രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ
മ്മടെ അമ്മ ഒരുപാട് മാറിപ്പോയി അല്ലേ അച്ഛാ എന്ന് ചിന്നു ചോദിച്ചപ്പോൾ…അമ്മക്ക് വയ്യാത്തൊണ്ടല്ലേ മോളു…എന്നാലും എനിക്കു മ്മടെ പഴയ അമ്മയെ ഒരുപാട് മിസ്സ് ചെയ്യിണ്ടു.
സാരല്യ മ്മടെ അമ്മ പഴയ പോലെയാവും. അവളുടെ മുടി റിബ്ബണിട്ടു കെട്ടികൊടുക്കുമ്പോൾ ഞാൻ അങ്ങിനെ പറഞ്ഞെങ്കിലും, മനസ്സിൽ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.
മോളെ സ്കൂൾ ബസിൽ കയറ്റി വിട്ടു തിരിച്ചു നടക്കുമ്പോൾ ആണ് ശ്രദ്ധിച്ചതു മുറ്റത്തെ ചെത്തിക്കും മന്ദാരത്തിനും എല്ലാം വാട്ടം തട്ടിയിരിക്കുന്നു. ടാപ് തുറന്നു പൈപ്പ് ഇട്ടു അതു നനച്ചു. അവളുടെ അസാന്നിധ്യം ചെടികളെ പോലും ബാധിച്ചിരിക്കുന്നു. ചെടികളെ മാത്രമല്ല വീടിന്റെ ഐശ്വര്യം പോലും നഷ്ടപെട്ടപോലെ…
ഓരോന്നോർത്തു നിൽക്കുമ്പോഴാണ് എട്ടേ നാല്പത്തിന്റെ ബസിന്റെ ഹോൺ കേട്ടത്. വേഗം ടാപ് ഓഫ് ആക്കി കുളിക്കാൻ കേറി, കുളി കഴിഞ്ഞു, ഉണ്ടാക്കി വെച്ച ചോറു പാത്രത്തിലാക്കി ബാഗിൽ വെച്ചു. അവൾക്കുള്ളതു വിളമ്പി വെച്ചു അവളുടെ കട്ടിലിനരികിൽ കൊണ്ടു വെച്ചു.
ഉറക്കത്തിലാണ്…മരുന്നിന്റെ മണമായിരിക്കുന്നു ഇപ്പോൾ മുറിയിൽ…അവൾക്കെപ്പോഴും രാസ്നാദി പൊടിയുടെ മണമായിരുന്നു. പെട്ടന്നുള്ള സ്ട്രോക്ക് കാലുകളുടെ ചലനശേഷി നഷ്ട്ടപെട്ടു…നടക്കാൻ പറ്റാതായതിൽ കൂടുതൽ അവളുടെ മനസിനെയാണ് അതു ബാധിച്ചത്. ഒരുപാടു സംസാരിക്കുന്ന അവളുടെ സംസാരം തന്നെ ഒരുപാട് കുറഞ്ഞു. മുഖത്തെ ചിരി മാഞ്ഞു.
ഞാൻ പതിയെ വിളിച്ചു…കണ്ണുകൾ പതിയെ തുറന്നപ്പോൾ ചോദിച്ചതു ചിന്നു പോയോ ഏട്ടാ….? എന്നായിരുന്നു. ദാ ഇപ്പൊ പോയെ ഉള്ളൂ…
ഞാൻ ഒന്നും അറിയണില്ല ഏട്ടാ…എത്ര ഉറങ്ങിയിട്ടും മതിയാവാത്ത പോലെ…
ഇപ്പൊ മതി ഉറങ്ങിയത്…ഇനി കഴിച്ചിട്ട് കിടക്കാം എന്ന് പറഞ്ഞപ്പോൾ…
പിന്നെ കഴിക്കാം ഏട്ടാ…എന്നാൽ ഞാനും കഴിക്കുന്നില്ല…എന്ന് പറഞ്ഞപ്പോൾ…അവൾ എന്റെ കയ്യിൽ ബലം കൊടുത്തു എണീറ്റിട്ടിരിക്കാൻ ശ്രമിച്ചു. ഞാൻ പതിയെ താങ്ങി പിടിച്ചു വീൽ ചെയറിലേക്കു എടുത്തിരുത്തി. ബ്രഷ് ചെയ്തതിനു ശേഷം ദോശയും ചമ്മന്തിയും എടുത്തു കയ്യിൽ കൊടുത്തു.
നീ ഉണ്ടാക്കണ ദോശ പോലല്ല ട്ടോ ഇതു…സ്പെഷ്യൽ ആണ്. വട്ടം ശരിയായിട്ടില്ലെങ്കിലും ടേസ്റ്റ് ഉണ്ടാവും. വേഗം കഴിക്കു…ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്യട്ടെ…എന്നും പറഞ്ഞു ഡ്രസ്സ് മാറുന്നതിനിടയിൽ ഞാൻ ഫോൺ എടുത്തു രാധേടത്തിയെ വിളിച്ചു.
