ചത്…
“ടാ അര ഗ്ലാസ്സ് മദ്യം കിട്ടാൻ വകുപ്പ് ഉണ്ടോ…?” എന്ന ചോദ്യം.
സത്യത്തിൽ ഞാനീ ചോദ്യം കുറച്ചു കൂടെ നേരത്തെ പ്രതീക്ഷിച്ചതായിരുന്നു. ഞാൻ അന്വേഷിക്കാം എന്ന് മറുപടി കൊടുത്തു…അതേ സമയം ആയി എന്ന് എന്റെ മനസ്സ് മൊഴിഞ്ഞു.
അന്ന് രാത്രി ഞാൻ അനിയത്തിയോട് ഈ കാര്യം പറഞ്ഞപ്പോൾ അവൾ പറഞ്ഞത്, ഇപ്പോൾ ആണെങ്കിൽ അച്ഛൻ കുറച്ചൂടെ സ്റ്റേബിൾ ആണ്. ഇനിയും ആ വിഷം കുടിക്കാൻ അനുവദിക്കണോ…നമ്മളായിട്ട് വേറെ ഒരു തുടക്കത്തിന് വഴി ഒരുക്കണോ എന്നാണ് അവൾ മറുപടി പറഞ്ഞത്. ചില സമയത്ത് വിഷത്തെ ചെറുക്കാൻ വിഷം തന്നെയാണ് ഏറ്റവും വലിയ ഔഷധം, ഇതോടെ എല്ലാം കുറച്ചു കൊണ്ട് വരാൻ സാധിച്ചേക്കും എന്നാണ് ഞാനും പറഞ്ഞത്…
അങ്ങനെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിറകുപുരയിൽ ഞാൻ വാങ്ങി ഒളിപ്പിച്ചു വെച്ച റോയൽ ആർമ്സ് കുപ്പിയിൽ നിന്ന് ഒന്നര പെഗ്ഗ് വെള്ളം ഒഴിക്കാത്ത മദ്യവും ആയി ഞാൻ അച്ഛന്റെ അരികിലേക്ക് നടന്നു.
അച്ഛനാ മദ്യം വാങ്ങി ഒറ്റ വലിക്കു കുടിച്ചു തീർക്കും എന്നാണ് ഞാനും കരുതിയത്. പക്ഷെ, എന്നേ അതിശയിപ്പിച്ചു കൊണ്ട് മുല്ലത്തറയിലേക്ക് അച്ഛൻ നടന്നു. പ്രസാദം ആയി മുത്തപ്പന് വീത് വെച്ച തവിടിനും ശർക്കരക്കും അപ്പുറത്ത് ഇരിക്കുന്ന ചിരട്ടയിലേക്ക് ആ മദ്യം പകർത്തി ഒഴിച്ചു.
അഞ്ച് മിനിറ്റ് നേരം ആ കൽവിഗ്രഹം നോക്കി ഉള്ളുരുകി പ്രാർത്ഥിച്ച അച്ഛന്റെ കണ്ണുകൾ അപ്പോഴും തളം കെട്ടിപൊട്ടിയൊഴുകാൻ തുടിച്ചു നിൽക്കുന്നുണ്ടായിരുന്നു…വീത് കഴിഞ്ഞു ആ മദ്യം അച്ഛനെടുത്ത് കുടിക്കും എന്ന് വിചാരിച്ച എനിക്ക് പിന്നെയും തെറ്റിപ്പോയിരുന്നു.
ഒരു നുള്ള് ഭസ്മം തൊട്ടിട്ട് എന്റെ മുഖത്തേക്ക് കൂടെ നോക്കാതെ നടന്നകന്നു അച്ഛൻ. നടത്തത്തിനിടയിൽ ഞാനച്ഛനോട് ചോദിച്ചു…
“അച്ഛാ, ശരിക്കും കുടി നിർത്തിയോ…?”
“ഇല്ല നിർത്തിയിട്ടില്ല നിയന്ത്രിക്കാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്, പക്ഷെ നിർത്തും, ഉറപ്പാണ്”
ആ ഡയലോഗ് കേട്ടപ്പോ തന്നെ രോമാഞ്ചം വന്നതാണ്.