രാധേടത്തി എന്താ വരാത്തത്…എന്നെകൊണ്ട് ഒറ്റയ്ക്ക് പറ്റണില്ല. രണ്ടു ദിവസം ലീവ് മതീന്ന് പറഞ്ഞിട്ട് ഇപ്പൊ ആറു ദിവസായി. എനിക്കു എത്ര ദിവസം ലീവ് എടുത്തു ഇരിക്കാൻ പറ്റും. ഇന്നു പോയില്ലെങ്കിൽ എന്തൊക്കെ പുകിലാ അവിടെ ഉണ്ടാവാ എന്ന് അറിയോ…?
ഓഫിസിൽ നിന്നുള്ള ടാർഗെറ്റിന്റെ കാര്യമൊക്കെ നിങ്ങൾക്കറിയാണോ. എന്നെകൊണ്ട് ഒറ്റയ്ക്ക് പറ്റണില്ല. വരാൻ ഉദേശമുണ്ടെങ്കിൽ നാളെ ഇവിടെത്തണം. അല്ലെങ്കിൽ ഞാൻ വേറെ ആളേ നോക്കിക്കോളാം. ദേഷ്യപെട്ടുള്ള സംസാരം കൊണ്ടാണോ സ്വരം കുറച്ചു കൂടി പോയി.
ഫോൺ കട്ട് ചെയ്തു റൂമിലേക്ക് കേറിയപ്പോൾ കണ്ടത് കൊടുത്ത ദോശ കഴിക്കാതെ കണ്ണു നിറഞ്ഞിരിക്കുന്ന അവളെയാണ്…എന്താ ഇന്ദു ഇതുവരെ കഴിച്ചില്ലേ…എന്ന് പറഞ്ഞു ദോശ പൊട്ടിച്ചു വായിലേക്ക് വെച്ചു കൊടുക്കാൻ നോക്കിയപ്പോൾ അവളു പറഞ്ഞത്…ഏട്ടന് ഞാൻ ഒരു ബാധ്യത ആയില്ലേ…?
എന്തൊക്കെയാ ഈ ആലോചിച്ചു കൂട്ടണെ…? രാധേടത്തിക്കു രണ്ടു ചീത്തേടെ കുറവുണ്ട്. അതുകൊണ്ടല്ലേ ഞാൻ പറഞ്ഞത്. അതിപ്പോ ആരായാലും ഞാൻ ദേഷ്യപ്പെടും, ഉത്തരവാദിത്വമില്ലതെ പെരുമാറിയാൽ. അതിന്റെ അർത്ഥം മടുത്തു എന്നാണോ…?
എത്ര നാള് എന്ന് വെച്ചിട്ടാ ഇങ്ങനെ നോക്കാ…അതും ഒരു പ്രതീക്ഷയും വെക്കണ്ട എന്ന് ഡോക്ടർമാർ വരെ പറഞ്ഞ എനിക്കു വേണ്ടി…
നിന്റെ സ്ഥാനത്തു ഞാനാണ് വീണു പോയതെങ്കിൽ നീ എന്നെ ഇട്ടിട്ടു പോവോ…? വീട്ടുകാരു വേറെ വിവാഹം ഉറപ്പിച്ചപ്പോൾ ഒരു ജോലി പോലും അന്ന് സ്വന്തമായി ഇല്ലാത്ത എന്റെ കൂടെ ഇറങ്ങി വന്നത്, എന്തു ജോലി ചെയ്തിട്ടായാലും നിന്നെ നോക്കിക്കോളും എന്ന വിശ്വാസത്തിൽ അല്ലേ…?
സ്നേഹം ഒരു വിശ്വാസമാണ് ഇന്ദു…എനിക്കു വിശ്വാസമുണ്ട് ഇനിയും താനിവിടെ പഴയപോലെ ഓടി ചാടി നടക്കും ചിന്നുന്റെ എല്ലാ കാര്യങ്ങളും നോക്കുന്ന അമ്മയാവും. തളരരുത്, ആത്മവിശ്വാസം കൈവിടരുത്…ബാക്കി ഒക്കെ ഞാൻ നോക്കിക്കോളാന്നെ…ഇനിയിപ്പോ നീ ചോദിച്ചില്ലേ എത്രകാലം ഇങ്ങനെ നോക്കും എന്ന്…അതിനെനിക്ക് ഒരു ഉത്തരമേ ഉള്ളൂ…
“എന്റെ മരണം വരെ…”
പറഞ്ഞു തീർന്നപ്പോൾ എന്റെയും അവളുടെയും കണ്ണിൽ നിന്നുതിർന്നു വീണ തുള്ളികൾ സ്നേഹത്തിന്റേതു മാത്രം മായിരുന്നു. വീണു പോവുമ്പോൾ ഒഴിവാക്കുന്നതല്ല, താങ്ങായി ചേർത്തുപിടിക്കുന്നതാണ് സ്നേഹം.