“പിന്നേ നിന്റെ കഥയൊക്കെ കൊള്ളായിരുന്നു കേട്ടോ, എനിക്ക് ഒരു ഉപകാരം കൂടെ ചെയ്തു തരണം. പറ്റുമെങ്കിൽ ലോക്ക്ഡൗൺ തീരുമ്പോ തന്നെ റഷ്യയിലേക്ക് എന്ത് വില കൊടുത്തും ഒരു ടിക്കറ്റ് എടുത്ത് തരണം എനിക്ക്…”
അപകടം മണത്ത ഞാൻ പല്ലിളിച്ചു കൊണ്ട് ഇളിഭ്യനായി ഒന്ന് നിന്നതേ ഉള്ളൂ….
“അല്ല റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ…അറിയട്ടെ എന്ന് വെച്ചിട്ടാണ്, അയാൾക്ക് പോലും അറിയാത്ത അയാളുടെ പിൽക്കാല ചരിത്രം…”
“പിന്നേ തള്ളുമ്പോ ഒരു മയത്തിൽ ഒക്കെ തള്ളുക, ഞാനാണ് നിന്റെ തന്ത, അല്ലാതെ നീ അല്ല എന്റെ തന്ത…”
ചമ്മി നാറി എസ്കേപ്പ് ആയി അവിടന്ന് പോരുമ്പോഴും ഉള്ളിൽ യാതൊരു വിധ കുറ്റബോധം പോലുമുണ്ടായിരുന്നില്ല എനിക്ക്. കാരണം മാർഗം അല്ല ലക്ഷ്യം ആയിരുന്നു എനിക്ക് പ്രധാനം…റഷ്യൻ പ്രസിഡന്റ് ആരാണെന്ന് അല്ല, ഇവിടെ വിഷയം മദ്യം ആണ് വിഷയം. തള്ളേണ്ടത് തള്ളേണ്ട പോലെ തള്ളിയാൽ കൊള്ളേണ്ടത് കൊള്ളേണ്ടിടത്ത് തന്നെ കൊള്ളും അച്ഛാ എന്ന് പറഞ്ഞു കൊണ്ട് ഞാനെന്റെ മനസ്സിനെ ത്വരിതപ്പെടുത്തി.
കാലത്ത് വെച്ച വീത് വെച്ച മദ്യം അവിടെ തന്നെ ഉണ്ടോ ന്ന് നോക്കാൻ ഉച്ചക്ക് മുല്ലത്തറ വരേ പോയി നോക്കി, അത് അവിടെ തന്നെയുണ്ടായിരുന്നു. സന്ധ്യക്കും ചെന്ന് നോക്കി ഒരു തുള്ളി പോലും കുറയാതെ അത് അവിടെ തന്നെ ഇരിപ്പുണ്ടായിരുന്നു. രാത്രി ഊണ് കഴിഞ്ഞു ഒന്ന് കൂടെ ഞാൻ മുല്ലത്തറയിൽ ചെന്ന് നോക്കി അപ്പോഴും അനക്കം പറ്റാതെ ആ മദ്യം ചിരട്ടയിൽ കാറ്റിൽ ഓളം തല്ലിയിരിക്കുന്നുണ്ടായിരുന്നു.
വിജയീ ഭാവത്തിൽ ഞാൻ വിറക് പുരയിലേക്ക് ഓടി…ബാക്കിയുള്ള മദ്യം ഞാൻ കമഴ്ത്തി കളഞ്ഞപ്പോൾ പണ്ടെന്നോ അച്ഛമ്മയോട് ചോദിച്ച ചോദ്യവും ഉത്തരവും എന്റെ മനസ്സിലൂടെ കടന്നു പോയി…
“അച്ഛമ്മേ ഏറ്റവും വീര്യം കൂടിയ ലഹരി എന്താണച്ഛമ്മേ” എന്ന ചോദ്യം…
“മോനേ, ആദി ഈ ലോകത്ത് ഏറ്റവും വീര്യം ഉള്ള ലഹരി, അത് സ്നേഹം ആണ്, അതിന് അടിമപ്പെട്ടാൽ പിന്നേ മറ്റ് ലഹരികൾ ഒന്നും ഒന്നുമല്ലാതാകും…” എന്ന അച്ഛമ്മേടെ ഉത്തരവും…
അതേ ഈക്കാലത്തിനിടക്ക് അച്ഛൻ അഡിക്ടഡ് ആയിപ്പോയിരുന്നു…എന്റെ സ്നേഹത്തിന് മുൻപിൽ, എന്റെ അമ്മേടെ സ്നേഹത്തിന് മുൻപിൽ, എന്റെ അനിയത്തീടെ സ്നേഹത്തിന് മുൻപിൽ…